Wednesday 17 August 2016

ഏലി ഏലി ലാമ സബക് താനി അഥവാ ഏലിയാമ്മയെ കൈവിട്ടതെന്തിന് ?


ഏലിയാമ്മയ്ക്കു സ്വപ്നദർശനമുണ്ടായി ഇടവക പള്ളിയിലെ കർത്താവിന്റെ തിരുശരീരം പണിയാൻ അങ്ങ് ദൂരെ നിന്നും മുടി നീട്ടി വളർത്തിയ ശിൽപി വരുന്നു .ഏലിയാമ്മ ഞെട്ടിയുണർന്നു ക്രൂശിത രൂപമല്ലാതെ കർത്താവിന്റെ തിരു ശരീരം ഇന്നേവരെ ആ ഇടവകയിൽ ഉണ്ടായിരുന്നില്ല .അമേരിക്കയിൽ പെട്രോൾ ബങ്ക് നടത്തുന്ന ഇളയ മകൻ ജോയെ വിളിച്ചു ഏലിയാമ്മ സ്വപ്ന ദർശനത്തിന്റെ കഥ വിളമ്പി .അമ്മച്ചി പറയുന്നതിനപ്പുറം കേൾക്കാത്ത ഇള്ളക്കുട്ടി കേട്ട പാതി കേൾക്കാത്ത പാതി പതിനായിരം ഡോളർ അമ്മച്ചിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മാറ്റി വെച്ചു .
ഞായറാഴ്ച്ച ഉച്ച കുർബാന കഴിഞ്ഞുള്ള പൊതുയോഗം ഏലിയാമ്മയുടെ തിരുസ്വരൂപ വാർത്ത എതിരില്ലാതെ കൈയടിച്ചു പാസാക്കി .ഡോളറിന്റെ മണമുള്ള അമ്മച്ചി പള്ളിക്കു കൊടുക്കുന്ന ഏതു സംഭാവനയും ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഇടവകക്കാരെപ്പോലെതന്നെ വികാരി ചേനമൂട്ടിൽ അച്ചനും മുൻപന്തിയിൽ നിന്നു .
കൊച്ചൻ തുപ്പലു കുടിച്ചു അമേരിക്കയിൽ കിടന്നു ഉണ്ടാക്കുന്ന കാശാണെന്നും അത് കർത്താവിനല്ലാതെ പള്ളിക്കാരെ കൊണ്ടു മുഞ്ചാൻ സമ്മതിക്കത്തില്ലന്നും മനസിലുറപ്പിച്ച ഏലിയാമ്മ ചേനമൂട്ടിൽ കത്തനാരോടൊരു ഉപാധി വെച്ചു .പള്ളികമ്മറ്റി കൊണ്ട് വരുന്ന ശില്പി ഏലിയാമ്മേടെ പൊരയിടത്തിലിട്ടു തിരു സ്വരൂപം ഉണ്ടാക്കുക .ചിലവിനു കൊടുക്കുന്നവൻ പറയുന്നതിലും വലിയൊരു സുവിശേഷമില്ലന്നു അറിയാവുന്നവർ ഏലിയാമ്മ ചേടത്തിയുടെ തിരുസ്വരൂപ നിർമാണത്തിന് സർവാത്മനാ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു .
അടുത്ത ദുഃഖ വെള്ളിയാഴ്ച നഗരി കാണിക്കാൻ കർത്താവിന്റെ തിരുസ്വരൂപം ഇടവകയിൽ ഉണ്ടാവണമെന്നുള്ള വാശിയിൽ ഇടവകക്കാർ ഒത്തു ചേർന്നൊരു ശില്പിയെ കണ്ടെത്തി.മഹാബലിപുരത്തു നിന്നും വന്ന താടിയും മുടിയും നീട്ടി വളർത്തിയ മനുഷ്യനെ കണ്ടപ്പോൾ ഏലിയാമ്മ ഒരു ദേജാവു പോലെയാ സ്വപ്നത്തെ വീണ്ടും ഒരിക്കൽ കൂടി നേരിൽ കണ്ടു .നിയോഗങ്ങൾ, എല്ലാം നിയോഗങ്ങളാണ് നാമൊക്കെ അതിലേയ്ക്ക് വെറുതെ ചെന്നടുക്കുന്ന ഉപകരണങ്ങൾ മാത്രം. ഏലിയാമ്മയും വേലക്കാരിയും മാത്രമുള്ള മൂവായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാണി മാളികയ്ക്കു മുന്നിൽ വലിയൊരു പന്തലുയർന്നു .ആളില്ലാ മണിമാളികയായ ശാലോം എന്ന സമാധാനത്തിന്റെ ഭവനം ഉളിയും കൊട്ടുവടിയും കരിങ്കല്ലിൽ തീർക്കുന്ന വ്യതിരിക്തമായ ശബ്ദത്താൽ നിറഞ്ഞു ,ഏലിയാമ്മയുടെ രാവുകളും പകലുകളും സംഗീതാത്മകമായി .
ഏലിയാമ്മയുടെ വീട്ടുജോലിക്കാരി തമിഴ് സെൽവത്തിന്റെ കെട്ടിയോൻ കാക്കാലൻ ദ്വൈരൈ സ്വാമി ഏലിയാമ്മയോടായി ഒരു സ്വകാര്യം പറഞ്ഞു .
ശിൽപ്പം പൂർത്തിയാവും മുൻപ് പെരിയ അനർത്ഥം കുടുംബത്തുക്കു വരപ്പോറെ !
സത്യാ ക്രിസ്ത്യാനിയായ ഏലിയാമ്മ കാക്കാലൻ ദൊരൈ സ്വാമിയുടെ പ്രവചനത്തിനു പുല്ലു വില നൽകി അവഗണിച്ചു .
ശില്പി ആരോടും ഒന്നും മിണ്ടിയില്ല പാതി വഴിയിലായ ശിൽപം കാണണമെന്ന് ഒരു നാൾ ഏലിയാമ്മയ്ക്കു കലശലായ മോഹമുദിച്ചു പക്ഷെ ശിൽപം തീരാതെ ശിൽപിയ്ക്കു പോലും അതിന്റെ പൂർണ്ണ അർത്ഥത്തിൽ കാണാൻ അനുവാദമില്ല എന്ന ഉഗ്ര ശാസന ഏലിയാമ്മയെ പിന്നോട്ടു വലിച്ചു.ആഗ്രഹം ഉച്ച സ്ഥായിയിൽ ആയപ്പോൾ ഏലിയാമ്മ വേലക്കാരി തമിഴ് സെൽവത്തിന്റെ സഹായം തേടി . ശില്പി ലഹരിയുടെ മയക്കത്തിൽ ആണ്ടു പോകുന്ന രാത്രിയുടെ മൂന്നാം യാമത്തിൽ ശില്പിയുടെ ആലയിൽ അതിക്രമിച്ചു കടക്കുക .
പതിവ് ജോലികൾക്കഴിഞ്ഞു ഉറക്കത്തിന്റെ മൂന്നാം യാമത്തിലേയ്ക്ക് പ്രവേശിച്ച ശില്പിയുടെ ആലയിലേയ്ക്ക് അൻപതിനു മുൻപ് ആർത്തവം നിലച്ച ഏലിയാമ്മയും തീണ്ടാരിയായിരിക്കുന്ന വേലക്കാരിയും അതിക്രമിച്ചു കയറി .സ്പടിക തൂണ് പോലൊരു കരിങ്കല്ലല്ലാതെ മറ്റൊന്നും ഏലിയാമ്മ അവിടെ കണ്ടില്ല . വലിയ നോമ്പു തുടങ്ങാൻ ഒരാഴ്ച്ച അവശേഷിക്കുമ്പോഴും കരിങ്കല്ലുമായിരിക്കുന്ന ശില്പിയോട് ഏലിയാമ്മയ്ക്കു അരിശം തോന്നി .
വട്ടു കലക്കിയ കള്ളിന്റെ ലഹരിയിൽ ഉറക്കത്തിന്റെ മൂന്നാം യാമത്തിലായിരുന്ന ശില്പിയുടെ നടുവിലേയ്ക്ക് ഇടംകാലിന്റെ പത്തി കേറ്റി ഏലിയാമ്മയൊരു മുന്നോട്ടേയ്ക്കൊരു തള്ളൂ തള്ളി .
തള്ളിന്റെ ആഘാതത്തിൽ ശില്പി അൽപ്പം ദൂരേയ്ക്ക് തെറിച്ചു മാറി പണിയായുധങ്ങൾക്കിടയിലേയ്ക്ക് മറിഞ്ഞു വീണു .ഉന്മത്തമായ ഉറക്കം മഹാബലിപുരത്തുകാരൻ കലാകാരനെ ആലയിൽ സംഭവിച്ചതൊന്നും അറിയിക്കാൻ കൂട്ടാക്കാതൊ കൂർക്കം വലിച്ചയാൾ പണിയായുധങ്ങളിലേയ്ക്ക് മലർന്നു കിടന്നു . ലാസ് വെഗാസിൽ നിന്നും ഇള്ളക്കുട്ടിയുടെ ടെലിഫോൺ ശബ്ദം കേട്ടതും ഏലിയാമ്മ വായു വേഗത്തിൽ അകത്തേയ്ക്കോടി പിറകെ വേലക്കാരി തമിഴ് സെൽവവും .
വിഭൂതി തിരുനാളിന്റെ അന്നു ചേനമൂട്ടിൽ അച്ചൻ ശില്പിയെ പള്ളി മേടയിൽ വിളിപ്പിച്ചു മുപ്പത്തി അഞ്ചാം നാൾ തിരുസ്വരൂപം പള്ളിയിലെത്തണം അല്ലാത്തപക്ഷം ... ശില്പിയെല്ലാം മൂളികേട്ടു കൊണ്ട് നിന്നിട്ടു ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോയി. ഏലിയാമ്മ കുരിശിൽ നിന്നിറക്കിയ കർത്താവിനെ സ്വപ്നം കാണുന്നത് പതിവായി അരിമത്തിയാക്കാരൻ യൗസേപ്പും മഗ്ദലീനാ മറിയവും എന്ന പോലെ ശില്പിയും ഏലിയാമ്മയും കർത്താവിനെ കാത്തിരുന്നു. ഉളി കല്ലിൽ പതിക്കുന്ന സ്വരം കേട്ട് കൊണ്ടു ഏലിയാമ്മ യെരുശലേം തെരുവീഥികളിലൂടെ സഞ്ചരിച്ചു . ആർക്കും ജോലി ചെയ്യാൻ പാടില്ലാത്ത സാബത്ത് വരും മുൻപ് കർത്താവ് ഏലിയാമ്മയുടെ ഭവനം സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ ഏലിയാമ്മ കാത്തിരുന്നു .
കുരുത്തോല പെരുന്നാളു കഴിഞ്ഞു വന്ന ഏലിയാമ്മയെ ശില്പി ആലയിലേയ്ക്ക് ക്ഷണിച്ചു .ശീല കൊണ്ട് മൂടിയ കരിങ്കല്ലിൽ മുഖം അമർത്തി ചുംബിച്ചു കൊണ്ട് ശില്പി ഏലിയാമ്മയെ നോക്കി അയാളുടെ താടിയിൽ കൂടിയൊരു പ്രകാശം താഴേയ്ക്ക് ഇറങ്ങി വരുന്നതു പോലെ ഏലിയാമ്മയ്ക്കു തോന്നി . അയാൾ പതിയെ ശിലയെ മൂടിയ ശീല താഴേയ്ക്ക് വലിച്ചു . ഏലിയാമ്മ ഒന്നേ നോക്കിയുള്ളൂ എന്റെ കർത്താവേ എന്റെ ദൈവമേ എന്നലറിക്കൊണ്ടവൾ പിന്നിലേയ്ക്ക് മറിഞ്ഞു വീണു .
ഉണരുമ്പോൾ ഏലിയാമ്മയ്ക്കു ചുറ്റും ഇള്ളക്കുട്ടി അടക്കം മക്കളെല്ലാവരും ഉണ്ടായിരുന്നു . ഏലിയാമ്മ അവരോടൊന്നും മിണ്ടിയില്ല .വിശുദ്ധ വാര തിരുകർമ്മങ്ങൾ ആരംഭിച്ചിട്ടും ഏലിയാമ്മ പള്ളിയിലേക്ക് പോയില്ല . കുരിശിൽ കിടന്ന കർത്താവാനുഭവിച്ച പീഡാനുഭവ വേദനയിൽ ഏലിയാമ്മ അലറി കരഞ്ഞു . ആശിച്ചും മോഹിച്ചും അമ്മച്ചി പണി കഴിപ്പിച്ച കർത്താവിന്റെ തിരു സ്വരൂപം അമ്മച്ചിയെ കാത്തു കിടക്കുന്നതു പോലെ ഇള്ളക്കുട്ടിക്കു തോന്നി. നഗരി കാണിക്കൽ കഴിഞ്ഞതും ഇള്ളക്കുട്ടി വീട്ടിലേയ്ക്കു പോയി അമ്മച്ചിയെ പള്ളിയിലേയ്ക്ക് കൂട്ടി കൊണ്ടു വന്നു . കബറടക്കത്തിനു മുൻപുള്ള തിരു സ്വരൂപ വണക്കത്തിനു കാത്തു നിന്നവരുടെ ഇടയിലൂടെ ഏലിയാമ്മ മുന്നിലോട്ടു ഓടി മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ വേദനയിൽ അവരാ പൂർണ്ണകായ ശില്പത്തിലേയ്ക്കൂർന്നു വീണു ശേഷം ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .എലോയ് എലോയ് ലാമ സബക് ഥാനി എന്റെ ദൈവമേ എന്റെ ദൈവമേ എന്തു കൊണ്ടു നീയെന്നെ ഉപേക്ഷിച്ചൂ .....................

No comments: