Sunday 21 August 2016

സിലബസിലില്ലാത്ത മാപിനികൾ


ബി ടെക്ക് കഴിഞ്ഞിട്ടിപ്പോൾ വർഷം മൂന്നാകുന്നു സാവി വേഗത്തിൽ കറങ്ങുന്ന ഉഷാഫാനിന്റെ ലീഫിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു . വെറുപ്പാണ് എല്ലാത്തിനോടും വെറുപ്പ് മനുഷ്യൻ തീവ്രവാദിയാകുന്നത് ഇങ്ങനെയൊക്കെയാണ് .അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാൻ കഴിയാത്ത സർക്കാരുകൾക്കെതിരെ സായുധ വിപ്ലവം തന്നെ നടത്തണം . നമ്മുടെ വ്യവസ്ഥിതിയേ ശരിയല്ല അല്ലെങ്കിൽ പണ്ടേ പകലെ താൻ എവിടെയെങ്കിലും എത്തപെടുമായിരുന്നു ഇതിപ്പോൾ ഭൂമിക്കു ഭാരമായി വെറുതെ .
സാവി എഴുന്നേറ്റു ചെന്ന് ഫാൻ ഓഫ് ചെയ്തു കറക്കം നിലയ്ക്കുന്ന ലീഫിൽ നോക്കി കട്ടിലിനു മുകളിലേയ്ക്കു കയറി . ബെഡ്ഷീറ്റ് ചുരുട്ടി ഒരു വടം പോലെ ഓട്ടം നിലച്ച ഫാനിന്റെ മോന്തായത്തിൽ കുരുക്കി ഒരു നിമിഷം ആലോചിച്ചു അല്ലെങ്കിൽ താൻ എന്തിനാണ് മരിക്കുന്നത് ? ആരും കാണാതെ ഒരു ഭീരുവിനെപ്പോലെ സ്വന്തം വീട്ടിലെ അടച്ചിട്ട മുറിയിൽ മരിച്ചത് കൊണ്ട് എന്തു പ്രയോജനം .സാവി ഫാനിൽ നിന്നും കയർരൂപത്തിൽ കുടുക്കിയിട്ടിരുന്ന ബെഡ്ഷീറ്റിനെ താഴോട്ടു വലിച്ചു .
വിചിത്ര ശബ്ദമുണ്ടാക്കിയൊരു പല്ലി ബെഡ്ഷീറ്റിനോടൊപ്പം താഴേയ്ക്ക് വീണു . ആദ്യമൊന്നറച്ചെങ്കിലും സാവി കട്ടിലിൽ അനങ്ങാതെ വീണു കിടന്ന പല്ലിയെ പുറംകൈ കൊണ്ടു തട്ടി താഴേയ്‌ക്കെറിഞ്ഞു .ചിന്തകളുടെ ലോകത്തേയ്ക്ക് അസ്വസ്ഥനായി നടന്ന സാവിയോട് വാലുമുറിഞ്ഞു വീണ പല്ലി മനുഷ്യരുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി .മനുഷ്യ ശബ്ദത്തിൽ സംസാരിക്കുന്ന പല്ലിയെ അത്ഭുതത്തോടും കൗതുകത്തോടും കൂടി സാവി എടുത്തു കട്ടിലിൽ ഇരുത്തി .തന്റെ ദുഃഖങ്ങൾ എന്നും കാണുന്ന കേൾക്കുന്ന ചിര പരിചിതനായ ഒരാളെപ്പോലെ പല്ലി സാവിയോട് സംസാരിച്ചു തുടങ്ങി .
പല്ലി ഒരു പഴയ ബി ടെക്ക് ബിരുദദാരിയുടെ പുനർജ്ജന്മം ആണത്രേ കഴിഞ്ഞ ജന്മത്തിൽ അയാളനുഭവിച്ച ജീവിതവും സുഖലോലുപതയും കണ്ടു അസൂയ പൂണ്ട ചിത്രഗുപ്തൻ കൊടുത്തതാണത്രേ ഈ രണ്ടാം ജന്മം . സാവിക്ക്‌ പല്ലി യുടെ മുൻ ജന്മത്തെ കുറിച്ചറിയാൻ കൗതുകം തോന്നി . പട്ടണത്തിൽ എങ്ങും ബി ടെക്ക് ബിരുദ ധാരികൾ ഇല്ലായിരുന്ന സമയത്ത് മദ്രാസിലെ കോളേജിൽ പോയി പഠിച്ചു വന്ന ഉടൻ മൂന്നക്ക ശമ്പളത്തിൽ സർക്കാരുദ്യോഗം തരപ്പെട്ടത്രെ .പിന്നീടങ്ങോട്ട് രാജയോഗമായിരുന്നു സുഖിക്കാവുന്നതിന്റെ പരമാവധി സുഖിച്ചു .എൻജിനീയർ എന്നാൽ ചില നാട്ടിൽ ദൈവമെന്നു പോലും പര്യായമുണ്ടായിരുന്നത്രെ
പല്ലിയുടെ പൂർവ ജന്മ കഥ കേട്ടപ്പോൾ സാവിക്ക്‌ പല്ലിയോടു അസൂയ തോന്നി . സാവി തന്റെ ദുഖത്തിന്റെ കെട്ടുകൾ പഴയ എൻജിനീയറായ പല്ലി യുടെ മുന്നിൽ ഒന്നായൊഴിയാതെ തുറന്നു വെച്ചു . ഇപ്പോൾ സാവിയുടെ ഗ്രാമത്തിൽ അടയ്ക്കാകുരുവിനേക്കാൾ ബി ടെക്ക്ബിരുദ ധാരികൾ ഉണ്ടത്രേ ! അതിൽ ഭൂരിപക്ഷവും പല പല മേഖലയിൽ ജോലി ചെയുന്നു പക്ഷെ പഠിച്ച തൊഴിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് സാവി കാത്തിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ ത്രികാല ജ്ഞാനിയായ പല്ലി തല തല്ലി ചിരിച്ചു .
ഒരു ടൈം മെഷീൻ തുറന്നതു പോലെ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പല്ലി സാവിയുമായി ഭാവിയിലേയ്ക്ക് സഞ്ചരിച്ചു . കൂനമ്മാവിലെ ഒരു ബാറിലെ ശീതികരണിയുടെ തണുപ്പടിക്കാത്ത റിസപ്‌ഷൻ കൗണ്ടറിൽ കോട്ടും ടൈയ്യും ധരിച്ചൊരു പരിഷ്ക്കാരി . സാവിയാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഒരു കണ്ണാടിയിലെന്ന പോലൊരു മുഖഛായാ . ഏട്ടാം സെമസ്റ്ററിൽ പഠിച്ച ഹൈഡ്രോളിക് ആൻഡ് ഇറിഗേഷൻ സെക്ഷനിലെ പാഠ ഭാഗങ്ങൾ സാവി വെറുതെ ഒന്നു മറിച്ചു നോക്കി .അവിടെയെവിടെയും പെഗ് അളക്കുന്ന മാപിനിയെപ്പറ്റി പ്രതിപാദിച്ചു കാണാത്തതിനാൽ സാവി ഉഷാ ഫാനിന്റെ സ്പീഡ് അഞ്ചിലേയ്ക്ക് കൂട്ടി പുതപ്പിനുള്ളിലേയ്ക്ക് കയറി ...

No comments: