Monday, 22 August 2016

റോസാദളം പോലൊരു ആത്മാവ്


ആകാശ വിതാനങ്ങൾക്കു മുകളിൽ പഞ്ഞി കെട്ടുകൾ മാത്രമായിരുന്നു .പൂർവ പിതാക്കന്മാരുടെ ഗേഹം സുന്ദരമായിരിക്കുമെന്നു വെറോണി അമ്മായി പറഞ്ഞു പഠിപ്പിച്ച കഥകളിലൂടെ ജോയിക്കുട്ടി ഊളിയിട്ടു . ഏലിയായുടെയുംമോശയുടെയും അബ്രാഹത്തിന്റെയും ഗേഹത്തിലേക്കാണ് താൻ ആനയിക്കപ്പെടുന്നതെന്ന ധാരണ ജോയികുട്ടിയെ ആനന്ദ പുളകിതനാക്കി . മധുര സംഗീതം പൊഴിക്കുന്ന മാലാഖമാരുടെ ഇടയിൽ നിന്നൊരു പരിചിത ശബ്ദം ജോയിക്കുട്ടി കേട്ടു .
കരപ്പൻ ചൊറി പിടിച്ചു ആർക്കും വേണ്ടാതിരുന്ന അറപ്പു പിടിച്ചൊരു ബാലനെ രാമച്ചത്തിന്റെ തൊലിയുരച്ചു കുളിപ്പിക്കുന്ന വെറോണിക്ക അമ്മായിയെ ഒരു സ്വപ്നത്തിലെന്നപോലെ ജോയിക്കുട്ടി കണ്ടു . പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനു പോയി വെളുക്കുവോളം പള്ളിമുറ്റത്ത് കരഞ്ഞു പ്രാർത്ഥിക്കുന്ന വെറോണി അമ്മായി ജോയികുട്ടിക്കു വെറും അമ്മായിമാത്രമല്ലായിരുന്നു പ്രസവിക്കാത്ത പാലൂട്ടാത്ത സ്വന്തം അമ്മയായായിരുന്നു .
ജോയിക്കുട്ടി അമ്മായിയുടെ കരം നെഞ്ചോട് ചേർത്തു വെച്ചു കരഞ്ഞു എനിക്കായി കരയാൻ മാത്രം ജീവിച്ചവളെ നിനക്ക് ഞാൻ എന്താണ് തിരികെ തന്നത് !
വെറോണി അമ്മായി പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കം പുഞ്ചിരിച്ചു . വെള്ളികെട്ടിയ മുടികൾക്കു പിന്നിലൂടെ വന്ന തണുത്ത കാറ്റ് ജോയികുട്ടിയുടെ കണ്ണിൽ നിന്നും ഉതിർന്ന ബാഷ്പ്പ കണങ്ങളെ സാന്ദ്രീകരിച്ചു കടന്നു പോയി .
മൂക്കും വായും മൂടിയിരുന്ന ഓക്സിജൻ മാസ്ക് സർവ്വ ശക്തിയുമെടുത്തയാൾ താഴേയ്‌ക്കെറിഞ്ഞു . മയക്കത്തിലേയ്ക്ക് വഴുതി വീണ റോസമ്മ ഒരു സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണർന്നു .
അപ്പച്ചാ ഇതെന്നതാ ഈ കാണിക്കുന്നേ ?
ജോയിക്കുട്ടി ഭൂമിയിലെ അവസാന ശ്വാസത്തിനെന്ന പോലെ ആഞ്ഞു വലിച്ചു
.
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ ,
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ .
പറിച്ചെറിഞ്ഞ ഓക്സിജൻ മാസ്ക്കിനെ തിരികെ പിടിപ്പിക്കാൻ റോസമ്മ ഒരു വിഫല ശ്രമം നടത്തി നോക്കി .വെള്ളം, വെള്ളം, ദുർബലമായ ശബ്ദത്തിൽ ജോയിക്കുട്ടി റോസമ്മയോടു യാചിച്ചു . അപ്പന്റെ പഴയ പിഞ്ഞാണ ഗ്ലാസിൽ ഊറ്റിയെടുത്ത വെള്ളം ചുണ്ടിലേക്കിറ്റിക്കുമ്പോൾ ജോയിക്കുട്ടിയുടെ ശബ്ദവീചികൾക്കു കരുത്തുണ്ടായി .
മോളെ റോസമ്മേ അമ്മായി വന്നു നിൽക്കുന്നെടി !
റോസമ്മ തലവെട്ടിച്ചു ചുറ്റും നോക്കി ഐ സിയുവിന്റെ തണുപ്പും ടേബിളിൽ കൂർക്കം വലിച്ചുറങ്ങുന്ന ഡ്യൂട്ടി നേഴ്സിനെയുമല്ലാതെ ആരെയും അവിടെ കണ്ടില്ല .
വെറോണി അമ്മായി വിളിക്കുന്നെടി , നീ കേൾക്കുന്നില്ലേ ജോയികുട്ടിയുടെ സ്വരം നേർത്തു വന്നു .
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കണേ ! റോസമ്മയുടെ മൂന്നാം പ്രാവശ്യമുള്ള അലർച്ചകേട്ടു ഡ്യൂട്ടി നേഴ്‌സ് ചാടിയെഴുന്നേറ്റു ഡോക്റ്ററുടെ റൂമിലേക്കോടി .
ജോയിക്കുട്ടി വലതുകൈയുയർത്തി റോസമ്മയുടെ ഇടതു കൈയ്യിൽ പിടിച്ചു . ഐസു വെച്ച പാത്രം പോലെ മരവിപ്പിക്കുന്ന തണുപ്പ് റോസമ്മയുടെ ശരീരത്തിലേയ്ക്ക് പടർന്നു കയറി വെറോണി അമ്മായി വെറോണി അമ്മായി എന്നു പിറുപിറുത്തു കൊണ്ടൊരു ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു
.
അന്ന് പതിവിലും വലിയ ചൂടായിരുന്നു ,റോസമ്മ ഒരിക്കൽപോലും കാണാത്ത ഒരു മുഖം അവൾക്കരികിലൂടെ കടന്നു പോയി പിന്നാലെ ഒരു നിഴൽപോലെ അപ്പച്ചനും . സ്വർഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ ജോയികുട്ടിയെ കൂട്ടാൻ വെറോണി അമ്മായി വന്ന പോലെ ആത്മ ബന്ധമുള്ള ആരെങ്കിലും തന്നെയും സഹായിച്ചിരുന്നെങ്കിൽ ,റോസമ്മ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് നോക്കി ഒരു പാട് ബന്ധുക്കൾക്കിടയിൽ അങ്ങനെ ഒരാൾ ഉണ്ടോ എന്ന് സന്ദേഹത്തോടെ തിരഞ്ഞു നടന്നു .....
Post a Comment