Wednesday 10 August 2016

ഒടുവിലാ മഴത്തുള്ളികിലുക്കം കഴിഞ്ഞു ഓർക്കാൻ കൊതിക്കാത്തോരേടുമായി

ചോക്ലേറ്റ് ഫാക്ടറിയുടെ ഉത്തരവാദിത്തം വിട്ടു പാർലമെൻ്റിലേയ്ക്ക് മത്സരിച്ചു ജയിച്ചു എം പി ആയിക്കഴിഞ്ഞപ്പോൾ ഉർവശി ശാരദയ്ക്കൊരു മോഹമുദിച്ചു തന്നെ നാലാളറിയുന്ന നടിയാക്കിയ മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുക .അക്ബർ ജോസെന്ന പുതുമുഖങ്ങളായ ഇരട്ട സംവിധായകരെ വെച്ചൊരു കുറഞ്ഞ ചിലവിൽ ഒരു ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ ലാഭേശ്ചയെക്കാളുപരി മലയാളത്തിന് എന്തെങ്കിലും മടക്കി നൽകുക എന്നതു മാത്രമായിരുന്നു ഉർവശി ശാരദയുടെ മനസ്സിൽ.
താരതമ്യേന ശുദ്ധമായ തിരക്കഥയും കഥയും താരങ്ങളും ഉണ്ടായിട്ടും ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാതെയാ ചിത്രം കടന്നു പോയി.
ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഈ പടം കാണണം എന്നെന്റെ മനസ്സു പറഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല. ഞാൻ നാട്ടിലുള്ള ദിവസങ്ങളിൽ ഒന്നിലാണ് ആ പടം റിലീസ് ചെയ്തത് കൃത്യമായി പറഞ്ഞാൽ 2002 മാർച്ചിലാണ്‌ ആ ചിത്രം റിലീസ് ആകുന്നത് തീവ്രമായ മോഹത്തോടെ ഞാൻ തീയേറ്ററിൽ എത്തുമ്പോൾ അവിടെ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ കളിക്കുന്നു. മോഹം മോഹമായി അവശേഷിച്ചു ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു വന്നു ഡി വിഡി റിലീസ് ചെയ്യുന്ന അന്ന് തന്നെ ഞാൻ ഇശ്ചാശക്തിയോടെ ആ പടം വാങ്ങി കൊണ്ട് വന്നു . സമയം പോലെ കാണാം ഞാൻ ഡിവിഡി ഒരു സൈഡിൽ മാറ്റി വെച്ചു കുളിക്കാൻ പോയി വരുമ്പോൾ ഡി വിഡി പ്ലേയർ കാണാനില്ല . അപ്പുറത്തെ ഫ്ളാറ്റിലെ ഇളങ്കോയുടെ കല്യാണ നിശ്ചയ സി ഡി കാണാനായി അവർ ഡി വി ഡി എടുത്തു കൊണ്ട് പോയി .നിശ്ചയ പാർട്ടിക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയ ആരോ എന്റെ ഡി വി ഡി എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു .എന്റെ മഴത്തുള്ളികിലുക്കം അനാഥമായി അലമാര വലിപ്പിൽ ആരും കാണാതെ കിടന്നു .
2010 ഒക്ടോബർ 31 അന്നൊരു ശ്രീകൃഷ്ണ ജയന്തിയായിരുന്നു .എന്റെ ലീവ് തീരുന്ന ദിവസവും പതിവിനു വിപരീതമായി ഞാൻ തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ഷാർജയ്ക്ക് പോകുന്നത് .നാല് മണിക്കൂർ നീണ്ട യാത്ര ഒരു ആഘോഷയാത്രയാക്കാൻ ഞാൻ തീരുമാനിച്ചു .അളിയനോടും എന്റെ മുഴുവൻ കുടുംബത്തോടും ഒപ്പം ട്രവേരയിൽ തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടങ്ങി.പതിഞ്ഞ സ്പീഡിൽ വണ്ടിയോടിച്ചു കൊണ്ടിരുന്ന നന്ദുച്ചേട്ടൻ പിന്നോട്ട് തിരിഞ്ഞു ചോദിച്ചു ഒരു സിനിമ കാണുന്നോ ? കുടുംബത്തെ പിരിയുന്ന വിരഹത്തിൽ ഇരുന്ന ഞാൻ ഒന്നും മിണ്ടിയില്ല .നന്ദു ചേട്ടൻ ഡിവിഡി ഓൺ ആക്കി സിനിമയിട്ടു .മഴത്തുള്ളിക്കിലുക്കം പേരെഴുതി കാണിച്ചതും ഞാൻ മറ്റെല്ലാം മറന്നു സിനിമയിലേയ്ക്ക് മുഴുകി .സോളമനും സോഫിയയും ആലീസും അന്നയും മാത്തുകുട്ടിയും പാലയ്ക്കലച്ചനുമുള്ള പുതിയ ലോകത്തേയ്ക്ക് ഞാൻ ഒരു നിമിഷം നടന്നു കയറി .വിഷം കലക്കിയ പായസം കുടിച്ചു മരിക്കുന്ന അന്നമ്മയുടെയും ആലീസിന്റേയും കുഴിമാടത്തിനരികെ ഒന്നാകുന്ന സോളമനേയും സോഫിയയെയും കണ്ടു മനസ്സു നിറഞ്ഞതും ഭയാനകമായ ഒരു ശബ്ദം .
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുൻപ് ഞങ്ങൾ സഞ്ചരിച്ച ട്രവേര നാലു തവണ കീഴ്മേൽമറിഞ്ഞു ഒരു ഗർത്തത്തിനുള്ളിലേയ്ക്കുള്ള കവാടത്തിൽ ഒരു ടെലഫോൺ സ്റ്റാൻഡിൽ തൂങ്ങിയാടുകയാണ് .ഞാൻ തലയുയർത്തി ചുറ്റും നോക്കി ആരും ഒന്നും മിണ്ടുന്നില്ല ഒരു പൊടി ചോര പോലും ആരുടെ ദേഹത്തും ഇല്ല എന്നിട്ടും ഒരു തരം കട്ടമുടിയ ഭയം ഞങ്ങളെ വിഴുങ്ങിയിരിക്കുന്നു .
ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ ? ഡ്രൈവർ നന്ദു ചേട്ടൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ഇല്ലാ ഒന്നും സംഭവിച്ചിട്ടില്ല ഞങ്ങളുടെ വാതിലുകൾ എല്ലാം ജാമായിരിക്കുന്നു കൂട്ട നിലവിളികളിക്കിടയിൽ ആരെക്കെയോ ചേർന്നു ചില്ലു തകർത്തു ഞങ്ങളെ ഓരോരുത്തരായി പുറത്തെടുത്തു .പുറത്തു രണ്ടു ബൈക്കുകളിൽ ചീറി പാഞ്ഞു വന്ന യുവാക്കളുടെ ചോര താളം കെട്ടി നിൽക്കുന്നു . പേടിപ്പിക്കുന്ന ഉളുമ്പു മണമുള്ള ചോരയിൽ ചവിട്ടാതെ ഞങ്ങൾ റോഡിനു ഓരം ചേർന്ന് നിന്നു,
പെരു വിരൽ തൊട്ടു തുടങ്ങിയ വിറയൽ തെല്ലൊന്നു ശമിച്ചിരിക്കുന്നു.കൂടി നിന്നവരിൽ ഒരാൾ പറയുന്നു നാല് യുവാക്കളും ഓൺ സ്പോട്ടിൽ തീർന്നത്രെ, വിറയലിനു ശക്തി കൂടി ഞാൻ പതിയെ നടന്നു ചെന്നു ഞങ്ങളുടെ കാറിന്റെ പൊളിഞ്ഞ വാതിൽ തുറന്നാ ഡിവിഡി പ്ലെയറിന്റെ ബട്ടണിൽ ഒന്ന് ഞെക്കി ഒരു പോറൽ പോലുമില്ലാതെ ആ ഡിസ്ക് പ്ലേയറിൽ നിന്നും പുറത്തേക്കു വന്നു ഡാഷ് ബോർഡ് തുറന്നാ ഡിസ്ക് ഞാനാ കവറിൽ ഇട്ടു . ഇത്രയും കാലം എന്നിൽ നിന്നും തെന്നി തെറിച്ചു നടന്ന മഴത്തുള്ളികിലുക്കത്തെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു .
ഇപ്പോഴും ഒരു ചെറിയ സങ്കടം എന്നെ അലട്ടുമ്പോൾ ഞാൻ ഡി വിഡി പ്ലേയർ ഓൺ ആക്കി ആ സിനിമയിടും .സോളമനും സോഫിയായും കടന്നു വന്ന ദുരിതകടലിലെ ഒരു തിരപോലെ അതെന്നെ എന്റെ ഓർമ്മകളുടെ തീരത്തേയ്ക്കു കൂട്ടികൊണ്ടു പോകും . എല്ലാത്തിനും ഒരു സമയമുണ്ട് എന്ന വലിയ സത്യം ഒരു മഴത്തുള്ളി പോലെ എന്റെ കണ്ണിൽ നിന്നും കവിളിലേയ്ക്ക് അടർന്നിറങ്ങും. ചില തീരുമാനങ്ങൾ നീളുന്നത് നല്ലതിനു വേണ്ടിയായിരിക്കാം അല്ല നല്ലതിന് വേണ്ടി മാത്രമായിരിക്കട്ടെ .........

No comments: