Sunday, 7 August 2016

മണൽക്കാറ്റിൽ ഉലയാത്ത സൗഹൃദം

ഞാനൊരു പത്തു സെക്കൻഡ് തരാം അതിനുള്ളിൽ ഈ ശബ്ദം തിരിച്ചറിഞ്ഞില്ലങ്കിൽ നിങ്ങൾ എന്നെ മറന്നു എന്നാണതിനർത്ഥം വൺ ,ടൂ .....
ജാവേദ് ഭായി നിങ്ങളിത് എവിടുന്നാണ് !!!!!!
നിങ്ങളെന്റെ സുഹൃത്താണ് പത്തു കൊല്ലത്തിനു ശേഷവും നിങ്ങൾക്കെന്റെ രൂപമാറ്റം വന്ന സ്വരത്തെ അടയാളപ്പെടുത്താൻ വേഗം സാധിച്ചിരിക്കുന്നു പറയു എന്താണ് ഇപ്പോൾ നിങ്ങൾ, അന്ന് കണ്ട മീശ മുളയ്ക്കാത്ത പയ്യനിൽ നിന്നും ഒരു പാട് ദൂരം നിങ്ങൾ മുന്നേറിയിട്ടുണ്ടാവണം  .
അല്ല ജാവേദ് ഭായി എനിക്കിപ്പോൾ മൂന്നു കുട്ടികളുണ്ട് ,ആ പഴയ ജോലി ഞാനുപേക്ഷിച്ചു, ഇപ്പോൾ തരക്കേടില്ലാത്ത ഒരു ജോലിയൊക്കെയായി ,നാട്ടിൽ ഞാൻ തെറ്റില്ലാതെ സമ്പാദിച്ചു എല്ലാത്തിനും കാരണം നിങ്ങളാണ് , നിങ്ങളില്ലായിരുന്നെങ്കിൽ ..
അങ്ങനെ പറയരുത് ജാവേദ് ഇടപെട്ടു, സർവശക്തൻ എന്നെ ഒരു ഉപകരണമാക്കുകയായിരുന്നു
പതിനഞ്ചു കൊല്ലം മുൻപത്തെ ഒരു കരിഞ്ഞു കത്തുന്ന സൂര്യനുള്ള പകലിലേയ്ക്ക് ഓർമ്മകൾ ഇടറി വീണു .
അന്നെത്ര ദൂരം ഞാൻ ഓടിയിട്ടുണ്ടാവണം കുഞ്ഞു കാലുകൾ തളർന്നു വീഴും വരെ ,അല്ലാ കാലുകൾ തളർന്നു വീണിട്ടും ഞാൻ ഒരു അമ്പതു ഫർലോങ് എങ്കിലും മുന്നോട്ടിഴഞ്ഞിട്ടുണ്ടാവണം . 1988 മോഡൽ രാജദൂത് മോട്ടോർ ബൈക്കിൽ ആ ചാണ കയറിയ കുള്ളൻ എന്നെ ഉയർത്തി എഴുന്നേൽപ്പിച്ചിരുത്തും വരെ പരന്ന മരുഭൂമി മാത്രമായിരുന്നു മുന്നിൽ .പൈജാമയുടെ കുഞ്ഞു കയറിൽ ബന്ധനസ്ഥനായി ആ ഉടലിന്റെ ബലത്തിൽ താങ്ങി ജീവിതത്തിലേയ്ക്കാണയാളെന്നെ  കൈ പിടിച്ചു നടത്തിയത് .
ഒരിക്കൽ പോലും അയാളെന്റെ ജാതിയോ മതമോ വർണ്ണമോ തിരഞ്ഞില്ല വഴിതെറ്റിയൊഴുകിയ ജല കണങ്ങളെ മാതൃ നദിയിലേക്കെന്നപോലെ അയാളെന്നെ ജീവിതത്തിലേക്കൊഴുക്കി വിട്ടു . രക്ഷകനും സംരക്ഷകനും മേധാവിയും ആയിരുന്നപ്പോഴും അയാളെനിക്കൊരു സുഹൃത്തായിരുന്നു. ചില നക്ഷത്രങ്ങൾ അങ്ങനെയാണ് ഒന്ന് ഒന്നിനോട് ചേരുമ്പോൾ സൂര്യനെക്കാൾ പ്രഭയുണ്ടാകും.
ഹലോ കേൾക്കുണ്ടല്ലോ അല്ലേ ?
ഞാൻ സൗരയുഥം വിട്ടു ഭൂമിയിലേക്കിറങ്ങി വന്നു , കേൾക്കുന്നുണ്ട് പറയൂ ജാവേദ് ഭായ്
എന്റെ മകൻ അവിടെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റാണ് കഴിയുമെങ്കിൽ അവനൊരു ടിക്കറ്റ് എടുത്തു കയറ്റി വിടുക ഒരു പാട് ബന്ധുക്കൾ എനിക്കവിടെയുണ്ട് പക്ഷെ നിന്നെ മാത്രം വിളിക്കാനാണ് എന്റെ മനസ് പറഞ്ഞത് . അസൗകര്യമാവുമോ ?
മരിക്കുന്നതിന് മുൻപ് വീടപെടേണ്ട കടങ്ങളിൽ ഒന്നിതാ യാചനയുമായി കാതിൽ മുഴങ്ങുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ചു ജാവേദ് പറഞ്ഞ ആശുപത്രി ലക്ഷ്യമാക്കി വണ്ടിയെടുക്കുമ്പോൾ ഒരു പഴയ രാജദൂത് മോട്ടോർ ബൈക്കിന്റെ ഇരമ്പം കാതുകളിലേയ്ക്ക് ഒഴുകിയിറങ്ങി ...

No comments: