Saturday, 6 August 2016

ചിറകുകളുള്ള പെട്ടി



 സദാനന്ദൻ പെട്ടി കെട്ടാൻ വിദഗ്ധനാണ് പക്ഷെ ഒരു പടിയുണ്ടയാൾക്ക് കെട്ടുന്നതിന് മുൻപൊരു കുപ്പി പൊട്ടിക്കണം . അതാരു പോയാലും പെട്ടി കെട്ടുന്ന ആളിനുള്ള അവകാശമാണ് .കുഞ്ഞിക്കാ കുടിക്കില്ല പക്ഷെയെങ്കിൽ എല്ലാത്തിനും കൂട്ട് കൂടും കുപ്പിയൊരണ്ണം പൊട്ടി തുടങ്ങിയതും യൂണിയൻ മൂവേഴ്‌സിന്റെ കാർഡ് ബോർഡ് പെട്ടിയിൽ  ടേപ്പ് കീറി പതിപ്പിക്കുന്ന സദാനന്ദൻ കുഞ്ഞിക്കയെ ഒളികണ്ണിട്ടു നോക്കി .നാളെ രാത്രിയാകാൻ കാത്തിരിക്കുന്ന കുഞ്ഞിക്കാ കെട്ടിയോൾ ജമീലയുടെ മോറിന്റെ മൊഞ്ച് നോക്കി നിർന്നിമേഷനായി നിൽക്കവെയാണ് ഉസ്‍മാൻ ഓടിക്കിതച്ചെത്തിയത് .

 പെട്ടി നിറയാറായപ്പോൾ കൊണ്ട് വന്ന പൊതികെട്ടു കണ്ടു കുഞ്ഞിക്ക മനസ്സിൽ പ്രാകി . രണ്ടു കിലോ കൊണ്ടു വരാനല്ലേ ഉസ്സമാനെ നിന്നോട് പറഞ്ഞത് ഇതിപ്പോ തോനെയുണ്ടല്ലോ ?
 കനമില്ല ഇക്കാ കുറച്ചു മിട്ടായിയും ബീവിക്കൊരു തട്ടവുമാ ,ഫോറിൻ തട്ടം വേണമെന്ന് അവൾക്കൊരു പൂതി .ഉസ്മാൻ വന്നിട്ടു നാട്ടിൽ പോയിട്ടേ ഇല്ല അതു കൊണ്ട് ബീവിക്കു ഫോറിൻ സാധനങ്ങളോടു  വലിയ കമ്പമാണ്   വൃത്തിയായി പൊതിഞ്ഞു ടേപ്പ് ചുറ്റിയ ഒരു കെട്ട്  കുഞ്ഞിക്കയ്ക്കു നേരെ നീട്ടി.
ഉസ്മാൻ പോയി കഴിഞ്ഞപ്പോൾ സദാനന്ദനൊരു  സംശയം ഉസ്മാന്റെ പൊതികെട്ടിൽ വല്ല സ്വർണ ബിസ്ക്കറ്റോ മറ്റോ ആന്നോ .ഒന്ന് തുറന്നു നോക്കിയിട്ടു വെക്കുന്നതല്ലേ കുഞ്ഞിക്കാ നല്ലത് ഇപ്പോഴത്തെ കാലമാ ഒന്നും പറയാൻ ഒക്കില്ല .
നീതിമാനായ കുഞ്ഞിക്ക ശക്തിയുക്തം എതിർത്തു ഓൻ പാവം ചെക്കനല്ലേ ,
എന്നാലും ഒന്ന് നോക്കുന്നത് നല്ലതാ  കൂടി നിന്നിരുന്നവർ കുഞ്ഞിക്കയുടെ മേൽ സമ്മർദ്ദം ചെലുത്തി. പൊട്ടിച്ചു നോക്കാം പക്ഷെ അതവന്റെ സാന്നിധ്യത്തിൽ മാത്രം കുഞ്ഞിക്കാ കണ്ടീഷൻ വെച്ചു
പോയ ഉസ്മാനെ തിരിച്ചു വിളിച്ചു. താൻ കൊടുത്ത പാർസൽ പൊട്ടിക്കാൻ പോകുന്നതറിഞ്ഞു ഉസ്മാന് ഉള്ളിൽ ആദി കേറി. കുഞ്ഞിക്കാ വേണ്ട കുഞ്ഞിക്കാ ഞാൻ പറഞ്ഞതല്ലാതെ വേറൊന്നും അതിലില്ല പടച്ചവനാണേ നേര് . കള്ളിന്റെ ലഹരി മൂത്തു തുടങ്ങിയ സദാനന്ദൻ ആ പൊതി  തട്ടിയെടുത്തു പൊളിച്ചു തുടങ്ങി .
ഉസ്മാൻ മുഖം പൊത്തി താഴേയ്ക്കിരുന്നു . കള്ള പൊന്നു കൊടുത്തു   കുഞ്ഞിക്കയെ ചതിക്കാൻ വന്ന ഹിമാറിനെ പുറത്തു വിടാതിരിക്കാൻ ജലീൽ വാതിൽ ഉള്ളിൽ നിന്നും പൂട്ടി .

കുറച്ചു ചോക്ക്ലേറ്റും  ബദാമും കൂടാതൊരു  പാർസൽ വേറെ പൊതിഞ്ഞിരിക്കുന്നു കൂടി നിൽക്കുന്നവർക്കെല്ലാം ആകാംഷ ഇരട്ടിച്ചു .തുറക്കരുതേ എന്ന യാചനയോടെ ഉസ്മാൻ കുഞ്ഞിക്കയെ നോക്കി പന്തു കാലിൽ നിന്ന് പോയ കളിക്കാരനെപ്പോലെ കുഞ്ഞിക്ക കൈ മലർത്തി  . സദാനന്ദൻ അവസാന പൊതി തുറന്നതും റൂമിൽ കൂട്ട ചിരി പടർന്നു . ഒരു പായ്ക്കറ്റ് വിസ്‌പേർ ...... ചമ്മി അടപ്പൂരി നിന്ന ഉസ്‍മാൻ വളിച്ച ചിരിയോടെ പ്ലിങ്ങി പുളകിതനായി  പറഞ്ഞു ഓൾക്ക് ഫോറിൻ വേണമെന്നൊരു പൂതി അതോണ്ടാ . കുഞ്ഞിക്കയുടെ പെട്ടി ചിറകുകളുള്ള  വിസ്പറുമായി ആകാശത്തേയ്ക്ക് പറന്നുയർന്നു .  

No comments: