മാർക്ക് എങ്ങനെ ആണെന്നോ ,ആയിരിക്കുമെന്നോയുള്ള ചിന്തയിലായിരുന്നു ഞാൻ കഴിഞ്ഞ 48 മണിക്കൂറുകളിൽ . സ്ഥാനം ഒഴിയാൻ പോകുന്ന ട്യുണീഷ്യക്കാരൻ ഒമർ ഫാറൂഖിയെ പതിയെ മനസിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളു .മുൻകോപിയാണെങ്കിലും ഒമർ ഹൃദയമുള്ളവനായിരുന്നു . പോർട്ടുഗീസ്‌കാർ പണ്ടെങ്ങോ നമ്മളെ അടിമകളാക്കി ഭരിച്ചിട്ടുണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ മുൻപൊരിക്കൽ പോലും ഒരു പോർട്ടുഗീസു കാരനെ കണ്ടതായി പോലും ഞാൻ ഓർക്കുന്നില്ല . ഒമർ ഫാറൂഖി വരുന്നതിനു മുൻപ് ഒരു ട്യുണീഷ്യക്കാരനെപ്പോലും അടുത്തറിയാതിരുന്നതും ഇപ്പോൾ ഞാൻ ഓർക്കുന്നു .
ബെഞ്ചമിൻ മാർക്ക് സ്റ്റീവൻ അതാണയാളുടെ മുഴുവൻ പേര് ,കേട്ടറിഞ്ഞ കഥകളിലെ മാർക്ക് അര വട്ടനാണ് .ഒരു ജോലിയിലും ഉറച്ചു നിൽക്കാത്ത യാത്രകളെ സ്നേഹിക്കുന്ന എപ്പോൾ എന്തു ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാൻ കഴിയാത്ത സ്വഭാവക്കാരൻ .കഴിഞ്ഞ തവണ ആംസ്റ്റർഡാമിൽ നിന്നും ന്യൂസിലാൻഡിലേയ്‌ക്ക് മോട്ടോർ ബൈക്ക് ഓടിച്ചു പോയ കിറുക്കൻ . നാളെ മുതൽ അങ്ങനെ ഒരു വട്ടന്റെ സ്വകാര്യ സഹായിയായി കമ്പനി നിയമിച്ചിരിക്കുന്നത് തന്നെയാണെന്നോർത്തപ്പോൾ ഒരു ഉൾകിടിലം ഹൃദയത്തിലൂടെ കടന്നു പോകുന്നതു പോലെ .കമ്പനി ഏല്പിച്ചിരിക്കുന്ന ജോലികളിൽ അയാളെ സഹായിക്കുക അല്ലാതെ അയാളുടെ വട്ടുകൾ എന്നോട് കാണിക്കാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുക തന്നെ ചെയ്യും . കമ്മ്യൂണിസം നൂറും അറുപതും മേനി വിളയുന്ന കേരളത്തിലേയ്ക്കാണ് അയാൾ ജോലി ചെയ്യാൻ വരുന്നത് .
ലോകത്തിൽ ഏറ്റവും കൂടുതൽ സൈക്കിൾ പ്രേമികളുള്ള നഗരമാണ് ആംസ്റ്റർഡാമെന്നു വായിച്ചതോർമ്മ വരുന്നു പക്ഷെ ലോകത്തിന്റെ മറു കരയിൽ നിന്നൊരു മനുഷ്യൻ ഇങ്ങേക്കരയിൽ മാനേജരായി ചാർജ്ജെടുക്കാൻ ഈ ശകടം ചവിട്ടി ആ നാട്ടിൽ നിന്നും വരുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ല . നരച്ചതാടിയും വെളുത്ത മുടികളുമുള്ള മാർക്ക് തോളിൽ തൂക്കിയിരുന്ന വലിയ ഭാണ്ഡവുമായി അകത്തു കയറുമ്പോൾ കേട്ട കഥകളിൽ വള്ളി പുള്ളി വിടാതെ എല്ലാം സത്യമായിരുന്നുവെന്നു ഞാൻ ഉറപ്പിക്കുകയായിരുന്നു . ഈ മുഴു വട്ടനുമായി ജോലി എത്രനാൾ തുടരാനാകും ! ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അയാൾ ആദ്യം പുറത്താകുന്നത് ആരെന്ന ചോദ്യം മാത്രമായിരുന്നു മനസ്സിൽ .
അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ദൈവം കൊടുത്ത അവയവങ്ങളിൽ ഒന്നായിട്ടാണയാൾ നാവിനെ കരുതുന്നതെന്നെനിക്കു തോന്നി . അയാൾക്കാരുടെയും സഹായം ആവശ്യം വേണ്ടിയിരുന്നില്ല ചെയ്യേണ്ടിയിരുന്ന ജോലിയെല്ലാം അയാൾ തനിയെ ചെയ്തു തീർക്കും . മൊട്ടു സൂചി നിലത്തു വീണാൽ കുനിഞ്ഞു എടുക്കാൻ പോലും മടിയനായിരുന്ന ഒമർ ഫാറൂഖിക്കു എന്നെ എപ്പോഴും വേണമായിരുന്നു എന്നാൽ ഈ മനുഷ്യൻ . ജോലിയിൽ കയറി മൂന്നാം പക്കം മാർക്ക് എന്റെ സഹായം ആദ്യമായി ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ പഞ്ചറായ സൈക്കിൾ ട്യൂബ് ഒട്ടിക്കുന്നതിനു വേണ്ട പശ തീർന്നു പോയത്രേ ,അതെവിടെ നിന്നു വാങ്ങും എന്നതിനെപ്പറ്റി അയാൾക്കൊരു ധാരണയില്ല ഗൂഗിളിൽ പല തവണ പരതിയിട്ടും അടുത്തൊരിടം കാണാഞ്ഞിട്ടാണ് മാർക്ക് എന്നെ ആ ജോലി ഏൽപ്പിക്കുന്നത് .
മാർക്ക് വന്നതിൽ പിന്നെ ഞാൻ അലസനാണ് ,അല്ല എനിക്കു ചെയ്യാനൊരു ജോലിയില്ല അങ്ങനെ ഒരു അലസ മയക്കത്തിനിടയിൽ മാർക്ക് എന്റെ കാബിനിലേയ്ക്ക് കടന്നു വന്നു . പേടിച്ചരണ്ട ഞാൻ പണി പോയെന്നു തന്നെ മനസ്സിൽ ഉറപ്പിച്ചാണ് ചാടിയെഴുന്നേറ്റത് . പതിവിനു വിപരീതമായി അയാളുടെ മുഖത്തൊരു പുഞ്ചിരി ആ മുഖ ശ്രീക്കു കൂടുതൽ ചന്തം ചാർത്തിയിരുന്നു . തോമസ് ,തോമസ് രണ്ടു തവണ അയാളെന്റെ പേര് ഉച്ചത്തിൽ വിളിച്ചു . ഞാൻ പഞ്ച പുശ്ചമടക്കി എഴുന്നേറ്റു നിന്നു . ഒമർ സാർ ആയിരുന്നെങ്കിൽ ഇപ്പോൾ അടിഅല്ലെങ്കിൽ ചീത്ത ഉറപ്പായിരുന്നു . അയാൾ ജീൻസിന്റെ പിറകിലെ പോക്കറ്റിൽ നിന്നും സാധാരണയിലും വീതിയുള്ള അയാളുടെ തുകൽ പേഴ്സ് പുറത്തെടുത്തു . ഒമർ സാർ ദേഷ്യപ്പെട്ടാൽ അന്ന് 100 ഉറപ്പായിരുന്നു . ഇതു ദേഷ്യപ്പെടാതെ എനിക്ക് കൈമടക്കു തരാൻ പോകുന്നു .യുറോപിയൻമാർ അറബികളെക്കാൾ ഉദാരമതികളാണ് ,അറബികൾ എല്ലു മുറിയെ പണിയെടുപ്പിക്കും യുറോപ്പിയൻമാരോ നമ്മോടൊത്തു പണിയെടുക്കും നമ്മൾ അർഹിക്കുന്നതും അതിൽ കൂടുതലും നൽകും .
തുകൽ പേഴ്സിൽ നിന്നും മാർക്ക് പുറത്തെടുത്ത പിഞ്ചി കീറാറായ ഫോട്ടോ ഞാൻ തിരിച്ചും മറിച്ചും നോക്കി . "മാർക്ക് ഇതിൽ നിന്നും നമ്മളെങ്ങനെ ആളുകളെ തിരിച്ചറിയും ഇതൊരു പഴയ ഫോട്ടോയല്ലേ ,ഏകദേശം നാല്പതു വർഷം പഴക്കമെങ്കിലുമുള്ള ഫോട്ടോ "
ഇതിൽ കാണുന്നതാണെന്റെ മാതാപിതാക്കൾ അവരെ തേടിയാണ് ഞാൻ ഈ നഗരം തിരഞ്ഞെടുത്തു ജോലിക്കു വന്നത് !
അപൂർവമായി മാത്രം തുറക്കപ്പെടാറുണ്ടായിരുന്ന മാർക്കിന്റെ വായ തുറന്നു പുറത്തേയ്ക്കു വന്ന വാക്കുകൾ എന്നെ ഏതോ ലഹരിയുടെ കയത്തിലേയ്ക്ക് തള്ളിയിടും പോലെ തോന്നി .ഞാനയാളെ സൂക്ഷിച്ചു നോക്കി ,ചുവന്ന തൊലിയും വെളുത്ത മുടികളുമുള്ള ഒറിജിനൽ സായിപ്പ് തന്റെ വിത്തുകൾ സഹ്യപർവ്വതത്തിനിപ്പുറമുള്ള ഏതോ കടലോര ഗ്രാമത്തിലാണെന്നു പറയുന്നു .ഞാൻ ഫോട്ടോയിലുള്ള കുഴിഞ്ഞു വറ്റിയ കണ്ണുകളുള്ള നാലംഗ കുടുംബത്തിലേയ്ക്ക് മാറി മാറി നോക്കി . ദൈന്യത സ്ഫുരിക്കുന്ന എട്ടു കണ്ണുകളും ഉണങ്ങിയൊട്ടിയ കവിളുകളുമായി അപ്പനും അമ്മയ്ക്കും സഹോദരിക്കും ഇടയിൽ മാർക്ക്. ഇല്ല, ഇതു മാർക്കാവാൻ യാതൊരു സാധ്യതയുമില്ല ആംസ്റ്റർ ഡാമിലെ ഇയാളുടെ മാതാപിതാക്കൾ ഇയാളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവണം . ഇങ്ങനെ ഒരു രൂപമാറ്റം ഒരു മനുഷ്യനു ഉണ്ടാവാൻ യാതൊരു സാധ്യതയും താൻ കാണുന്നില്ല .
അന്ധകാര നാഴിക്കുമപ്പുറം പാദുവ പുണ്യവാളന്റെ പള്ളിയോടു ചേർന്നുള്ള വണക്ക മാസപുരയിൽ താമസിക്കുന്ന മെത്രീഞ്ഞു വലിയപ്പൻ ഫോട്ടോ കണ്ടപ്പോൾ തന്നെ തന്റെ പ്രിയ കൂട്ടുകാരൻ ലാസറിനെ നെ തിരിച്ചറിഞ്ഞു ,ലാസറിന്റെ മകൻ സായിപ്പോ ??? അപ്പോൾ നോഹ വള്ളത്തിൽ അപ്പനോടൊപ്പം കടലിൽ പോകുന്ന ഫ്രാഞ്ചി ആരാണ് ?? മെത്രീഞ്ഞു വലിയപ്പൻ ചിന്താ ഭാരം വന്നവനെപ്പോലെ തല കുമ്പിട്ടിരുന്നു . ഇങ്ങനെ ഒരു മകനുള്ളതായിട്ടോ നാടു വിട്ടു പോയതായിട്ടോ മെത്രീഞ്ഞു വലിയപ്പൻ എന്നല്ല തങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ച രൂപതാ ആസ്ഥാനത്തു ഓൾഡ് ഏജ് ഹോമിൽ കഴിയുന്ന 29 കൊല്ലം അന്ധകാര നാഴി പള്ളി വികാരിയായിരുന്ന ഡിക്രൂസ് വലിയവീട്ടിലച്ചനു പോലും അജ്ഞാതമായിരുന്നു .
മാർക്ക് വേരുകളിലേയ്ക്ക് തിരികെയെത്തിയിരിക്കുന്നു പക്ഷെ ബംഗ്ളാവു പറമ്പിൽ ലാസറിന്റെ രണ്ടു മക്കളിൽ സായിപ്പു കൊണ്ട് പോയത് ഫ്രാഞ്ചിയെന്ന ആൺ കുട്ടിയെ അല്ല ക്ലാര എന്ന ഇളയ പെൺ കുട്ടിയെയാണ് . മാർക്ക് അവർക്കു വേണ്ടപ്പെട്ട ഒരാളുടെ സ്വന്തമായിരുന്നിരിക്കണം? ജീപ്പിനു മുകളിൽ വെച്ചിരുന്ന സൈക്കിൾ താഴെയിറക്കി മാർക്ക് ലാസറിന്റെ ബിസ്ക്കറ്റ് പോലെ ഒടിയുന്ന എല്ലുകളുള്ള കൈകളിൽ ചേർത്തു പിടിച്ചു മുത്തമിട്ടു . ക്ലാര ജീവനെപ്പോലെ സ്നേഹിച്ചിരുന്ന സൈക്കിളിന്റെ സെന്റർ ബാറിൽ അവളുടെ അപ്പച്ചനെ ഇരുത്തി മാർക്ക് പെഡലുകളെ മുന്നോട്ടു ചവിട്ടി അപ്പോൾ ചക്രവാളം സൂര്യനെ വിഴുങ്ങുകയായിരുന്നു . ഉറപ്പില്ലാത്ത കടൽമണലിൽ പൂണ്ടു പോകുമെന്ന് തോന്നിപ്പിച്ച സൈക്കിൾ ടയറുകൾ കൂടുതൽ ശക്തിയിൽ മാർക്ക് മുന്നോട്ടു ചവിട്ടി .ക്ലാരയും അമ്മച്ചിയും ഒരുമിച്ചായിരിക്കുന്ന ആഴിയുടെ അഗാധങ്ങളിലേയ്ക്ക് ആയാസ രഹിതമായി മാർക്ക് ലാസറപ്പച്ചനുമായി മുന്നോട്ടു നീങ്ങി ............
No comments:
Post a Comment