Friday, 6 January 2017

മേരാ പ്യാരാ ദേശവാസിയോം


രണ്ടായിരത്തിപതിനാറു നവംബർ എട്ടിനു രാത്രി പതിനൊന്നു മണി കഴിഞ്ഞതും ബിന്ദുമോൾ ജോസഫിന്റെ ടെലിഫോൺ നിർത്താതെ ശബ്ദിച്ചു . മാസമുറയുടെ ഷീണം കൊണ്ടു പ്രധാനപ്പെട്ട പല പ്രഖാപനങ്ങളും കേൾക്കാതുറങ്ങിയ ബിന്ദു മോളും ഒന്നും നടക്കാൻ  സാധ്യതയില്ലാത്തതിനാൽ രണ്ടു തൊണ്ണൂറിന്റെ ലഹരിയിലായിരുന്ന ജോസഫ് ചാക്കോ എന്നു മാമോദീസാ പേരുള്ള തങ്കച്ചായനും അസമയത്തു വന്ന  കോളു കണ്ടു അമ്പരന്നു. പാവറട്ടിയിൽ നിന്നും അമ്മച്ചിയുടെ നീയിങ്ങു വേഗം വാ എന്ന വെപ്രാളപ്പെട്ടുള്ള ശബ്ദം കേട്ടതും ബിന്ദുമോൾ അർദ്ധ ബോധത്തിലായിരുന്ന തങ്കച്ചായന്റെ നെഞ്ചിലേയ്ക്കു വീണു അലപ്പറയിട്ടു കരഞ്ഞു .അമ്മച്ചിക്കു ആണായിട്ടും പെണ്ണായിട്ടും ഉള്ള ഒറ്റ സന്താനമാണ് ബിന്ദുമോൾ എന്ന തിരിച്ചറിവിൽ ഫിറ്റായി കിടന്ന തങ്കച്ചൻ ചാടിയെഴുന്നേറ്റു പേന്റും കാൾസറായിയും തിടുക്കത്തിൽ വലിച്ചു കേറ്റി വണ്ടിയിലെ  വെള്ളം ചെക്ക് ചെയ്യാൻ പോർട്ടിക്കോവിലേക്കോടി . രണ്ടറ്റാക്ക് കഴിഞ്ഞ അപ്പച്ചനു എന്തേലും സംഭവിച്ചിട്ടല്ലാതെ അമ്മച്ചി ഇങ്ങനെ കരയുവേല, എന്റെ അച്ചായീയേ ഞാൻ വന്നു ഒന്ന് കാണുന്നതിന് മുൻപേ അങ്ങു പോയില്ലേ ബിന്ദുമോൾ കൊച്ചുങ്ങളെ വിളിച്ചുണർത്തി വല്യപ്പച്ചനു വീണ്ടും അറ്റാക്ക് വന്ന കാര്യം പറഞ്ഞു .

പാവറട്ടി പള്ളിപെരുനാളിനു അപ്പച്ചനേം അമ്മച്ചിയേം കണ്ടേ പിന്നെ ഇപ്പോഴാണ് അങ്ങോട്ടു പോകാൻ ഒരു അവസരം വരുന്നത് അപ്പച്ചനോടും അമ്മച്ചിയോടും ഇങ്ങു ബൈസൺ വാലിയിൽ വന്നു ഞങ്ങളോടൊപ്പം നിൽക്കാൻ പറഞ്ഞാൽ പഴയ മാമോദീസാ വെള്ളം വീണ പള്ളിയിലെ കുർബാന കൈകൊണ്ടു ചാകണം എന്ന  കഥ പറയുമെന്നതിനാൽ കൂടുതൽ നിർബന്ധിച്ചിട്ടു പ്രയോജനവും ഉണ്ടായിരുന്നില്ല . ആലുവ മൂന്നാർ റോഡ് പിടിചാൽ ആറൂ മണിക്കൂറു കൊണ്ടു  പാവറട്ടിയെത്താം ജീപ്പിനു പിന്നിൽ കിടന്ന പൈക്കൾ മുടങ്ങിപ്പോയ ഉറക്കത്തിലേയ്ക്ക്  വഴുതി വീണിരിക്കുന്നു .അടിച്ച കള്ളിന്റെ ലഹരി വിട്ടു മാറിയിട്ടില്ലാത്ത തങ്കച്ചായനെ  വിശ്വാസമില്ലാഞ്ഞിട്ടെന്നോണം ബിന്ദുമോൾ ഡ്രൈവിംഗ് തുടങ്ങിയിരിക്കുന്നു . ആദ്യമായി കയ്യിലെടുത്തതുമുതൽ ബൈസൺ വാലിയിലേയ്ക്ക് തന്നെ കെട്ടിച്ചയക്കും വരെ അപ്പച്ചനുമായുള്ള രംഗങ്ങൾ മനസ്സിൽ ഓർക്കുമ്പോൾ ബിന്ദുമോളുടെ കണ്ണുകൾ വൃഷ്ടി പ്രദേശത്തെ ഡാം പോലെ നിറഞ്ഞൊഴുകുകയാണ് .

തങ്കച്ചായനൊപ്പം കൂടുന്നതിനു മുൻപ് അപ്പച്ചനായിരുന്നു തനിക്കെല്ലാം എങ്ങനെയാണ് ഇത്രയും ദൂരത്തേയ്ക്കു  ഒറ്റ മകളെ അപ്പച്ചനും അമ്മച്ചിയും അയച്ചതെന്ന്  പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് .തങ്ങളുടെ സന്തോഷങ്ങളേക്കാൾ മകളുടെ ശോഭനമായ ഭാവിയും  സുരക്ഷിതത്വത്തിനുമാവും അവർ മുൻ‌തൂക്കം കൊടുത്തിട്ടുണ്ടാവുക അല്ല  അതങ്ങനെ തന്നെ ആണ്  . തങ്കച്ചായൻ നല്ലവനാണ് ഒന്നു ചോദിച്ചാൽ മൂന്നും നാലും തരുന്ന, വിളക്കു കൊളുത്തുന്നത് പറയുടെ  കീഴിൽ വെയ്ക്കാനല്ലന്നു കൂടെ ക്കൂടെ ഓർമിപ്പിക്കുന്ന നല്ല ശമരിയാക്കാരൻ .അങ്ങോരുടെ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു  കഴിഞ്ഞപ്പോഴേയ്ക്കും  ഞാൻ ശരിക്കും ഇടുക്കിക്കാരിയായി കഴിഞ്ഞിരിക്കുന്നു  . അങ്കമാലി കഴിഞ്ഞതും ഡ്രൈവിംഗ് സീറ്റിൽ തങ്കച്ചായൻ മാറി വന്നിരിക്കുന്നു അല്ലെങ്കിലും വലിയ ഡ്രൈവിംഗ്  സ്ത്രീകൾക്ക് വഴങ്ങില്ല ,എല്ലാ സ്ത്രീകളെയും പറ്റി എനിക്കറിയില്ല എന്റെ കാലുകൾക്കും കൈകകൾക്കും ഒരേ ഒരു തരം മരവിപ്പ് മുൻപ് പറഞ്ഞ മാസ മുറയുടെ ലക്ഷണങ്ങളാവാം.

പാവറട്ടിയിലെ വീട്ടിൽ അപ്പച്ചൻ വളർത്തുന്നൊരു നായ് കുട്ടി യുണ്ട് ,ബോബൻ എന്നാണവന്റെ പേര് ഇനി ഒരു ആൺ കുട്ടി കൂടി ഉണ്ടായാൽ  അവനിടാൻ അപ്പച്ചൻ കരുതി വെച്ചിരുന്ന പേരാണത് .വാതിലിൽ കാറിന്റെ ഹോൺ അടി കേട്ടതും അവൻ  ഓടി  ഗേറ്റിനു അരികിലേയ്ക്ക് കുരച്ചു കൊണ്ടു  വന്നു . ഒന്നും സംഭവിച്ചിട്ടില്ല, അല്ലെങ്കിൽ  ഇങ്ങനെ ആകുമായിരുന്നില്ല ഇവിടുത്തെ കാര്യങ്ങൾ .അപ്രതീക്ഷിതമായി ഞങ്ങളുടെ വണ്ടി കണ്ട അപ്പച്ചൻ  ചിരിയോടെ പുറത്തു വന്നു . ഇളയ മകൾ നാൻസി മോൾ അപ്പച്ചന്റെ പ്രിയപ്പെട്ടവളാണ് അവളെ എടുത്തു കളിപ്പിച്ചു കൊണ്ടു  അപ്പച്ചൻ സിറ്റ് ഔട്ടിലേയ്ക്ക് കയറി . ഇന്നലെ രാത്രി വലിയ വായിൽ നിലവിളിച്ച അമ്മച്ചിയതാ   നിർവികാരയായി വാതിൽ ചാരി നിൽക്കുന്നു . തങ്കച്ചായൻ അപ്പച്ചനോടു കുശലം പറഞ്ഞു പുറത്തേയ്ക്കു നടന്നതും അമ്മച്ചിയെന്നെ  അകത്തേയ്ക്കു വലിച്ചിട്ടു .

ഒരു മുറിയുടെ ഏകാന്തതയിൽ ഞാനും അമ്മച്ചിയും എന്നെ അടുത്തു സ്വകാര്യത്തിൽ കിട്ടിയതും അമ്മച്ചി കുഞ്ഞുങ്ങളെപ്പോലെ  നിലവിളിച്ചു . കാര്യം എന്തെന്നറിയാതെ ഞാൻ അമ്മച്ചിയുടെ സാരിത്തലപ്പു  ചേർത്തു വെച്ചു കൊണ്ടാ മുഖം  തുടച്ചു .

പോയെടീ എല്ലാം പോയി ,നാൻസി മോളുടെ അദ്യകുർബാനയ്ക്ക് പൊന്നരഞ്ഞാണം വാങ്ങാൻ ഞാൻ വെച്ചിരുന്ന   കാശാ ,ഇവുടുത്തെ അപ്പച്ചൻ അറിയാതെ ഞാൻ കുറേശ്ശേ ആയി സ്വരുകൂട്ടിയിരുന്നതാ ഇനിയിപ്പോൾ  കടലാസു വിലയല്ലയോ ! ഇന്നലെ മുതൽ ഞാൻ ഉറങ്ങിയിട്ടില്ല അപ്പച്ചൻ അറിഞ്ഞാൽ ഞാൻ കള്ളിയാകും അല്ലെങ്കിൽ ഇതെല്ലാം ആർക്കുമില്ലാതെ പോകും.  അമ്മച്ചി അടുക്കള കാപോഡിലെ ട്രങ്ക് പെട്ടി തുറന്നു എന്റെ മുന്നിലേയ്ക്ക് കുടഞ്ഞു .

എന്റീശോയെ !! ഞാൻ പിന്നോക്കമിരുന്നു പിശുക്കി അമ്മച്ചി സൂക്ഷിച്ചിരുന്ന സമ്പാദ്യം കണ്ടെന്റെ കണ്ണ് തള്ളി .ഇരുപത്തി ഒന്ന് വയസുവരെ അമ്മച്ചിയുടെ കൂടെ ജീവിച്ചിട്ടും  ഇങ്ങനെ ഒരു ബാങ്ക് അമ്മച്ചിക്കുണ്ടെന്നോ അമ്മച്ചി എന്തെങ്കിലും അപ്പച്ചനറിയാതെ സമ്പാദിക്കുന്നുണ്ടെന്നോ എനിക്കറിയില്ലായിരുന്നു . മുന്നിൽ കുമിഞ്ഞു കൂടി കിടക്കുന്ന  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ തിടുക്കത്തിൽ അമ്മച്ചി വീണ്ടും വാരി  ട്രങ്ക് പെട്ടിയിൽ നിക്ഷേപിച്ചു  . അപ്പച്ചൻ അറിയാതെ അമ്മച്ചിയുടെ കള്ളപ്പണ നിക്ഷേപം വെളുപ്പിക്കാനാണ് എന്നെ അടിയന്തിരമായി ബൈസൺ വാലിയിൽ നിന്നും വരുത്തിയിരിക്കുന്നത് .

നിന്റെ നിക്ഷേപങ്ങൾ എവിടെ ആയിരുന്നുവോ അവിടെയായിരുന്നു നിന്റെ ഹൃദയവും അമ്മച്ചിയുടെ ഹൃദയം കഴിഞ്ഞ കുറച്ചു കാലങ്ങളായി  അടുക്കളയുടെ പിന്നാമ്പുറത്തെ ട്രങ്ക് പെട്ടിക്കുള്ളിൽ ആയിരുന്നിരിക്കണം . നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പ്രധാനമന്ത്രി ഇതുപോലെ ഭർത്താക്കന്മാരുടെ പണം കട്ടു സൂക്ഷിക്കുന്ന ഭാര്യമാരുടെ ഹൃദയത്തിൽ കൂടിയാണ് നോട്ടു നിരോധനം എന്ന വാൾ കടത്തി വിട്ടത് എന്നോർത്തിട്ടുണ്ടാവുമോ അതെങ്ങനാ രാജ്യത്തിനു വേണ്ടി വീടും കുടുംബവും വിട്ടെറിഞ്ഞെന്നു വീമ്പു പറയുന്നയാൾക്കു ഇത്തരം വികാരങ്ങൾ അറിയുമോ. ബൈസൺ വാലിയിലേയ്ക്ക് മടങ്ങാൻ രണ്ടു ദിവസം കൂടി ബാക്കിയുണ്ട് അതിനു മുൻപ്  അമ്മച്ചി അപ്പച്ചൻ അറിയാതാ ട്രങ്ക് പെട്ടി തങ്കച്ചായന്റെ ജീപ്പിനുള്ളിൽ ഒളിപ്പിച്ചു കഴിഞ്ഞിരിക്കുന്നു  .മോദിയുടെ കള്ള പ്പണവേട്ടയുടെ ഫലമറിയാൻ കാലമേറെ കാത്തിരിക്കണം എന്നാൽ അമ്മച്ചി സൂക്ഷിച്ചിരുന്ന  പണം മുഴുവൻ യഥാർത്ഥ അവകാശികളിൽ സുരക്ഷിതമായി എത്തിയിരിക്കുന്നു.

ബൈസൺ വാലിയിൽ കോടയിറങ്ങുന്ന ഏലക്കാടുകൾക്കിടയിൽ എവിടെയോ ഒരു കയറ്റം കയറുമ്പോൾ  ഞങ്ങളുടെ  ജീപ്പിനു മുന്നിൽ പതിവില്ലാത്ത വിധം  കനത്ത മൂടൽ മഞ്ഞു മല പോലെ രൂപപ്പെട്ടു . ഒന്നും കാണാനാകാത്ത മൂടൽ മഞ്ഞിനിടയിൽ നിന്നും വജ്രസൂചിയെ കീറിമുറിക്കുന്നതു പോലൊരു സ്വരം മുഴങ്ങി .
മേരാ പ്യാരാ ദേശവാസിയോം ...... മലമടക്കുകളിൽ തട്ടി ആ സ്വരം ഒരായിരം തവണ  പ്രതിധ്വനിച്ചു മുഴങ്ങി മേരാ പ്യാരാ ദേശവാസിയോം ...................................

No comments: