നിങ്ങൾ ഒരു നേഴ്സിനെയും കെട്ടി യുറോപ്പിലോ അമേരിക്കയിലോ കൂടുമെന്നായിരുന്നു എന്റെ ധാരണ ,ഇങ്ങനെ ഒരു ധർമ്മ കല്യാണത്തിന്റെ വിചാരം തനിക്കുണ്ടായിരുന്നേൽ എന്നോടൊന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു . ലോനപ്പേട്ടൻ അതു പറയുമ്പോൾ അയാളുടെ മുഖത്തു ഒരു നിരാശ പ്രകടമായിരുന്നു കാരണം അയാളുടെ പെൺമക്കളിൽ ആരും തന്നെ വിവാഹിതരായിരുന്നില്ല .ഞാൻ ജോലി ചെയ്യുന്ന ഓഫീസ് സമുച്ചയത്തിന്റെ കാവൽക്കാരനായിരുന്നു അറുപതിനോടടുത്തു പ്രായം വരുന്ന ആ മനുഷ്യൻ . അധികം ആരോടും സംസാരിക്കാത്ത എന്നാൽ ഇഷ്ടം തോന്നുന്നവരോട് ഉള്ളു തുറക്കുന്ന ലോനപ്പേട്ടൻ ചുരുങ്ങിയ സമയം കൊണ്ടു തന്നെ എന്റെയും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു . മൂന്നു പെൺമക്കളിൽ ഒരാളെയെങ്കിലും കെട്ടിച്ചു വിടാൻ രാവന്തിയോളം പണിയെടുക്കുന്ന ആ മനുഷ്യനോട് എനിക്കു സഹതാപത്തിൽ കൂടുതൽ ബഹുമാനമായിരുന്നു .
അതിരാവിലെ ഉണർന്നു കാറുകൾ കഴുകുന്ന ലോനപ്പേട്ടൻ ആയിരുന്നു എന്റെ ഒട്ടുമിക്ക പ്രഭാതങ്ങളിലെയും ആദ്യ കണി . അയാളെ കണി കണ്ടാൽ ആ ദിവസം വലിയ കുഴപ്പം കൂടാതെ പോകുമെന്നതിനാൽ എന്നും രാവിലെ ഉണർന്നാലുടൻ ജനാല വിരി മാറ്റി ഞാൻ താഴേയ്ക്ക് നോക്കും . മഞ്ഞും വെയിലും വസന്തവും ഗ്രീഷ്‌മവും ഒരു യന്ത്രമനുഷ്യനെപ്പോലെ അയാൾ പണിയെടുത്തു കൊണ്ടേയിരുന്നു . ഞാനും എന്റെ കുടുംബവും മാത്രമായി ഒതുങ്ങുന്ന ഫ്ലാറ്റ് സംസ്ക്കാരത്തിൽ എല്ലാവരെയും സ്നേഹിച്ചു എന്നാൽ അടുത്ത പരിചയം ചിലരിൽ മാത്രം ഒതുക്കി ആ മനുഷ്യൻ ആ ഫ്ലാറ്റിന്റെ തടവറയിൽ കുടുങ്ങിപ്പോയ ഒരു മനുഷ്യനെപ്പോലെ ജീവിച്ചു .
എനിക്കൊരു ആയിരം ദിർഹംസ് കടമായി തരുമോ ?
ആറുകൊല്ലത്തെ പരിചയത്തിനിടയിൽ ആദ്യമായി അയാളെന്നോടു കടം ചോദിച്ചിരുന്നു . ആത്മാർത്ഥമായും എനിക്കയാളെ സഹായിക്കണം പക്ഷെ ഭാര്യയെ കൊണ്ട് വരാൻ ഫ്ലാറ്റ് എടുത്ത വകയിൽ അക്കൗണ്ട് ഏറെക്കുറെ ശൂന്യമാണ് .
ലോനപ്പേട്ടൻ എനിക്കൊരു ഒരാഴ്ചത്തെ സാവകാശം തരുമോ ? ഞാൻ നിസ്സഹായത വെളിപ്പെടുത്തി എന്നോടതു ചോദിക്കേണ്ടിയിരുന്നില്ല എന്ന മുഖഭാവത്തിൽ അയാൾ തലതാഴ്ത്തി നടന്നു പോകുന്നതു ഞാൻ ആത്മ നിന്ദയോടെ നോക്കി നിന്നു .കിടന്നിട്ടു എനിക്കുറക്കം വരുന്നില്ല എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ അയാൾ ചോദിക്കില്ല അത്യാവശങ്ങൾക്കായി ഞാൻ മാറ്റി വെച്ചിരുന്ന ഒരായിരവുമായി ലോനപ്പേട്ടന്റെ ഇടുങ്ങിയ നാത്തൂർ റൂമിലേയ്ക്ക് നടന്നു . അത്യന്തം സന്തോഷത്തോടെ അയാൾ ആ പൈസ കൈയിലേക്ക് വാങ്ങി എന്തോ ഒഴിവാക്കാനാവാത്ത ആവശ്യം ആയിരുന്നിരിക്കണം അല്ലെങ്കിൽ ആ മനുഷ്യൻ വാവിട്ടു ചോദിക്കുമായിരുന്നില്ല എന്നോടു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ടല്ലേ അയാൾ ചോദിച്ചത് ഞാൻ കൊടുക്കാതിരുന്നിരുന്നെങ്കിൽ അതൊരു മനസ്താപമായേനെ മകളുടെ കല്യാണം അടുത്തു വരുന്നു എന്നു മുൻപു സൂചിപ്പിച്ചതാണ് ചിലപ്പോൾ മകളുടെ കല്യാണം ആയിരിക്കണം അല്ലാതെ അയാൾ വേറൊന്നിനും കടം ചോദിക്കില്ല .ആനി വരുന്നില്ലായിരുന്നെങ്കിൽ കുറച്ചു കൂടി എന്തെങ്കിലും സഹായിക്കാമായിരുന്നു .
അടുത്ത ഫ്ലാറ്റിൽ സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റ് റെഡി ആയിരിക്കുന്നു .അടുത്ത വ്യാഴാഴ്ച്ച വൈകിട്ടാണ് ആനി വരുന്നത് അതിനു മുൻപ് എനിക്കെന്റെ സാധനങ്ങൾ അങ്ങോട്ടേയ്ക്ക് മാറ്റണം .തിരക്കുകകൾക്കിടയിൽ ലോനപ്പേട്ടൻ എന്റെ കണിയിൽ നിന്നേ മാഞ്ഞു പോയിരിക്കുന്നു .പാവം മനുഷ്യനെ കുറച്ചു കൂടി സഹായിക്കണമായിരുന്നു പക്ഷെ ഇങ്ങനെ ഒരു ഞെരുക്കത്തിൽ അലയുന്ന ഞാൻ ഇനിയും എന്തു ചെയ്യാൻ ചില നേരങ്ങളിൽ മനസാക്ഷി ഉണ്ടായിരിക്കുന്നത് വലിയ സങ്കടകരമാണെന്നു എനിക്ക് തോന്നി .
ആനി സന്തോഷവതിയാണ് അവൾക്കിതു ആലീസിന്റെ അത്ഭുത ലോകമാണ് . തിരുവല്ലയിൽ ഒരു കല്യാണം കൂടാൻ പോയതൊഴിച്ചാൽ പിന്നെ അവളുടെ ലോകം വീടും പ്രീ ഡിഗ്രി വരെ പഠിച്ച ട്യൂട്ടോറിയലും വീടും മാത്രമായിരുന്നു . സിറ്റി സെന്ററിന്റെ എലവേറ്ററിനു മുന്നിൽ പേടിച്ചു നിൽക്കുന്ന ആനി മറ്റുള്ളവർക്കു കൗതുക കാഴ്ച്ചയായിരുന്നു ഒരു പാടു പണിപ്പെട്ടാണവളെ എലവേറ്റർ കയറാൻ പരിശീലിപ്പിച്ചതു തന്നെ .ഒരു കാലത്തു പച്ചപ്പുകളില്ലാത്ത മരുഭൂമിയിലാണ് ഇത്രയും സുന്ദര നഗരം പടുത്തുയർത്തപ്പെട്ടതെന്നു അവൾക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല . കടന്നു വന്ന വഴികളിൽ അവൾ വീഴ്ത്തിയ കണ്ണു നീരിനു പ്രതിഫലമായാണ് ഈ സുന്ദര ഭൂമിയിൽ എന്നോടൊപ്പം ജീവിക്കാൻ സാധിക്കുന്നതെന്നവൾ ഉറച്ചു വിശ്വസിച്ചു .
സഹാറ 1 ലെ ലോനപ്പേട്ടന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ കൊലപാതകം നടന്നിരിക്കുന്നു .26 വയസുള്ള പാകിസ്താനി യുവതിയെ ആരോ കൊലചെയ്‌തിരിക്കുന്നു മോഷണ ശ്രമത്തിനിടയിലുള്ള കൊലപതാകം ആണെന്നാണ് പോലീസ് നിഗമനം . ബിൽഡിങ്ങിലെ സി സി ടി വി പരിശോധിച്ച പോലീസിനു അസാധാരണമായി ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല . കൊല്ലപ്പെട്ട മെഹറുന്നിസ എന്ന യുവതി പാകിസ്താനും അഫ്‌ഗാനിസ്ഥാനും ചേരുന്ന അതിർത്തിയിൽ നിന്നും വ്യാപാര ആവശ്യത്തിനായിട്ടാണ് ഇവിടെ എത്തുന്നത് .നാടാറു മാസം കാടാറുമാസം എന്ന കണക്കിൽ അവർ ദുബായിയും പഷ്‌തൂണുമായി കഴിഞെങ്കിലും .ഓരോ വരവിലും അവർ അഫ്‌ഗാൻ പാടങ്ങളിൽ വിളയുന്ന മരിജുവാന ഇങ്ങോട്ടെത്തിക്കുന്ന കണ്ണികളിൽ ഒരാളായിരുന്നു എന്നതു അവളുടെ മരണത്തിൽ വമ്പൻ തോക്കുകളുടെ ഇടപെടലുകളെ സംശയിക്കാൻ കാരണമാക്കി .
പാകിസ്താനിയുടെ കൊലപാതകത്തിൽ ഇതേ വരെ ഒരു തുമ്പും ലഭിച്ചിട്ടില്ല കണ്ണും തുറന്നിരുന്ന സി സി ടി വി യിൽ ഒരുറുമ്പു പോലും പാകിസ്ഥാനി യുവതിയുടെ റൂമിലേയ്ക്ക് കയറി പോയിട്ടില്ല . പല തവണ ലോനപ്പേട്ടനെ മാറി മാറി തടങ്കലിൽ വെച്ചതുംചോദ്യം ചെയ്തതായും ഞാൻ അറിഞ്ഞു .ആ പാവം മനുഷ്യന് അതു ചെയ്യാൻ കഴിയില്ല.കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന പോലിസാണിത് . എന്തെങ്കിലുമൊക്കെ അയാൾക്ക് വേണ്ടി ചെയ്യാൻ എന്റെ മനസ്സു കൊതിച്ചു അത്രയേറെ അയാൾ എന്നിൽ സഹതാപം ഉണർത്തിയിരിക്കുന്നു .
മൂന്നു മാസം കൊണ്ട് തന്നെ ആനി അത്ഭുത ലോകം മടുത്തിരിക്കുന്നു . താറാ കുഞ്ഞുങ്ങളുടെ കലപിലയും വേമ്പനാട്ടു കായലിന്റെ സംഗീതവും കേട്ടു വളർന്ന അവൾക്കു ഫ്ലാറ്റിനുള്ളിലെ ഏകാന്തത വീർപ്പു മുട്ടിച്ചു തുടങ്ങിയിരിക്കുന്നു .ഞങ്ങളുടെ ഇടയിലേയ്ക്ക് മൂന്നാമതൊരാൾ കൂടി വരാനുള്ള അറിയിപ്പു കിട്ടിയിരിക്കുന്നു .ചുരുങ്ങിയ ചിലവിൽ അരിഷ്ടിച്ചു കഴിയുന്ന ഒറ്റമുറിയിലേയ്ക്ക് അവനെ സ്വാഗതം ചെയ്യാൻ എനിക്കും അവൾക്കും മനസുണ്ടായിരുന്നില്ല .ശുദ്ധവായുവും പരന്നൊഴുകുന്ന ജലാശയങ്ങളുമുള്ള നാട്ടിൽ സർവ്വ തന്ത്ര സ്വതന്ത്രനായി അവൻ പിറന്നു വീഴണം .ആനിയുടെ പ്രവാസം ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിക്കുന്നുവെങ്കിലും അവൾ സന്തോഷവതിയാണ് തിരികെ പോകുന്നത് .
അപരിചിതമായ നമ്പറിൽ നിന്നുള്ള മിസ് കോളുകളെ സാധാരണ അവഗണിക്കുകയാണ് പതിവ് പക്ഷെ എന്തോ അപ്പോൾ വന്ന നമ്പറിലേയ്ക്ക് തിരിച്ചു വിളിക്കണം എന്നെനിക്കു തോന്നി ,മൂന്നാവർത്തി ബെല്ലടിച്ചിട്ടാണ് അങ്ങേ തലയ്ക്കൽ നിന്നും മറുപടിയുണ്ടായത് .
ഞാൻ ലോനപ്പൻ , നാത്തൂർ ലോനപ്പൻ എന്നെ ഒന്നു വന്നു കാണുമോ ? ദൈന്യത നിഴലിക്കുന്ന ആ ശബ്ദം മരുഭൂമിയിൽ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ എന്റെ ഉത്തരത്തിനായി ദാഹിക്കുന്നതു പോലെ എനിക്കു തോന്നി .
വരാം ലോനപ്പേട്ടാ ,ആനി പോകുന്നു അതിന്റെ തിരക്കു കഴിഞ്ഞാലുടൻ വരാം
അതു പറ്റില്ല അവൾ പോകും മുൻപു ഇവിടെ വരെ വരണം ആനി പോകുമ്പോൾ എന്റെ മക്കൾക്ക് കൊടുത്ത് വിടാൻ കുറച്ചു സാധനം ഉണ്ട് നാളെ തന്നെ ഒന്നു വരാമോ ??
തീർച്ചയായും ഹത ഭാഗ്യരായ മൂന്നു പെൺകുഞ്ഞുങ്ങൾക്കു അപ്പൻ കൊടുത്തു വിടുന്ന സമ്മാനം അവർ പ്രതീക്ഷയോടെ കാക്കുന്നുണ്ടാവണം .
വരാം തീർച്ചയായും വരാം , റിസീവറിൽ എന്റെ സ്വരം പ്രതിധ്വനിച്ചു മുഴങ്ങുന്നു .ലോനപ്പന്റെ ശ്വാസോച്ഛാസത്തിന്റെ സ്പന്ദനങ്ങൾ നിമ്ന്നോന്നതിയിൽ ആകുന്നത് എനിക്കു വ്യക്തമായി കേൾക്കാൻ കഴിയുന്നു .
സഹാറ ഫ്ലാറ്റ് ഭീതിയിലായിരുന്നു ഇത്രയും നാൾ പാകിസ്ഥാനി യുവതിയുടെ കൊലപാതകത്തിനു ശേഷം പോലീസ് അവിടുത്തെ അന്തേവാസികളെ മുഴുവൻ തന്നെ ചോദ്യം ചെയ്യൽ എന്ന പേരിൽ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു . ഇപ്പോഴും ഏതു സമയത്തും അവർ കയറി വരും ലോനപ്പേട്ടൻ തന്നെ രണ്ടു മാസം അവരുടെ തടവിലായിരുന്നു .
നേരത്തെ പറഞ്ഞുറപ്പിച്ചതു പോലെ ബക്കാലയുടെ മുന്നിലെത്തിയതും ഞാൻ ലോനപ്പേട്ടന്റെ മൊബൈലിൽ വിളിച്ചു . മൂന്നു മിനുട്ടിനുള്ളിൽ അയാൾ അവിടെയെത്തി ഞങ്ങൾ ഒരുമിച്ചു മുന്നോട്ടു നടന്നു .ഇവിടെ അപ്പൻ സഹിക്കുന്ന പീഡനം അറിയാതെ മംഗല്യം നോറ്റു കഴിയുന്ന മൂന്നു പെൺകുട്ടികളുടെ കഥയിൽ കൂടി ലോനപ്പേട്ടൻ സംസാരം ആരംഭിച്ചു തുടങ്ങിയിരിക്കുന്നു . ഞങ്ങൾ രണ്ടു റൗണ്ടബൗട്ട് മുന്നോട്ടു നടന്നു വന്നിരിക്കുന്നു അയാൾ മെല്ലെ അയാളുടെ കൈയ്യിലിരുന്ന പൊതി എനിക്കു നേരെ നീട്ടി ഏതോ അറബിയുടെ വീട്ടിൽ നിന്നും ഉപേക്ഷിച്ച കുറച്ചു വില പിടിപ്പുള്ള പഴകിയ വസ്ത്രങ്ങൾ . അയാൾ തന്ന നമ്പറിൽ വിളിക്കുമ്പോൾ മകൾ വീട്ടിലെത്തി വാങ്ങുമെന്ന വ്യവസ്ഥയിൽ ഞങ്ങൾ പിരിഞ്ഞു . ആനി എന്റെ തിരുശേഷിപ്പുമായി ഇന്നു നാട്ടിലേയ്ക്ക് വിമാനം കയറുകയാണ് . എങ്ങു നിന്നോ വന്നു എനിക്കെല്ലാമായവളെ ശുഭയാത്ര നീ നാട്ടിലെത്തുവോളം എനിക്കുറക്കമില്ല കാരണം നീ മാത്രമല്ല എന്നിലെ എന്നെയുമായാണ് നീ യാത്ര തുടങ്ങിയിരിക്കുന്നത് .
ഇച്ചായ ഒരു സംഭവം ഉണ്ടായി ? ആനിയുടെ ആശ്ചര്യം കലർന്ന വിളിയിൽ ഞാൻ തെല്ലൊന്നു അതിശയപ്പെട്ടെങ്കിലും അവൾ പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കൈകാലുകൾ വിറച്ചു വേങ്ങലിച്ചു ഞാൻ താഴെ പോകുമെന്ന അവസ്ഥയിൽ എത്തി . ലോനപ്പേട്ടൻ കൊടുത്തു വിട്ട പൊതിയിൽ പഴയ തുണിത്തരങ്ങൾ മാത്രമല്ല രണ്ടു കെട്ടു ആയിരത്തിന്റെ ദിർഹംസ് ഉണ്ടായിരുന്നത്രെ ! അതിൽ നിന്നും ലാസറേട്ടന്റെ മകൾ ഒരു നോട്ടെടുത്തു ആനിക്കു കൊടുത്തിട്ടു ഇച്ചായനോട് അപ്പച്ചൻ കടം വാങ്ങിയ കാശാണെന്നു പറഞ്ഞത്രേ !!!!
പാകിസ്താനി യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു . എങ്കിലും ഇത്രയും ദുർബലനായ ഒരാൾ തനിച്ചു ഇങ്ങനെയൊരു പാതകം ! സാഹചര്യമാണ് മനുഷ്യരെ കുറ്റവാളികളാക്കുന്നത് ഒരു പക്ഷെ മക്കൾക്കു വേണ്ടി ഒരപ്പനു ഇതിൽ കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നില്ല . എങ്കിലും എന്റെ ലോനപ്പേട്ടാ എയർപോർട്ടിൽ വെച്ചു ആ പൊതി പിടിക്കപ്പെട്ടിരുന്നെങ്കിൽ കുടുങ്ങുന്നത് ആരൊക്കെ ആയിരിക്കും .വിശ്വസിക്കുന്നവരെ ചതിക്കുന്ന വഞ്ചകനായ സുഹൃത്തേ .കാർ സഹാറ 1 ഫ്ലാറ്റ് സമുച്ചയത്തിൽ എത്തുവോളം അയാളെ കൊന്നു തിന്നാനുള്ള ദേഷ്യം ഉണ്ടായിരുന്നു . സഹാറ 1 ഫ്ലാറ്റ് സമുച്ചയം എന്നത്തേയും പോലെ ഭീതിതമായ മറ്റൊരു പകലിനു ശേഷം ലൈറ്റുകൾ തെളിഞ്ഞപ്പോൾ ഗട്ടർ വെള്ളം എടുക്കാൻ വന്ന വണ്ടിയുടെ പഞ്ചാബി ഡ്രൈവർ ആ കാഴച കണ്ടു പിന്നോട്ടിരുന്നു . അറുപതുകാരനായ ലോനപ്പൻ ഉള്ളാട്ടിൽ ഗാർബേജ് റൂമിന്റെ കമ്പിയിൽ തൂങ്ങിയാടുന്നു .ആൾക്കൂട്ടത്തിനിടയിൽ നിന്നും ഞാനാ മുഖം ഒന്നുകൂടി സൂക്ഷിച്ചു നോക്കി വേറെ ഗതിയില്ലാത്തവന്റെ തേങ്ങൽ പോലെ നാക്കു പുറത്തേയ്ക്കു ചാടിയ ആ രൂപം എന്നോടെന്തോ പറയാൻ ശ്രമിക്കുന്നു .ജീവിതം ഒരു ചൂതു കളിയാണ് ഒന്നുകിട്ടുമ്പോൾ പത്തിനു വേണ്ടി ശ്രമിച്ചു മുഴുവൻ നഷ്ടമാക്കുന്ന പരാജയപ്പെടുന്നവന്റെ കളി . ഈ കളിയിൽ ഇന്നോളം പരാജിതരെ ഉണ്ടായിട്ടുള്ളൂ ചിലർ വിജയിക്കുമ്പോഴും ചില വലിയ പരാജയങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്ന് അവർ അറിയുന്നില്ല . പരമസാധുവും മക്കൾക്കു വേണ്ടി ജീവിച്ചവനായ ദുർബലനായ ലോനപ്പൻ എങ്ങനെ ആയിരിക്കും പാകിസ്താനി യുവതിയെ കൊന്നിട്ടുണ്ടാവുക ? ലോനപ്പന്റെ മരണം ഒരു ത്യാഗമായി ചരിത്രം വിലയിരുത്തുമോ ? രണ്ടു ലക്ഷം ദിർഹം അതായത് 37 ലക്ഷം രൂപാ കൊണ്ടു ലോനപ്പേട്ടന്റെ മൂന്നു പെണ്മക്കൾക്കു മംഗല്യ ഭാഗ്യം ഉണ്ടാവുമോ????
No comments:
Post a Comment