പ്രവാസ ഭൂമികയിൽ പ്രിയപ്പെട്ടവർക്കായി
പ്രതീക്ഷയോടെ പ്രാരാബ്ധക്കാരനായവനേ
നീ പ്രവാസിയാകുന്നു
പ്രിയപെട്ടതെല്ലാം പരിത്യജിച്ചപ്പോഴും
പ്രയാസ ജീവിതത്തിന്റെ ഗർത്തങ്ങളിൽ
പതറാതെ പൊരുതിയപ്പോഴും
പുഞ്ചിരിച്ച പൊയ് മുഖക്കാരാ
നീ പ്രവാസിയാകുന്നു
വിമാനത്തിന്റെ ശീതളിമയിൽ നിന്നും
വിയർപ്പു നിലയ്ക്കാത്ത ഊഷരതയിലേയ്ക്ക്
വഴി തെറ്റാതെ നടന്നെത്തിയവനേ
നീ പ്രവാസിയാകുന്നു
വീണ്ടും വരില്ലെന്നു ഒരുപാടു തവണയാവർത്തിച്ചിട്ടും
വീണ്ടും വീണ്ടും വരുകയും
വേഴാമ്പലിനെപ്പോലെ മരുഭൂമിയിൽ
വ്യസന പർവ്വം ചുമക്കുകയും ചെയ്യുന്ന
വേവലാതികളില്ലാത്ത നല്ല ശമരിയാക്കാരാ
നീ പ്രവാസിയല്ലാതെ മറ്റാരാണ് .
നിങ്ങൾ എങ്ങനെയാണ് പ്രവാസിയായത്
നിങ്ങളെ ആരാണീ പ്രവാസത്തിലേയ്ക്ക് തള്ളിവിട്ടത്
നിങ്ങൾ സ്വയം തിരഞ്ഞെടുത്ത പ്രവാസത്തിന്റെ കയ്പ്പു നീർ
നിങ്ങളല്ലാതെ ഞങ്ങൾ ഭുജിക്കണോ
നിങ്ങൾ ഈയാം പാറ്റലുകളാണ്
വെളിച്ചം തേടി വീര ചരമമടയുന്ന
വെറും നിറമില്ലാത്ത ശലഭങ്ങൾ .
ഞങ്ങളുടെ വിയർപ്പിന്റെ ഉപ്പുകണങ്ങൾ
നിങ്ങളുടെ ഗ്രാമങ്ങളെ നഗരങ്ങളാക്കി
നിങ്ങളുടെ കുടിലുകളെ ഞങ്ങൾ കൊട്ടാരമാക്കി
നിങ്ങൾക്കു ഞങ്ങൾ വെറുംഈയാം പാറ്റലുകൾ മാത്രം
പലയാനങ്ങൾ ഇനിയും തുടരും
പ്രതീക്ഷകൾ അസ്തമിക്കുന്നേയില്ല
പുലരിയുടെ പൊൻവെളിച്ചം തേടി
യാത്രയാകുന്നവരോട് ദയവായി
നിങ്ങളെന്തിനു പ്രവാസിയായെന്നു
വെറുതെയെങ്കിലും ചോദിക്കാതിരിക്കുമോ ??
No comments:
Post a Comment