ആക്കാക്കയ്ക്കൊരു പൂന്തോട്ടമുണ്ടായിരുന്നു
മഞ്ഞ കോളാമ്പികളാൽ സമൃദ്ധമായ
ഈന്തപ്പനയിൽ ഇടകലർന്നു വളരുന്ന
വസന്തം വരും മുൻപേ പൂവിടുന്നൊരു പൂന്തോട്ടം .
ആദിക്കാട്ടു കുളങ്ങരയിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിൽ
അക്കാക്കയെ കാത്തിരിക്കുന്ന നാലു പെൺ ഹൃദയങ്ങളിലെ
നിറവും സുഗന്ധവുമായിരുന്നു മരുഭൂമിയിലെ
ഊഷരമായ മണ്ണിൽ മുളയിടുന്ന പുതു നാമ്പുകൾക്ക് .
അർബാബിനുറപ്പുണ്ടായിരുന്നില്ല തിളയ്ക്കുന്ന മണ്ണിൽ നിന്നും
ഇന്ദീ ഇങ്ങനെ ഒരു വിസ്‌മയ ലോകം മെനെഞ്ഞെടുക്കുമെന്ന്
അക്കാക്ക യുടെ വിയർപ്പിന്റെ ഉപ്പു വീണ മണ്ണിൽ നിന്നും
തേൻ മധുരമുള്ള ഈത്തപ്പഴങ്ങളും മഞ്ഞ കോളാമ്പികളുമുണ്ടായി .
പൂന്തോട്ടത്തിലെ ഭംഗിയുള്ള ചെടികളെയെല്ലാം ആമിനയെന്നും
ഫാത്തിമയെന്നും ,മിറിയാമെന്നും , ജാസ്മിനെന്നും പേരു ചൊല്ലി വിളിച്ചു .
ആദിക്കാട്ടുകുളങ്ങരയിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിലിരുന്നു
അക്കാക്കയുടെ മൊഞ്ചത്തികുട്ടികൾ ഓരോ വിളിക്കും ഈണത്തിൽ വിളി കേട്ടു
പൂക്കളോടൊപ്പം അക്കാക്കയും തളിരിട്ടു വളർന്നു
വസന്തം ആരാമത്തിൽ നിന്നും ഹൃദയങ്ങളിലേയ്ക്കും പടർന്നു
ആദിക്കാട്ടു കുളങ്ങരയിലെ ആസ്ബറ്റോസ് വീട് മാറി
അക്കാക്കയുടെ ജീവിതത്തിലും വസന്തം വിരുന്നു വന്നു .
മരുഭൂമി ഇങ്ങനെയാണ് അതിനെ സ്നേഹിക്കുന്നവരെ
തിരിച്ചും സ്നേഹിക്കും പരിപോഷിപ്പിക്കും വളർത്തും
പുതു വീടുയരുമ്പോൾ ഒരു നിർബന്ധമേ അക്കകായ്ക്കുണ്ടായിരുന്നുള്ളു
മുറ്റത്തൊരു പൂന്തോട്ടം അതും മഞ്ഞ കോളാമ്പികൾ മാത്രം വിരിയുന്ന പൂന്തോട്ടം
No comments:
Post a Comment