Tuesday, 7 February 2017

ഗഗന സഞ്ചാരികൾ (കഥ )

അവരുടെ ആരോ മരിച്ചിട്ടുണ്ടാവണം ചെക്ക് ഇൻ കൗണ്ടറിലേയ്ക്കുള്ള വരിയിൽ  നിൽക്കുമ്പോൾ   അവർ വലിയ വായിൽ കരയുകയായിരുന്നു . കണ്ണുനീർ കാണുന്നത് എനിക്കസഹനീയമാണ് പ്രത്യേകിച്ചും സ്ത്രീകൾ അതു  കൊണ്ടു  തന്നെ താൻ ഇന്നോളം ഒഴിവാക്കാൻ പറ്റാത്ത മരണവീട്ടിലല്ലാതെ എങ്ങും പോയിട്ടില്ല . വിമാനത്താവളങ്ങളിൽ കാണുന്നത്ര സന്തോഷവും വിരഹവും കണ്ണു നീരുമൊന്നും വേറെ എവിടെയും കാണാൻ സാധിക്കില്ല എന്നെനിക്കു തോന്നി ഒരു വശത്തു പ്രിയപ്പെട്ടവരെ പിരിയുന്ന വേദന ,മറുവശത്തു കൂടി ചേരലുകളുടെ ആനന്ദാശ്രുക്കൾ  . ചെക്ക്  ഇൻ കൗണ്ടറിൽ വലിയ ഒരു നിര തന്നെ രൂപപ്പെട്ടിരിക്കുന്നു . സീസൺ ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ വ്യഴാഴചയാണ്‌ .ഒച്ചിഴയുന്ന വേഗതയിലാണ് ഓരോ ചെക് ഇൻ കൗണ്ടറും, തൂക്കം കൂടുതലുള്ള സ്യുട്ട് കേസ് ഞാൻ  ഒന്നു കൂടി ഉയർത്തി നോക്കി അനുവദിച്ചതിലും രണ്ടോ മൂന്നോ കിലോ കൂടുതൽ ഉണ്ടാവും ഹാൻഡ് ബാഗ് കൂടി തൂക്കിയാൽ തീർച്ചയായും പിഴ ഒടുക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ല . ഞാൻ മുന്നോട്ടു കണ്ണോടിച്ചു പരിസരം വീക്ഷിച്ചു ആരെങ്കിലും ലഗ്ഗേജ് കുറവുള്ളവരുടെ കൂടെ എന്റെ ഹാൻഡ് ബാഗ് കടത്തി വിട്ടാൽ പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാകാം .കരയുന്ന സ്ത്രീ ഇപ്പോഴും തേങ്ങുകയാണ് അവരുടെ കൈയ്യിൽ ഒരു വാനിറ്റി ബാഗ്‌ അല്ലാതെ ഒന്നും തന്നെ ഇല്ല .ആവശ്യക്കാരനു ഔചിത്യമില്ലെന്നു ആദ്യം പഠിപ്പിച്ചതു കോളേജ് ബസ് ഡ്രൈവർ മോഹനേട്ടനാണ് .ഗ്യാസിന്റെ അസുഖം ഉണ്ടായിരുന്ന മോഹനേട്ടൻ ഓടിച്ചിരുന്ന ബസ് വഴിയിൽ ഒതുക്കി കണ്ട  വീടുകളിലേയ്ക്ക് ഓടിക്കയറി കാര്യം സാധിച്ചിട്ടു വരുമ്പോൾ കൂകിയാർക്കുന്ന ഞങ്ങൾ കുട്ടികളോട്  വളിച്ച മുഖത്തോടെ പറഞ്ഞിരുന്ന  വാചകമാണിത് .അല്ലെങ്കിൽ തന്നെ ആവശ്യക്കാരനു എന്തൂട്ടിന്നാണു ഔചിത്യം എല്ലാം പോയാ ദാ കഴിഞ്ഞില്ലേ .

വലിയ സങ്കടക്കടലിൽ യാത്ര ചെയുന്ന സ്ത്രീയോടു ഔചിത്യമില്ലാത്ത പരീക്ഷണത്തിനാണ് താൻ മുതിരാൻ പോകുന്നത് .എന്റെ ലഗേജ് അടങ്ങിയ ട്രോളി പതിയെ ഉരുട്ടി ഞാൻ അവരോടു ചേർന്നു നിന്നു .

ആരാ മരിച്ചേ ?
എന്റെ ചോദ്യം കാര്യാ സാധ്യത്തിനുള്ള ഒരു തുടക്കം ഉണ്ടാക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടു പടി മാത്രമായിരുന്നു  .എന്റെ ചോദ്യം കേൾക്കാത്തവണ്ണം അവർ തോളിൽ കിടന്ന ചുരിദാറിന്റെ ഷാൾ എടുത്തു മുഖം തുടച്ചു . അവരെ ആളുകൾ ശ്രദ്ധിക്കുന്നു എന്നു അവർ മനസ്സിലാക്കിയിരിക്കുന്നു . ചെക്ക് ഇന്നിലേയ്ക്കുള്ള ക്യൂവിന്റെ നീളം കുറയുന്നതിനു അനുസരിച്ചു എന്റെ ഹൃദയത്തിന്റെ താളവും മുറുകുകയാണ് ഇതാരെയെങ്കിലും ഏൽപിച്ചില്ലെങ്കിൽ കനത്ത പിഴയാണ് കാത്തിരിക്കുന്നത് .ഞാൻ ഒന്ന് കൂടി സുന്ദരിയോടു ചേർന്ന് നിന്നു അവർ കരച്ചിൽ പൂർണ്ണമായും നിർത്തിയിരിക്കുന്നു .

മാഡം എന്റെ ലഗ്ഗേജ് എക്സ്സസ് ആണ് ,മാഡത്തിന്റെ കൂടെ എന്റെയീ ബാഗേജ് കൂടി ...

ആസ്ഥാനത്തു അവതരിപ്പിക്കുന്നതെല്ലാം അശ്ലീലമാണ് .എന്തോ വലിയ അപരാധം ഞാൻ ആവശ്യപ്പെട്ടതു പോലെ അവർ തിരിഞ്ഞു നിന്നു . എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു  ഇനി പിഴയൊടുക്കുകയെ നിവർത്തിയുള്ളു ഞാൻ പേഴ്‌സ് തുറന്നു നോക്കി രണ്ടു മാസത്തെ ലീവിനുള്ള തുക കണക്കാക്കി വെച്ചത് അതിനുള്ളിൽ ഉണ്ട് കണക്കു കൂട്ടലുകൾ പാളിയാൽ ലീവിന്റെ ദൈർഘ്യം കുറയും .ഇപ്പോൾ ഗൾഫിൽ കിട്ടുന്നതെല്ലാം  നാട്ടിൽ പെട്ടിക്കടകളിൽ പോലും സുലഭമാണ് .എന്നിട്ടും ചൈനാ സാധനങ്ങൾ വാരിവലിച്ചു കൊണ്ടു  പോകുന്നത് ഇതെത്രമത്തെ തവണയാണ് .

ഷിനോജ് വർഗീസ് ! ആ സ്ത്രീയാണെന്റെ പേരു വിളിക്കുന്നത്‌ ഒരു നിമിഷം ഞാൻ സ്തബ്ധനായി ഇതെങ്ങനെ എന്റെ പേരിവർ മനസിലാക്കി .ഞാനെന്തൊരു മണ്ടനാണ് സ്യൂട്ട് കേസിനു മുകളിൽ  വെണ്ടക്കാ അക്ഷരത്തിൽ ഷിനോജ് വർഗീസ് ദുബൈ ടു കൊച്ചി എന്നെഴുതി ഒട്ടിച്ചു വെച്ചിട്ടു ആരെങ്കിലും പേരു  വിളിക്കുമ്പോൾ അത്ഭുതപ്പെടാൻ .
എസ് മാഡം ! ഞാൻ വെപ്രാളപ്പെട്ടു അവർ കുനിഞ്ഞു എന്റെ ഹാൻഡ്ബാഗേജ്  എടുത്തു അവരുടെ  മുന്നിലേയ്ക്ക് വെച്ചു .സമാധാനമായി ഒരു വലിയ കടമ്പ കടന്നിരിക്കുന്നു പകരം അവർ കൈയ്യിലിരുന്ന കുഞ്ഞു ഹാൻഡ് ബാഗ് എന്റെ സ്യുട്ട് കേസിന്റെ സിപ്പു തുറന്നു അതിനുള്ളിലേയ്ക്ക് കയറ്റി വെച്ചു  . സാരമില്ല അവരുടെ ദുഃഖാവസ്ഥയിലും അവരെന്നെ സഹായിക്കാൻ മനസു കാണിച്ചല്ലോ .

അവരുടെ ഉള്ളിൽ തേങ്ങലുകൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല

ആർക്കെങ്കിലും എന്തെങ്കിലും അപകടം ? ഇക്കുറി എന്റെ ചോദ്യത്തിനു മറുപടി തരാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല  .ഏതോ പ്രമുഖ ഹോസ്പിറ്റലിലെ  നേഴ്‌സ് ആണവർ നാട്ടിൽ അവരുടെ പ്രിയപ്പെട്ട ആർക്കോ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നു  മാത്രമാണവർക്കറിയാവുന്നത് . പ്രിയപ്പെട്ട അപ്പച്ചൻ അമ്മച്ചി സഹോദരൻ ആരാണോ നാട്ടിൽ നടന്നതിനെപ്പറ്റി അവർക്കൊരു രൂപവുമില്ല  .ഇറങ്ങുമ്പോൾ സ്വീകരിക്കാൻ ആളുണ്ടാവും അതുമാത്രമാണ് അവർക്കു കിട്ടിയ അറിയിപ്പ് .

വിമാനം ലാൻഡ് ചെയ്തതും അവൾ കരഞ്ഞു കൊണ്ടു പുറത്തേയ്‌ക്കോടി എനിക്കു അവരെ പിൻഗമിക്കണം എന്നുണ്ട് പക്ഷെ എന്റെ ലഗ്ഗേജ് ലഭിക്കാതെ എനിക്കു പുറത്തേയ്ക്കു വരിക അസാധ്യമാണ് .അവർ ഇപ്പോൾ കാത്തു നിന്ന  ബന്ധുക്കളുമായി വീട്ടിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ടാവണം .ഒന്നു വിശദമായി ആർക്കാണ് അപകടം സംഭവിച്ചതെന്നു പോലും പറയാതെ അവൾ പോയിരിക്കുന്നു . നാടെത്തിക്കഴിഞ്ഞാൽ ഒരു തരം ആക്രാന്തമാണ്‌ പുറത്തേക്കിറങ്ങാൻ പ്രത്യേകിച്ചും നമ്മൾ മലയാളികൾക്ക്  കാത്തു നിൽക്കുന്നവരെ കണ്ടു നിർവൃതി അടയാൻ,പിറന്ന നാടിന്റെ ഗൃഹാതുരത്വത്തിലേയ്ക്ക് ഊളിയിട്ടിറങ്ങാൻ ലഗ്ഗേജ് വന്ന മാത്രയിൽ ഞാൻ ഗ്രീൻ ചാനലിലൂടെ പുറത്തിറങ്ങി .

ഷിനോജ് വർഗീസ് ! വീണ്ടും ആ പിൻ വിളി  കേട്ടപ്പോളാണ്  ഞാൻ ആകാര്യം ഓർത്തത്  ആ സ്ത്രീയുടെ  ഹാൻഡ്ബാഗ് എന്റെ ലഗേജിനുള്ളിലാണ് . മോശമായിപ്പോയി എനിക്കു വേണ്ടി അവർ അവരുടെ വിലപിടിപ്പുള്ള സമയം ഇവിടെ പാഴാക്കിയിരിക്കുന്നു . ക്ഷമാപണത്തോടെ സ്യുട്ട് കേസിന്റെ സിപ്പു  തുറന്നു ഞാനാ ബാഗ് എടുത്തു അവരുടെ കൈയ്യിൽ കൊടുക്കുമ്പോൾ ആ ചോദ്യം മൂന്നാമത്തെ  ആവർത്തി ആവർത്തിച്ചു  .

ആർക്കായിരുന്നു അപകടം ? എന്താണ് ശരിക്കും സംഭവിച്ചത് ? ആരാണ് താങ്കളെ കൂട്ടാൻ വന്നത് ?
തൊട്ടു മുൻപു  വരെ  ഏങ്ങലടികൾ മുഴങ്ങിയിരുന്ന ആ മുഖം ക്ഷണ നേരം കൊണ്ടു ചുവന്നു  തുടുത്തു. ചെറിപ്പഴങ്ങളുടെ ഭംഗിയുള്ള ചുണ്ടുകൾക്കിടയിലൂടെ ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്ന ഒരു പുഞ്ചിരി ഒഴുകി വന്നു .ഞാൻ നീട്ടിയ വാനിറ്റി ബാഗ് തുറന്നു നോക്കി അതിൽ എല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം അവളെന്നെ നോക്കി  ഒരു കണ്ണു ഇറുക്കി അടച്ചു ശേഷം വശ്യമായി പുഞ്ചിരിച്ചു കൊണ്ടവൾ മുന്നോട്ടു നടന്നു പോയി ....................




No comments: