മരകട്ടിലൊന്നിലെൻ
ഉടൽ ചേർത്തുറങ്ങവേ
മൈലുകൾക്കപ്പുറം പണിതീരാ
വീടിന്റെ
ജാലകപ്പടിയിലൂടെ അവൾ
പേർത്തു ചൊല്ലുന്നു
ങ്ങനെ കിടന്നാൽ എങ്ങനെയാ
നമ്മടെ വീട് .
സ്വപ്നങ്ങൾ കൊണ്ടു
പണിതീർത്ത ഭൂമിയിൽ
സ്വപ്നം വിതച്ചു വിളവു
കാക്കുന്നവൻ
സ്വർഗം കൊതിച്ചിട്ടും
ഉരുകിയൊലിപ്പവൻ
സ്വയം തീർത്ത ചിതയതിൽ
ചാരമാകുന്നവൻ
മണൽ കാറ്റിലെപ്പോഴോ
വാല്മീകമായവൻ
മഴയില്ലാ നാടിനെ മനസാ
വരിച്ചവൻ
സ്മൃതി നൊമ്പരങ്ങളിൽ
ഉണ്ടുറങ്ങുന്നവൻ
ഇല്ലാത്ത നാളെയ്ക്കായ്
ഇന്നുകളയുന്നവൻ
ഗുണിതങ്ങളൊപ്പിച്ചു
ഉദരം ചുരുക്കുവോൻ
ഗണിതങ്ങളറിയാത്ത ഗണിത
ശാസ്ത്രജ്ഞൻ
യന്ത്രം കണക്കെ ചലിക്കുന്നതെങ്കിലും
എണ്ണമില്ലാത്ത കനവിന്റെ തോഴൻ
ഉരുകി ഞാൻ അലിയുമ്പോൾ
ഉയരുന്ന സൗധമേ
ഉയിർ തന്നു നിന്നെ
ഞാൻ ഉള്ളോടു ചേർക്കുന്നു
അവശനാണെങ്കിലും അലസനാകാനില്ല
വിയർപ്പല്ല കാൺകയെൻ ഹൃദയരക്തം
അതുചേർത്തുറപ്പിക്കെൻ
സ്വപ്നങ്ങളെ
അതിരില്ലാ മനസിന്റെ
മോഹങ്ങളെ ....
No comments:
Post a Comment