Tuesday 14 February 2017

പെഷാവറിലേയ്ക്കൊരു ഹെലികോപ്റ്റർ (കഥ )



കാറിന്റെ ഡിക്കിയിൽ കൊള്ളാനാവാത്ത വണ്ണം വലിപ്പമുള്ളതായിരുന്നു ആ ഹെലികോപ്റ്റർ .താങ്കൾക്കീ ഹെലികോപ്റ്ററിൽ പാകിസ്താനിലേയ്ക്ക് പോയാൽ പോരെ വേറെ വിമാനം എന്തിനെന്ന എന്റെ ചോദ്യം അയാൾക്കു നന്നേ രസിച്ചു . ആറരയടിപൊക്കത്തിൽ ആജാനബാഹുവായ ആ മനുഷ്യൻ പർവ്വതം കുലുങ്ങുന്നതു കണക്കെ എന്നെ നോക്കി ചിരിച്ചു .എന്തോ വലിയ തമാശ കേട്ടതു പോലെ ഓർത്തോർത്തു ചിരിക്കുന്നതിനിടയിൽ ബാക്ക് സീറ്റിനും ഡിക്കിക്കും ഇടയിലായി ഞാൻ ആ ഹെലികോപ്റ്ററിനെ ഒരു വിധത്തിൽ വെച്ചിട്ടു ഡോർ അടച്ചു .

ഇതിനു എക്സ്ട്രാ ഡ്യൂട്ടി കൊടുക്കേണ്ടി വരുമോ ? കാറിന്റെ മുൻസീറ്റ് തുറന്നു വലിയശരീരം സീറ്റിലേക്കിടുമ്പോൾ അയാൾ  സംശയം കലർന്ന മുഖത്തോടെ എന്നെ നോക്കി ചോദിച്ചു .എയർ പോർട്ടിന്റെ വാതിൽ വരെ ആളുകളെ കൊണ്ട് വിടുക എന്നതാണ് ഒരു ടാക്സി ക്കാരന്റെ ജോലി അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നും എങ്ങനെയാണ് സാധനങ്ങൾ അളക്കുന്നതെന്നും എനിക്ക് വലിയ ധാരണയില്ല .ഒരു പക്ഷെ എക്സ്ട്രാ സൈസ് ബാഗേജിന് കൂടുതൽ പണം കെട്ടേണ്ടി വരും അവുക്കാദറിക്ക മരുമകന്റെ വീട്ടിലേയ്ക്കു വാങ്ങിയ 52 ഇഞ്ചിന്റെ ടിവിയ്ക്ക് തോനെ കാശു കൊടുത്താണ് കൊണ്ടു  പോയതെന്നു  പറഞ്ഞു കേട്ടിട്ടുണ്ട് താൻ വന്നിട്ടിന്നോളം ലീവിനു പോകാത്തതിനാൽ ഇജ്ജാതി കാര്യങ്ങളെപ്പറ്റി ധാരണ പോരാ .എങ്കിലും ടാക്സിയിൽ കയറുന്ന ആളുകൾ നമ്മുടെ വീട്ടിൽ വരുന്ന അതിഥികളാണ് അവരോടു മാന്യമായും സന്തോഷത്തോടും ഇടപഴകണം  അവരുടെ സംശയങ്ങൾ ദുരീകരിക്കണം . നാട്ടിലെ ഓണം കേറാ മൂലയിൽ ഓടുന്ന ടാക്സി അല്ലിത് നൂറോളം രാജ്യക്കാരെ  ദിവസേന കയറ്റി ഇറക്കുന്ന ദുബായ് ടാക്സിയാണിത്  . പല സംസ്ക്കാരത്തിൽ നിന്നും വരുന്ന  ഒരു പാട് പേരെയും കൊണ്ടു യാത്ര പോകുമ്പോൾ ചിലർ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്  അതെല്ലാം ക്ഷമയോടും സഹന ശക്തിയോടു നേരിടാറുള്ളതായി വരും .ജോലിക്കു കയറിയിട്ടു ഇന്നേ നിമിഷം വരെ  ആരോടും മുഖം കറുത്തു സംസാരിക്കേണ്ടി  വന്നിട്ടില്ല എന്നതു  തന്നെയാണ് തന്റെ നാളിതുവരെയുള്ള  സമ്പാദ്യം .

തും മലബാറി ???

പാകിസ്ഥാനി എന്റെ മുഖം സൂക്ഷിച്ചു നോക്കിയിട്ടു ഒരു തീരുമാനത്തിൽ എത്തിയപോലെയാണ് ആ ചോദ്യം ചോദിച്ചത്  .

അതെ ഫ്രം കേരളാ  ,ലേക്കിൻ മലബാറി നഹി മലയാളീ ,മലയാളീ

ക്യാ മലയാളീ കേരളാ വാലാ പൂരാ മലബാറി ഹൈ ,

മലയാളം സംസാരിക്കുന്നവർ എല്ലാവരും മലബാറികളാണെന്നാണു ഗൾഫിലെ പൊതു ധാരണ ആ ധാരണയിൽ നിന്നും ഒട്ടും വിഭിന്നനല്ല ഈ പാകിസ്ഥാനിയും പക്ഷെ  ഇയാൾ നീണ്ട ഗൾഫ് ജീവിതത്തിനിടയിൽ ഒരു പാടു മലബാറികളെ കണ്ടിരിക്കുന്നു അവരെല്ലാം തന്നെ നല്ല മനുഷ്യരാണത്രെ .ഇന്ത്യയിൽ നല്ല ആളുകൾ ജീവിക്കുന്ന സ്ഥലമാണ് കേരളം  എന്നാണ് പച്ച പറഞ്ഞു വരുന്നത് .നല്ല മനുഷ്യൻ  എന്ന ലേബലിൽ ഉൾപ്പെടുത്താൻ ആണെങ്കിൽ മലബാറിയെന്നോ മദ്രാസിയെന്നോ എന്തു വേണമെങ്കിലും വിളിക്കുന്നതിൽ എനിക്കു വിരോധമില്ലായിരുന്നു എങ്കിലും ഞങ്ങൾ തെക്കരെ  മലബാറീ എന്ന ഓമനപ്പേരിൽ വിളിക്കുന്നതു കേൾക്കുമ്പോൾ എപ്പോഴുമുണ്ടായിരുന്ന ഒരു തരം ഓക്കാനം  പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവിങ്ങിൽ വ്യാപൃതനായി .

ഇത്തനാ ടൈം ഹോഗയാ തു മേരാ നാം ക്യും നഹി പൂച്ചാ ?
പത്തൻകാർ ഇങ്ങനെയാണ് സ്നേഹിച്ചു തുടങ്ങിയാൽ അവർ  കരൾ പറിച്ചെടുക്കും. ഇത്രയും സംസാരിച്ചിട്ടും ഞാനയാളുടെ പേരു  പോലും ചോദിക്കാത്തതിലാണ് അയാളുടെ വിഷമം .

ബത്താവോ സർജി ആപ് കാ നാം ?

അബ്ദുൽ ഖാദർ ഖാൻ നൂറ്റിരുപതു കിലോയുള്ള ശരീരം സീറ്റിൽ നിന്നുയർത്തി തല ഒന്നു  ചുറ്റും കറക്കി പത്താൻ കോട്ടിനു മുകളിൽ ഇട്ടിരുന്ന തുകൽ ജാക്കറ്റ് വലിച്ചിട്ടിട്ടു അയാൾ എന്നെ അഭിമാന പുരസ്സരം നോക്കി  .

യേ നാം പെഹ്‌ലെ കിദർ ബി  സുനാ തും ? അബ്ദുൽ ഖാദർ ഖാൻ എന്ന ഈ പേരു ഞാൻ മുൻപെവിടെയെങ്കിലും കേട്ടിട്ടുണ്ടാവുമോ ഉണ്ടാവണം .ഇങ്ങനെ ഒരു പാടു പേരുകാർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടാവണം പല തവണ ഞാൻ ഈ പേര് കേട്ടിട്ടും ഉണ്ടാവണം പക്ഷെ ഇയാളെ  ഈ തടി മാടനെ ആദ്യമായി കാണുകയാണ് അതെനിക്കുറപ്പാണ്  . ഞാൻ ഓർമ്മകളിലേയ്ക്ക് ഒരു ഓട്ട  പ്രദിക്ഷണം നടത്തി പാകിസ്ഥാൻകാരനായാ അബ്ദുൽ  ഖാദർ ഖാൻ .

പണിയില്ലാതെ അലഞ്ഞു നടന്ന സമയത്തു കുറെ പി എസ് സി പഠിച്ചതിന്റെ ഗുണം ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്  . തലയിലെ ട്യൂബ് ലൈറ്റ് തെളിഞ്ഞു കത്തി പാകിസ്താൻ ആറ്റംബോംബിന്റെ പിതാവ് . വിവരമില്ലാത്ത പത്താൻ ഏതെങ്കിലും ലോക്കൽ അബ്ദുൽ ഖാദറിനെ ആണു വിചാരിച്ചതെങ്കിലോ !

ഹാജി മേനേ പഹ്‌ലേ സുനാ നിങ്ങളുടെ നാട്ടിൽ അണുബോംബ് പരീക്ഷണം നടത്താൻ നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ  !!!! കനത്ത മൗനം മുറിച്ചു കൊണ്ടയാൾ അയാളുടെ ബലിഷ്ട്ടമായ കരങ്ങൾ എന്റെ കഴുത്തിലൂടെ ഇറുക്കി എന്നെ ആഞ്ഞു ചുംബിച്ചു  .ഇങ്ങനെ ഒരുത്തരം ഞാൻ പറയുമെന്ന് അയാൾ സ്വപ്നേപി വിചാരിച്ചിരുന്നിരുന്നില്ല . അയാളുടെ രണ്ടാണ്മക്കളിൽ മൂത്തയാളുടെ ജീവിത അഭിലാഷം തന്നെ ഒരു ആണവ ശാസ്ത്രജ്ഞൻ ആകണമെന്നതാണെന്നു പത്താൻ പറയുമ്പോൾ അയാളുടെ മുഖത്തു  തെളിഞ്ഞ അഭിമാന ബോധം ഉള്ളതുപോലെ തോന്നി .

ആണവ രഹസ്യങ്ങൾ ശത്രുക്കൾക്കു ചോർത്തി നൽകിയതിനു പാകിസ്ഥാൻ ഗവൺമെന്റ്  ഖാനെ തടവിലാക്കിയ വിവരമൊന്നും ഈ  പാവം പത്താൻ അറിഞ്ഞിട്ടുണ്ടായിരിക്കില്ല . മക്കൾ പറഞ്ഞു കൊടുത്തുള്ള അറിവേ ഇയാൾക്കും  ഉണ്ടായിരിക്കുള്ളൂ . സഹപ്രവർത്തകരായ പത്തൻകാർക്കു പോലും അറിയാത്ത പാകിസ്ഥൻറെ  ആണവ ശാസ്ത്രജ്ഞനെപ്പറ്റി അറിയാവുന്ന എന്നെ അയാൾ ആദരവോടെ കണ്ടു .

മിലിട്ടറി ട്രൈനിംഗ്‌ സ്കൂളിൽ അഞ്ചിലും ആറിലും പഠിക്കുന്ന അഹമ്മദും ഹൈദറും ഒരുപാടാഗ്രഹിച്ചതാണ് വണ്ടിയുടെ പിൻ  സീറ്റിൽ  കുത്തി കൊള്ളിച്ചു വെച്ചിരിക്കുന്ന ഹെലികോപ്റ്റർ . ഇത്രയും വലുതു  വാങ്ങിയാൽ നാട്ടിൽ കൊണ്ടു  പൊക്കാൻ കഴിയുമോ എന്നയാൾക്കു സംശയം ഉണ്ടായിരുന്നു എന്നിട്ടും ഒരു ഭാഗ്യ പരീക്ഷണത്തിനു അയാൾ മുതിരുകയായിരുന്നു .

എനിക്കു സുരക്ഷിതരെന്നു തോന്നുന്നവരോടു പരിധികളില്ലാത്ത  സംസാരിക്കും എന്നതാണ് എന്റെ ഏറ്റവും വലിയ ബലഹീനത .അര മണിക്കൂറിനുള്ളിൽ ഖാൻ സാഹിബ് എന്റെ അടുത്ത ചങ്ങാതി ആയിരിക്കുന്നു ഞങ്ങളുടെ സംസാരം പല മേഖലകൾ കടന്നു പാകിസ്താനിലെ രാഷ്ട്രീയത്തിൽ എത്തി നിൽക്കുന്നു . പാകിസ്താനിലെ പ്രത്യേകിച്ചു പെഷവാറിലെ  രാഷ്ട്രീയം അനുദിനം വഷളായി കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഖാൻ സാഹിബ് അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു . ഒന്നുമറിയാത്ത പാവങ്ങളെ വെടിവെച്ചും ബോംബു വെച്ചും കൊല്ലുന്ന കാട്ടാള നീതിക്കെതിരെ  സംസാരിക്കുമ്പോൾ അയാൾ പരിസരം മറക്കുന്നതു  പോലെ എനിക്ക് തോന്നി .ഏതു പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും നിരപരാധികളെ കൊല്ലാൻ ഒരു ഗ്രന്ഥവും ഒരു മതവും പഠിപ്പിക്കുന്നില്ല എന്നയാൾ ആണയിടുംമ്പോൾ എനിക്കയാളോടു  ബഹുമാനം തോന്നി .

നിനക്ക് എത്ര കുട്ടികൾ ഉണ്ട് ? അതുവരെ ഉറച്ച ശബ്ദത്തിൽ സംസാരിച്ചിരുന്ന ഖൻസാഹിബിന്റെ തൊണ്ട ഒരു നിമിഷം ഇടറുന്നതു പോലെ എനിക്കു  തോന്നി .

ഒരു പെൺകുട്ടി, ഒരു വയസ്സായിട്ടുണ്ട് ,ജനിച്ചിട്ടിന്നോണം ഞാനവളെ കണ്ടിട്ടില്ല അവൾക്കെന്റെ ഛായ ആണെന്നാണ്  ബീവി പറയുന്നത് . അയാൾ ചോദിച്ചതിലധികം മറുപടി ഞാൻ ഒറ്റയടിക്കു പറഞ്ഞു കഴിഞ്ഞിരിക്കുന്നു .  ജൽദി ജാക്കെ ഉസ്‌കോ ദേക്കോ എന്നു പറഞ്ഞു കൊണ്ടു സ്നേഹ വായ്‌പോടെ  ഖൻസാഹിബ് എന്റെ തോളിൽ തലോടി.

എയർപോർട്ട് എത്തിയിരിക്കുന്നു അഹമ്മദും ഹൈദറും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഹെലികോപ്റ്റർ  ഒരു പൊട്ടലും കൂടാതെ ഞാൻ ഡിക്കിയിൽ നിന്നും പുറത്തിറക്കി . മീറ്ററിൽ കണ്ടതിലും കൂടുതൽ അയാൾ എന്റെ കൈയ്യിൽ തന്നിട്ടു മുന്നോട്ടു നടന്നു .

ഖാൻ സാബ് അഹമ്മദ് ഹൈദർ ദോനോം ഏക് ദിൻ ബഡാ സൈന്റിസ്റ് ഹോയേഗാ .അഹമ്മദും ഹൈദറും ഒരുനാൾ തീർച്ചയായും വലിയ ശാസ്ത്രജ്ഞരാകും എന്റെ ഉച്ചത്തിലുള്ള പിൻവിളി കേട്ടു കൊണ്ടു അയാൾ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു.മലപോലെയുള്ള ശരീരം കുലുക്കി കുലുക്കി ചിരിച്ചുകൊണ്ടായാൾ ഉള്ളിലേയ്ക്ക് കയറിപ്പോയി .

പാസ്സഞ്ചേഴ്‌സ് കയറുമ്പോൾ റേഡിയോ കേൾക്കാൻ ഞങ്ങൾ ഡ്രൈവർമാർക്ക് അനുവാദമില്ല അവരില്ലാത്തപ്പോൾ ഞങ്ങൾക്കിഷ്ടമുള്ള റേഡിയോ കേൾക്കാം  . ഇന്നലെ പെഷാവറിലെ മിലിറ്ററി സ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം നൂറ്റി നാല്പത്തി അഞ്ചായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആ വാർത്ത ഒരു കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിലൂടെ കടന്നു പോയി  . കുറച്ചു മുൻപു ഖാൻ സാബ് പറഞ്ഞ അഹമ്മദും ഹൈദറും പഠിക്കുന്ന മിലിറ്ററി സ്കൂൾ  . ഇന്നലെ നടന്ന ആക്രമണം ഖാൻ സാബിന്റെ നാട്ടിലേയ്ക്കുള്ള അടിയന്തിര യാത്ര .ആകാശത്തു 14000 അൾട്ടിറ്റിയൂഡിൽ  എത്തിയ    പെഷവാർ വിമാനത്തിന്റെ കൊച്ചു കിളിവാതിലിലൂടെ ഒരു ഹെലികോപ്റ്റർ താഴേയ്ക്ക് പറന്നു അതു പെഷവാർ നഗരത്തിനു ചുറ്റും മൂന്നു വട്ടം വലം വെച്ച ശേഷം അപ്രത്യക്ഷമായി .........................

No comments: