Monday 27 February 2017

ചിമ്മിനി (കവിത )




അടുക്കളപാതകത്തിൽ നിന്നും
മേലോട്ടു കെട്ടിയുയർത്തിയ
തീയും പുകയുമേൽക്കുന്ന
ഒരിടമുണ്ടായിരുന്നു വീട്ടിൽ

തോട്ടത്തിൽ നിന്നും
വെട്ടിയിറക്കുന്ന വാഴക്കുലകൾ
പഴുക്കാൻ തൂക്കുന്ന അധികം
വായുസഞ്ചാരമില്ലാത്തയിടം

റബ്ബർ വിറകിന്റെ കൊള്ളിയും
കളിമണ്ണിന്റെ ചട്ടിയിൽ
കൊടംപുളിയിട്ടു വേവിച്ച
മൽസ്യങ്ങളുടെ ഗന്ധവും
എപ്പോഴുമുണ്ടായിരുന്നയിടം

പുതിയ വീടു വെക്കുമ്പോഴും
എനിക്കൊരാഗ്രഹമുണ്ടായിരുന്നു
തീയും പുകയും ഏൽക്കാൻ
അതുപോലൊരിടം വേണമെന്ന്

പുകയില്ലാതെ തീയില്ലാതെ
അരിയും കറിയും വേകുന്ന
മൽസ്യങ്ങളുടെ മണമില്ലാത്ത
പുത്തൻ അടുക്കളയിൽ

അച്ചാച്ചന്റെ പഴഞ്ചൻ ചിമ്മിനി
ഔട്ട് ഓഫ് ഫാഷനാണെന്നു
മക്കൾ പറയുമ്പോൾ
ഞാനും അതോർത്തു

കരിപുരണ്ട ജീവിതങ്ങളൊക്കെ
ഔട്ട് ഓഫ് ഫാഷനാകുന്ന കാലമാണ്
ഒരു ചെറിയ പ്രതിസന്ധിക്കു പോലും
കയറു തേടുന്ന കലികാലം

No comments: