Thursday, 2 February 2017

ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ (കഥ )


സോധോം ഗോമോറിൽ  നിന്നും സോവാറിലേയ്ക്കു പലായനം ചെയ്ത ലോത്തിന്റെ സുന്ദരികളായ രണ്ടു പെൺകുട്ടികളുടെ  കഥയാണിത് .സോധോം ഗോമോറിനെ അഗ്നിയും ഗന്ധകവും അയച്ചു നശിപ്പിച്ചതിനു ശേഷം ഞങ്ങളെ സോവറിലേയ്ക്ക് പറഞ്ഞയച്ച സർവ്വ ശക്തനായവൻ ഉപ്പു തൂണാക്കിയ അമ്മയുടെ മക്കളുടെ കഥ  .ചരിത്രത്തിൽ ചിലരെങ്കിലും  ഞങ്ങളെ തെറ്റുകാരായി വിധിക്കുമ്പോൾ  ഞങ്ങൾക്കും ചിലതു പറയാനുണ്ടെന്ന  ബോധ്യപെടുത്തലാണീ കഥയുടെ പിന്നിലെ ഉദ്ദേശ്യം . ഒരു പേരു  പോലും ഇല്ലാതെ ലോത്തിന്റെ മക്കളെന്ന വിലാസം കഥകേൾക്കുമ്പോൾ  നിങ്ങളെ മുഷിപ്പിക്കുമെന്നതിനാൽ മൂത്തവളായ ഞാൻ സാറായെന്നും എന്റെ അനുജത്തിയെ സേറയെന്നും പരിചയപ്പെടുത്തികൊണ്ടു കഥ തുടരട്ടെ .

സോധോം ഗോമോർ എന്തു  സുന്ദരിയായിരുന്നെന്നോ , ഞങ്ങളുടെ കാലടികൾ പതിഞ്ഞ ആ മണ്ണിൽ സാറയെന്ന ഞാനും എന്റെ കുഞ്ഞനുജത്തിയും നട്ട സ്വപ്നങ്ങളുടെ  മേലെയ്‌ക്കാണ്‌  സർവ്വശക്തന്റെ കല്പന തീമഴയായി വാർഷിക്കപ്പെടുന്നത് .ദൈവത്തിന്റെ ദൂതന്മാർ വരുമ്പോൾ അപ്പൻ ഭയപ്പെട്ടിരുന്നു ശക്തനായവന്റെ  വലിയ ശിക്ഷ സൊധോം ഗോമോറിലേയ്ക്ക് വരുന്നുണ്ടെന്ന്  കാരണം  ഞങ്ങളുടെ നല്ല നാടിനെ തിന്മയുടെ കേദാരമാക്കാൻ ചിലർ മത്സരിക്കുന്ന കാര്യം വീടിന്റെ അകത്തളങ്ങളിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന  ഞങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല . നീതിമാനായ അപ്പന്റെ മക്കളായ  ഞങ്ങൾ ഞങ്ങളുടെ ലോകത്തായിരുന്നു .അന്നു ദൂതന്മാർ വന്ന രാത്രിയിൽ അവരുടെ ഗന്ധർവ്വ സൗന്ദര്യത്തിൽ ഭ്രമിച്ച സേറയോടു അപ്പന്റെ  നീതിബോധത്തിനെതിരായി  ഒന്നും ചെയ്യാൻ പാടില്ലെന്നു പഠിപ്പിച്ചതും അവളെ പിൻ  തിരിച്ചതും സാറ എന്ന ഞാൻ അല്ലായിരുന്നോ  . വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചറിയാത്ത അല്പബുദ്ധികളായ നാട്ടുകാരുടെ ജല്പനങ്ങൾക്കു മുന്നിൽ അപ്പൻ  പുരുഷ സ്പർശമേൽക്കാത്ത ഞങ്ങളെ എടുത്തു കൊള്ളാൻ ആജ്ഞാപിച്ചിട്ടും അപ്പനെ മറുത്തൊരക്ഷരം പറയാതിരുന്നവരാണ് ഞങ്ങൾ  .

ദൈവഹിതം നിറവേറാൻ കൽപ്പിച്ച മലമുകളിലേയ്ക്ക് എത്തപ്പെടും മുൻപേ ഞങ്ങൾ  മരിച്ചു പോയേക്കുമെന്നു അപ്പൻ ഭയപ്പെട്ടിരുന്നു  . അപ്പന്റെ വേവലാതി ഞങ്ങൾ രണ്ടു പുത്രിമാരെക്കുറിച്ചായിരുന്നു .ഞങ്ങളെ വിവാഹം ചെയ്യാനിരുന്ന യുവാക്കളെ  നിങ്ങളുടെ അവിശ്വസ്തയാണ് എല്ലാത്തിനും കാരണം .ദൈവം സംസാരിക്കുന്നതു അവിടുത്തെ ദൂതരായ  നല്ല ഹൃദയങ്ങളിൽ കൂടിയാണെന്ന് നിങ്ങൾ മനസ്സിലാക്കാഞ്ഞതെന്തേ  ! ഞങ്ങൾ എത്രമാത്രം കൊതിച്ചതായിരുന്നു ആ സാമീപ്യം എന്നിട്ടും നിങ്ങൾ അപ്പനെ അല്ല ദൈവത്തെ തന്നെ ആണു നിങ്ങൾ നിഷേധിച്ചത് .ഗന്ധകമിറങ്ങി മാംസം വെന്തു കരിയുന്ന നേരത്തെങ്കിലും നിങ്ങൾ ഞങ്ങളെ ഓർത്തോ , അപ്പന്റെ വാക്കു  കേട്ടു ഞങ്ങളോടൊപ്പം സോവറിലേയ്ക്ക് വരുന്നതിനെപ്പറ്റി ചിന്തിച്ചോ .നിങ്ങളുണ്ടായിരുന്നെങ്കിൽ നമ്മളിപ്പോൾ സോഹാറിൽ തന്നെ കഴിയുമായിരുന്നു  നമ്മുടെ വംശം ഈ മഹാ കളങ്കത്തിൽ നിന്നും എന്നെന്നേയ്ക്കുമായി മോചിക്കപ്പെടുമായിരുന്നു .

സോവറിനെ അപ്പൻ ഭയന്നതു അപ്പനൊരാൺ തുണ ഇല്ലാതിരുന്നതു കൊണ്ടു മാത്രമാണ് . ഗുഹയിലെ ജീവിതം സേറയെയും  എന്നെയും ഏകതന്തയിലേയ്ക്ക് തള്ളിവിടുന്നതിനു സമമായിരുന്നു . ഒന്നും സംസാരിക്കാനില്ലാത്ത  അപ്പനും  ഞാനും സേറയും ദൈവത്തിന്റെ കാരുണ്യത്തിന്റെ തടവറയിലായിരുന്നു  അവിടെ കഴിഞ്ഞ നാളുകളിലത്രയും  .വീഞ്ഞ് കലഹക്കാരനാണെന്നു പറഞ്ഞ അതെ ദൈവം  വീഞ്ഞിന്റെ ലഹരിയിൽ അരുതായ്മകൾക്കു ഞങ്ങളെ തള്ളി വിട്ടതെന്തിനായിരുന്നു  . തുളുമ്പുന്ന യൗവനം  ഒരു പുരുഷ ഗന്ധത്തിനു വേണ്ടി കൊതിക്കുന്ന ഞങ്ങളെ അന്ധരാക്കിയോ . ഇല്ലാ ഇതും അവിടുത്തെ കൽപ്പനയായിരുന്നു എന്നു  തന്നെ ആണു  എനിക്കു  നിങ്ങളോടുപറയാനുള്ളത് . വീഞ്ഞിന്റെ ലഹരിയിൽ മയങ്ങി കിടക്കുന്ന അപ്പനെ പ്രാപിക്കാൻ സാറ എന്ന ഞാൻ തീരുമാനിക്കുമ്പോൾ  അതിനു പിന്നിൽ കത്തുന്ന കാമം ഒട്ടുമേ ഉണ്ടായിരുന്നില്ല പിന്നയോ ഊഷരമായി പോകാവുന്ന ഉദരങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ അതൊന്നു മാത്രമായിരുന്നു . തലമുറകളുടെ കണ്ണി അറ്റു പോകാതിരിക്കാനുള്ള അവസാനത്തെ ശ്രമം . ആ ചൂടോ അതിന്റെ രതി  ലഹരിയോ ഒന്നും ഞങ്ങളെ അപ്പോൾ മഥിച്ചിരുന്നില്ല എന്നതാണ് സത്യം . ചരിത്രം നിർമ്മിക്കപ്പെടുമ്പോൾ ചില കഥാപാത്രങ്ങൾ എന്നും സംശയത്തിന്റെ നിഴലിലായിരിക്കും അങ്ങനെ എന്നും നിഴലിലാകാൻ  വിധിക്കപ്പെട്ട രണ്ടു ആത്മാക്കളാണ് ഞങ്ങൾ .കാമപൂരണത്തിനായി അപ്പനെ  പ്രാപിച്ച അപ്പന്റെ മക്കളെ പെറ്റു  വളർത്തിയവർ എന്ന കളങ്കം പേറുന്നവർ . മോവാബിന്റെയും അമ്മോന്യരുടെയും വംശാവലിയിൽ പിറന്ന എല്ലാവർക്കും സമാധാനമുണ്ടാകട്ടെ .ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ   സോധോം  ഗോമോറിൽ നിന്നും പലായനം ചെയ്യപ്പെട്ടവർ .അഗ്നിയും ഗന്ധകവും അകന്നു പോയ അബ്രാഹാമിന്റെ വംശാവലിയുടെ പിന്തുടർച്ചക്കാർ .കറുത്ത ചിറകുള്ള മാലാഖമാർ ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ ...................  
Post a Comment