Saturday, 30 January 2016

ഒരു ചിരി പിന്നെയും ചിരി


ഒരു ചിരി കൊണ്ട് എല്ലാം മറയ്ക്കാൻ കഴിയുമെന്നു അപ്പനാണ് എന്നെ പറഞ്ഞു പഠിപ്പിച്ചത് അത് കൊണ്ട് തന്നെ ചിരി എനിക്കൊരു വീക്നെസ് ആയിരുന്നു. ഗൌരവക്കാരനായ എം എൻ സാറിന്റെ ക്ലാസ്സിൽ ഒരു മൊട്ടു  സൂചി വീണാലും കേൾക്കാൻ കഴിയാത്ത നിശബ്ദതയിൽ ക്ലാസ്സ് നടക്കുമ്പോഴും മുഖത്ത് ഫിറ്റു ചെയ്ത 70 എം എം ചിരിയുമായി ഞാൻ ഇരിക്കും.ചോദ്യം ചോദിച്ചാൽ ചിരി ,ചിരിക്കെരുതെന്നു പറഞ്ഞാൽ  പൊട്ടിച്ചിരി,അങ്ങനെ ചിരിയടക്കാൻ പാട് പെട്ട് നടന്ന  ഒരു ദിവസം സാറ് എന്നെ തിരഞ്ഞു പിടിച്ചൊരു ചോദ്യം ചോദിച്ചു . നീ എഴെന്നേറ്റു നിന്നു വാക്യത്തിൽ പ്രയോഗിക്കുക "പൊട്ടിച്ചിരിക്കുക " അതിനും ചിരി മാത്രം മറുപടി വന്നതോടെ ക്ലാസിൽ മിടുക്കനായ ജോബിയോടായി ചോദ്യം ,സാറെ അത് ഞാൻ ഇന്നലെ വാങ്ങിയ പാർലെ ബിസ്കറ്റിന്റെ കവർ ഇന്ന് നോക്കിയപ്പോൾ പൊട്ടിച്ചിരിക്കുന്നതായി കണ്ടു. ക്ലാസ്സിലാകെ കൂട്ടച്ചിരി എം എൻ സർ എന്റെ കാതു പിടിച്ചു ഞെരിച്ചു കേട്ടോടാ നീയ് ഇങ്ങനെ ചിരിച്ചോണ്ട് നടന്നോ പരൂഷ വരുമ്പം നിനക്ക് മൊട്ട കണ്ടും ചിരിക്കാം.

അൾത്താര ബാലനായി കുർബാനയ്ക്ക് കൂടുമ്പോൾ ചിരിക്കരുതെന്നു അപ്പൻ വിലക്കിയിട്ടുണ്ട് പക്ഷെ തമിഴ് നാട്ടുകാരനായ അച്ചൻ  മലയാളം കുർബാന ചൊല്ലാൻ തുടങ്ങുമ്പോൾ മുതൽ അടക്കാൻ വയ്യാത്ത ചിരിവരും നമ്മുടെ വഴിയെല്ലാം അച്ചനു വളിയാണ് അത് കേൾക്കുമ്പോൾ അടക്കി വെച്ചിരിക്കുന്ന ചിരിയെല്ലാം കൂടി പുറത്തേയ്ക്ക് ചാടും പരിശുദ്ധാത്മാവിന്റെ വളി മുതൽ തുടങ്ങുന്ന ചിരി രംഗബോധമില്ലാതെ ആയപ്പോൾ അമ്മച്ചി പലതവണ മുട്ടിന്മേൽ നിർത്തി കുർബാനയ്ക്ക് കൂടുമ്പോൾ ചിരിക്കില്ലന്ന പ്രതിജ്ഞ ചെയ്യിച്ചു.

മീശ മുളച്ചു തുടങ്ങിയ കാലത്ത് ഒരു സുന്ദരി ഹൃദയത്തിന്റെ അടിത്തട്ടിൽ ചേക്കേറി അവളും എന്നും എന്നെ നോക്കി ചിരിക്കും എനിക്ക് ചിരി ജന്മസിദ്ധമായതിനാൽ ഞങ്ങളുടെ ചിരികൾ പരസ്പരം ഉടക്കി പ്ലസ് ടൂ പാസായി റ്റൈപിനു പോകുന്ന തരുണിമണിയുടെ ദർശനം കിട്ടാൻ മഞ്ഞും കൊണ്ട് ഞാൻ എന്നും ഇടനാഴിയിൽ കാത്തു നിൽക്കും ഒരു നിറഞ്ഞ ചിരി അത് മാത്രം മതി എനിക്കും അവൾക്കും. മഞ്ഞും മഴയും വെയിലും വന്നിട്ടും പുഞ്ചിരിയിലൂടെ ഞങ്ങൾ ഹൃദയം കൈമാറി. ചിരികൾക്കു ചരിത്രമാകാൻ എന്റെ ചാരത്തു വരുമോ ചിത്രലേഖെ എന്ന് ചോദിക്കണമെന്ന് ഉറപ്പിച്ചു പലതവണ വഴി വക്കിൽ കാത്തു നിന്നു. അവൾ അടുത്തെത്തുമ്പോൾ ചിരിയല്ലാത്തതൊന്നും വരാതെയായി,എന്നാൽ പിന്നെ കത്തെഴുതാം, വൈകിട്ട് ഉറക്കം ഒളിച്ചിരുന്ന് അറിയാവുന്ന പൈങ്കിളി സാഹിത്യം കടലാസിലേയ്ക്ക് ചാലിച്ചു ചാർത്തിയൊരു പ്രേമലേഖനം എഴുതി ചിരിച്ചെന്നെ മയക്കിയ മിടുക്കി പെണ്ണേ, ജീവിത കാലം മുഴവൻ നിന്നെ ചിരിപ്പിക്കാൻ ഞാൻ ഒരുക്കമാണ് അതെ, ആകാശം ഭൂമിയെ നോക്കുന്ന പോലെ കര കടലിനെ നോക്കുന്ന പോലെ, പൌലോസ് അപ്പോസ്തലാൻ കൊറിന്ത്യോസുകാരെ നോക്കിയത് പോലെ നിന്നെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം ഐ ലവ് യു. ജീവിതത്തിലെ ആദ്യത്തെ കലാസൃഷ്ടിയുമായി മാമരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ ഞാൻ സ്ഥിരം വഴി വക്കിൽ കാത്തു നിന്നു. പതിവ് ചിരിയിൽ നിന്നും വിഭിന്നമായി എന്റെ കൈയ്യിലെ തുണ്ട് കടലാസും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്ധാളിചെങ്കിലും അവളതു വാങ്ങി. അവൾക്കെന്നോട് പ്രണയമാണെന്ന്  എനിക്കറിയാമായിരുന്നു ഞാൻ പറയാതിരുന്നത് കൊണ്ട് മാത്രം പുഷ്പിക്കാതിരുന്ന പ്രണയം, ഇന്നതിൽ മൊട്ടു വന്നിരിക്കുന്നു നാളെ അവൾ മറുപടി തരും.  പിന്നങ്ങോട്ട് മരം ചുറ്റി പ്രേമത്തിന്റെ ആരും കാണാത്ത അതി ഭീകരമായ അവസ്ഥാന്തരങ്ങളിലെയ്ക്ക് ഞങ്ങളുടെ പ്രേമം വഴിമാറും ആലോചിച്ചു ആലോചിച്ചു ഉറങ്ങാതെ നേരം വെളുപ്പിച്ചു.

പതിവ് സമയമായി അവൾ നടന്നു വരുന്നത് ഹൃദയമിടിപ്പോടെ നോക്കി ഞാൻ നിൽക്കുകയാണ് അവളുടെ മുഖത്തു ചിരിയില്ല കനത്ത ഗൌരവഭാവം . എന്റെ പതിവ് ചിരി അശ്ച്ചര്യത്തിനു വഴിമാറി. സംഗതി പാളിയോ കത്ത് വായിച്ചോ ഞാൻ അടുക്കെ ചെന്ന് പതിയെ ചോദിച്ചു മറുപടി ?മുഖമടച്ചൊരു അടിയായിരുന്നു അവളുടെ മറുപടി വളയിട്ട കൈ കൊണ്ടുള്ള അടിയാണ് ഒരു സുഖമൊക്കെയുണ്ട് എന്നാലും പിന്നെന്തിനാണവൾ ദിവസവും എന്നെ നോക്കി ചിരിച്ചത്. ഹൃദയം പാണ്ടി ലോറി കയറിയ തവളയെപോലെ ചതഞ്ഞരഞ്ഞു അപ്പന്റെ  ചിരി സൌഹൃദങ്ങൾ മാത്രമല്ല തല്ലും വാങ്ങി തരുമെന്ന് പഠിച്ചിരിക്കുന്നു. പിന്നെ മഞ്ഞു കൊള്ളാൻ പോയില്ല.

ഇന്നലെ 17 വർഷങ്ങൾക്കു ശേഷം ഞാൻ അവളെ വീണ്ടും കണ്ടു എന്നെ വർഷങ്ങൾക്കു മുൻപ് മോഹിപ്പിച്ച അതെ ചിരിയുമായി ഞാൻ കവിളിൽ ഒന്നു  തലോടി ആദ്യമായും അവസാനമായും തല്ലു കിട്ടിയത് ഇവളിൽ നിന്നാണ്. കയ്യിൽ ഒന്നും താഴെ രണ്ടുമായി മൂന്ന് കുഞ്ഞുങ്ങൾ എനിക്ക് ചിരിക്കണം എന്നുണ്ട് പക്ഷെ പഴയ സ്മരണ എന്റെ ചിരിയെ തടുത്തു അവർ കോലം കേട്ടൊരു പരുവമായിരിക്കുന്നു. നോക്കിലും വാക്കിലും ദൈന്യ ഭാവം അന്ന് എന്നോട് നോ പറഞ്ഞത് വലിയ നഷ്ട്ടമായെന്നുആ മുഖം പറയാതെ പറയുന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവരുടെ മൂത്ത മകൾ ചോദിക്കുന്നു ആരാമ്മേ അത് ? വർഷങ്ങൾക്കു മുൻപ് അമ്മ നഷ്ടപെടുത്തിയ ഒരു ചിരിയായിരുന്നു അയാൾ. അന്ന്  കിട്ടിയ അടിയുടെ വേദനയെക്കാൾ അത് മനസിലുണ്ടാക്കിയ മുറിവ് പെരുംപാമ്പിൻ നെയ്‌ പുരട്ടിയ പോലെ ഉണങ്ങിയിരിക്കുന്നു. ചിരി വിണ്ടും തിരിച്ചു വന്നു വൈകിട്ട് കിടക്കും മുൻപ് ഭാര്യയോടാ ചിരിയുടെ കഥ പറഞ്ഞു ഒരു ചിരി പൊട്ടിച്ചിരിയായി   ഞങ്ങളാ ചിരിയിൽ അലിഞ്ഞലിഞ്ഞില്ലാതായി.............................

Sunday, 24 January 2016

വളർത്തു മൃഗങ്ങൾ


ഗഫൂർ സന്തോഷവാനായാണ്‌ അന്ന് ഓഫീസിൽ വന്നത് സാറേ മകളുടെ കല്യാണമാണ് ഒരു രണ്ടാഴ്ച ലീവ് വേണം പാസ്പോർട്ടും. പെട്ടന്നാണ് എല്ലാം റെഡി ആയതു പയ്യൻ ഇവിടെ തന്നെ ഒരു ട്രാവൽ ഏജൻസിയിൽ ഡ്രൈവറാണ്ഇപ്പോൾ ലീവിൽ നാട്ടിലുണ്ട് . എനിക്കത്ഭുതം വന്നു 36 കാരനായ ഗഫൂറിനു കല്യാണ പ്രായമായ മകളോ ? മകൾക്ക് എത്രവയസുണ്ട് ? അത് പതിമൂന്നു കഴിഞ്ഞു സർ പന്ത്രണ്ടാം വയസിൽ ഋതുമതി ആയതാണ് ഞങ്ങൾ ഒരു കൊല്ലം താമസിച്ചു സാധാരണ പാക്കിസ്ഥാനിൽ വയസറിയിച്ചു ആറു മാസത്തിനുള്ളിൽ പെൺകുട്ടികളെ കെട്ടിച്ചയക്കാറാണ് പതിവ്, ഇതവളുടെ കുട്ടിക്കളി ഒക്കെ ഒന്നു കുറയാൻ കാത്തിരുന്നതാണ് ഫലമൊന്നുമുണ്ടായിട്ടല്ല പക്ഷെ അവളുടെ അമ്മയ്ക്കു ഇപ്പോൾ ഒരേ നിർബന്ധം ഞാനും സമ്മതിച്ചു ഒരു ഉത്തരവാദിത്വം കഴിയുമല്ലോ പാസ്പോർട്ട് വാങ്ങി അയാൾ പോയി കല്യാണം നടത്തി തിരിച്ചും വന്നു.

ആറു മാസം കഴിഞ്ഞു തുടർച്ചയായി രണ്ടു ദിവസം പണിക്കു വരാഞ്ഞതിനാലാണ് അയാളെ അന്വേഷിച്ചു ക്യാമ്പിൽ എത്തിയത് . എന്നെ കണ്ടതും അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ,കരഞ്ഞു കലങ്ങിയ മുഖം മറയ്ക്കാനാവാത്ത വിധം അയാളുടെ മനസിനെ പ്രതിഫലിപ്പിച്ചു നിന്നു. എന്താണ് കാര്യം ? നാട്ടിൽ എന്തെങ്കിലും പ്രശ്നം ? എന്റെ ചോദ്യം കേട്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ മകൾ എന്റെ മകൾ അയാൾ ചിറി കോട്ടി വിതുമ്പി. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത സാധുവാണയാൾ അത് കൊണ്ട് തന്നെ ആ കണ്ണുനീരിൽ അയ്യാളുടെ ഹൃദയ നൈർമല്യത്തിന്റെ പനിനീർ സുഗന്ധമുണ്ടായിരുന്നു.

ഇന്നലെ ഞാൻ മരുമകനെ കാണാൻ പോയിരുന്നു അവൻ എന്നെയും മകളെയും വഞ്ചിക്കുകയായിരുന്നു അവനിവിടെ ഒരു ഭാര്യയും മകളുമുണ്ട്. അവന്റെ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറെടുക്കുന്ന എന്റെ മകളോട് ഞാൻ എന്ത് പറയും അയാളുടെ ഏങ്ങലടികൾ ഹൃദയഭിത്തികളെ തകർക്കും പോലെ പ്രതിധ്വനിച്ചു . മരുമകൻ പറയുന്നു നാട്ടിലെ ഭാര്യക്കുള്ള അവകാശങ്ങളിൽ ഒന്നും കുറവ് വരില്ല എന്ന്. അവൻ എല്ലാ മാസവും അവൾക്കും പണം അയച്ചു കൊള്ളാമെന്ന്. വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളവും മുറതെറ്റാതെ കൊടുത്തു വളർത്താനുള്ള അവന്റെ പശു കുട്ടി മാത്രമാണോ എന്റെ പൊന്നുമോൾ ? ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല ആശ്വസിപ്പിക്കാൻ വാക്കുകളും ഒരു പോംവഴിയും നിർദേശിക്കാതെ ഗഫൂറിന്റെ മുറി വിട്ടിറങ്ങുമ്പോഴും അയാളുടെ ആ ചോദ്യം മനസ്സിൽ തികട്ടി വന്നു "വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളവും കൊടുത്തു വളർത്താനുള്ള വെറും പശുകുട്ടി മാത്രമാണോ എന്റെ പൊന്നു മോൾ "

Sunday, 17 January 2016

എൽ ചാപോയ് ഹൃദയമില്ലത്തവരുടെ രാജാവ് .


ദാവൂദ് ഇബ്രാഹീമും വീരപ്പനും ത്രസിപ്പിച്ച കൌമാരത്തിൽ കേട്ട മറ്റൊരു പേരായിരുന്നു. കുള്ളൻ എന്നർത്ഥം വരുന്ന എൽ ചാപോയ് എന്ന ജോവക്കിൻ ഗുസ്മാൻ  .ലാറ്റിനമേരിക്കയുടെ മരിജുവാന പാടങ്ങളിൽ കൊന്നും കൊലവിളിച്ചും ഇല്ലായ്മയിൽ നിന്നും സിംഹാസനമേറിയ  അഞ്ചടി ആറിഞ്ചുകാരന്റെ ജീവിത കഥ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു .

ബദിരാഗുവത്തോ  എന്ന മെക്സിക്കൻ അപരിഷ്കൃത ഉൾനാടൻ ഗ്രാമത്തിൽ പട്ടിണിയുടെ കൂട്ടുകാരനായ അപഥ സഞ്ചാരിയുടെ മകനായാണ്‌ ഗുസ്മാൻ ജനിക്കുന്നത്. വിശപ്പിന്റെ വിലയറിഞ്ഞ ബാല്യം അമ്മ മകനെ നെഞ്ചോടടക്കി ഒന്നേ പറയുമായിരുന്നുള്ളൂ മകനെ ഒരിക്കലും നീ വലുതാകുമ്പോൾ നിന്റെ അപ്പനെപ്പോലെ മയക്കു മരുന്നിനടിമായായി ജീവിതം തുലയ്ക്കരുത്.അമ്മയുടെ മരണത്തോടെ കൌമാരക്കാരനായ ഗുസ്മാൻ അമ്മ അരുതെന്ന് വിലക്കിയ മരിജുവാന പാടത്തു എത്തിപെടുന്നതോടെ ഗുസ്മാൻ എന്ന അപകർഷതാ ബോധമുള്ള ബാലന്റെ തലയിലെഴുത്തു തന്നെ മാറുകയായിരുന്നു. അപ്പൻ ലഹരിക്ക്‌ വേണ്ടിയാണ് മരിജുവാന പാടങ്ങളിൽ അലഞ്ഞിരുന്നതെങ്കിൽ കൊച്ചു ഗുസ്മാന് ജീവിതം കരുപ്പിടുപ്പിക്കുന്നതിനുള്ള വഴിയായിരുന്നു മയക്കു മരുന്നിന്റെ മായിക ലോകം. കൊച്ചു പാടത്ത് ആരും കാണാതെ മരിജുവാന നട്ടു വളർത്തിയിരുന്ന  അപ്പൻ മകന് കൊടുത്ത ഉപദേശം ഒന്നുമാത്രമായിരുന്നു ആകാശം ഇടിഞ്ഞു തലയിൽ വീണാലും ആരെയും പേടിക്കാതിരിക്കുക.

എഴുപതുകളുടെ അവസാനം നിലവിലെ മയക്കു മരുന്ന് രാജാവായ ഫെലിക്സ് ഗല്ലർദൊയുമായി കൂടി ചേരുന്നതോടെയാണ് ഗുസ്മാൻ എന്ന എൽ ചപോയുടെ ജിവിതം മാറി മറിയുന്നത്. പൊടി മീശ മുളച്ചു തുടങ്ങുന്ന പയ്യൻ സിനോള എന്ന തന്റെ കൊച്ചു നഗരത്തിന്റെ കോണിലിരുന്നു കൊണ്ട് വടക്ക് കിഴക്കൻ മെക്സിക്കൊയിലെ മുഴുവൻ വ്യാപാരവും നിയന്ത്രിക്കുന്ന ഡോൺ ആയി വളരുകയായിരുന്നു. 1985 ൽ അമേരിക്കൻ മയക്കു മരുന്ന് വ്യാപന നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൊലപാതകത്തെ തുടർന്നു ഗല്ലർദൊ അറസ്റ്റിലായതോടെ മെക്സിക്കൻ മയക്കു മരുന്ന് ലോബിയുടെ പൂർണ അധികാരം ഗുസ്മാന്റെ കൈയ്യിലായി.

ലാറ്റിനമേരിക്കയും അമേരിക്കൻ ഉപഭൂഖണ്ഡം മുഴുവനും ഗുസ്മാൻ എന്ന ചാപോയ് ചുരുങ്ങിയ കാലം കൊണ്ട് തന്റെ വ്യവസായ അധീനതയിലാക്കി അമേരിക്കൻ മെക്സിക്കൻ അതിർത്തിയിൽ ശീതീകരിച്ച ഭൂഗർഭ അറകളിലൂടെയും കുരുമുളക് പൊടിയെന്നു ആലേഖനം ചെയ്ത കുപ്പികളിലും ഒക്കെയായി അമേരിക്കൻ മാർക്കറ്റുകളിൽ കൊക്കൈനും മരിജുവാനയും ഹെരോയിനും നിർബാധം ഒഴുകപെട്ടു. പണം ,പണം, സർവത്ര പണം വന്നു ഗുസ്മാനെ മൂടി.അഞ്ചു വൻ കരകളിലെയ്ക്കും നീളുന്ന വ്യാപാര സാമ്രജത്തിന്റെ കിരീടം വെയ്ക്കാത്ത രാജാവായി ഗുസ്മാൻ വാഴ്ത്തപെട്ടു. എതിർക്കാൻ കെൽപ്പുള്ളവരെയെല്ലാം അരിഞ്ഞു വീഴ്ത്താൻ പാകത്തിൽ ആളും ആയുധവും ഗുസ്മാൻ ശേഖരിച്ചു. സമാന്തര സേന പോലൊരു ഗ്യാങ്ങ് എപ്പോഴും ഗുസ്മാനും അദ്ധേഹത്തിന്റെ വ്യാപാരത്തിനും കാവൽ നിന്നു. ചതിയന്മാരും ഒറ്റുകാരുമായവരുമായും    സർക്കാർ സൈനീകരും പലവുരു ഗുസ്മാന്റെ സേനയുമായി തെരുവിൽ  ഏറ്റു മുട്ടി. ലോസ് റ്റെക്സസ് എന്നും ലോസ് ലോബോസ് എന്നും ലോസ് നീഗ്രൊസ് എന്നും പല പേരുകളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഗുസ്മാന്റെ സാമ്രാജ്യം സംരക്ഷിക്കാൻ ചാവെറുകൾ ഉണ്ടായി. ആയിരത്തിലധികം പേർ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിലായി ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.

1993 ൽ ഗ്വാട്ടിമാലയിൽ വെച്ച് ഗുസ്മാൻ അറസ്റ്റിലായി മെക്സിക്കോയിലേയ്ക്കു നാട് കടത്തപ്പെട്ടു മെക്സിക്കൻ സർക്കാർ ഗുസ്മാനെ 20 കൊല്ലത്തെ കഠിന തടവിനു ശിക്ഷിച്ചു. ജയിലിനുള്ളിലും ഗുസ്മാൻ രാജാവായി വാണു ചുറ്റിലും നിറയുന്ന പണമെറിഞ്ഞു അധികാരവും അധികാര സ്ഥാനങ്ങളും ഉദ്യോഗസ്ഥരെയും അയാൾ വിലയ്ക്ക് വാങ്ങി. മുപ്പതോളം ഗ്രാമങ്ങളുടെ സംരക്ഷകനും ഗ്രാമീണരുടെ കൺ കണ്ട ദൈവമുമായി അയാൾ ജനങ്ങളെ വൈകാരികമായി തന്നിലേയ്ക്കു  അടുപ്പിക്കുന്നതിൽ വിജയിച്ചു . 2001 ൽ മെക്സിക്കൻ ജയിലിൽ ഡ്യുട്ടിയിലുണ്ടായിരുന്ന 71 ജീവനക്കാരെയും അവരുടെ ആയുഷ്ക്കാലം ജോലി ചെയ്‌താൽ കിട്ടുന്നതിന്റെ ഇരട്ടി തുക കോഴ നൽകി കൊണ്ട് ഗുസ്മാൻ ജയിൽ ചാടി , ലോണ്ട്രി വണ്ടിയിൽ കയറി രക്ഷപെട്ടു എന്നതായിരുന്നു  ഔദ്യോഗിക ഭാഷ്യം എങ്കിലും ജയിൽ ചുമതലയിൽ ഉണ്ടായിരുന്ന സുപ്രണ്ട് തന്റെ സ്വന്തം വാഹനത്തിൽ  അദ്ധേഹത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു എന്നതാണ് വാസ്തവം.

ഗുസ്മാൻ ജയിൽ ചാടുമ്പോൾ ഡ്യുട്ടിയിലുണ്ടായിരുന്ന 71 പേരും ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഗുസ്മാന്റെ തലയ്ക്കു  മെക്സിക്കൻ സർക്കാർ 60 മില്ല്യൻ പെസോയും അമേരിക്കൻ സർക്കാർ 5 മില്ല്യൻ ഡോളറും വിലയിട്ടു കാത്തിരുന്നു. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 701 മനായി ഗുസ്മാൻ കളം നിറഞ്ഞു കളിച്ചു. മെക്സിക്കൻ പോലീസും എഫ് ബി  ഐ യും ഇന്റർപോളും വല വിരിച്ചു കാത്തിരുന്നിട്ടും തന്റെ ഗ്രാമങ്ങളുടെ സംരക്ഷകനും അവരിലൊരാളുമായി ഗുസ്മാൻ തന്റെ രഹസ്യ ജീവിതം പരസ്യമായി ആഘോഷിച്ചു. അമേരിക്കയും ലോകവും തേടി നടന്ന കൊടും കുറ്റവാളി വിവാഹം കഴിച്ചും പരസ്യ സൽക്കാരങ്ങൾ നടത്തിയും ഉദ്യോഗസ്ഥന്മാരെ പണമെറിഞ്ഞു വീഴ്ത്തി പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന സത്യം ലോകത്തിനു  കാണിച്ചു കൊടുത്തു.

2014 ഫെബ്രുവരിയിൽ ഗുസ്മാൻ വീണ്ടും അറസ്റ്റിലായി മെക്സിക്കോ സുരക്ഷിതമല്ലെന്നും അമേരിക്കയ്ക്ക് ഗുസ്മാനെ കൈമാറണമെന്നുമുള്ള അപേക്ഷകളെ തള്ളി മേക്സികൻ പ്രസിഡന്റ്‌ എന്റിക് പെനെറ്റോ ഇങ്ങനെ പറഞ്ഞു. ഇനിയും ഞങ്ങൾക്കിയാളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലയെങ്കിൽ അത് അക്ഷന്തവ്യമായ തെറ്റായി രാജ്യത്തിനു തന്നെ നാണക്കെടായിമാറും. എന്ത് തന്നെ ആയാലും പ്രസിഡന്റ്‌ പറഞ്ഞു 16 മാസം പൂർത്തിയാക്കുന്നതിനു  മുൻപ് ഹോളിവൂഡ് സിനിമകളെ വെല്ലുന്ന രീതിയിൽ പണിതീരാത്ത ഒരു വീട്ടിൽ നിന്നും തടവിൽ പാർപ്പിച്ചിരുന്ന സെല്ലിന് കീഴെ വരെയെത്തുന്ന ഒരു തുരങ്കം നിർമ്മിച്ച്‌ 30 അടി നീളമുള്ള ഏണി വെച്ച് അതിലെയ്ക്കിറങ്ങി അതി സാഹസികമായി വീണ്ടും ഗുസ്മാൻ ജയിൽ ചാടി.

രാജ്യവും അതിന്റെ ഭരണാധികാരികളും ലോകത്തിന്റെ മുന്നിൽ ചെറുതായിരിക്കുന്നു കേവലം ഒരു ക്രിമിനലിനെ സൂക്ഷിക്കാൻ കഴിയാത്ത ഭരണകൂടം ജനത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യമുയർന്നു. മെക്സിക്കോയുടെ മുക്കിലും മൂലയിലും ഗുസ്മാനെ തേടി സൈന്യം ഇരച്ചു കയറി പല തവണ പല ജീവനുകൾ തെരുവിൽ വെടിയേറ്റ്‌ പിടഞ്ഞു, 2015 ഒക്ടോബറിൽ സൈന്യം ഗുസ്മാനെ വലയിലാക്കി എന്നുറപ്പിച്ച ഒരു ഓപറേഷൻ നടത്തി മുഖത്തും കൈ കാലുകളിലും പരുക്കേറ്റ ഗുസ്മാൻ മെക്സിക്കൻ സൈന്യത്തെ കബളിപ്പിച്ചു അതി വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപെട്ടു. ഹോളിവൂഡ് തിരക്കഥയെ വെല്ലുന്ന തന്റെ ജീവിതം വെള്ളിത്തിരയിൽ കാണാൻ ലോകം കണ്ട എക്കാലത്തെയും മികച്ച ഡോണിന് ഒരു പൂതി അമേരിക്കൻ നടന സീൻ പെന്നുമായുള്ള രഹസ്യ കൂടി കാഴ്ചയിൽ അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കാത്തിരിക്കുകയായിരുന്നു ഗുസ്മാൻ.



വൃണിത ഹൃദയരായി കാത്തിരിക്കുകയായിരുന്നു മെക്സിക്കൻ സൈന്യവും പ്രസിഡന്റും വലക്കണ്ണികൾ മുറുക്കി പോലീസിന്റെയും സൈന്യത്തിന്റെയും ചാരന്മാർ ഗുസ്മാന്റെ വളർത്തു ഗ്രാമങ്ങളിൽ കഴുകൻ  കണ്ണുകളുമായി അലഞ്ഞു നടന്നു. 206 ജനുവരി പുതുവർഷ ആഘോഷത്തിന്റെ ലഹരിയിൽ ലോസ് മോഷിസ് നഗരം ഒരു ഏറ്റു മുട്ടലിനു സാക്ഷിയാവുകയായിരുന്നു. തോറ്റു കൊടുക്കാൻ ഭാവമില്ലാതിരുന്ന സൈന്യം നാല് ദിവസത്തെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഗുസ്മാനെ ജീവനോടെ പിടികൂടി.
വൃണിത ഹൃദയരായി കാത്തിരിക്കുകയായിരുന്നു മെക്സിക്കൻ സൈന്യവും പ്രസിഡന്റും വലക്കണ്ണികൾ മുറുക്കി പോലീസിന്റെയും സൈന്യത്തിന്റെയും ചാരന്മാർ ഗുസ്മാന്റെ വളർത്തു ഗ്രാമങ്ങളിൽ കഴുകൻ  കണ്ണുകളുമായി അലഞ്ഞു നടന്നു. 2016 ജനുവരി പുതുവർഷ ആഘോഷത്തിന്റെ ലഹരിയിൽ ലോസ് മോഷിസ് നഗരം ഒരു ഏറ്റു മുട്ടലിനു സാക്ഷിയാവുകയായിരുന്നു. തോറ്റു കൊടുക്കാൻ ഭാവമില്ലാതിരുന്ന സൈന്യം നാല് ദിവസത്തെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഗുസ്മാനെ ജീവനോടെ പിടികൂടി.


പ്രസിഡന്റ്‌ എൻ റിക്ക് പെനേറ്റ ട്വിട്ടെരിൽ ഇങ്ങനെ കുറിച്ചു, ഞങ്ങൾ നേടിയിരിക്കുന്നു ഇനിയൊരിക്കലും രക്ഷപെടാൻ കഴിയാത്തവിധം ഗുസ്മാൻ ഞങ്ങളുടെ ഇരുമ്പു കരങ്ങളിൽ അടയ്ക്കപെട്ടിരിക്കുന്നു. പണത്തിനും പരിതോഷികങ്ങൾക്കും മുന്നിൽ വളയുന്ന ഉദ്യോഗസ്ഥരും അധികാര സ്ഥാനങ്ങളും  ഉള്ളിടത്തോളം ഗുസ്മാൻ ഇനിയും ജയിൽ ചാടിയെക്കാം കാത്തിരുന്നു കാണുക മെക്സിക്കൊയോടൊപ്പം നമുക്കും  കാത്തിരിക്കാം .


Saturday, 16 January 2016

ഓപറേഷൻ ബ്ലു സ്റ്റാർ


സുഹൃത്തായ മൽകീത് സിങ്ങുമായി സംസാരിക്കുന്നതിനിടയിൽ എപ്പോഴോ ഇന്ദിരാ ഗാന്ധിയുടെ വധം കടന്നു വന്നു. നല്ലൊരു ഭരണാധികാരിയായിരുന്ന അവരെ നിങ്ങൾ പഞ്ചാബികൾ എന്തിനാണ് കൊന്നത് എന്ന എന്റെ ചോദ്യത്തിന് എന്നെ അൽഭുതപെടുത്തുന്ന മറുപടിയാണ് സർദാർജി നൽകിയത്. അത് വരെ മൃദു ഭാഷിയായിരുന്ന മൽകീത് പഞാബിയിൽ ആക്രോശിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു അവർ കൊല്ലപെടുകയല്ല അതിലും വലുത് എന്തെങ്കിലും ശിക്ഷ ലഭിക്കാൻ ഉണ്ടായിരുന്നെങ്കിൽ അതിനാണ് വിധേയമാക്കപ്പെടെണ്ടിയിരുന്നത് , അത്രമേൽ ഞങ്ങൾ പഞ്ചാബികൾ ആ സ്ത്രീയെ വെറുത്തിരുന്നു. കൂടുതൽ സംസാരിച്ചപ്പോഴാണ് സർദാർജി ഇന്ദിരയെന്ന വൻമരം വീണപ്പോൾ അതിനടിയിൽ പെട്ട് പോയ പാവം സർദാർജി ആണെന്ന് മനസിലായത്. സർദാർജി ഇട്ടിരുന്ന ഷർട്ടിന്റെ കോളർ താഴേയ്ക്ക് താഴ്ത്തി കഴുത്തിന്‌ താഴെ ഇടത്തെ ചുമലിലായി അര മീറ്ററോളം താഴേക്ക്‌ ഒരു മുറിവുണങ്ങിയ പാട് കാണിച്ചു കൊണ്ട് തുടർന്നു, ഡൽഹിയിൽ ആ കറുത്ത ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഇരച്ചു കയറിയ കലാപകാരികൾ ആറു വയസുള്ള മകനും ഭാര്യക്കും മുൻപിലിട്ടാണ് എന്നെ വെട്ടിയത് ചത്തെന്നു തോന്നിയതിനാലാവാം അവർ ഉപേക്ഷിച്ചു പോയി. അജാനാബാഹുവായ സർദാർജിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കുടു കുടാ ഒഴുകുന്നു എനിക്ക് സങ്കടം തോന്നി ഓരോരുത്തർക്കും ഉണ്ടാവും ഓരോ സങ്കടങ്ങൾ. ചോടിയെ പാജി ,ഞാൻ സമാധാനിപ്പിച്ചു, അങ്ങയുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ? അവൻ പൈലറ്റാണ് എയർ ഇന്ത്യയിൽ , ഒരു വാൾ എന്റെ ഉള്ളിലൂടെ കടന്നു പോയി ,അപ്പനെ കണ്‍ മുന്നിലിട്ട് വെട്ടിയതു കണ്ടു വളർന്ന ബാലനായിരുന്നിരിക്കാം എന്റെയും പല ആകാശ യാത്രയുടെയും അമരക്കാരൻ. 43100 അടി ആൾറ്റിട്ടുഡിൽ വിമാനം പറത്തുമ്പോൾ സർദാർജിയുടെ ഓർമ്മകൾ പിന്നിലോട്ടു സഞ്ചരിച്ചാൽ ??? വിശ്വാസം അതല്ലേ എല്ലാം ........

ജീവിച്ചിരിക്കുന്ന നൌഷാദ്‌

സ്കൂളിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു അനിൽ, ഒരു ദിവസം ഓടി കളിക്കുന്നതിനിടയിൽ എവിടെയോ മറിഞ്ഞു വീണു എന്റെ പിൻ കാലിൽ വലിയ മുറിവ് പറ്റി ഉച്ച സമയമായതു കൊണ്ട് ചോര ദയാ ദാഷിണ്യമേതുമേ ഒഴുകുകയാണ് ,അനിൽ ഓടിയെത്തി അവൻ ഇട്ടിരുന്നവെളുത്ത കളറുള്ള യുണിഫോം ഷർട്ടു വലിച്ചു കീറി എന്റെ കാലിൽ കെട്ടി വേഗം ഓടി പോയി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് കുടിപ്പിച്ചു. ചോര നിന്നു കീറിയ ഷർട്ടുമായി അവൻ വീട്ടിൽ പോയി പിറ്റേന്ന് വന്ന അവന്റെ വെളുത്ത ഷർട്ടിൽ ഒരു പഴംതുണി കണ്ടം തയ്ച്ചു പിടിപ്പിചിട്ടുണ്ടായിരുന്നു സ്കൂളിലെ ഏറ്റവും ദരിദ്രരായ വിദ്യാർത്ഥികളിൽ ചിലരായിരുന്നു അനിലും ഞാനും സ്കൂൾ തുറന്നപ്പോൾ ധർമ്മം കിട്ടിയ ഒരേ ഒരു യുണി ഫോം ആണ് മുൻ പിൻ നോക്കാതെ അവൻ വലിച്ചു കീറി എന്റെ കാലിൽ കെട്ടി ചോര ഒഴുക്ക് നിർത്തിയത്. ആ വർഷം മുഴുവൻ ആ കണ്ടം വെച്ച ഷർട്ടുമായി അവൻ പഠിക്കാൻ വന്നു. ഒരു ദിവസം സ്വകാര്യത്തിൽ ഞാൻ അവനോടു ചോദിച്ചു ഷർട്ടു കീറിയതിനു വീട്ടിൽ അച്ഛൻ നിന്നെ വഴക്ക് പറഞ്ഞില്ലേ ? പറഞ്ഞു പക്ഷെ കാര്യം അറിഞ്ഞപ്പോൾ അച്ഛൻ എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത് . നല്ല പാഠങ്ങൾ കുടുംബത്തിൽ നിന്നാണ് പഠിക്കുന്നത് ഇന്ന് കോഴിക്കോട് ഒരു പരിചയവും ഇല്ലാത്ത രണ്ടു ആന്ധ്രാകാരെ രക്ഷിക്കാൻ സെപ്റ്റിക്ക് ടാങ്കിൽ ഇറങ്ങി മരണം വരിച്ച നൌഷാദ് എന്ന ഓട്ടോ ഡ്രൈവറെ വായിച്ചപ്പോൾ ഞാൻ വെറുതെ അനിലിനെയോർത്തു.

നൊമ്പരപ്പൂവ്

കടുത്ത ദീനി ബോധമുള്ള ആളായിരുന്നു ഷഫീഖ് , വിശ്വാസങ്ങളിൽ നിന്നും കടുകിട ചലിക്കാത്ത അത്ര യഥാസ്ഥിതികൻ തുമ്പപൂ പോലെ നിർമ്മലമായ ഹൃദയമുള്ള സ്വാതികൻ പക്ഷെ അയാളൊരു അന്തർ മുഖനായിരുന്നു അധികം ആരോടും അടുക്കാത്ത അടുത്താൽ പിരിയാത്ത കൂട്ടുകാരൻ. ഷഫീഖിൽ നിന്നും പ്രചോദിതനായി റമദാൻ മാസങ്ങളിൽ ലൈലത്തുൽ ഖദർ മുതലുള്ള ദിവസങ്ങളിൽ ഞാനും നോമ്പ് എടുത്തു തുടങ്ങി. നന്മയല്ലാതെ ഒന്നും ഞാൻ അയാളിൽ നിന്നും കേട്ടില്ല കണ്ടില്ല . രണ്ടു കൊല്ലം കഴിഞ്ഞൊരു ചെറിയ പെരുനാളിനായി റമദാൻ തുടങ്ങും മുൻപ് അയാൾ ലീവിന് പോയി ഷഫീഖ് ഇല്ലങ്കിലും അയാൾ പകര്ന്നു നൽകിയ നോമ്പ് അയാളുടെ അസാനിധ്യത്തിലും തുടരാൻ ഞാൻ ഉറപ്പിച്ചു . നോമ്പ് തീരാറായി ചെറിയ പെരുനാളിനു തലേ നാൾ രാവിലെ നാട്ടിൽ നിന്നും തോമസ്‌ വിളിച്ചു, അയാൾ വലിയ വായിൽ കരയുകയാണ് നമ്മുടെ ഷഫീഖ് പോയി !!!! ഒരു നിമിഷം എന്റെ ഞരമ്പുകളിലൂടെ രക്തം പ്രകാശ വേഗത്തിൽ പമ്പ് ചെയ്യുന്നത് പോലെ ,കനത്ത നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് തോമസിന്റെ ഏങ്ങലടികൾ എന്റെ കർണ പുടങ്ങളിൽ മുഴുകി . അതൊരു ആത്മഹത്യയായിരുന്നു ഏതോ നഷ്ട്ട പ്രണയത്തിന്റെ വിങ്ങലുകൾ ആ അന്തർമുഖനെ കീഴ്പെടുത്തിയ ദുർബല നിമിഷത്തിൽ സംഭവിച്ചത് , എങ്കിലും ഷഫീഖിനെ പോലൊരു വിശ്വാസി റമദാനിൽ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്നു ഞങ്ങൾക്ക് വിശ്വസിക്കാൻ ആവുമായിരുന്നില്ല . പിന്നീട് ഒരു റമദാൻ പോലും അവനെ ഓർക്കാതെ കടന്നു പോയിട്ടില്ല. നവംബറിന്റെ അവസാന നാളുകളിയായിരുന്നു അവൻ ആ ബുദ്ധി ശൂന്യത കാട്ടിയത്. ഒരു നിമിഷം അവൻ അവന്റെ വിശ്വാസത്തെ ഉപേക്ഷിക്കാതിരുന്നെങ്കിൽ നന്മയുടെ സുഗന്ധം പരത്തുന്ന പൂവായി ഞങ്ങൾക്കിടയിൽ
ഇന്നുമുണ്ടായേനെ .........................

സെൽഫിക്കഥ


പുറത്തേയ്ക്കിറങ്ങിയപ്പോൾ കാറിനടുത്ത് കറുത്ത പൊക്കം കുറഞ്ഞ ഒരാൾ നിന്നും പരുങ്ങുന്നു ,
ക്യാ ചാഹിയെ ? എന്റെ ചോദ്യം കേട്ടതും വെടി ശബ്ദം കേട്ട ഓട്ടക്കാരനെപ്പോലെ അയാൾ ഒറ്റ ഓട്ടം ,ഞാനും പിന്നാലെ പാഞ്ഞു ഒരു വളവിലിട്ടു പിടിച്ചതും അയാൾ കാലിൽ വീണു.
അണ്ണാ നാൻ യെന്ത തപ്പുമേ പണ്ണില്ലെ.
പിന്നെയന്തിനാണ് നീ ഓടിയത് ?
അത് വന്ത് അത് വന്ത് ഞാൻ കാറുക്ക്പക്കം നിന്ന് സെൽഫിയെടുത്തപ്പോൾ ..
സെൽഫിയെടുത്തപ്പോൾ ????
അന്ത കാറുടെ റൈറ്റ് സൈഡ് മിറർ ഒടിഞ്ഞു പോച്ച് ! അണ്ണാ നാൻ ഇന്ത നാട്ടുക്ക് പുതുസ് നീങ്ക പോലീസേ കുപ്പിടരുത് അതുക്കു ഏവളാ പൈസയാനേലും നാൻ തരാം .
പേഴ്സ് തുറന്നു അതിലാകെയുണ്ടായിരുന്ന നൂറിന്റെ നോട്ട് എന്റെ നേരെ നീട്ടി , കാശ് വാങ്ങാൻ കൂട്ടാക്കാതെ ഞാൻ അയാളുമായി കാറിനു അടുത്തെത്തി മിറർ ചെക്ക് ചെയ്തു . പാവം ചാരി നിന്നപ്പോൾ അത് മടങ്ങി അകത്തെയ്ക്കിരുന്നു അത് കണ്ടിട്ടാണയാൾ ഒടിഞ്ഞു പോയെന്നു തെറ്റിദ്ധരിച്ചത്. റോൾസ് റോയ്സും ,ഓഡിയും ഹമ്മറും ബെൻസും തേരാ പാരാ ചീറിപായുന്ന നാട്ടിൽ എന്റെ 2007 മോഡൽ യാരിസ് എന്ന ശകടത്തിനോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാനുള്ള അവന്റെ ആഗ്രഹം എന്നെ രോമാഞ്ച പുളകിതനാക്കി. കാറ് തുറന്നു ഡ്രൈവർ സീറ്റിൽ അവനെ ഇരുത്തി തലങ്ങും വിലങ്ങും ഫോട്ടോ എടുക്കാൻ അവസരം കൊടുത്തു. വില്ലിവാക്കത്തുള്ള കടൈമുടിനാഥൻ എന്ന് പേരായ ചെറുപ്പക്കാരാ നിന്റെ പേരും നിന്റെ മുഖവും ഞാൻ ഒരിക്കലും മറക്കില്ല കാരണം നീയാ സെൽഫിയെടുത്തത്തു എന്റെ ഹൃദയത്തിൽ ചാരി നിന്നാണ് .

കണ്മണിയെ കാക്കുന്നവർ

ആലപ്പുഴ ചങ്ങനാശ്ശേരി യാത്ര തുടങ്ങാൻ കാത്തിരിക്കുന്നു സീറ്റുകൾ ഏകദേശം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞതും കാഴ്ചയിൽ ആരെയും ആകര്ഷിക്കുന്ന വസ്ത്രങ്ങളണിഞ്ഞ സുന്ദരിയായ യുവതിയും അവരുടെ കെട്ടിയോനും കൂടി ബസിൽ കയറി മോസ്കിനോയുടെ വിലകൂടിയ വെളുത്ത ഷർട്ടണിഞ അയാൾ കാലുകൾ നിലത്തുറയ്ക്കാത്തക്ക വിധം മദ്യപിച്ചിരുന്നു തത്തന്നം തെയ്യന്നം ദിശാ ബോധമില്ലാത്ത അയാളുടെ നിയന്ത്രണം അയാളുടെ ഭാര്യയുടെ കയ്യിലായിരുന്നു അപമാനഭാരത്താൽ അവരുടെ മുഖം മ്ലാനവും മറ്റുള്ളവർക്ക് വെളിപ്പെടുത്താത്ത വിധം അലക്ഷ്യവും ആയിരുന്നു .കമ്പിയിൽ തൂങ്ങി അയാൾക്ക്‌ നിൽക്കാൻ കഴിയില്ലന്നുറപ്പിച്ച കണ്ടക്റ്റർ ഞങ്ങൾക്ക് അരികിലായിരുന്ന രണ്ടു ചെറുപ്പക്കാരെ എഴുന്നേൽപ്പിച്ചു ദമ്പതികൾക്ക് ഇരിപ്പിടം നൽ കി.എന്റെ കുഞ്ഞുങ്ങളെ കണ്ടതും ആ സ്ത്രീ കരയാൻ തുടങ്ങി ഏറ്റവും ഇളയവളെ തോളിൽ എടുത്തു കളിപ്പിക്കാൻ തുടങ്ങീ കൂട്ടത്തിൽ മദ്യപൻ ഭർത്താവും കോക്രി കാട്ടിയും മീശ പിരിച്ചും നിമിഷങ്ങൾ കൊണ്ട് കുട്ടികളുടെയും ഞങ്ങളുടെയും ചങ്ങാതികളായി .മിത ഭാഷിയായ എന്റെ സഹധർമിണിയോട് സംസാരം ആരംഭിച്ചത് മുതൽ അവർ ഒരേ ഒഴുക്കോടെ ഭംഗിയായി സംസാരിച്ചു കൊണ്ടേ ഇരുന്നു . തിരുവല്ലായിലെ ഏതോ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയിട്ട് വരികയായിരുന്നു അവർ വിവാഹം കഴിഞ്ഞിട്ട് 13 കൊല്ലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണവർ 75 ഏക്കര് റബർ തോട്ടം അനന്തരാവകശികളില്ലാതെ അന്വാധീനപ്പെട്ടു പോകാതിരിക്കാൻ അവർക്കൊരു കുഞ്ഞു വേണം. സ്നേഹിക്കാനും സ്‌നേഹം പങ്കിടാനും ആളില്ലാതെ ലോകം അവർക്കു വിരസമായി തുടങ്ങിയിരിക്കുന്നു .അര മണിക്കൂർ യാത്രയിൽ ഒരായുസിന്റെ കഥ പങ്കു വെയ്ക്കപെട്ടിരിക്കുന്നു. അയാളൊരു മദ്യപാനിയെ അല്ല എന്നാൽ തിരുവല്ലായ്ക്ക്‌ പോയി വരുമ്പോൾ മാത്രം ഒന്നോ രണ്ടോ അത് മതി അയാൾക്ക്‌ ഫിറ്റാകാൻ അത് കൊണ്ട് തന്നെ സ്വന്തം വണ്ടി ഷെഡിൽ ഇട്ടിട്ടു ഈ ആന വണ്ടിയിലെ യാത്രാ.ചങ്ങനാശ്ശേരി എത്തി ഞങ്ങൾ പുറത്തിറങ്ങി അയാൾ ഭാര്യയെ ഞങ്ങളെ ഏൽപ്പിച്ചിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞു മുന്നോട്ടു നടന്നു,എന്റെ ഇളയ മകളെ ഒക്കത്ത് വെച്ച് കൊണ്ടാ സ്ത്രീ സംസാരം തുടരുകയാണ്‌ ,അയാൾ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞിരിക്കുന്നു എനിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു എങ്കിലും സ്ത്രീകളുടെ സംസാരം തടസപ്പെടുത്താതെ ഞാൻ ദൂരെ മാറി നിന്നു.അൽപസമയം കഴിഞ്ഞതും നടന്നു പോയ ആൾ ഒരു ഓട്ടോയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി ഓട്ടോ നിറയെ കിറ്റുകൾ മധുര പലഹാരങ്ങളും പാവകളും തുടങ്ങി ഒരു കട തുടങ്ങാനുള്ള സദനങ്ങൾ ഉണ്ട് അലീനാ ,അപ്പൂ ,അംബൂ ഇതെല്ലാം നിങ്ങൾക്ക് അങ്കിളിന്റെ വകയാ കേട്ടോ.ഹൃദയപൂർവ്വം അയാൾ വാങ്ങികൊണ്ട് വന്ന സമ്മാനങ്ങളെ നിരസിക്കുന്നത് അവർക്കു ഹൃദയ വേദനയുണ്ടാകുമെന്നതിനാൽ ഞങ്ങൾ മൌനത്തിന്റെ വേണ്ടിയിരുന്നില്ല എന്നാ ഭാവം കൊണ്ട് മാത്രം നീരസം അറിയിച്ചു .ആ ഓട്ടോയിൽ തന്നെ കയറി ഞങ്ങളുടെ വീട്ടിലേയ്ക്കു തിരിക്കാൻ ഒരുങ്ങി.ഒന്നുകൂടി മൂന്ന് കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് ഉമ്മ വെച്ച ശേഷം എന്റെ ഭാര്യയുടെ കണ്ണിൽ തന്നെ നോക്കി ആ സ്ത്രീ ചോദിച്ചു "ചേച്ചീ ഒരു കൊച്ചിനെ ഞങ്ങൾ കൊണ്ട് പോയി വളർത്തിക്കോട്ടേ" ദുർബല മനസ്ക്കരുടെ കണ്ണുകൾ ജലാശയങ്ങളായി സംഗതി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഞാൻ ഓട്ടോ ഡ്രൈവറോട് മുന്നോട്ടു പോകാൻ ആങ്ങ്യം കാട്ടി വണ്ടി മുന്നോട്ടു ചലിച്ചു ഞങ്ങൾ പോകുന്നത് നോക്കി അവർ നിന്നു .ഓട്ടോ മുന്നോട്ടു നീങ്ങിയിട്ടും എങ്ങലടിക്കുന്ന അമ്മയോട് മകൻ നിഷ്കളങ്കമായി ചോദിച്ചു ആ അന്റിക്കും അങ്കിളിനും കുഞ്ഞുവാവായില്ലാത്ത തിനാണോ അമ്മ കരയുന്നത് ..........

സുനാമി തിരകൾ


അപ്പാ ഇക്കുറിയെങ്കിലും ക്രിസ്തുമസ് അമ്മയോടൊപ്പം ആഘോഷിക്കാൻ എന്നെ അനുവദിക്കുമോ ? പന്ത്രണ്ടുകാരനായ നിശാൻ അമ്മയെ കണ്ടിട്ട് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു. നാല് കൊല്ലം മുൻപൊരു ക്രിസ്തുമസ് നാളിലാണവൻ അവസാനമായി അമ്മയെയും കുഞ്ഞനിയത്തിയെയും വേർപിരിഞ്ഞത് കടോലോര ഗ്രാമമായ ഗാലെയിലെ കൊച്ചു വീട്ടിൽ നിന്നും അപ്പൻ ചാമില മകനെ തോളിലിട്ടു പടിയിറങ്ങുമ്പോൾ ഇനിയൊരു കൂടികാഴ്ച ഇല്ലാന്ന് ഉറപ്പിച്ച മട്ടായിരുന്നു. ചെറിയ അപകർഷതകൾക്കു വലിയ ജീവിതം പണയം നൽകി കൊണ്ടെടുത്ത തീരുമാനത്തിൽ ചാമിലയ്ക്ക് ഖേദമുണ്ടായിട്ടില്ല പക്ഷെ മക്കൾക്കു നഷ്ട്ടപെട്ട കുടുംബത്തിനു ഞങ്ങളുടെ പിടിവാശി കാരണമായല്ലോ എന്നോർത്തപ്പോൾ ഉള്ളിലൊരു വീണ്ടു വിചാരം മകന്റെ നിർബന്ധങ്ങളും കൂടിയായപ്പോൾ ചാമില ഒരു തീരുമാനമെടുത്തു. ഈ ക്രിസ്തുമസ് ഗാലെയിലെ കടലോരത്ത് വീശുന്ന തണുത്ത കാറ്റിനൊപ്പം തങ്ങളുടെ ഗർവിനെയും പിടി വാശിയെയും ഉപേക്ഷിച്ചു പുതിയ ജീവിതം തുടങ്ങുക. കൊളമ്പോ മുതൽ മകൻ ഗാലെയിലെ കടലിനെപറ്റിയും അമ്മയുടെ കൂടെയുണ്ടായിരുന്ന പഴയ ദിനങ്ങളെയും അനിയത്തി സുജീവയുടെ കുസൃതികളെയും പറ്റി പറയാനേ നേരമുണ്ടായിരുന്നു.ഗാലെ പട്ടണം ആഘോഷത്തിന്റെ ശീതളിമയിൽ കുളിച്ചു നിന്നിരുന്നു .ആകാശത്തു പതിവിലേറെ നക്ഷത്രങ്ങൾ ദൈവപുത്രന്റെ ജനന വാർത്ത അറിയിക്കനെന്നവണ്ണം മിഴിതുറന്നു നിന്നിരുന്നു.ദയവതിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻ നാളം വിരിയിച്ചു കൊണ്ട് ചാമിലയും മകനും വന്നിറങ്ങി. ആ ക്രിസ്തുമസ് മറ്റെന്തിനെക്കാളും അമൂല്യമായിരുന്നു അവർക്ക്. നുരഞ്ഞു പൊന്തുന്ന സന്തോഷ തിമിർപ്പിൽ അവർ ദൈവ സുതന്റെ പിറവി ആഘോഷിച്ചു .പിറ്റേന്ന് അവർ വീടിനു പിന്നാമ്പുറമുള്ള കടലിൽ കുട്ടികളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെ അസാധരണമാം വിധം കടൽ അകത്തേയ്ക്ക് പിൻവലിഞ്ഞു. കൌതുകം പൂണ്ട കൊച്ചു നിശാൻ തിരയെ പിടിക്കാനെന്ന വണ്ണം പിറകെ ഓടി ആഹ്ലാദത്തിന്റെ അലയൊലികളെ നിശബ്ധമാക്കി കൊണ്ടൊരു രാക്ഷസ തിരമാല കരയിലേയ്ക്ക് ആഞ്ഞടിച്ചു ദയവതിയുടെ കൊച്ചു കൂരയെയും ഗലേ നഗരത്തെ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള രാക്ഷസ സുനാമി. നിശാനും സുജീവയും ചാമിലയും ദയവതിയും അവരുടെ സ്വപ്നങ്ങളെ കടലിന്റെ ആഴങ്ങളിൽ സമർപ്പിച്ചു മടങ്ങി. ഗലെയിലെ കടലായിരുന്നു കൊച്ചു നിശാനെ അമ്മയിലെയ്ക്ക്‌ തിരികെ അടുപ്പിച്ചതെങ്കിൽ തന്നെ അവരെ മരണത്തിലും പിരിയാനാവാത്ത വിധം ഒന്നിപ്പിച്ചിരിക്കുന്നു .ആ രാക്ഷസ തിരമാലകളുടെ ഓർമ്മയ്ക്ക്‌ നിരപരാധികളുടെ രക്തത്തിന്റെ മണം മാത്രമല്ല ഒരു കൂടിച്ചേരലിന്റെ ആത്മ നിർവ്രുതിയുമുണ്ടായിരുന്നിരിക്കണം

സുന്ദരിയുടെ ചിരി


240 കിലോമീറ്റർ അകലെയൂള്ള കടുനായിക്ക് വിമാനത്താവളത്തിലേയ്ക്കൊരു ഓട്ടം കിട്ടിയപ്പോൾ സുനിൽ ഭായിക്ക് സന്തോഷം തോന്നി. പ്രവാസം മതിയാക്കി നാട്ടിൽ കൂടിയതിനു ശേഷം കിട്ടുന്ന ആദ്യത്തെ നീളൻ യാത്ര. കാനഡായിലേയ്ക്ക് പോകുന്ന കുടുംബത്തെ യാത്രയാക്കിയാൽ തിരികെ ഓട്ടവും കിട്ടും.കൊളമ്പോയെത്തി, യാത്രക്കാരനും കുടുംബവും യാത്രാക്കൂലി കൂടാതെ കൈയ്യിലുണ്ടായിരുന്ന ശ്രീലങ്കൻ രുപാ മുഴുവൻ സുനിൽ ബായിക്കു നൽകി. ഇനി യാത്രക്കാർ വേണ്ടാ എത്രയും വേഗം വീടു പിടിക്കണമെന്ന മോഹവുമായി വണ്ടി കൊളമ്പോ നഗരം കടന്ന് തെരുവു വിളക്കുകളനൃമായ ഗ്രാമവീഥികളിലേയ്ക്കിറങ്ങി. രാത്രി രണ്ടാം യാമത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. കട്ടപിടിച്ച ഇരുട്ടിനെ ക്കീറിമുറിച്ച് മുന്നോട്ടു നീങ്ങവേ അങ്ങു ദൂരെ മിന്നായം പോലൊരാൾ.. കുടുതൽ അടുക്കും തോറും സുവ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ രൂപം. ഇത് മറ്റേ കേസ് തന്നെ നിശാ സുരഭികൾക്ക് പുകൾപ്പെറ്റ തെരുവോരം കഴിഞ്ഞിട്ടും ശല്ലൃം തീരുന്നില്ലല്ലോ ചീത്ത പറഞ്ഞു കൊണ്ട് വണ്ടി നിർത്തി അയാൾ പുറത്തിറങ്ങി. മൃദു മന്ദഹാസത്തോടെ വർണ്ണക്കുപ്പായമിട്ടാ സുന്ദരി മുന്നേ നടന്നു. രണ്ടു ചീത്ത കൂടി പറഞ്ഞിട്ട് സുനിൽഭായി വണ്ടി മുന്നോട്ടെടുത്തു. പെട്ടന്ന് തൊണ്ട വരളുന്നതു പോലൊരു തോന്നൽ വണ്ടിയിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം തീർന്നിരിക്കുന്നു അസഹനീയ ദാഹം നൂറു വാര മുന്നോട്ടോടിയപ്പോൾ ഒരു വീട്ടു മുറ്റത്ത് വെളിച്ചം ആളുകൾ ചെറു കൂട്ടമായി കുടി നിൽക്കുന്നു വണ്ടി നിർത്തി കുപ്പിയുമായി പുറത്തേയ്ക്കിറങ്ങി. അപരിചിതനെക്കണ്ട ആൾക്കൂട്ടം അയാളെ തന്നെ തുറിച്ചു നോക്കി. ഇച്ചിരി വെള്ളം കൂട്ടത്തിലൊരാൾക്ക് നേരെ സുനിൽ ഭായി കുപ്പി നീട്ടി മരണ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ആളോടുള്ള നീരസം വൃക്തമാക്കിക്കൊണ്ടു തന്നെയൊരാൾ കുപ്പി വാങ്ങി അകത്തേയ്ക്ക് നടന്നു. ഇന്നലെ ഇവിടുത്തെ പെണ്ണിനും ചെറുക്കനുമൊരപകടത്തിൽപ്പെട്ടു. പെണ്ണ് മരിച്ചു ചെറുക്കൻ ഗുരുതരാവസ്ഥയിലാ വെള്ളം നൽകിക്കൊണ്ടയാൾ പറഞ്ഞു. അകത്തെ മുറിയിലെ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്ന ആ സ്ത്രീ ശരീരത്തിനു ചുറ്റും ചിലർ കരഞ്ഞു തളർന്നുറങ്ങുന്നു. അകത്തു കയറി ഒന്നേ നോക്കിയുള്ളു ശരീരമാകെ ഒരു പെരുപ്പ് പത്തു മിനിട്ട് മുൻപ് റോഡിൽ വെച്ച് തന്നെ നോക്കി ചിരിച്ച അതേ സ്ത്രീ. ശരീരമാസകലം പൂക്കുല പോലെ വിറയ്ക്കുന്നു അപരിചിതൻ തന്ന കുപ്പി വെള്ളം ഒറ്റ വലിക്കകത്താക്കി അടുത്തു കണ്ട കസാരയിലാരുന്നു. ഭയത്തിന്റെ നെരിപ്പോട് ഉള്ളിലിരുന്നുരുകുന്നു. നേരം വെളുക്കും വരെ ആ കസാലയിലിരുന്നു. രാവിലെ ചെന്നു ഡ്രൈവർ സീറ്റിലിരുന്നു കൈകൾ വിറയ്ക്കുന്നു വണ്ടിയെടുക്കാനാവാത്ത വിധം തളർന്നിരിക്കുന്നു. നേരമിത്രയായിട്ടും അപ്പനെ കാണാഞ്ഞ മകൻ മെബൈലിലേയ്ക്ക് വിളിച്ചു. മകൻ സുഹൃത്തുമായെത്തി വണ്ടിയും അപ്പനെയും വീട്ടിൽ കൊണ്ടുപോന്നു ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നുവെങ്കിലും സ്റ്റിയറിംഗ് തൊടുമ്പോൾ സുനിൽഭായിക്കൊരേ പേടിയാണ് ആ സുന്ദരിയുടെ ചിരി മായത്തതുപോലെ........

കുമ്പസാരം.


വലിയ നോമ്പ് തീരാറാകുന്നു വിശുദ്ധ വാരത്തിന് മുൻപ് ആണ്ടു കുമ്പസാരം നടത്തണമെന്ന് അമ്മച്ചി പ്രത്യേകം വിളിച്ചു പറഞ്ഞതിൻ പ്രകാരമാണ് ഷാർജാ പള്ളിയിൽ കുമ്പസാരിക്കാൻ പോയത് , നാട്ടു വിട്ടാൽ വിശ്വാസത്തിൽ തീഷ്ണത കൂടുതലുള്ള കൂട്ടമാണ്‌ നമ്മളെന്നു കേട്ടിട്ടുണ്ടെങ്കിലും ഒരു ഫർലോങ്ങ്‌ നീളത്തിൽ വലിയ വലിയ നിര കുമ്പസാരിക്കാൻ കണ്ടതോടെ അതുറപ്പിച്ചു . കുറഞ്ഞത്‌ ഒരു മണിക്കൂർ ലൈനിൽ നിന്നാലെ കുമ്പസാര കൂട് എത്തു. എല്ലാ കൊല്ലവും അമ്മച്ചി തല്ലി ഓടിച്ചു വിട്ടിട്ടാണെങ്കിലും ആണ്ടു കുമ്പസാരം മുടക്കിയിട്ടില്ല. അമ്മച്ചി അടുത്തില്ലാത്തപ്പോൾ കൂടുതൽ തീഷ്ണത കാണിക്കേണം. ലൈനിൽ ഇരുന്നു പാപങ്ങളെല്ലാം ക്രമമായി ഓർത്തു പത്തു കല്പനകളിൽ ആറും, തിരുസഭയുടെ കല്പനകളിൽഅഞ്ചും തെറ്റിച്ചിട്ടുണ്ട് , പശ്ചാത്താപ വിവശനായി കുമ്പസാരത്തിനുള്ള ജപമെത്തിച്ചു കൊണ്ട് കുമ്പസാര കൂടെത്തി. കണ്ണടച്ച് പിടിച്ചു പച്ച മലയാളത്തിൽ പാപങ്ങൾ ഏറ്റു പറയാൻ തുടങ്ങി ,രണ്ടു പാപം പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും കുമ്പസാര കൂടിന്റെ കുഞ്ഞു ജാലകത്തിന്റെ ഇരുമ്പ് പാളി മാറ്റിയൊരു കൈ എന്നെ കടന്നു പിടിച്ചു ! കണ്ണ് തുറന്നു നോക്കിയതും ശീമ പന്നിയുടെ മുഖമുള്ള ഒരു ഫിലിപൈനീ അച്ചൻ , രൂക്ഷമായ ഒരു നോട്ടത്തോടെ ആജ്ഞാപനം വന്നു ,
യു കാൻ കൻഫസ്സ് ഇൻ ഇംഗ്ലീഷ് ഓർ തഗാലൂ ഓർ എൽസ് കം ടുമാറോ ഫോർ യുവർ ലാംഗ്വേജ് ????
നാളെയും ഇത് പോലെ വന്നു ഒന്നരമണിക്കൂർ മുട്ടിന്മേൽ നിൽക്കുന്നതോർത്തപ്പോൾ റിസ്ക്‌ എടുക്കാൻ തന്നെ തീരുമാനിച്ചു . ക്രൂശിതനായ കർത്താവിനെയും കളരി പരമ്പര ദൈവങ്ങളെയും പ്രീ ഡിഗ്രിക്ക് എക്ണോമിക്സ് പഠിപ്പിച്ച താമരാക്ഷൻ സാറിനെയും മനസിലോർത്തു ഒരലക്കലക്കി "എക്ണോമിക്സ് ഈസ്‌ എ സയൻസ് വിച്ച് ഹാവ് സ്റ്റദീസ് ഹുമൻ ബീഹവിയർ ആസ് ഏ റിലേഷൻഷിപ്‌ ബീറ്റ്വീൻ ഏൻഡ്സ് ആൻഡ്‌ സ്കെർസ് മീൻസ്‌ വിച്ച് ഹാവ് അൽറ്റെർനറ്റിവ് യുസസ് " അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്ന ഫിലിപൈനി അച്ഛനോട് ഒന്ന് കൂടി പറഞ്ഞു ഐ ബ്രേക്ക്‌ ടെൻ കമ്മാൻമെണ്ട്സ് ഫാദർ .... മീശ മുളയ്ക്കാത്ത പ്രായത്തിൽ കൊലപാതകം അടക്കം പ്രമാണങ്ങൾ പത്തും ലംഘിച്ച എന്നെ അബു സയ്യാഫ് തീവ്രവാദിയെ എന്ന പോലെ രൂക്ഷമായി നോക്കിയിട്ട് അച്ചൻ പ്രായശ്ചിത്തം ഒന്നും നിർദേശിക്കാതെ കുമ്പസാര കൂട് വിട്ടിറങ്ങി പോയി. കനത്ത നിശബ്ദത, പിറകിൽ കാത്തു നിന്നവർ പിറു പിറുപ്പുമായി തങ്ങളുടെ പാപങ്ങളുടെ പട്ടിക വലുതാക്കി തുടങ്ങിയിരിക്കുന്നു ,അഞ്ചു മിനിട്ടിനു ശേഷം അച്ചൻ പതിനഞ്ചു കിലോയുള്ള മരകുരിശുമായി വന്നു എന്റെ തോളിൽ വെച്ചിട്ട് പറഞ്ഞു ഇതും ചുമന്നു ആയിരത്തി ഒന്ന് ജപമാല അർപ്പിക്കുക. ഫിലിപൈൻസിൽ വലിയ പാപികൾക്കു കൊടുക്കുന്ന ശിക്ഷയ്ക്ക് ഈ അറിവില്ലാ പൈതലും പാത്രീഭവിച്ചിരിക്കുന്നു. അസഹ്യമായ വേദനയിൽ തോളെല്ലു ഒടിയുന്നു. എന്റെ കർത്താവേ നീ ചുമന്ന കുരിശുകൾ എത്ര നിസ്സാരം. കുമ്പസാരം തീരും വരെ കുരിശും താങ്ങി ഞാൻ അൽത്താരയ്ക്ക് മുൻപിൽ നിന്നു. പിന്നീട് പല തവണ കുമ്പസാരിക്കാൻ പോയെങ്കിലും കുമ്പസാരം എന്നാ കൂദാശ ഒരു അത്ഭുതമായി തോന്നിയത് അപ്പോൾ മാത്രമാണ് ,പിന്നെപ്പോഴും കുമ്പസാരിക്കാൻ ലൈനിൽ നിൽക്കും മുൻപ് കുമ്പസാര കൂടിനെ ഒന്ന് വലം വെച്ച് നോക്കും അകത്തിരിക്കുന്നത് മലയാളി വൈദികാനാണോ എന്ന്, അല്ലാത്ത പക്ഷം പാപങ്ങളൊക്കെ തമ്പുരാനോട്‌ നേരിട്ട് പറയും ,ചെയ്യാത്ത പാപങ്ങൾക്ക്‌ കുരിശേറാൻ വയ്യാത്തത് കൊണ്ട് മാത്രം.

സരിതേ നീ സുലേഖയാകുന്നു


സുലേഖ അരി സപ്ലൈകോയിൽ പോയി വാങ്ങാൻ അമ്മ പറഞ്ഞതനുസരിച്ചാണ് രാവിലെ വണ്ടിയെടുത്തു ഇറങ്ങിയത്‌. ജില്ലാ കോടതിയെത്തിയതും വലിയ ആൾകൂട്ടം ഏതോ പ്രമാദമായ കേസിന്റെ വാദം ഇന്നുണ്ടാവും ട്രാഫിക്കിൽ വണ്ടി നിന്നപ്പോൾ ധൃതിയിൽ അകത്തേയ്ക്ക് ഓടി കയറുന്ന കിളവൻ മൂപ്പിൽസിനെ പിടിച്ചു നിർത്തി ചോദിച്ചു. ഇന്നെന്തു കേസാ അമ്മാവാ .. അറിഞ്ഞില്ലേ ,ഇന്ന് സരിതയുടെ കേസാ വിചാരണ, ഇപ്പോൾ കൊണ്ട് വരും പറഞ്ഞു പൂർത്തിയാകാൻ നിൽക്കാതെ ബിരിയാണി വിതരണം നടക്കുന്നതറിഞ്ഞു പായുന്ന ഗ്രഹണി പിടിച്ച പയ്യനെപോലെ കിളവൻ ഓടി അകത്തു കയറി . എട്ടു ക്ലിപ്പിൽ ആറിലും സരിതയെ വിസ്തരിച്ചു കണ്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ ഒരു പൂതി വണ്ടി ഓടിച്ചു ജില്ലാ കോടതിക്കകത്തുള്ള ഉറക്കം തൂങ്ങി മരത്തിനു അടിയിൽ പാർക്കു ചെയ്തിട്ട് അകത്തേയ്ക്ക് കയറി. പണ്ട് യേശു ക്രിസ്തു വരുന്നത് കാണാൻ ചുങ്കക്കാരനായ സക്കേവൂസ് സ്വക്കയാ മരത്തിന്റെ മുകളിൽ കയറി ഇരുന്നത് പോലെ ചിലർ മരത്തിന്റെ തുഞ്ചത്ത് ജീവൻ പണയം വെച്ച് കാത്തിരിക്കുന്നു. ആദ്യമായാണ് ഞാൻ കോടതി കയറുന്നത് ഒരു കൌതുകത്തിനു വെറുതെ അകത്തു കയറി ഹരികൃഷ്ണൻസിലും നരസിംഹത്തിലും മമ്മൂട്ടി വാദിച്ചത് പോലെയാണോ ഈ വക്കീലന്മാർ കോടതികളിൽ വാദിക്കുക. അകത്തു കയറി വക്കീലന്മാരുടെ കസേരയ്ക്കരികെ പോലീസുകാരോട് ചേർന്നൊരു കസേര ഒഴിഞ്ഞു കിടക്കുന്നു ഓടി പോയി അതിൽ ഇരുന്നു. പ്രതി ചാടിപോയ കേസിൽ പോലിസിനെ വിസ്തരിക്കുകയാണ് വക്കീൽ. രസമുള്ള കാഴ്ച തന്നെ എങ്കിലും സരിത ഇവിടെ തന്നെ ആവുമോ വരിക . അടുത്തിരുന്ന വക്കീലിനെ തോണ്ടി ചേട്ടാ സരിതയുടെ കേസ് എപ്പോഴാ ?? ഇവനേതു കോത്തെഴുത്ത്കാരനെടാ എന്ന മട്ടിൽ അവജ്ഞയോടെ അയാൾ രൂക്ഷമായി എന്നെ നോക്കി. വാദം പൊടി പൊടിക്കുന്നു വക്കീൽ പോലീസുകാരനെ നിർത്തി വെള്ളം കുടിപ്പിക്കുന്നു. പെട്ടന്നതാ ഒരു പാട്ട് "നയാ പൈസയില്ല കൈയ്യിലൊരു നയാ പൈസയില്ലാ നഞ്ചു വാങ്ങി തിന്നാൻ പോലും നയാ പൈസയില്ല " എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് നിന്നാണാ പാട്ട് വരുന്നതെന്ന സത്യം ഞെട്ടലോടെ ഞാൻ മനസിലാക്കി ജഡ്ജി അടക്കം എല്ലാവരും എന്നെ തന്നെ നോക്കുന്നു. പാറാവിരുന്ന പോലീസുകാരൻ വന്നെന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ജഡ്ജിയെ ഏൽപ്പിച്ചു. അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന പുത്തൻ സാംസങ്ങ് എസ് 3 ഫോൺ ജഡ്ജി വാങ്ങി കൈയ്യിൽ വെച്ച ശേഷം .കോടതി മുറിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് അറിഞ്ഞു കൂടെ ? സരിതയെ കാണാനുള്ള ആഗ്രഹത്തിൽ ഇങ്ങനെ ഒരു സാധനം പോക്കറ്റിൽ ഉള്ള കാര്യം ഞാൻ മറന്നു പോയി പ്രഭോ .... കോടതി പിരിയും വരെ ഇവിടെ നിൽക്കുക ഉത്തരവ് ഉടൻ വന്നു. വക്കീലന്മാർ ദയനീയമായി എന്നെ നോക്കി പ്രതിക്കൂടിനു താഴെ ഒരു മരപ്പാവയെ പോലെ കോടതി വിധിച്ച ശിക്ഷ ഏറ്റു വാങ്ങി ഞാൻ നിൽക്കുമ്പോഴും ഉള്ളിൽ ഒരു കുളിരുണ്ടായിരുന്നു സരിതയെ തൊട്ടടുത്തു കാണാം അച്ഛൻ ഇശ്ചിച്ചതും സരിത ,ജഡ്ജി കൽപ്പിച്ചതും സരിത എന്ന മട്ടിൽ കനവു കണ്ടങ്ങനെ നിൽക്കെ പുറത്തൊരു കൂക്ക് വിളി കേട്ടു. സരിതയെത്തിയിരിക്കുന്നു ഇനിയും വിളിക്കാൻ കേസുകൾ ഒരു പാടുണ്ട് കാല് കഴചൊടിയുന്നു ഇരുന്നാലോ ,നിൽക്കാനാണ് വിധി ഇനി ഇരുന്നാൽ കൊലക്കയർ വിധിച്ചു കളയും ദുഷ്ടൻ ജഡ്ജി. ഇരുന്നില്ല കുറച്ചു കഴിഞ്ഞു ഞാൻ ആ സത്യം തിരിച്ചറിഞ്ഞു ഞാൻ നിൽക്കുന്ന കോടതി ബ്ലോക്കിലല്ല സരിതയുടെ വിസ്താരം.ദയനീയമായി ഞാൻ ജഡ്ജിയുടെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു സാറേ ഒരു മിനിട്ട് ഞാൻ ആ സരിതയെ ഒന്നു കണ്ടിട്ട് വരാം എന്തോ വലിയ അപരാധം ചെയ്തപോലെ വക്കീലന്മാർ തലയിൽ കൈവൈചിരുന്നു. ജഡ്ജി ബെഞ്ച് ക്ലാർക്കിനെ വിളിച്ചു എന്തോ പറഞ്ഞു അയാൾ വന്നു എന്നോട് ഒരു വെള്ള കടലാസിൽ മാപ്പപേക്ഷ എഴുതി കൊടുക്കാൻ പറഞ്ഞു.ഞാൻ അനുസരിച്ചു ജഡ്ജി എന്റെ ഫോൺ വിട്ടു തന്നു. ജീവ പര്യന്തം തടവ്‌ ശിക്ഷ കഴിഞ്ഞിറങ്ങിയവനെപ്പോലെ ഞാൻ പുറത്തിറങ്ങി പക്ഷെ പുറത്തു ജനക്കൂട്ടമില്ല സരിതയും ടീമും വിസ്താരം കഴിഞ്ഞു പോയിരിക്കുന്നു. സപ്ലൈകോയിൽ സുലേഖ അരി വാങ്ങുന്നതിനിടയിൽ ഒരു പിടി അരി കൈയ്യിലെടുത്തു ഞാനൊരു പ്രതിജ്ഞയെടുത്തു ആറ്റുകാൽ അമ്മച്ചിയാണേ ഇടപ്പള്ളി പുണ്യാളനാണേൽ ഇനിമേലിൽ വീട്ടിലേയ്ക്ക് അരി വാങ്ങില്ല അതും സുലേഖ ....

പുണ്യാളൻ അന്തോണി


നാട്ടിലെ തെമ്മാടിയും നിരവധി കേസുകളിൽ പ്രതിയുമായ വ്യക്തി മരിച്ചു. പള്ളീലച്ചൻ വന്നു ശ്രുശ്രൂഷ തുടങ്ങും മുൻപ് മരിച്ചയാളിന്റെ മകൻ അച്ചനെ മാറ്റി നിർത്തി ഒരു സ്വകാര്യം പറഞ്ഞു അച്ചോ അപ്പന് അവസാനമായി ഒരു ആഗ്രഹമുണ്ടായിരുന്നു ജീവിതകാലം മുഴുവൻ ചീത്തയായാണ് അപ്പൻ ജീവിച്ചത് പക്ഷെ ചരമ പ്രസംഗ ത്തിലെങ്കിലും അപ്പനെ പറ്റി രണ്ടു നല്ല വാക്ക് പറയണം അത് കേട്ടിട്ടേ അപ്പൻ നരകത്തിൽ പോകു. അച്ചൻ വിഷമവൃത്തത്തിലായി കപ്യാരെ മാറ്റി നിർത്തി അടക്കം ചോദിച്ചു ഈ മനുഷ്യനിൽ എന്തെങ്കിലും നന്മയുള്ളതായി കേട്ടിട്ടുണ്ടോ ? കപ്യാര് തല പുകഞ്ഞു ആലോചിച്ചു കഴിഞ്ഞ പള്ളി പെരുനാളിനു കള്ളു കുടിച്ചു രൂപം തൊടരുത് എന്ന് പറഞ്ഞതിന് കരണ കുറ്റിക്കു കിട്ടിയ അടിയുടെ വേദന കപ്യാർക്കിതുവരെയും മാറിയിട്ടില്ല ഇതെല്ലാമറിയാവുന്ന അച്ചനാണോ എന്നോടീ ചോദ്യം ചോദിക്കുന്നേ?? . അച്ചൻ ചരമ പ്രസംഗം ആരംഭിച്ചു ഇന്ന് നമ്മെ വിട്ടു പിരിഞ്ഞ അന്തോണി നമ്മൾ കരുതും പോലെ വെറുമൊരു തെമ്മാടി മാത്രമായിരുന്നില്ല മനസിന്റെയുള്ളിൽ നന്മ ഒളിപ്പിച്ചു നടന്ന ഒരു പുണ്യാത്മാവായിരുന്നു. കള്ളു കുടിച്ചു വന്നിട്ട് സിസിലി ചേടത്തിയെ തല്ലുമായിരുന്നെങ്കിലും നാട്ടുകാരുടെ തെങ്ങിലെ തേങ്ങാ കരിക്കടക്കം മോഷ്ട്ടിക്കുമായുരുന്നെങ്കിലും എല്ലാ പള്ളി പെരുനാളിനും വെട്ടും കുത്തും ഉണ്ടാക്കുമായിരുന്നെങ്കിലും അന്തോണി സ്വർഗത്തിൽ പോകും കാരണം,, അച്ചൻ ഒന്നു നിർത്തി ശവമഞ്ചത്തിനു കീഴെ കരഞ്ഞു തളർന്നുറങ്ങുന്ന ഭാവത്തിൽ സന്തോഷിച്ചു കിടന്ന സിസിലി ചേടത്തിയും പിള്ളേരും പിറുങ്ങണിയുംമെല്ലാം സസ്പെന്സ് ത്രില്ലറിന്റെ കഥ ട്വിസ്റ്റിൽ എത്തിയ പോലെ ചാടിയെഴുന്നേറ്റു അച്ചനെ നോക്കി,അച്ചന്റെ മൌനം വാചാലമാകുന്നത് കാത്താ മരണ വീട് ശ്വാസമടക്കി അച്ചൻ തുടർന്നു, അന്തോണി സ്വർഗത്തിലെ പോകു എന്നെനിക്കുറപ്പാണ് കാരണം കട്ടിട്ടാണേലും പിടിച്ചു പറിച്ചിട്ടാണേലും ഈ ഇടവകയിൽ പള്ളി പണിക്കു വേണ്ടി ഏറ്റവും കൂടുതൽ സംഭാവന നൽകിയത് അന്തോണിയല്ലാതെ മറ്റാരുമല്ല. സസ്പെന്സ് പൊളിഞ്ഞു ഇതിയാൻ സ്വർഗ്ഗത്തിലോട്ടാണ് കെട്ടിയെടുക്കുന്നതെങ്കിൽ എനിക്ക് നരകം മതിയേ എന്നാത്മഗതം ചെയ്തു കൊണ്ട് സിസിലി ചേടത്തി ശവപെട്ടിയിൽ കെട്ടി വീണു വലിയ വായിൽ കരഞ്ഞു എന്റെ പൊന്നിച്ചായാ മരിച്ചു കഴിഞ്ഞെങ്കിലും ഞങ്ങക്ക് സ്വസ്ഥത തായോ........................

അബ്ദുൽ ജലീലിന്റെ അവസാന പ്രലോഭനങ്ങൾ




അബ്ദുൽ ജലീൽ അതായിരുന്നു അയാളുടെ പേര് കാസർഗോഡ്‌ പുത്തിഗെ എന്ന സ്ഥലത്തെ കർണാടകത്തിനോട് ചേർന്ന് കിടക്കുന്ന കന്നഡ കലർന്ന മലയാളം സംസാരിക്കുന്ന ഗ്രാമത്തിൽ നിന്നുമായിരുന്നു അബ്ദുൽ ജലീൽ ഗൾഫിൽ എത്തിയത്. ലേബർ ക്യാമ്പുകൾ തോറും സോക്ക്സും ഡി വി ഡിയും മൊബൈൽ കവറുകളും വിൽക്കുക, കാർണിവെൽ നടക്കുന്ന മൈതാനങ്ങളിലും റമദാൻ മാർക്കറ്റുകളിലും വഴിയോര വാണിഭവും എന്നതായിരുന്നു അബ്ദുൽ ജലീലിന്റെ തൊഴിൽ.ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ മയങ്ങിയുണർന്ന ഞങ്ങളുടെ ക്യാമ്പിനെ എതിരേറ്റതു വെളുത്തു നീണ്ട അബ്ദുൽ ജലീലിന്റെ നേർത്തു പതുങ്ങിയതെങ്കിലും ഇമ്പമാർന്ന ലേലോ വിളികളായിരുന്നു. ലേലോ ഭായ് ലേലോ പാഞ്ചു രൂപയാ പാഞ്ചു രൂപയാ  കുച്ച് ബി ലേലോ ... സോക്ക്സും മൊബൈൽ കവറുകളും സി ഡിയും ഭംഗിയായി നിലത്തു വിരിച്ചിട്ടു അബ്ദുൽ ജലീൽ കച്ചവടം പൊടി പൊടിക്കുന്നു. ഞങ്ങളുടെ ക്യാമ്പിൽ അൻപതിൽ താഴെ ആളുകളെ ഉള്ളു എന്നതിനാൽ ഇങ്ങനെ ഒരു വാണിഭം നടാടെ ആണ് ആയതു കൊണ്ട് തന്നെ എല്ലാവരും നന്നായി സഹകരിക്കുന്നു .പുതിയതും പഴയതും ഷക്കീല പടങ്ങളും എന്ന് വേണ്ട ജലീലിന്റെ സഞ്ചി ഏതാണ്ട് പൂർണമായും കാലിയായി കഴിഞ്ഞിരിക്കുന്നു . ആളുകൾ പിരിഞ്ഞു പോയി ബാക്കിയുള്ളവ പെറുക്കി സഞ്ചിയിലാക്കൻ തുടങ്ങവെയാണ് ഞാൻ ജലീലിനു അടുത്തെത്തിയത് എന്നെ കണ്ടതും മെല്ലെ പൂഞ്ചിരിചു ,ഇന്നത്തെ കച്ചോടം കഴിഞ്ഞല്ലോ  സി ഡി എല്ലാം തീർന്നു എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി ഞാൻ നാളെ കൊണ്ട് വരാം. പറഞ്ഞ സിനിമികളുടെ സി ഡി ജലീൽ  പിറ്റേന്ന് തന്നെ എന്റെ മുറിയിൽ എത്തിച്ചു. പുതിയ സിനിമകൾ ഇറങ്ങുന്ന അന്ന് തന്നെ ഞങ്ങൾക്കു കൊണ്ട് വന്നു തരുന്ന  ജലീൽ മെല്ലെ മെല്ലെ  എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേയ്ക്ക് കയറികൂടി.ഒരു ദിവസം ജലീൽ ഒരു സഞ്ചി നിറയെ സോക്സും മൊബൈൽ കവറുകളും അടങ്ങുന്ന വലിയ കവറുമായി റൂമിൽ വന്നിട്ട് ചോദിച്ചു നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യുമോ ഞാൻ എന്റെ റൂം മാറി പുതിയ റൂമിലേയ്ക്ക് പോകുകയാണ് ഒരു ആഴ്ച എന്റെ സാധനങ്ങൾ ഇവിടെ ഒന്ന് സൂക്ഷിക്കുമോ പുതിയ റൂമിൽ ഒന്ന് സെറ്റ് ആയ ശേഷം ഞാൻ ഇവ അങ്ങോട്ട്‌ മാറ്റി കൊള്ളാം. പുതിയ സിനിമകളുടെ വിതരണക്കാരനെ   പിണക്കേണ്ടാതില്ലത്തതിനാലും ഞങ്ങൾക്കു പ്രത്യേകിച്ച് അസൌകര്യം ഒന്നും ഇല്ലാത്തതിനാലും അബ്ദുൽ ജലീലിന്റെ സഞ്ചി ഞങ്ങളുടെ മുറിയിൽ ഇടം പിടിച്ചു.

പിറ്റേന്നും അബ്ദുൽ ജലീൽ വന്നൂ അതിൽ നിന്നൂം എന്തൊക്കയോ എടുത്തു മടങ്ങി പിന്നെ ദിവസം  ഒന്നായി രണ്ടായി മൂന്നായി ആഴ്ച കളായി അബ്ദുൽ ജലീലിന്റെ ഒരു വിവരവും ഇല്ല അയാൾ തന്ന മൊബൈൽ നമ്പറിൽ ഞങ്ങൾ പല തവണ ഡയൽ ചെയ്തു ഫലം തഥൈവ !  വിശ്വസിച്ചേ ൽപ്പിച്ച സഞ്ചി ഞങ്ങൾ ഭൂതം നിധി കാക്കുന്ന പോലെ കാത്തു . ഒരു ദിവസം  രാത്രിയുടെ  മൂന്നാം യാമത്തിൽ ആരോ വാതിലിൽ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത് ആദ്യം അവഗണിച്ച ഞങ്ങൾ വാതിൽ പൊളിയുന്ന തരത്തിൽ ഇടി ശബ്ദം കനത്തപ്പോൾ  ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു വാതിൽ തുറന്നു .തുറന്നതും അജാനബഹുക്കളായ മൂന്നു പേർ വീടിനു അകത്തേയ്ക്ക് ചാടികയറി ഒരു നിമിഷം ഞങ്ങൾ ഒന്ന് അമ്പരന്നു, പച്ച പാതിരാ നേരത്ത്ആരാണാവോ ? അതിൽ രണ്ടു പേരുടെ കയ്യിൽ റിവോൾവർ കണ്ടപ്പോൾ അമ്പരപ്പ് ഭയത്തിനു വഴിമാറി മൂന്നു പേരും ഞങ്ങളെ തോക്ക് ചൂണ്ടി ഒരു വശത്തേയ്ക്ക് മാറ്റി നിർത്തി പിറകെ തൂവെള്ള കന്തൂരയിൽ പ്രകാശം പരത്തുന്ന മുഖവുമായി ഒരു താടിക്കാരനും അയാൾക്ക്‌ പിന്നാലെ കൈയ്യിലൂം കാലിലും വിലങ്ങിൽ ബന്ധിതനായ അബ്ദുൽ ജലീലും . അറബി ഉച്ചത്തിൽ എന്തെക്കയോ അയാളോട് ചോദിക്കുന്നു എല്ലാത്തിനു കുനിഞ്ഞ മുഖത്തോടെ മറുപടി പറയുകയാണ്‌ അബ്ദുൽ ജലീൽ. എവിടെ നിന്റെ സഞ്ചി ? പോലീസുകാരൻ അലറി ! അബ്ദുൽ ജലീൽ എന്റെ മുഖത്തേയ്ക്കു നോക്കി എനിക്ക് എന്ത് പറയണം എന്നറിയില്ല ഭയം വികാരത്തെയും വിവേകത്തെയും വിഴുങ്ങിയിരിക്കുന്നു ആലില പോലെ വിറയ്ക്കുന്ന എന്റെ അടുത്തേയ്ക്ക് വെളുത്ത കന്തൂരക്കാരൻ അടുക്കുന്നു . കീഫ് ഫീ മാലൂം ആദ ഹറാമി? ഈ കള്ളനെ നിങ്ങൾക്ക് എങ്ങനെ അറിയാം ? ഇല്ല സർ ഞങ്ങൾക്കറിയില്ല, ഡിവിഡി വിൽക്കാൻ വന്നുള്ള പരിചയം മാത്രം .എന്റെ സർവധൈര്യവും ചോർന്നു തുടങ്ങിയിരിക്കുന്നു കരയാൻ പോലും പേടി അനുവദിക്കുന്നില്ല. അബ്ദുൽ ജലീൽ കാണിച്ച സഞ്ചി പുറത്തെടുത്തു പോലിസ് താഴേക്ക്‌ കുടഞ്ഞു . അതിൽ നിന്നും കുറെ സോക്സും മൊബൈൽ ചാർജറുകളും മാത്രം താഴേക്കു വീണു ഒരു പോലീസുകാരൻ അത് മൊത്തം അരിച്ചു പെറുക്കി തപ്പി, ഇല്ല ഒന്നുമില്ല .കന്തൂരക്കാരൻ അബ്ദുൽ ജലീലിന്റെ മുഖമടച്ചു ഒരടി കൊടുത്തു അയാൾ വലിയ വായിൽ നിലവിളിച്ചു . കന്തൂരക്കാരൻ എന്നെ അടുത്തു വിളിച്ചു അള്ളാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു, ഈ റൂമിൽ നിന്നും എന്തെങ്കിലും കണ്ടെടുത്തിരുന്നെങ്കിൽ നിങ്ങളും ഈ ഹറാമിയോടൊപ്പം അഴിയെണ്ണിയേനെ. ഇവൻ കള്ളനാണ് ബാങ്കിൽ നിന്നും പണമെടുത്ത് വരുന്നവരെ ആക്രമിച്ചു പണം തട്ടുകയാണ് ഇവന്റെയും കൂട്ടുകാരുടെയും പ്രധാന തൊഴിൽ ഇനിയെങ്കിലും ആളും തരവും നോക്കി കൂട്ട് കൂടുക ഇല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകും. ഉപദേശം നല്കി പോലിസ് പടിയിറങ്ങി. സഹ മുറിയന്മാർ കടിച്ചു കീറാൻ വരും വിധം എന്നെ നോക്കി, നിന്റെ സഹാനുഭൂതിക്കു ഇപ്പോൾ ഞങ്ങളും കൂടി അകത്തയേനെ നേരം വെളുക്കും വരെ ഉറങ്ങാതെ അവർ എന്നെ നിരന്തരം കുറ്റപെടുത്തികൊണ്ടേ ഇരുന്നു.

പിറ്റേന്ന് രാവിലെ ക്യാമ്പിൽ പോലിസ് കയറിയ വാർത്ത കാട്ടു തീ പോലെ പടർന്നു. കള്ളൻ സി ഡി കാരനെ ഞങ്ങളുടെ റൂമിൽ നിന്നാണ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് എന്ന് വരെ വാർത്ത പ്രചരിച്ചു   കമ്പനി ഞങ്ങളെ വിളിപ്പിച്ചു വിശിദീകരണം ചോദിച്ചു ഒന്നും മറയ്ക്കാൻ ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ വിശദീകരണം തൃപ്തികരം ആയിരുന്നത് കൊണ്ടും ഞങ്ങൾ തടിയൂരി. കാലം കടന്നു പോയി അബ്ദുൽ ജലീലിനെ പറ്റി എല്ലാവരും മറന്നു വീണ്ടും സി ഡി ക്കാർ റൂമിൽ കയറി ഇറങ്ങാൻ തുടങ്ങി എങ്കിലും എല്ലാവരോടും പ്രത്യേക അകലം സൂക്ഷിച്ചു.ഒരു ദിവസം  നാട്ടിൽ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു ആരോ ഒരാൾ കാസർഗോഡ്‌ നിന്നും വിളിച്ചു പേര് പറഞ്ഞില്ല എന്ന്, ആരാണെനിക്ക് കാസർഗോഡ്‌ ഉള്ള ബന്ധുക്കൾ ?സുഹൃത്തുക്കൾ ?ഞാൻ പിന്നിലോട്ടു ചിന്തിച്ചു, ഇല്ല ഒരാളെയും പെട്ടന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല . വീണ്ടും ഒരാഴ്ച കഴിഞ്ഞു അയാൾ വീട്ടിലെ നമ്പരിലേയ്ക്ക് വിളിച്ചു എന്റെ ഗൾഫ്‌ നമ്പർ വാങ്ങി അയാളുടെ കാളും പ്രതീക്ഷിച്ചു ഞാൻ കാത്തിരുന്നു കൃത്യം മൂന്നാം നാൾ അയാളുടെ കാൾ എന്നെ തേടിയെത്തി  ചേട്ടാ ഞാൻ അബ്ദുൽ ജലീൽ എന്റെ മനസ്സിൽ ഒരു ഇടി മുഴക്കം പോലെ ആ പേരും ആ കാള രാത്രിയും ഓടിയെത്തി ഒരിക്കലും കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിച്ച സ്വരം,  ചേട്ടാ എന്നോട് ക്ഷമിക്കണം അവർ എന്നെ ഒരു കൊല്ലത്തിനു ശേഷം വിട്ടു ഇനി എനിക്ക് അങ്ങോട്ട്‌ വരാൻ കഴിയില്ല, ഞാൻ അന്ന് പോലിസ് വന്നപ്പോൾ കാണിക്കാഞ്ഞ ഒരു സാധനം നിങ്ങളുടെ ഷൂ റാക്കറ്റിനുള്ളിലെ കോണ്‍ക്രീറ്റ് പാളിക്കുള്ളിൽ  ഞാൻ ഒളിപിച്ചു വെച്ചിട്ടുണ്ട് അതിൽ പകുതി എടുത്തിട്ടു പകുതി എനിക്ക് അയച്ചു തരുമോ ? ഫോണ്‍ താഴെ വീണില്ല എന്നെ ഉള്ളു പേടി കൊണ്ട് ഞാൻ പിന്നോക്കം മലർന്നു ഒരു തരം വിറയൽ ദേഹമാസകലം പടരുന്നു മറുതലയ്ക്കൽ നിന്നും രോദനം പോലെ ആ സ്വരം കേൾക്കാം ചേട്ടാ ജീവിക്കാൻ വേറെ മാർഗം  ഒന്നും  ഇല്ല. ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു ഷൂ റാക്കറ്റിന്റെ അടുത്തെത്തി ,സ്ലാബ് പാളികൾ കൊണ്ട് മറച്ച കപോഡിൽ ഒന്ന് തട്ടി നോക്കി .സഹമുറിയൻ കടന്നു വന്നു ഞാൻ ഷൂ എടുക്കുന്നതായി ഭാവിച്ചു അവിടം വിട്ടു . എല്ലാവരും ഉറങ്ങുന്നത് വരെ എനിക്ക് നല്ലവണ്ണം ശ്വസിക്കാൻ പോലും കഴിയാത്തക്ക വണ്ണം ഒരു വിമ്മിഷ്ട്ടം നെഞ്ചിനു കുറുകെ പിടി കൂടിയിരിക്കുന്നു, ടെൻഷൻ അടിച്ചു ഹൃദയ സ്തംഭനം വന്നു പോയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു .

രാത്രി പന്ത്രണ്ടരയോടു അടുത്തിരിക്കുന്നു സഹമുറിയന്മാർ ഉറക്കത്തിന്റെ ഒന്നാം യാമം പിന്നിട്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഷൂ റാക്കറ്റിന്റെ പിന്നിലെ സ്ലാബിൽ നിന്നും ഒരു കഷണം അടത്തി മാറ്റി . പഴകി കളർ മാറിയ ഇങ്ങ്ലീഷ്‌ പത്രത്തിന്റെ പുറം ചട്ടയിൽ പൊതിഞ്ഞ ഒരു കെട്ട്. വിറയാർന്ന കൈകളോടെ ഞാൻ അതെടുത്തു തുറന്നു. അതും നിറയെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകൾ കുറഞ്ഞത്‌ ഒരു അഞ്ചു  ലക്ഷം ദിർഹം ഉണ്ടാവും നാട്ടിലെ 85 ലക്ഷത്തോളം രൂപ . എന്റെ ദൈവമേ അന്നെങ്ങാനു ഈ നോട്ടുകൾ പോലിസ് കണ്ടെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ . ആരുടെയോ മോഷ്ട്ടിച്ചും പിടിച്ചു പറിച്ചു ഉണ്ടാക്കിയതാണീ മുതൽ അനേകരുടെ കണ്ണീരിന്റെ ഉപ്പും വിയർപ്പും വീണു ഉറകെട്ടു പോയ പണം. എടാ കള്ളാ അബ്ദുൽ ജലീലെ നീ ഞങ്ങളെ ചതിച്ചു കടന്നു കളഞ്ഞു ഞങ്ങൾ നല്കിയ വിശ്വാസം  നീ ദുരുപയോഗിച്ചു.  വഞ്ചനയുടെ മുതൽ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടാ പോലീസിൽ അറിയിച്ചാലോ ?വേണ്ടാ നമ്മുടെ നാടല്ല പിന്നെ വാദി പ്രതിയാകും. നാട്ടിൽ ഒരു വീട് സ്വപ്നമാണ് കഴിഞ്ഞ അഞ്ചു കൊല്ലവും അധ്വാനിച്ചതിൽ ബാധ്യതയല്ലാതെ തെല്ലും ബാക്കിയില്ല ഈ കാശ് എല്ലാ ദുഖങ്ങൾക്കും ഒരു പരിഹാരമാവും പൂഴ്ത്തിയാലോ ? വേണ്ട അനർഹമായി വന്നു ചേരുന്നതൊന്നും വാഴില്ല എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് . മെല്ലെ വാഷ് റൂമിലേയ്ക്ക് നടന്നു ആ നോട്ടുകെട്ടു വിടർത്തി യുറോപിയൻ ക്ലോസെറ്റിന്റെ  അകത്തേയ്ക്ക് വിതറി മൊത്തം കുതിരും വരെ നോക്കി നിന്ന ശേഷം പതിയെ ഫ്ലഷ് അമർത്തി ഒരു തിരമാല കണക്കെ ജലം മലിനമായതിനെയും കൊണ്ട് പാപികളുടെ പാതാളത്തിലേയ്ക്ക് ആഴ്ന്നു പോയി .......