Monday, 28 November 2016

കുഞ്ചെറിയായുടെ വിചിത്ര പ്രതികാരം



ബേബിച്ചായൻ നിങ്ങളാണോ ? അന്നു വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു അപരിചിതൻ തോളത്തു തട്ടി ചോദിച്ചപ്പോൾ അയാൾ രണ്ടാമതൊന്നു കൂടി ആലോചിച്ചു പറയണോ വേണ്ടയോ ? ശ്വാസമിടിപ്പിന്റെ ഉയർന്ന താളങ്ങൾ മനസിലാക്കിയിട്ടെന്നോണം അപരിചിതൻ അയാളുടെ കൈ തണ്ടയിൽ കടന്നു പിടിച്ചു . മോട്ടോർ പമ്പിന്റെ വേഗതയിൽ ഹൃദയരക്തം പമ്പു ചെയ്തു തുടങ്ങിയിരിക്കുന്നു .പിടിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിൽ അയാൾ അയാളിലെ പഴയ ചട്ടമ്പിയെ പുറത്തെടുക്കാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി . മെലിഞ്ഞതെങ്കിലും ബലിഷ്ടനായ യുവാവിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് താനെന്നു അയാൾക്കു ബോധ്യം വന്നിരിക്കുന്നു . പൂർവ്വാശ്രമത്തിൽ തല്ലുകയോ അംഗ വിഹീനരാക്കുകയോ ചെയ്ത ആരുടെയെങ്കിലും ഇളം തലമുറക്കാരനാണ് തന്നെ പിടികൂടിയിരിക്കുന്നതെന്ന ബോധ്യത്തിൽ അയാൾ യുവാവിന്റെ പിന്നാലെ അനുസരണയുള്ളവനെപ്പോലെ തല താഴ്ത്തി നടന്നു .
നിങ്ങൾ തന്നെയാണ് ബേബിച്ചായൻ അതെനിക്കുറപ്പായിരിക്കുന്നു ! അപരിചിതനായ യുവാവ് അതുറപ്പിച്ച വിധം അയാളുടെ മുഖത്തേയ്ക്കു കണ്ണുകൾ ഗാഢമായി ആഴ്ത്തിയിറക്കി .മൗനം സമ്മതം, കീഴടക്കപ്പെട്ടവനെപ്പോലെ കണ്ണുകൾ താഴ്ത്തി അയാൾ തലകുലുക്കി .
തെരുവു ജനനിബിഡമാണ് ആരും ആരെയും ഗൗനിക്കുന്നില്ല എല്ലവർക്കും അവരവരുടെ പ്രശ്നങ്ങളാണ് വലുത് .ആകുലതയോടെ ഉണർന്നു ആകുലതയോടെ ഉറങ്ങുന്ന സാധാരണക്കാരുടെ നാടാണിണിത് .അടിവാരം വിട്ടു ഈ നഗരത്തിലേയ്ക്ക് ചേക്കേറുമ്പോൾ ബേബിച്ചായനു കളങ്ക പൂരിതമായ ഭൂതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയായിരുന്നു .ആരും തിരക്കി വരാത്ത ഒളിയിടം തേടിയുള്ള യാത്ര അവസാനിച്ചത് ഈ നഗരത്തിലാണ് ഈ നിമിഷം വരെ താൻ സുരക്ഷിതനും സ്വാതന്ത്രനുമായിരുന്നു പക്ഷെ ഇപ്പോൾ ?

യുവാവിന്റെ ബലിഷ്ടമായ കരങ്ങൾ തന്നെ ഏതോ വിജനതയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതു ബേബിച്ചായൻ അറിയുന്നു .ഏതെങ്കിലും മൂർച്ചയുള്ള ആയുധം പാപജഡിലമായിരുന്ന ആയുസ്സിനെ അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ അയാൾ അസ്വസ്ഥനായി .

അടിവാരത്തു നിന്നും തല്ലിയോടിച്ച കുഞ്ചെറിയ , കട്ടിളപ്പടിക്കിടയിൽ വെച്ചു കൈ ഞെരിച്ചു രണ്ടാക്കിയ പ്രത്താസ് , ചെത്തു തേറിനു കുതികാൽ വെട്ടിയോടിച്ച ഗോപാലൻ , കൊരവള്ളിയൊടിച്ചു മൃതപ്രായനാക്കിയ അബ്ദുറഹ്മാൻ . ആരെങ്കിലും ഒരാൾ ഒരിക്കലെങ്കിലും തിരികെ വരുമെന്നു പ്രതീക്ഷ ഇതാ നിറവേറപ്പെടാൻ പോകുന്നു. താൻ ചെയ്തു കൂട്ടിയ പാപങ്ങൾ ബൂമറാങ്ങു പോലെ തനിക്കു നേരെ പാഞ്ഞടുക്കുന്നു യുവാവ് രണ്ടും കൽപ്പിച്ചു തന്നെയാണ് വന്നിരിക്കുന്നത് . യാത്ര നഗരത്തിന്റെ തിരക്കിൽ നിന്നും പകലുകളിൽ പോലും ആളുകൾ വരാൻ മടിക്കുന്ന അസാന്മാർഗികളുടെ വിഹാരകേന്ദ്റത്തിനടുത്തേയ്ക്കാണ് .

ബേബിച്ചായൻ തന്നെ ആണല്ലോ അല്ലേ ? അവസാന വട്ട ഉറപ്പാക്കലിനായി യുവാവ് ഒരു വട്ടം കൂടി ആ ചോദ്യമെറിഞ്ഞ ശേഷം മുറുക്കിപ്പിടിച്ചിരുന്ന കൈകൾ മെല്ലെ സ്വതന്ത്രമാക്കി . പതിനാറു കൊല്ലം കഴിഞ്ഞിരിക്കുന്നു അടിവാരം വിട്ടിട്ട് .ചില പഴയ മുഖങ്ങളെ കണ്ടാൽ ഓർക്കുമെന്നല്ലാതെ ,തന്റെ മുന്നിലിരിക്കുന്ന അപരിചിതനായ യുവാവിനു താൻ ഉപദ്രവിച്ച ആരുടെയെങ്കിലും മുഖസാദൃശ്യമുണ്ടോ എന്നറിയാൻ അയാൾ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി .

യുവാവ് ഷർട്ട് മേല്പോട്ടുയർത്തി അരയിൽ തടവി,ഏതോ ആയുധവും ഒളിപ്പിച്ചാണയാൾ വന്നിരിക്കുന്നത് ,എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണമെന്നു ബേബിച്ചായന്‌ തോന്നിയെങ്കിലും യുവാവിനു നിഷ്‌പ്രയാസം കീഴ്‌പ്പെടുത്താവുന്നത്ര ദുർബലനാണ് താൻ എന്ന ചിന്ത അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചു . യുവാവ് അരയിൽ കെട്ടിയ തോർത്തിൽ നിന്നും എന്തോ എടുത്തു പുറത്തേയ്ക്കിട്ടു .ബേബിച്ചായൻ രണ്ടു തവണ ആ സാധനത്തിലേയ്ക്ക് വിശാസം വരാത്തവനെപ്പോലെ നോക്കി അഞ്ഞൂറിന്റെ നാലു കെട്ടു ഇന്ത്യൻ കറൻസി !
രണ്ടു ലക്ഷമുണ്ട് എണ്ണനൊന്നും നിൽക്കേണ്ടാ ,റാസ് അൽഖൈമയിൽ നിന്നും സണ്ണി വിളിച്ചോളും !

റാസ് അൽ ഖൈമയിൽ നിന്നും സണ്ണി !ആരായിരിക്കാം അയാൾ ബേബിച്ചൻ ആശ്ചര്യത്തോടെ അപരിചിതനെ നോക്കി ,അപരിചിതൻ കാതിൽ സ്വകാര്യമെന്നോണം പറഞ്ഞു .കുന്നുപുറത്തു കുഞ്ചെറിയായുടെ മകൻ സണ്ണിയെ ഓർമ്മയില്ലേ? അന്നു അടിവാരം വിട്ടു ഓടി പോയതിൽ പിന്നെ അവരങ്ങു തെളിഞ്ഞു അപ്പനെ നേരെയാക്കാൻ ബേബിച്ചായൻ ചെയ്ത ഉപകാരത്തിനുള്ള പ്രതിഫലമാണിത്.വളരെ വിചിത്രമായിരിക്കുന്നു വർഷങ്ങൾക്കു മുൻപ് അപ്പനെ തല്ലിയോടിച്ച ആൾക്കിതാ അയാളുടെ മക്കൾ പ്രതിഫലം അയച്ചു കൊടുക്കുന്നു. അപരിചിതൻ ദൂരെ ഇരുളിലേയ്ക്ക് മറയും വരെ ബേബിച്ചായൻ ഏതോ അന്യ ഗ്രഹത്തിൽ എത്തിയ പോലെ തരിച്ചു നിന്നു .അപരിചിതൻ നൽകിയ നോട്ടുകെട്ടുകളിൽ ഒന്നെടുത്തു വിടർത്തി ഉറക്കെ ചിരിച്ചു . ലോകം വളരെ വിചിത്രമാണ് അവിടെ സംഭവിക്കുന്നതും വളരെ വിചിത്രമായ കാര്യങ്ങളാണ്.


കേസ് നമ്പർ 221 ന്റെ വിധി വാചകം വായിച്ചു കഴിഞ്ഞപ്പോൾ കോടതി വരാന്തയിൽ നിന്ന രണ്ടു പേർ പ്രതി കൂട്ടിലേയ്ക്ക് നോക്കി പൊട്ടി ചിരിച്ചു . കള്ളനോട്ടു കേസിൽ ഏഴു വർഷം കഠിന തടവിനു വിധിക്കപ്പെട്ട ബേബിച്ചൻ പോലീസ് വാഹനത്തിലേയ്ക്ക് നടന്നു കയറുമ്പോൾ സണ്ണിക്കുട്ടി അനുജൻറെ ബലിഷ്ഠമായ കരം ചേർത്തു പിടിച്ചു . ഉണങ്ങാത്ത മുറിവുകളുമായി ലോകം വിട്ടു പോയ പ്രിയപ്പെട്ട അപ്പച്ചൻ കുഞ്ചെറിയാ സ്വർഗത്തിലിരുന്നു കൊണ്ടു മക്കളെ നോക്കി ചിരിച്ചു . ബേബിച്ചായൻ ഇപ്പോൾ ജയിലിൽ സുവിശേഷ പ്രഘോഷകനാണ് , പ്രതികാരം കർത്താവിന്റേതു മാത്രമെന്നു സഹതടവുകാരെ ഉദ്ബോധിപ്പിക്കുന്ന നല്ല ശമരിയാക്കാരൻ ..

Sunday, 27 November 2016

ഹെലിയോഫോബിയ


അണ്ണാ ട്രംപ് വന്നാൽ ഉടൻ ഒരു യുദ്ധമുണ്ടാകുമല്ലേ ? അമ്പട്ടൻ രമേശൻ കത്തിത്തലപ്പു കൊണ്ടു താഴേയ്ക്ക് വടിക്കുന്നതിനിടെ ഒരു നിമിഷം എന്റെ മുഖത്തേയ്ക്കു ഒന്നു നോക്കി ഞാൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോൾ കത്തിത്തലപ്പുമായി പിന്നിലേയ്ക്ക് മാറി നിന്നുതുടർന്നു .ട്രംപ് വരണം അണ്ണാ എന്നാലേ ഇവന്മാർ ഒരു പാഠം പഠിക്കൂ ആ ഹിലാരി മൊണ്ണയാ അവരു വരുന്നതും വരാതിരിക്കുന്നതും കണക്കാ ..
ഏഴാം ക്ലാസിൽ മൂന്നു കൊല്ലം തോറ്റു ബാർബർ പണിക്കിറങ്ങിയ രമേശന്റെ ലോകപരിജ്ഞാനം കേട്ടു തെല്ലൊന്നന്ധാളിച്ചു നിൽക്കെ രണ്ടാം റൌണ്ട് ഷവരത്തിനു ബിൽക്രീമിന്റെ പതയുമായി വന്ന രമേശൻ പതിയെ കാതിനോട് ചേർന്ന് നിന്നൊരു സ്വകാര്യം പറഞ്ഞു .മരോട്ടി പറമ്പിലെ ജാഫറിന്റെ മകൻ സാദിക്കിനെപ്പറ്റി ഒരു മാസമായി ഒരു വിവരവും ഇല്ലത്രെ , നാട്ടുകാർ പറയുന്നത് ഓൻ ഐഎസിൽ ചേർന്നെന്നാ ..
ആര് പോളിടെക്ക്നിക്കിൽ പഠിച്ച സാദിഖ് ജാഫറാ ! വിശ്വാസം വരാത്തപോലെ ഞാൻ അമ്പട്ടനെ നോക്കി .
അതെന്നേ ! ഓൻ മീശയെല്ലാം വടിച്ചിട്ടു മുട്ടക്കാട്ടൻ താടീം വളർത്തിയാരുന്നു നടപ്പ് ഓൻ എപ്പോഴാ പോകുന്നതെന്നേ എനിക്ക് സംശയം ഉണ്ടാരുന്നുള്ളു ഒരു പാന്റു തച്ചാ വൃത്തിയായി ഇടില്ലാരുന്നു പഹയൻ, കണങ്കാലിനു മേലെ വെച്ചു മുറിച്ചു പണ്ടാരം ആക്കിയേ ഇടുള്ളാരുന്നു .ജിഹാദികൾക്കുള്ള സമ്മാനം ജന്നത്താണെന്ന് തുന്നൽക്കാരൻ തമ്പിച്ചനോട് പറഞ്ഞിട്ടാണത്രെ ഓൻ നാടുവിട്ടത് .

രമേശന്റെ കടയ്ക്കു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി നേരിട്ടു ബന്ധമുള്ളതു പോലെ അയാൾ വിശ്വസനീയമായി പിന്നീട്‌  പലതും പറഞ്ഞു ഒരത്ഭുത ജീവിയെപ്പോലെ വായും തുറന്നിരുന്നു ഞാൻ സകലതും കേട്ടു . കൊച്ചു കേരളത്തിലെ കുഗ്രാമത്തിൽ ബാർബർ ഷോപ്പ് നടത്തുന്ന  രമേശൻ പോലും അമേരിക്കയിൽ ട്രംപ് വരുന്നതും കാത്തു നേർച്ചകളുമായി കഴിയുന്നു. ഹിലാരി പോരത്രേ ,തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയപ്പോൾ ഹനുമാൻ സേനയ്ക്കു  വേണ്ടി പ്രസംഗിക്കാൻ വന്ന കോമരക്കാട്ടിൽ കൃഷ്ണൻ പറഞ്ഞാണത്രെ അമ്പട്ടൻ ഡൊണാൾഡ് ട്രംപിന്റെ ഡൈ ഹാർഡ് ഫാൻ ആയി തീർന്നത് .നാഴികക്ക് നാൽപതു വട്ടം കുടിയേറ്റക്കാരെ തെറി പറയുന്ന വർണ്ണ വെറിയനായ കഴുവറഡാ  മോനാണ് ട്രംപ് എന്ന് ഞാൻ അമ്പട്ടനോടു പറയാനോങ്ങിയതാണ് പക്ഷെ എന്തോ ഒരു ഉൾവിളി ഞാൻ സ്വയം വാക്കുകളെ വിഴുങ്ങി .അവന്റെ വിശ്വാസങ്ങളിൽ അവൻ അഭിരമിക്കട്ടെ എനിക്ക് ദോഷമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു അവന്റെ ശത്രുവാകുന്നതെന്തിന് . പക്ഷെയെങ്കിൽ ചെയ്യുന്ന ജോലിയിൽ പരിപൂർണ്ണത രമേശന്റെ മുഖ മുദ്രയാണ് ഭേഷാ വെട്ടിയൊതുക്കിയ മുടി കോതി  കൊണ്ട് ഞാൻ അമ്പട്ടൻ രമേശന്റെ കൈകളിലേക്ക് നോക്കി ചോദിച്ചു അമ്പട്ടാ നീയും  ഹനുമാൻ സേനയിൽ  ചേർന്നു അല്ലേ ?അമ്പട്ടൻ ചിരിച്ചു കൊണ്ടു  തല കുനിച്ചു പണ്ടു നാനായുടെയും സിനിമാ മംഗളത്തിന്റെയും സെന്റർ പേജിലെ മാദക സുന്ദരിമാർ അലങ്കരിച്ചിരുന്ന ബാർബർ ഷോപ്പിന്റെ ഭിത്തിയിൽ നിറയെ പുരാണ കഥാപാത്രങ്ങൾ  .മാറ്റമില്ലാത്തതു മാറ്റത്തിന് മാത്രമാണ്, ചില വ്യക്തികൾ  സംഘടനയുടെ ഭാഗമാകുമ്പോൾ സംഘടനയോ അതിലുപരി വ്യക്തികളോ മാറ്റത്തിനു  വിധേയമാക്കപ്പെടുന്നു എന്തായാലും വെട്ടിയൊതുക്കപ്പെട്ട മുടിയും പോളിഷു ചെയ്യപ്പെട്ട മുഖവും  മാറാല കെട്ടിയ കുറെ വികൃത ചിന്തകളുമായിമായി ഞാൻ പുറത്തേയ്ക്കിറങ്ങി .

ബാർബർ ഷോപ്പിൽ വഴക്കു നടക്കുന്നതറിഞ്ഞാണ് റോഡിലേയ്ക്ക് വന്നത് , ജാഫറിക്ക അമ്പട്ടനുമായി വലിയ തോതിൽ ഉച്ചയിട്ടു സംസാരിക്കുകയാണ്  ഇരു വശത്തും രണ്ടു കൂട്ടർ എന്തിനും സജ്ജരായി നിൽക്കുന്നു . കോമരൻ  ഗോപിയെനിക്ക് കൂടെപ്പിറപ്പായിരുന്നു, ആ ഗോപിയുടെ മകനല്ലേ എന്നോർത്താ ഇതുവരെ ക്ഷമിച്ചത്‌ , ഇനി വയ്യാ എന്റെ മകൻ സാദിക്ക് തീവ്രവാദിയാണെന്നാ ഇവൻ നാട് മുഴുവൻ പറഞ്ഞു നടക്കുന്നെ  നിങ്ങൾ ഒന്ന് എന്റെ വീട് വരെ വരണം ജാഫർ ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി കെഞ്ചി .

സത്യം അറിയാൻ വെമ്പി  നിന്ന ജനക്കൂട്ടം ജാഫറിനു പിന്നാലെ കുഴലൂത്തുകാരന്റെ പിന്നാലെ കൂടിയ എലികുഞ്ഞുങ്ങളെപ്പോലെ മന്ദം മന്ദം നടന്നു നീങ്ങി . ജനക്കൂട്ടം വീട്ടിലേയ്ക്കു ഇരമ്പി വരുന്നത് കണ്ടു ഉമ്മറത്തിരുന്ന സൗദത്താ തലയിലെ  തട്ടം വലിച്ചു കയറ്റി അടുക്കള തിണ്ണയിലേയ്ക്ക് ഓടി മറഞ്ഞു .
 അമ്പട്ടനെയും മൂന്നാലു പൗര പ്രമുഖന്മാരെയും കൂട്ടി  ജാഫർ സ്വന്തം വീടിന്റെ ഉമ്മറപ്പടി ചവിട്ടി അകത്തേയ്ക്കു കയറി തെക്കേ മൂലയിൽ അടച്ചിട്ടിരുന്ന ചായ്പ്പ്  വെളുക്കെ തുറന്നു . അരിച്ചിറങ്ങിയ സൂര്യ പ്രകാശത്തെ പേടിച്ചിട്ടെന്നോണം ഒരാൾ അലറി വിളിച്ചു കൊണ്ടു ഉള്ളിലുള്ള കയർ കട്ടിലിനു അടിയിലേക്ക് പാഞ്ഞു കയറി . ജാഫർ ഉള്ളിൽ കയറിയയാളുടെ കൈ പിടിച്ചു പുറത്തേയ്ക്കു വലിച്ചിട്ടു . രണ്ടു കൈ കൊണ്ടും മുഖം പൊത്തിയയാൾ  നിലത്തേയ്ക്കിരുന്നു .അമ്പട്ടൻരമേശൻ  ഒരു കൈ പിടിച്ചു താഴേയ്ക്ക് മാറ്റി അതു സാദിഖ് തന്നെയെന്ന് ഉറപ്പു വരുത്തി . കഴിഞ്ഞ രണ്ടു മാസമായി സാദിഖ് ഹെലിയോഫോബിയ എന്ന അസുഖത്തിന് ചികിത്സയിൽ ആയിരുന്നത്രേ . സൂര്യപ്രകാശം കാണുമ്പോൾ അയാൾ അലറി വിളിക്കും .  വെളിച്ചം ജിന്നെന്ന പോലെ അയാളെ കീഴ്പ്പെടുത്തും പിന്നെയൊരു അലർച്ചയാണ്‌ ഇരുട്ട് വന്നു കണ്ണുകളെ മൂടും വരെ അയാൾ ഭാന്തനെപ്പോലെ അലറും അഭിമാന ബോധവും മകന്റെ ഭാവിയേയും കരുതിയായിരുന്നു ജാഫർ ഇക്കാലമത്രയും നിശ്ശബ്ദനായിരുന്നത് .
ജനക്കൂട്ടത്തിനു ബോധ്യം വന്നിരിക്കുന്നു സാദിഖ് ജാഫർ ഐസിസിൽ ചേർന്നട്ടില്ല  പിന്നെയോ വെളിച്ചത്തെപ്പോലും അഭിമുഖീകരിക്കാൻ വയ്യാത്തത്ര ഭീരുവായി തീർന്നിരിക്കുന്നു .

അന്നൊരു ചൊവ്വാഴ്ച്ച ആയിരുന്നു ബാർബർ  ഷോപ്പിനു അവധിയുള്ള ദിവസം അമ്പട്ടൻ  രമേശൻ അതിരാവിലെ ഉണർന്നു ഷൗരക്കത്തിക്കു മൂർച്ച കൂട്ടി അതുമായി ജാഫറിന്റെ വീട്ടിലേയ്ക്കു നടന്നു സൂര്യൻ ഉദിക്കുന്നതിനു മുൻപ് അമ്പട്ടൻ സാദിഖിന്റെ നീണ്ടു വളർന്നു ജഡ പിടിക്കാറായ രോമകൂപങ്ങളെ വടിച്ചിറക്കി. ഷൗരക്കത്തിസാദിഖിന്റെ താടി രോമങ്ങളെ പിഴുതെറിയുമ്പോൾ  സാദിഖ് രമേശന്റെ കണ്ണുകളിലേയ്ക്ക് സംശയത്തോടെ നോക്കിഅപ്പോൾ ജുമാ മസ്ജിദിന്റെ മിനാരത്തിൽ നിന്നും പറന്നുയർന്നൊരു മൈന  അമ്പട്ടനും സാദിക്കിനും ഇടയിൽ വന്നൊരു മധുരഗീതം പാടി ,ആ പാട്ടിന്റെ സ്വരമാധുരിയിൽ അലിഞ്ഞലിഞ്ഞു അമ്പട്ടൻ രമേശനും  സാദിക്ക് ജാഫറും  രണ്ടു മനുഷ്യർ മാത്രമായി  ......

Friday, 25 November 2016

ജാഫ്‌ന


ലിംഗേശൻ ജാഫ്‌നയിൽ നിന്നും ലീവ് കഴിഞ്ഞു വന്നതു മുതൽ ഒരേ ഇരുപ്പായിരുന്നു . സാധാരണ ലീവു കഴിഞ്ഞു വരുന്ന എല്ലാ പ്രവാസികൾക്കും ഉണ്ടാകാറുള്ള വിരഹ വേദനയാണെന്ന ധാരണയിൽ മുറിയിലുള്ള ആരും ലിംഗേശനോട് കാരണം തിരക്കാൻ പോയില്ല . മൂന്നു മാസം കുടുംബത്തോടൊപ്പം കഴിഞ്ഞിട്ടു വന്ന ഒരാൾക്ക് ഓമനിക്കാൻ ഒരു പാടു ഓർമ്മകൾ ഉണ്ടാവും അതിന്റെ തടവറയിലാണ് ഇനി തിരിച്ചു നാട്ടിലേയ്ക്ക് പോകും വരെ അയാൾ കഴിയേണ്ടത് .വന്നു ഒരു മാസം കഴിഞ്ഞും തുടരുന്ന മൗന വൃതം കണ്ടിട്ടെന്നോണം  ഒരു തത്വ ചിന്തകനെപ്പോലെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന കുഞ്ഞിക്കാദർ ലിംഗേശനെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു ."ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ജീവിക്കാനായി  പണയം കൊടുക്കാൻ വന്നു താമസിക്കുന്നവരാണ് നമ്മൾ"

ആഭ്യന്തരയുദ്ധം കടുത്തപ്പോൾ രാമേശ്വരത്തേയ്ക്ക് കപ്പൽ കയറാൻ പോയി പരാജയപ്പെടുന്നിടത്തു നിന്നാണ് ലിങ്കേശനിൽ എവിടെയെങ്കിലും പോയി രക്ഷപെടണമെന്നൊരു  ചിന്തയുണ്ടാകുന്നത് . ഓരോ പട്ടണങ്ങളും കടന്നു ശ്രീലങ്കൻ സേന മുന്നേറ്റം നടത്തുമ്പോൾ ഈലത്തിനു വേണ്ടി തോക്കെന്താൻ  പല തവണ ഊറ്റം കൊണ്ടതാണ് ,പക്ഷെ 'അമ്മ മുനിയമ്മയുടെ കണ്ണു  നീരിനു മുൻപിൽ ലിങ്കേശൻ പരാജയപ്പെട്ടു  . ഈലത്തിനു വേണ്ടി ഭർത്താവിനെ സമർപ്പിച്ച മുനിയമ്മയ്ക്കു മകൻ കൂടി ആ വഴി തിരഞ്ഞെടുത്തു രക്തസാക്ഷിയാകുന്നതിനെപ്പറ്റി ആലോചിക്കുക പോലും അസാധ്യമായിരുന്നു . പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുടെ  മുഴുവൻ ഉത്തര വാദിത്വവും ഒറ്റയ്‌ക്കെറ്റെടുക്കേണ്ടി വന്നപ്പോഴും മുനിയമ്മ തളർന്നില്ല പക്ഷെ മകൻ ലിങ്കേശൻ  ഈലത്തിൽ ചേരുന്നു എന്ന വാർത്ത ആ അമ്മയെ സംമ്പന്ധിച്ചിടത്തോളം മരണത്തേക്കാൾ ഭയാനകമായിരുന്നു . ഒരു രക്ഷപെടലിന്റെ അവസാന സാധ്യത തേടിയാണവർ മൂന്നു കുഞ്ഞുങ്ങളുമായി  രാമേശ്വരത്തേയ്ക്കു രക്ഷപെടാനുള്ള ശ്രമം നടത്തിയത്  . ശ്രീലങ്കൻ നാവിക സേന പിടികൂടി തിരികെ  ജാഫ്‌നയിലെ വീട്ടിൽ എത്തിച്ചപ്പോൾ ലിങ്കേശൻ തീർത്തും അരക്ഷിതമായ തീരത്തിലേയ്ക്ക് തിര ഛർദ്ദിച്ചിട്ട മൽസ്യത്തെപ്പോലെ അസ്വസ്ഥനായിരുന്നു .

യുദ്ധം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു ,കരുണ അമ്മൻ(മുരളീധരൻ ) എന്നൊരു വർഗ്ഗ വഞ്ചകനാണ് ഈലത്തെ തകർക്കാൻ  സിംഹളരുടെ ഒറ്റുകാരനായത് . വേലുപ്പിള്ള പ്രഭാകരൻ എന്ന സ്വപ്ന നായകൻറെ ദാരുണ മരണത്തോടെ സ്വതന്ത്ര തമിൾ ഈലമെന്ന    പ്രതീക്ഷയുടെ മേൽ അവസാന ആണിയും ഉറപ്പിക്കപ്പെട്ടിരിക്കുന്നു  . താനടക്കമുള്ള തമിഴ് യുവാക്കൾ ഇരുട്ടിലകപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ മറ്റു തമിഴ് യുവാക്കളെപ്പോലെ  ലിങ്കേശനെയും  ഭരിച്ചു തുടങ്ങിയിരിക്കുന്നു . സിംഹള മുന്നേറ്റം എവിടെയും ദൃശ്യമാണ് ,രാജപക്ഷയുടെ നിർദ്ദയമായ  നിർദേശം  നൽകിയ സ്വാതന്ത്ര്യത്തിൽ അവർ കീഴടക്കപ്പെട്ട ജനത്തിനു മുകളിൽ ഭരണം നടത്തുകയാണ്  . വായടക്കപ്പെട്ട ജനത,  വരിയുടക്കപ്പെട്ട പൗരുഷം തമിഴ് ജനതതി തടങ്കലിലാണ് . ലിങ്കേശൻ നടത്തിയ അവസാന ശ്രമമാണ്  നശിച്ച ആ നാട്ടിൽ നിന്നും അറബി പൊന്നിന്റെ നാട്ടിലേയ്ക്കുള്ള ഈ പലായനം.

ആറു കൊല്ലം എന്തു വേഗമാണ് കഴിഞ്ഞു പോയിരിക്കുന്നത് ,
"നിന്റെ നാടൊക്കെ ഒരു പാടു മാറിയിട്ടുണ്ടാവണം അല്ലേ ! മഹീന്ദ എന്ന ഹൃദയമില്ലാത്തവൻ പോയി പുതിയ സർക്കാർ വന്നില്ലേ  ഇപ്പോൾ കാര്യങ്ങളൊക്കെ  മാറിയിട്ടുണ്ടാവണം" .
പയസ് ലിങ്കേശൻറെ അടുത്തു കൂടി പുതിയ വിശേഷങ്ങളിലേയ്ക്ക് ഒരു ചൂണ്ട കൊരുത്തെറിഞ്ഞു .
നാട്ടിലുള്ള രണ്ടു അനിയന്മാർ അവരൊക്കെ ഇപ്പോൾ എന്തു ചെയ്യുന്നു, വിശേഷങ്ങൾ അറിയാൻ കൂടിയ സഹ പ്രവർത്തർക്കു മുന്നിൽ  ലിങ്കേശൻ ഉത്തരമില്ലാത്തവനെപ്പോലെ തല കുനിച്ചു നിന്നു .
നാട്ടിലേയ്ക്ക് ലീവിനു പോയ ലിങ്കേശനേ  അല്ല തിരികെ വന്നിരിക്കുന്നത് ,ആത്മാർത്ഥ സ്നേഹിതനായ പയസിനോടു പോലും ലിങ്കേശൻ വന്നു മൂന്നു മാസമായിട്ടും കമാന്നൊരക്ഷരം മിണ്ടിയില്ല  .

പെട്രോൾ വില മദ്ധ്യേഷ്യയിലെ കച്ചവടത്തെ ഒന്നാകെ ബാധിച്ചിരിക്കുന്നു . നിലവിലുള്ള തൊഴിലാളികളുമായി  മുന്നോട്ടു പോകുക ആത്മഹത്യാ പരമാണെന്നു കമ്പനികൾക്കു തിരിച്ചറിവുണ്ടായിരിക്കുന്നു  .അത്യാവശ്യം വേണ്ട തൊഴിലാളികളെ നിർത്തി ബാക്കിയുള്ളവരെ തിരികെ നാട്ടിലേയ്ക്ക്  കയറ്റി വിടുന്നതിനുള്ള പദ്ധതികൾ കമ്പനികൾ ആസൂത്രണം ചെയ്തു തുടങ്ങിയിരിക്കുന്നു . ലിങ്കേശനും പയസും  തിരസ്കൃതരുടെ പട്ടികയിൽ പേരുകാരായി വന്ന ആ ദിവസം ലിങ്കേശൻ വാ തുറന്നു .

ഞാൻ ആ നശിച്ച നാട്ടിലേയ്ക്കില്ല ,ശ്രീലങ്കയിലേയ്ക്കില്ല ! ലിങ്കേശൻ പറയുന്നത്  കേട്ട് പയസ്സും മുറി  മുഴുവനും വാ പൊളിച്ചിരുന്നു .
കഴിഞ്ഞ ലീവിനിടയിൽ ഗുരുതരമായ എന്തോ സംഭവിച്ചിരിക്കുന്നു . അയാളുടെ അനുജന്മാർ കുടുംബം ഒന്നിനെപ്പറ്റിയും ഇതുവരെ അയാൾ  ഒന്നും പറഞ്ഞു കേട്ടില്ല .
ലങ്കയിൽ ഇപ്പോൾ ഞങ്ങൾ രണ്ടാം കിട പൗരന്മാരാണ് , നാട്ടിലുള്ള എന്റെ രണ്ടനുജന്മാരും ജയിലിലാണ് ,പഴയ ഈലത്തിന്റെ  അടിവേരറുക്കുന്ന ശ്രമത്തിനിടയിൽ സിംഹളർ  നാടു  നീളെ അക്രമം അഴിച്ചു വിടുകയാണ് . നിരപരാധികളായ ഒരു പാടു യുവാക്കളെ അവർ നിർദ്ദയം കൊല്ലുന്നു എന്നിട്ടതിനു ന്യായീകരണങ്ങൾ ഉണ്ടാക്കുന്നു.

നമുക്കു പോയേ മതിയാവൂ ! വേറെ മാർഗങ്ങളില്ല, നമ്മളീ നാട്ടിൽ പരദേശികളാണ്, ചെയ്യുന്ന ജോലിക്കു കൃത്യമായ വേതനം പറ്റുന്ന അതില്ലാത്തപ്പോൾ  തിരികെ പോകേണ്ടുന്ന പരദേശികൾ . പയസ്സ്  ശാന്തമായി അയാളെ ഓർമ്മിപ്പിച്ചു  .

ജി 9053 എയർ അറേബ്യ ഗോയിങ് ടു  കൊളംബോ പാസ്സഞ്ചർ ലിങ്കേശൻ കറുപ്പയ്യൻ  ദിസ് ഈസ് ദി ഫൈനൽ കാൾ ഫോർ  ലിങ്കേശൻ കറുപ്പയ്യൻ . മുഷിഞ്ഞു കീറാറായ എയർ ബാഗുമായൊരാൾ ലോഞ്ച് കൗണ്ടർ ലക്ഷ്യമാക്കി അതി വേഗം നടന്നടുക്കുന്നു . വിമാനം പറന്നുയരാൻ ഇനി നിമിഷങ്ങൾ മാത്രം ഇതു  അവസാനത്തെ  മടക്കമാണ് ഇനിയൊരു യാത്രയ്ക്കായി ലിങ്കേശൻ കറുപ്പയ്യൻ എന്ന വ്യക്തി ഈ ഭൂമിയിൽ ഉണ്ടാവുമോ ? കടുനായിക്ക് വിമാനത്താവളത്തിൽ ചാവേറായി  വീരമൃത്യു വരിച്ച കറുപ്പയ്യന്റെ മകനാണ് താൻ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ പോരാട്ടങ്ങൾ ആരംഭിക്കാൻ പോകുന്നതേയുള്ളൂ ...............

Thursday, 24 November 2016

ഓ സി ഡി അഥവാ ഒബ്സസീവ് കമ്പൽസിവ് ഡിസോർഡർ

എന്റെ അപ്പുപ്പനായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാൻസർ രോഗി , അന്നീ രോഗം കേരളത്തിൽ കേട്ടിട്ടു പോലും ഉണ്ടായിരുന്നില്ല ബോംബയിലെ ഹോസ്പിറ്റലിൽ വെച്ചാണ് അപ്പൂപ്പൻ മരണമടഞ്ഞത് . നാല്പതു കൊല്ലം കഴിഞ്ഞപ്പോൾ അപ്പനെയും ക്യാൻസർ ബാധിച്ചു . പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പൊ ദാ എന്നെയും ,
നിഹാൽ അതു പറയുന്നതു കേട്ടു അത്ഭുതത്തോടെ ഞങ്ങൾ ഇരുന്നു . ഒരു തലമുറയിലെ മൂന്നു പേർക്ക് ഒരേ രോഗം വരിക .
ക്യാൻസർ ഒരു പാരമ്പര്യ രോഗമാണോ അമ്മേ ?
എനിക്കു പിന്നിൽ മൂന്നാമതായി നിന്ന പതിനേഴുകാരിയാണ് ആ ചോദ്യം ചോദിച്ചത് .അവളുടെ മുഖത്ത് ഉൽക്കണ്ഠയും ഭയം കലർന്ന ഒരു തരം പരവേശവും അപ്പോൾ എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു കാരണം രോഗബാധിതയായ അമ്മയുമായാണവൾ ക്യൂവിൽ നിൽക്കുന്നത് .
ഞങ്ങളുടെ കുടുംബത്തിന് അതൊരു ശാപമായിരുന്നു, യുവാവ് തനിക്കു പിന്നിലിരുന്ന കൗമാരക്കാരിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു തുടങ്ങി . കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജി വാർഡിന്റെ മുന്നിലെ വരിയിൽ നിന്നവർ ആ യുവാവിനു ചുറ്റുംഒരു കഥ കേൾക്കാനെന്നോണം തടിച്ചു കൂടി .
എന്താണ് നിങ്ങളുടെ പേര് ? കൗമാരക്കാരിയുടെ ക്യാൻസർ ബാധിതയായ അമ്മയാണാ ചോദ്യം ചോദിച്ചത് ,
നിഹാൽ , നിഹാൽ ജോർജ്ജ് , കോട്ടയത്തു നിന്നും ഇടുക്കിയിലേയ്ക്ക് ആദ്യം കുടിയേറിയ അവറാൻ എന്റെ വല്യപ്പനാണ് . അപ്പൂപ്പൻ കുടിയേറിയ കാലത്തു ഒരു പാടു കാടുകൾ വെട്ടിത്തെളിച്ചിട്ടുണ്ടെന്നും അതിലൊന്ന് ഒരു സർപ്പക്കാവായിരുന്നു . ഉടഞ്ഞു പോയ സർപ്പ കാവും അതിൽ തല തല്ലി ചത്ത സർപ്പ കുഞ്ഞുങ്ങളുടെ ശാപവും ആണ് ഞങ്ങളെ തലമുറ തോറും വിടാതെ പിൻ തുടരുന്ന രോഗ കാരണം .അർത്ഥശങ്കയില്ലാതെ അയാൾ ഒറ്റശ്വാസത്തിലാണത്രയും പറഞ്ഞു നിർത്തിയത്
ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്തേയ്ക്കു നോക്കി ആത്മവിശ്വാസം നഷ്ട്ടപെട്ട യുവാവ് , ഇനി ഒന്നും സഹായത്തിനില്ലാത്തവനെപ്പോലെ അയാൾ തല താഴ്ത്തിയിരുന്നു . ഡോക്ടർ വരാൻ സമയമായിരിക്കുന്നു ഓരോരുത്തരും അവരവരുടെ വരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു .കൗമാരക്കാരികൈയ്യിലുള്ള മൊബൈലിൽ ഗെയിം കളിക്കുകയാണ് ഇടയ്ക്കിടെ ഒളി കണ്ണിട്ടു നിഹാൽ ജോർജ്ജ് എന്ന കഥ പറഞ്ഞ യുവാവിനെ നോക്കുന്നുണ്ട് . ആരെങ്കിലും കാണുന്നു എന്നു തോന്നുമ്പോൾ കൈയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നും വെള്ളം എടുത്തു അമ്മയ്ക്ക് കൊടുക്കുന്നു പ്രണയത്തിനു കണ്ണും മൂക്കും രോഗവിവരവും ഒന്നും അറിയേണ്ട ഒരു പ്രണയം തളിരിടുന്നതിനുള്ള അന്തരീക്ഷം രൂപപ്പെട്ടു വരുന്നു ,അവരുടെ ഇടയിലെ കാഴ്ചയ്ക്കു വിഘാതമായി ഞാൻ കസേരയിൽ ഇരുന്നതോടെ അവളുടെ ശ്രദ്ധ മുഴുവൻ മൊബൈൽ ഗെയിമിലേയ്ക്ക് മാറി .
ചേട്ടനെന്നാ അസുഖം ?
നിഹാൽ തിരിഞ്ഞു നിന്നു എന്നോടായിട്ടാണാ ചോദ്യം ചോദിച്ചത് . ക്യാൻസർ വാർഡിൽ ക്യാൻസറിനു ചികിൽസിക്കുന്ന ഡോക്റ്ററെ കാണാൻ വരിയിൽ നിൽക്കുന്നയാൾക്ക് കാൻസർ അല്ലാതെ മറ്റൊന്നും ആവില്ലന്നയാൾക്കറിയാം . എന്നാലും എന്റെ ഏതവയവത്തെയാണ് അതു കാർന്നു തിന്നുന്നതെന്നാണയാളുടെ ചോദ്യം .
രക്താർബുദം ! കൗമാരക്കാരി അതെന്താണെന്നു സംശയിച്ചു അമ്മയെ നോക്കി ബ്ലഡ് ക്യാൻസർ 'അമ്മ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു കൊടുത്തു .ഏതോ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠിച്ചതിന്റെ ഗുണമാണത് .ഒരസുഖത്തിന്റെ പേരു പോലും ചൊവ്വിനെ മലയാളം അറിയില്ല പോലും .
എനിക്കു തലമുറകളായി പകർന്നു കിട്ടിയതാണീ രോഗം അപ്പൂപ്പൻ,അപ്പൻ ,ഞാൻ എങ്കിലും ഇത്ര ചെറുതിലേ ,അയാൾ വിങ്ങിപ്പൊട്ടി ഞാൻ തോളിൽത്തട്ടി സമാശ്വസിപ്പിച്ചു ,നിഹാൽ ഒരു സഹയാത്രികനെ കിട്ടിയതു പോലെ എന്നോടു കൂടുതൽ അടുത്തിരുന്നു .
ഡോക്ടർ പേരു വിളിക്കുന്ന മുറയ്ക്ക് ആളുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു .
അയ്യോ ! പാമ്പ് ! ഒരലർച്ചയോടെ അയാൾ മുന്നിലേയ്ക്ക് കുതറി മാറി .
ഒരു നിരുപദ്രവ കാരിയായ നീർക്കോലി ഞങ്ങൾക്കിടയിലൂടെ ഭിത്തിയിലേയ്ക്ക് നുഴഞ്ഞു കയറി . അന്നാദ്യമായി ഒരു പാമ്പിനെ കാണുന്നതു പോലെ നിഹാൽ അലറി വിളിച്ചു അതെവിടുന്നു വന്നെന്നോ എങ്ങോട്ടു പോയെന്നോ അറിയില്ല .
നിഹാൽ ഇതിപ്പോൾ മൂന്നാം തവണയാണ് ഞാൻ നിന്നെ വിലക്കുന്നത് ,ഇനിയെനിക്ക് പോലീസിനെ വിളിക്കേണ്ടി വരും .ഡോക്ടർ പുറത്തേയ്ക്കിറങ്ങി വന്നു അയാളെ നോക്കി രൂക്ഷമായ ഭാഷയിൽ ശകാരിച്ചു . ഇതു കേട്ടിട്ടെന്നോണം രണ്ടു വെള്ള കുപ്പായമിട്ട അറ്റെൻഡർമാർ നിഹാൽ ജോർജ്ജ് എന്ന ആരോഗ്യ ദൃഢഗാത്രനായ യുവാവിനെയും തൂക്കി പുറത്തേയ്ക്കു പോയി . അവിടെ നടക്കുന്ന ഒന്നിനെപ്പറ്റിയും ഒരു ധാരണയില്ലാത്തവരെപ്പോലെ ഞാനടക്കം അയാൾക്കു പിന്നിൽ നിന്ന പലരും ലൈനിൽ നിന്നും ആ കാഴ്ച അത്ഭുതത്തോടെ നോക്കിക്കണ്ടു .
ഒന്നുമില്ലെങ്കിലും അയാൾ ഒരു രോഗി ആണെന്നെങ്കിലും ഓർക്കണമായിരുന്നു ! കൗമാരക്കാരിയാണ് ആക്ഷേപങ്ങൾക്ക് തുടക്കമിട്ടത്‌ ,അവൾ ഈ സമയം കൊണ്ടു അവനെ വളച്ചെടുത്തെന്നു തോന്നിപ്പിക്കുന്നതു പോലെയായിരുന്നു ആ പരാതി . രോഗിയായ 'അമ്മ അവളോടു മിണ്ടരുതെന്നു ചുണ്ടിൽ കൈയ്യമർത്തി ആംഗ്യം കാണിച്ചു പിന്നീടവൾ ഒരക്ഷരം മിണ്ടിയില്ല . പിന്നിൽ നിന്നും പിറുപിറുപ്പുകൾ ശക്തമായതോടെ ഡോക്ടറുടെ മുറിയിൽ നിന്നും അറുപതിനോടടുത്ത ഒരു സിസ്റ്റർ വന്നു ഉച്ചത്തിൽ ശാസനയിറക്കി രംഗം ശാന്തമായി , തെല്ലമർഷം എനിക്കും തോന്നാതെ ഇരുന്നില്ല കാരണം കുറഞ്ഞ സമയം കൊണ്ടാ യുവാവ് എന്റെയും ഹൃദയത്തിലെവിടെയോ ഒളിച്ചു കടന്നിരുന്നു .എന്റെ ഊഴം വരുമ്പോൾ ഡോക്ടറോടു ചോദിക്കാനുറച്ചു ഞാൻ കാത്തിരിപ്പു ബെഞ്ചിൽ ഇരുന്നു കണ്ണുകളടച്ചു .
ഡോക്ടർ എന്തിനായിരുന്നു ആ യുവാവിനെ ചികിൽസിക്കാതെ പറഞ്ഞയച്ചത് ?
എന്റെ ചോദ്യത്തിനു ഉത്തരം തരാനല്ല തനിക്കു സമയമെന്നു ഡോക്ടറുടെ ശരീര ഭാഷ പറയുന്നുണ്ടായിരുന്നെങ്കിലും ഒരു രോഗിയോടുള്ള കാരുണ്യമെന്നോണം അയാൾ പറഞ്ഞു .
അയാൾക്ക്‌ ഇവിടെ ചികിൽസിക്കേണ്ട രോഗമൊന്നും ഇല്ല . ഏതെങ്കിലും മനോരോഗ ആശുപത്രിയിലാണ് അയാൾ ചികിത്സ തേടേണ്ടത് . അയാളുടെ അപ്പനും അപ്പൂപ്പനും ക്യാൻസർ വന്നു മരിച്ചു എന്ന് കരുതി താനും ആ രോഗം വന്നേ മരിക്കുമെന്നോ അല്ലെങ്കിൽ താൻ ഇപ്പോൾ ആ രോഗത്തിനടിമയാണെന്നോ ഗുരുതരമായി തെറ്റിദ്ധരിച്ചിരിക്കുകയാണയാൾ .പാമ്പും രോഗവുമെല്ലാം അയാളുടെ മാനസീക വ്യാപാരങ്ങളിൽ നിന്നുണ്ടാകുന്ന തോന്നലുകളാണ് .
അപ്പോൾ ഞാൻ കണ്ട നീർക്കോലി ? അതും ഇല്ല്യൂഷൻ ആയിരുന്നുവോ ,ഞാൻ മാത്രമല്ല എനിക്ക് പിന്നിൽ നിന്ന അൻപതോളം പേർ കണ്ടതാണ് .അടുത്ത കീമോയ്ക്കുള്ള തിയതി ഒരു മാസം കഴിഞ്ഞാണ് അതും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ അയാൾ ആശുപത്രി വാതിൽക്കലെ തട്ടു കടയിൽ നിൽപ്പുണ്ട് . ഞാൻ അടുത്തു ചെന്നു എന്തെങ്കിലും പറയും മുൻപായാൾ കയ്യിലിരുന്ന ചായ ഗ്ളാസ് എനിക്ക് നേരെ നീട്ടി പരിഭ്രാന്തനെപ്പോലെ ചോദിച്ചു .
ഒന്നു സൂക്ഷിച്ചു നോക്കിയേ വല്ലതും കാണുന്നുണ്ടോ ?
ഞാൻ ആ ഗ്ളാസ് വാങ്ങി അതിലേയ്ക്ക് സൂക്ഷിച്ചു നോക്കി, ആവി പാറുന്ന ചായ മാത്രം .
ഇല്ല ,ഒന്നുമില്ല , ഞാനയാൾക്കാ ചായഗ്ളാസ്സ് തിരികെ നൽകി .
ചുമ്മാ, ഇതിലൊരു സർപ്പം തലനീട്ടി നിൽക്കുന്നുണ്ട് , നിങ്ങൾക്കതു കാണാം എന്നിട്ടും നിങ്ങളെന്നോടതൊളിക്കുകയാണ് .
ചായ ഒരു സിപ്പ് പോലും അകത്താക്കാതെ തട്ടിലേയ്‌ക്കുപേക്ഷിച്ചു അയാൾ മുന്നോട്ടു നടന്നു ,സന്ദേഹിയെപ്പോലെ ഞാനയാളുടെ പിന്നാലെ ചെന്നു ചോദിച്ചു
നിങ്ങൾക്കു ബ്ലഡ് ക്യാൻസർ ആണല്ലേ എനിക്കും !
അൽപ നേരത്തെ മൗനം മുറിച്ചിട്ടെന്നോണം അയാൾ എനിക്കു മുഖം തിരിഞ്ഞു നിന്നു തുടർന്നു
നമ്മൾ രണ്ടു പേരും മരിക്കും ,സർപ്പശാപം കൊണ്ടു ഞാനും അതില്ലാതെ തന്നെ താനും .
ഉറക്കെ ചിരിച്ചു കൊണ്ടയാൾ മുന്നോട്ടു നടന്നു അയാളുടെ തോളിൽ തൂക്കിയിട്ടിരുന്ന മുഷിഞ്ഞു പഴകിയ തുണി സഞ്ചിയിൽ നിന്നും  ഒരു കൊച്ചു പൊളവൻ(നീർക്കോലി ) എന്നെ നോക്കി തല വായുവിൽ രണ്ടു പ്രാവശ്യം ചുഴറ്റിയ ശേഷം നിഹാൽ ജോർജ്ജിനോപ്പം യാത്ര തുടർന്നു ...

Tuesday, 22 November 2016

ഞങ്ങളും ഭൂമിയുടെ അവകാശികളാണ്



പരദേശികൾ  പലവിധമാണുള്ളത്  ,
ആകാശത്തേയ്ക്കയച്ചു വിട്ട ചരടിൽ കെട്ടിയ പട്ടം പോലൊന്ന്   .
ബഹിരാകാശത്തേയ്ക്കു വിക്ഷേപിച്ച ഉപഗ്രഹം പോലൊന്ന്
ശത്രു നിഗ്രഹത്തിനു പ്രയോഗിക്കുന്ന ബൂമറാങ് പോലൊന്ന്
ഒരു ലക്ഷ്യവുമില്ലാത്ത പരദേശികളുടെ ജീവിതയാനം വേറൊന്ന് .

ചരടിൽ കെട്ടിയ പട്ടത്തിന് ആകാശത്തോളം ഉയരണം
എല്ലാവർക്കും മേലേ നിന്നു കൊണ്ടൊന്നു താഴേയ്ക്ക് നോക്കണം
കാറ്റിന്റെ ഗതിയും ചരടിന്റെ അറ്റം നിയന്ത്രിക്കുന്ന ആളുമാണ്
പട്ടം എപ്പോൾ ഉയരണമെന്നും താഴെണമെന്നും
ചിണുക്കണമെന്നും ചരടിന്റെ പിടിയിലൂടെ നിയന്ത്രിക്കുന്നത്
എന്നിട്ടും ചിലപ്പോൾ പ്രകൃതിയതിനെ തലകീഴായി മറിക്കും
ശക്തമായ കാറ്റിൽ ചരടിൽ നിന്നും വിട്ടു
വേറെ ഏതോ ലോകത്തേയ്ക്ക് പറന്നു പറന്നു
 പോകുമെങ്കിലും കൊടിയിറക്കം പോലൊരു നിലം
തൊടൽ ഉണ്ടാവുമെന്ന പ്രതീക്ഷ അതിനുമുണ്ട്

ബഹിരാകാശത്തേയ്ക്കു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ
ഭൂമിയിലേയ്ക്ക് ചിത്രങ്ങൾ അയയ്ക്കും പോലെ
ചില ചില്ലറ ഇടപാടുകൾ ഒഴിച്ചു നിർത്തിയാൽ
ഇത്തരം പ്രവാസികൾക്കു നാടുമായി ഒരു ബന്ധവുമില്ല
കാലാവധി കഴിയുമ്പോൾ ഏതെങ്കിലും കടലിൽ പതിക്കുന്ന
ആർക്കും വേണ്ടാത്ത ലോഹ കഷണങ്ങളെപ്പോലെ
ലോകത്തിന്റെ  ഏതെങ്കിലും കോണിൽ ഗൃഹാതുര സ്മരണകളുമായി
മടക്കയാത്ര കൊതിച്ചു കൊതിച്ചു നക്ഷത്രമാകും .

ബൂമറാങ് ഒരു കൃത്യതയുള്ള ആയുധമാണ്
അതിനു ലക്ഷ്യം അറിയാവുന്നതു പോലെ
യജമാനനെയും അറിയാൻ കഴിയുന്നു
ലക്ഷ്യം പൂർത്തിയായാൽ അത് തൊടുത്തു വിട്ട
സ്ഥലം നോക്കി യാത്ര തുടരുന്നു .
അതിനു മടങ്ങി പോകാതെ
പാതി വഴിയിൽ യാത്ര നിർത്താൻ കഴിയില്ല .
ലക്ഷ്യം കീഴടക്കുന്ന നിമിഷങ്ങൾ എണ്ണി യാത്ര ചെയ്യുന്ന
പരശതം ബൂമറാങ്ങുകളിലധികവും തൊടുക്കുന്നത്
വരണ്ടു ഊഷരമായ   മരുഭൂമിയിൽ നിന്നും
പരകായ പ്രവേശം നടത്തിയ മലർവാടികളിലേയ്ക്കാണ്

ചില പ്രവാസങ്ങൾ ഗതികേടിൽ നിന്നുണ്ടാകുന്നതാണ്
ജനിച്ച മണ്ണും വളർന്ന നാടും അത്രമേൽ പരിത്യജിക്കുമ്പോൾ
നാടോടിയാകാൻ വിധിക്കപ്പെടുന്ന ചിലരുണ്ട് .
തീഗോളങ്ങൾ ഇരമ്പുന്ന നഗരങ്ങൾ വിട്ടു
അരവയറിന്റെ അടിമത്വത്തിലും പരദേശിയാകാൻ
സർവ്വവും ത്യജിക്കുന്ന ഹതഭാഗ്യർ .
ജീവനാണവരുടെ  മൂലധനം, അതു സംരക്ഷിക്കുവാൻ
ഭാഷ ദേശ സംസ്ക്കാര  വ്യത്യാസങ്ങളെ അവർ
മനസ്സില്ലാ മനസ്സോടെ പരിത്യജിച്ചിട്ടും
പരദേശികളായാ അവരെ നാം അഭയാർത്ഥികളെന്നു
നിർദ്ദയം വിളിക്കുന്നു .പ്രാവാസം പ്രയാസമെങ്കിലും
കാനാൻ ദേശം തേടിയുള്ള യാത്ര തുടരുകയാണ്
നാടോടികളെന്നോ ,പരദേശികളെന്നോ ,പ്രവാസികളെന്നോ
എന്തു പേരു ചൊല്ലി വിളിച്ചാലും
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്

Monday, 21 November 2016

രാമകൃഷ്ണന്റെ ആന.


രാമകൃഷ്ണന് ഒരാനയുണ്ടായിരുന്നു , രാമകൃഷ്ണൻ നടക്കാൻ പറഞ്ഞാൽ നടക്കുകയും പെടുക്കാൻ പറഞ്ഞാൽ പെടുക്കുകയും ചെയ്യുന്ന ഇമ്മിണി പോലും കുറുമ്പില്ലാത്ത അപ്പുവാന . എൺപത്തിരണ്ടിലെ ഏഷ്യൻ ഗെയിംസിലെ ഭാഗ്യ ചിഹ്നമായ അപ്പുവെന്ന പേരു കടം കൊണ്ടാണ് രാമകൃഷ്ണൻ തന്റെ ആനയെയും അപ്പു എന്നു വിളിച്ചു തുടങ്ങിയത് . വൈകുന്നേരങ്ങളിൽ ഞങ്ങളുടെ കളിസ്ഥലമായ കരി മണ്ണു നിറഞ്ഞ വെളിമ്പ്രദേശത്തേയ്ക്കു രാമകൃഷ്ണൻ ആനയുമായി വരും ,വിശാലമായ പറമ്പിന്റെ ഒരറ്റത്തു പനയോലയും തെങ്ങോലയും കൂട്ടിയിട്ട ഒരു കോണിൽ അപ്പുവിന്റെ കളികൾ ഞങ്ങൾ കുട്ടികൾ ദൂരെ നിന്നു നോക്കി ആസ്വദിക്കും .അപ്പു കുറുമ്പില്ലാത്തവനാണെങ്കിലും അപ്പുവിന്റെ പാപ്പാൻ രാമകൃഷ്ണനെ ഞങ്ങൾ കുട്ടികൾക്ക് മറ്റെന്തിനേക്കാളും ഭയമായിരുന്നു . ചുരുട്ടി മോളോട്ടു വെച്ച കപ്പടാ മീശയും ബനിയൻ കാൺകെ തുറന്നിട്ട രണ്ടു വശത്തും പോക്കറ്റുള്ള വരയൻ ഷർട്ടും എപ്പോഴും ചുണ്ടിലെരിയുന്ന നീളൻ ചുരുട്ടും ചാരായം മണക്കുന്ന ഉശ്ചാസവായുവുമൊക്കെ രാമകൃഷ്ണനെ ഞങ്ങൾ കുട്ടികൾക്കു ആനെയെക്കാൾ പേടിയുള്ള ഒരു മൃഗമാക്കിയിരുന്നു .
വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ അപ്പുവാന കരി മണ്ണു പറമ്പിന്റെ ഓരത്ത് പനമ്പട്ടയും തെങ്ങോലയും ശാപ്പിട്ടു സുഖിച്ചിരിപ്പുണ്ടാവും കീഴെ മാറി ഇരുമ്പു ചുറ്റിയ പെരുമര തോട്ടിയുമായി രാമകൃഷ്ണനും .ഉത്സവ കാലമായാൽ അപ്പുവിന് സുഖമാണ് പറയെടുപ്പും എഴുന്നള്ളിപ്പുമായി വീടു വീടാന്തരം കറങ്ങാം .വയറു നിറയെ പഴവും ശർക്കരയും അവിലും മലരും എന്നു വേണ്ട അപ്പു എന്തൊക്കെ തിന്നുമോ അതൊക്കെ കൊടുക്കാൻ നാട്ടുകാർ മത്സരിക്കും . രാമകൃഷ്ണൻ പാപ്പാനായുള്ള ആനയെ വിളിക്കാൻ അമ്പലക്കമ്മറ്റിക്കാർക്കൊക്കെ വലിയ ഉത്സാഹമാണ് .രാമകൃഷ്ണന്റെ മകനു പോലും അപ്പുവിനേക്കാൾ അനുസരണ കുറവാണെന്നാണ് നാട്ടിലുള്ള സംസാരം . വൈകുന്നേരം രാമകൃഷ്‌ണൻ കൊടുക്കുന്ന പനം കള്ളും മോന്തി അപ്പു ഉറങ്ങും വരെ രാമകൃഷ്ണൻ അപ്പുവിന്റെ പിന്നാലെ നിഴലു പോലെ ഉണ്ടാവും .
അക്കു കളിയുടെ മൂന്നാം റൌണ്ട് കഴിഞ്ഞു മാറിയിരുന്ന സോഫിയയുടെ മുഖത്തെ വാട്ടം എന്നെ തെല്ലൊന്നു നിരാശനാക്കി അതങ്ങനെയാണ് സോഫിയ ഒന്നു മുഖം കറുപ്പിച്ചാൽ എനിക്കെന്തോ അസ്കിതയാണ് . രണ്ടാം ക്ലാസിൽ പഠിക്കുന്ന ഞാനും ഒന്നു ബി യിലെ സോഫിയായും തമ്മിൽ ,അല്ലേൽ വേണ്ട ചെറിയ വായിൽ വലിയ വർത്തമാനം പറയരുതെന്നാണ് അപ്പച്ചൻ പറഞ്ഞിട്ടുള്ളത് .
എന്താ സോഫിയാ നിനക്കെന്താ പറ്റിയേ ? മൂന്നാം കളം ആകാശം നോക്കി ചാടിയിറങ്ങിയ ഞാൻ സോഫിയായോടു ചേർന്നിരുന്നു .
എന്തു പറ്റിയെടി ?
ഒന്നൂല്ല !
ചുമ്മാ , ഞാൻ എന്തോ അറിയാവുന്നവനെപ്പോലെ അവളെ നോക്കി കണ്ണിറുക്കി .
എന്ത് ? സോഫിയ പുരികങ്ങൾ രണ്ടും മേൽപ്പോട്ടുയർത്തി എന്നെ നോക്കി
വീട്ടിൽ അമ്മച്ചി പറയുന്നത് കേട്ടു ,ഞാനറിഞ്ഞു . എനിക്കെല്ലാം അറിയാമെന്ന ഭാവത്തിൽ ഞാനവളെ നോക്കി ചിരിച്ചു .സോഫിയ നാണം കൊണ്ടു മുഖത്തു നോക്കാതെ തല താഴ്ത്തിയിരുന്നു ചിണുങ്ങി .
ഞാൻ അറിഞ്ഞോണ്ടല്ലടാ ഫ്രാങ്കീ , അറിയാതെ ഉറക്കത്തിൽ എപ്പോഴോ.
ഇതു പേടിച്ചിട്ടാ , രാത്രിയിൽ കിടന്നു മുള്ളുന്നതു പേടിച്ചിട്ടാ ,പേടി മാറാൻ ഒരു വഴിയുണ്ട് !
സോഫിയ നിറഞ്ഞ ഉഗ്വേദത്തോടെ എന്നെ നോക്കി ,
ശരിക്കും ! എന്തു വഴി ?
ആനവാൽ കൊണ്ടു മോതിരം ഉണ്ടാക്കി കൈയ്യിൽ ഇട്ടാൽ മതി .
വിശ്വാസം വരാത്തവളെപ്പോലെ സോഫിയ എന്നെ നോക്കി
രാമകൃഷ്ണന്റെ ആന അപ്പുവിന്റെ വാലിൽ നിന്നും ഒരു രോമം കിട്ടിയാൽ തീരുന്ന വ്യാധിയെ തനിക്കുള്ളൂ എന്ന തിരിച്ചറിവു സോഫിയായ്ക്കു കൈവന്നിരിക്കുന്നു പക്ഷെ പൂച്ചയ്ക്കാര് മാണി കെട്ടും . ആരാണ് അപ്പുവിന്റെ വാലിൽ നിന്നും രോമം പിഴുതെടുക്കുന്നത് .
രാമകൃഷ്ണൻ !
എന്റെ ഉത്തരം കേട്ടതും സോഫിയ പൊട്ടി ചിരിച്ചു . അപ്പുവിനേക്കാൾ ഭയം രാമകൃഷ്ണൻ എന്ന ആ വൃത്തികെട്ട രൂപിയായ പാപ്പാനോടാണ് അയാളോടു ചോദിക്കുന്നതിലും ഭേദം അപ്പുവിന്റെ പിന്നിൽ നിന്നും അയാളില്ലാത്തപ്പോൾ പിഴുതെടുക്കുന്നതാണ് . പക്ഷെ എങ്ങനെ ? അപ്പുവിനു വേദനയെടുക്കുമ്പോൾ അതലറും അപ്പോൾ രാമകൃഷ്‌ണൻ വരും ,വേണ്ടാ അതൊരു കുഴപ്പം പിടിച്ച ഇടപാടാണ് മാത്രമല്ല അപ്പുവിനെ വേദനിപ്പിക്കാതെ രോമം പിഴുതെടുക്കാൻ രാമകൃഷ്ണനല്ലാതെ മറ്റാർക്കും കഴിയില്ല ഞാൻ സോഫിയായെ പിൻ തിരിപ്പിക്കാൻ ശ്രമിച്ചു .
അപ്പൻ പലപ്പോഴായി രാമകൃഷ്ണനു കാശു കൊടുക്കുന്നതു താൻ കണ്ടിട്ടുള്ളതാണ് അപ്പൻ ചോദിച്ചാൽ രാമകൃഷ്ണൻ ആനവാൽ പിഴുതു തരും പക്ഷെ അപ്പനോട് എങ്ങനെ പറയും . സോഫിയക്ക് വേണ്ടിയാണെന്ന് പറഞ്ഞാൽ അപ്പൻ എന്തു കരുതും .വൈകുന്നേരം സോഫിയ വരും വരെ ആലോചിച്ചൊരു തീരുമാനം എടുത്തു .ഞാനും സോഫിയയും കൂടി നേരിട്ടു പോയി രാമകൃഷ്ണനോടു ആന വാൽ ചോദിക്കുക .സോഫിയ ആദ്യമൊക്കെ എതിർത്തു നോക്കിയെങ്കിലും കിടന്നു മുള്ളി എന്ന ഇരട്ടപ്പേര്‌ ഒഴിവാക്കാൻ കഴിയുമെന്നോർത്തപ്പോൾ ഫ്രാങ്കി പറയുന്നത് അനുസരിക്കാൻ തന്നെ സോഫിയ തീരുമാനിച്ചു .
കളി കഴിഞ്ഞു കുട്ടികൾ എല്ലാവരും വീട്ടിലേയ്ക്കു പോയെന്നു ഉറപ്പു വന്നപ്പോൾ സോഫിയ ഫ്രാങ്കിയുമായി മെല്ലെ അപ്പുവിന്റെ അടുത്തെത്തി അപ്പു ചിര പരിചിതരെ കണ്ടപ്പോലെ പനമ്പട്ടയിലേയ്ക്ക് മുഖം താഴ്ത്തി അനങ്ങാതെ നിന്നു .
ചേട്ടാ , രാമകൃഷ്ണൻ ചേട്ടാ ...
ചാരായത്തിന്റെ ലഹരിയിലായിരുന്ന രാമകൃഷ്ണൻ കൺപോളകൾ വലിച്ചു തുറന്നു .എന്നും കാണുന്ന എന്നാൽ ഇന്നു വരെ അടുത്തു വരാത്ത രണ്ടു കുട്ടികൾ അരികിൽ വന്നിരുന്നു തൊട്ടു വിളിക്കുന്നു . രാമകൃഷ്‌ണൻ എന്തോ അത്ഭുത കാഴ്ച കണ്ടവനെപ്പോലെ എഴുന്നേറ്റിരുന്നു ചോദിച്ചു .
ആനയെ തൊടണോ ? സാധാരണ ഇങ്ങനെ ആവശ്യങ്ങൾക്കാണ്‌ കുട്ടികൾ അയാളെ സമീപിക്കാറ്‌ .
വേണ്ടാ , ഞങ്ങൾ രണ്ടു പേരും ഒരേ സമയം കണ്ണുകൾ ഇറുക്കിയടച്ചു .
ഒരു ആനവാൽ വേണം ! രാമകൃഷ്‌ണനു ചിരിയടക്കാനായില്ല
എന്തിനാ ആനവാൽ ?
പേടി മാറാൻ .
ഇതിൽ ആർക്കാ പേടി ? ഫ്രാങ്കി സോഫിയയുടെ മുഖത്തേയ്ക്കു തിരിഞ്ഞു നോക്കി അവൾ തല കുനിച്ചു നിന്നു വിറച്ചു . അവളുടെ പെറ്റിക്കോട്ടിനിടയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നത് ഫ്രാങ്കി കണ്ടു . രാമകൃഷ്ണനെ കണ്ടും അവൾ പേടിച്ചു മുള്ളിയിരിക്കുന്നു . രാമകൃഷ്ണൻ ചിരിച്ചു കൊണ്ടു അപ്പുവിന്റെ പിന്നിൽ നിന്നും ഒരു രോമം പിഴുതു സോഫിയയുടെ വിരലിൽ കെട്ടി കൊടുത്തു . മുരടനും രാക്ഷസനും എന്നു തങ്ങൾ ഇതുവരെ ധരിച്ചിരുന്ന രാമകൃഷ്ണൻ കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്നു .
അന്നു രാത്രി സോഫിയ കിടന്നു മുള്ളിയില്ല വലിയ സന്തോഷത്തോടെയാണ് അവൾ പിറ്റേന്ന് സ്‌കൂളിൽ പോയത് . ആനവാൽ കുഞ്ഞു സോഫിയായുടെ സകല പേടികളും മാറ്റിയിരിക്കുന്നു . മെല്ലെ മെല്ലെ രാമകൃഷ്ണനും അപ്പുവും സോഫിയായുടെയും ഫ്രാങ്കിയുടെയും ഉറ്റ ചങ്ങാതിമാരായിരിക്കുന്നു. അപ്പുവിനു കൂടുതൽ വരുന്ന കദളിപ്പഴവും അവിലും മലരും എന്നുവേണ്ട സകല പഴവർഗങ്ങളിലും ഫ്രാങ്കിക്കും സോഫിയയ്ക്കും അവകാശം കൈവന്നിരിക്കുന്നു . ഉത്സവങ്ങളുടെ സീസൺ ആരംഭിച്ചിരിക്കുന്നു എടുത്താൽ തീരാത്ത പണിയുണ്ടിപ്പോൾ അപ്പുവിന് .
ഒരു ദിവസം അപ്പുവിന്റെ അടുത്തേയ്ക്കു ചെന്ന ഞങ്ങളെ രാമകൃഷ്ണൻ വിലക്കി .
അവന്റെ അടുത്തേയ്ക്കു ഇപ്പോൾ പോകണ്ടാ രണ്ടു ദിവസമായി ചെറിയ ഒരു മദപ്പാടു പോലെ !
എന്താണ് മദപ്പാട് എന്നു ചോദിക്കാൻ നിന്നില്ല ചോദിച്ചാലും ഞങ്ങൾക്കു ദഹിക്കുന്ന ഒരു മറുപടി രാമകൃഷ്‌ണൻ തരുമായിരുന്നോ .മൂന്നാം ദിനം വൈകുന്നേരം സ്കൂളിൽ നിന്നും വരുന്ന വഴി ഞങ്ങൾ ആ കാഴ്ച കണ്ടു ചതഞ്ഞരഞ്ഞ രാമകൃഷ്ണനന്റെ ശവശരീരം,അക്ഷരാർത്ഥത്തിൽ ഒരു കബന്ധം ഓലക്കീറു കൊണ്ടു മൂടിയിട്ടിരിക്കുന്നു .സോഫിയ അലറി വിളിച്ചു കൊണ്ടു വീട്ടിലേയ്ക്കോടി ഞാൻ മുഖമുയർത്തി ഒന്ന് നോക്കി ദൂരെ മാറി ഒന്നും സംഭവിക്കാത്തവനെപ്പോലെ അപ്പുവാന ചങ്ങലയ്ക്കുള്ളിൽ ശാന്താനായിരിക്കുന്നു .
അപ്പുവിന്റെ മദപ്പാട് രാമകൃഷ്ണന്റെ ചോരയ്ക്ക് വേണ്ടിയുള്ള ദാഹമായിരുന്നു എന്നു അപ്പൻ പറഞ്ഞപ്പോൾ അന്നാദ്യമായി ഞങ്ങൾക്ക് അപ്പുവിനോട് ദേഷ്യം തോന്നി .രാമകൃഷ്ണൻ കൈയ്യിൽ കെട്ടി തന്ന അപ്പുവിന്റെ വാൽ ഞാനും സോഫിയായും കൂടി അവന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു . പ്രിയപ്പെട്ടവരാരോ അകന്നു പോകുന്നതു പോലെ അപ്പു അലറി വിളിച്ചു . പിന്നെ അപ്പു ഞങ്ങൾക്കാരുമായിരുന്നില്ല ഏതു നിമിഷവും പാലു കൊടുത്ത കൈക്കു തന്നെ കൊത്താവുന്ന ഒരു നികൃഷ്ടജീവി .
രാത്രിയുടെ മൂന്നാം യാമത്തിൽ ശ്രീമതി എന്നെ തോണ്ടി വിളിച്ചു.
പ്രാഞ്ചിയേട്ടാ ,പ്രാഞ്ചിയേട്ടാ എനിക്കു പേടിയാകുന്നു ?
എന്തിന് ഞാനില്ലേ കൂടെ ,
അതല്ല പ്രാഞ്ചിയേട്ടാ എനിക്കൊരു സാധനം വേണം !
എന്ത് ? ഈ പാതിരാത്രിയിൽ മനുഷ്യനെ മെനക്കെടുത്താൻ
പ്രാഞ്ചിയേട്ടാ എനിക്കൊരു ആനവാൽ മോതിരം വേണം ! അയാൾ ചാടിയെഴുന്നേറ്റു , മുറിയിലാകെ ചോരയുടെ മണം തലയരഞ്ഞ ഒരു ഉടൽ പിന്നെ അപ്പു എന്ന ആനയുടെ ചിന്നം വിളി .അയാൾ ഭാര്യയുടെ നഗ്‌ന മേനിയിലേയ്ക്ക് കൈകൾ മുറുക്കി ശേഷം പൂക്കുല പോലെ വിറച്ചു കൊണ്ടുറക്കെ വിളിച്ചു .
സോഫിയാ നീയിപ്പോൾ എവിടെയാണ് ????

Tuesday, 15 November 2016

ഊഹക്കച്ചവടം






അഹമ്മദാബാദിലെ സിദ്ദി സയ്യിദ് മസ്ജിദിന്റെ വടക്കേ അതിരിലുള്ള ഗുജറാത്തി മധുര പലഹാരക്കടയാണ് പട്ടേലർ അടയാളമായി പറഞ്ഞിരുന്നത് . വെള്ളിയാഴ്ച്ച നമസ്ക്കാരത്തിനായി വരുന്ന ശുഭ്ര വസ്ത്ര ധാരികളിലേയ്ക്ക് കണ്ണും നട്ടു ശേഖർ മധുര പലഹാര കടയുടെ മൊസൈക് പാകിയ തിണ്ണയുടെ തണുപ്പിൽ ചേർന്നിരുന്നു . ജുമാ ഖുതുബാ കഴിഞ്ഞതും തലയിൽ തൊപ്പി വെച്ച മുട്ടനാടിന്റെ താടിയുള്ള ഒരാൾ ശേഖറിനെ തോണ്ടി വിളിച്ചു . കേരളത്തിൽ നിന്നുള്ള യാത്ര സുഖമായിരുന്നോ ? ചോദ്യം കേട്ടതും ശേഖർ ചാടിയെഴുന്നേറ്റു കാരണം പട്ടേൽ പറഞ്ഞിരുന്ന കോഡ് അതായിരുന്നു . കേരളത്തിൽ നിന്നുള്ള യാത്ര സുഖമായിരുന്നോ എന്നു ചോദിക്കുന്ന ആളിനെ അനുഗമിക്കുക .തിണ്ണയിൽ ഒതുക്കി വെച്ചിരുന്ന ചുമട് മെല്ലെ തോളിൽ എടുത്തിട്ടു അയാളുടെ പുറകെ കുറച്ചു നേരം മുന്നോട്ടു നടന്നു . ബിരിയാണിയുടെ ഗന്ധമാണ് ആ തെരുവോരങ്ങൾക്ക് മസാല കൂടിയ ദം ബിരിയാണിയുടെ ഗന്ധം കനത്തു വന്ന തെരുവോരത്തിന്റെ അറ്റത്തെത്തിയതും ആട്ടിൻ താടിയുള്ള ശുഭ്ര വസ്ത്ര ധാരി തിരിഞ്ഞു നിന്നു ഇവിടെ വരെ മതി യാത്രയെന്ന അർത്ഥത്തിൽ കൈ കാട്ടിയ ശേഷം അകത്തേയ്ക്കു പോയി .
കലാപത്തിന്റെ വടുക്കൾ ഉണങ്ങാത്ത മണ്ണാണിത് ,പകയുടെ കനലെരിയുന്ന നെരിപ്പോടുകൾ ഉള്ളിൽ പേറി ജീവിക്കുന്ന പാർശ്വ വൽകൃതരുടെ ഒളിസങ്കേതങ്ങൾ .ഏതു നിമിഷവും പൊട്ടി പുറപ്പെടാവുന്ന കലാപത്തെ ഇവർ ഭയക്കുന്നു . ഉള്ളിലേയ്ക്ക് പോയയാൾ ഉടനൊന്നും തിരിച്ചു വരുന്ന ലക്ഷണം കാണുന്നില്ല ശേഖർ പകുതി മുറിഞ്ഞു വീണ ഒരു മരകുറ്റിയിൽ കയറി ഇരുന്നു അപ്പോഴും കനമുള്ള ആ ബാഗ് ആയാൾ തോളിൽ തന്നെ തൂക്കിയിട്ടിരുന്നു . കടന്നു പോകുന്നവർ സംശയ ദൃഷ്ടിയോടെ തന്നെയും ബാഗിനെയും നോക്കുന്നുവെന്നതു തിരിച്ചറിഞ്ഞ ശേഖർ അടുത്തു കണ്ട തണ്ടൂരി റൊട്ടിക്കടയിലേയ്ക്ക് കയറി . റൊട്ടിക്കടക്കാരൻ തോളിൽ ചുറ്റിയിരുന്ന തോർത്തെടുത്തു മുഖം തുടച്ച ശേഷം കമ്പിയിൽ കോർത്തെടുത്ത തണ്ടൂരി റൊട്ടിയുമായി അടുപ്പിന്റെ മോന്തായത്തിലേയ്ക്ക് തല താഴ്ത്തി . ചൂടുള്ള തണ്ടൂരി റൊട്ടി കഴിക്കാൻ നല്ല രുചിയാണ് ശേഖർ ചൂടോടെ വാങ്ങിയ ഒരു റൊട്ടി കറു മുറെ കറു മുറെ കടിച്ചു തുടങ്ങിയതും ഊശാം താടിക്കാരൻ ആജാനബാഹുവായ രണ്ടു കപ്പടാ മീശക്കാരുമായി പുറത്തേയ്ക്കു വന്നു .
റൊട്ടിക്കടക്കാരന്റെ കടയിലെ ടേപ്പ് റെക്കോർഡറിൽ ഗുലാം അലി ഗസൽ പാടുന്നുണ്ടായിരുന്നു . ശേഖറിന്റെ പുറത്തു തൂക്കിയിട്ടിരുന്ന സഞ്ചിക്കായി ആജാന ബാഹുവായ തടിമാടന്മാരിൽ ഒരാൾ ഭവ്യതയോടെ കൈ നീട്ടി. ആദ്യമൊന്നു മടിച്ചെങ്കിലും ഊശാം താടിക്കാരൻ കണ്ണിറുക്കി കാണിച്ചതോടെ ശേഖർ സഞ്ചി അയാൾക്കു കൈ മാറി പിന്നാലെ നടന്നു .
ഊശാം താടിക്കാരൻ നല്ല മലയാളത്തിൽ സംസാരിക്കുന്നതു കേട്ട് ശേഖർ ആദ്യമൊന്നു ഞെട്ടി . വർഷങ്ങളായി കേരളത്തിൽ കച്ചവടം ചെയ്യാൻ വരുന്നത് കൊണ്ട് തമിഴും മലയാളവും തെറ്റില്ലാതെ സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞു കൊണ്ടയാൾ കൈയ്യിലിരുന്ന മുക്കി പൊടി തിരുകി നെറുകം തലയിലേയ്ക്ക് വലിച്ച ശേഷം കൈലേസുകൊണ്ടു മൂക്ക് തുടച്ചു . ഒരു സുഹൃത്തിനോടെന്നപോലെ അയാൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് എന്റെ അങ്കുശമില്ലാത്ത ആശങ്ക അറിയാതെ പുറത്തേയ്ക്കു ചാടിയത് .
ഈ നിരോധിച്ച നോട്ടുകൾ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു ?
അത് വരെ കലപില സംസാരിച്ചിരുന്ന ഊശാം താടിക്കാരൻ പെട്ടന്ന് മൗനിയായി .
താനേതോ വലിയ അപരാധം ചെയ്ത തോന്നൽ ശേഖറിന്റെ ഹൃദയത്തിലൂടെ കടന്നു പോയി .
വലിയ കൊള്ളക്കാരുടെ സാമ്രാജ്യം പ്രതീക്ഷിച്ചാണ് അകത്തേയ്ക്കു പോയതെങ്കിലും ഉള്ളിൽ ശുഷ്കിച്ചു വീഴാറായ ഒരു സ്വർണ്ണ കടയും നരച്ചു വെള്ളികെട്ടിയ തലയുള്ള വൃദ്ധനും മാത്രമാണുള്ളത് . വൃദ്ധൻ സംസാരിച്ചതു മുഴുവൻ ഊശാം താടിക്കാരനായ മനുഷ്യനോടായിരുന്നു .ഗുജറാത്തി ഭാഷയിൽ എന്തോ പറഞ്ഞപ്പോൾ ഊശാം താടിക്കാരൻ ശേഖറിനു മുന്നിൽ തിരിഞ്ഞു നിന്നു കൊണ്ടു അപ്പോൾ കൊടുക്കാമല്ലോ എന്നു ചോദിച്ചു . ആജാനബാഹു ബാഗ് താഴെ ഇറക്കി വെച്ചു . വെള്ളി കെട്ടിയ കിളവൻ ബാഗിൽ നിന്നും രണ്ടു കെട്ടു പുറത്തെടുത്തു മണത്തു നോക്കി . നേരത്തെ തയ്യാറാക്കി വെച്ചിരുന്ന രണ്ടു പ്ലാസ്റ്റിക് ബാഗിൽ ആറു വീതം ബാർ ഗോൾഡ് ഊശാം താടിക്കാരനു നേരെ നീട്ടി . ഊശാൻ താടി അതു ശേഖറിനു കൈ മാറി ഡീൽ കഴിഞ്ഞിരിക്കുന്നു .ആജാന ബാഹുക്കളായ യുവാക്കൾ ശേഖറിന്റെയും ഊശാം താടിയുടെയും കൂടെ പുറത്തേയ്ക്കു വന്നില്ല.
ആ കാശ് എന്തു ചെയ്യുമെന്നു ചോദിച്ചില്ലേ ?
അപ്രതീക്ഷിതമായി ഊശാം താടി എന്റെ പഴയ ചോദ്യത്തിനു മുൻകാല പ്രാബല്യത്തിൽ ഉത്തരം പറയാൻ സന്നദ്ധനായി മുന്നോട്ടു വന്നിരിക്കുന്നു . രണ്ടു ചെവിയും മലർക്കെ തുറന്നു ഞാൻ അയാളുടെ വായിലേയ്ക്ക് നോക്കി . കടലാസു വില മാത്രമുള്ള രണ്ടു കോടിയാണാ ഗുജറാത്തി കിളവൻ വാങ്ങി വെച്ചിരിക്കുന്നത് . രണ്ടു കോടി വാങ്ങി അമ്പതു ലക്ഷത്തിന്റെ സ്വർണ്ണം വലിയ ലാഭ കച്ചവടം ആയേനെ ,നിരോധനം വരുന്നതിനു മുൻപേ ആയിരുന്നെങ്കിൽ, പക്ഷെ ഇപ്പോൾ അപ്പി തുടയ്ക്കാൻ പോലും കൊള്ളാത്ത വെറും കടലാസു കഷണം ? ഊശാം താടിക്കാരന്റെ അർത്ഥഗർഭമായ മൗനംവരാനിരിക്കുന്ന കൊടുങ്കാറ്റിന് മുന്നോടിയാണെന്നു ശേഖറിനു തോന്നി .
ആറു മാസം കഴിയുമ്പോൾ സർക്കാർ തന്നെ നോട്ടു നിരോധനം പിൻ വലിക്കും !!!
ഇവിടെ എല്ലാ മൂലയിലും ആ വാർത്ത പരന്നു കഴിഞ്ഞിരിക്കുന്നു ,
ശേഖർ വിശ്വാസം വരാത്തവനെപ്പോലെ ഊശാം താടിക്കാരനെ നോക്കി .
സത്യമാണ് പറഞ്ഞതെന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി ചിരിച്ചു . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച അറിവിൻ മേലാണത്രെ ഈ നാട്ടിൽ ഊഹ കച്ചവടം പൊടി പൊടിക്കുന്നത് .
അപ്പോൾ ഇപ്പോൾ പ്രഖ്യാപിച്ച നിരോധനം പിൻ വലിക്കും എന്നാണോ താങ്കൾ പറയുന്നത് ? ശേഖർ ഊശാം താടിക്കാരൻ കിളവൻ പറഞ്ഞതു ഒന്നു കൂടി കേൾക്കാൻ അയാളെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു . തിരിച്ചും മറിച്ചും ചോദിച്ചിട്ടും വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ഊശാം താടി യാത്ര അവസാനിക്കും വരെ തയ്യാറായില്ല .
ശേഖർ ഇപ്പോൾ കുറഞ്ഞ ചിലവിൽ നിരോധിച്ച കറൻസികൾ വാരിക്കൂട്ടുന്ന തിരക്കിലാണ് കാരണം നിരോധനം എടുത്തു കളയുന്ന ആ ദിവസം അയാൾക്കു കൊയ്യേണ്ടതു കുറച്ചൊന്നുമല്ല . അനിശ്ചിതത്വം സാഹസികത എന്നിവയ്ക്ക് തയ്യാറായ ശേഖർ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ആ പ്രഖ്യാപനം വരുന്ന ദിവസവും കാത്തിരിക്കുകയാണ് ...

Thursday, 10 November 2016

ഞാൻ ആൽകെമിസ്റ്റാകുന്നു .



കാണുന്നതു സത്യമാണോ എന്നറിയാൻ ഞാൻ കൈയ്യിൽ നുള്ളി നോക്കി , അന്നൊരു പെസഹാ വ്യാഴാഴ്ച കാലു കഴുകൽ ശ്രുശ്രൂഷ യ്ക്കിടയിൽ പ്രസംഗിക്കാൻ വന്ന കാപ്പിപ്പൊടി ലോഹയിട്ട ഈശോ സഭക്കാരൻ കപ്പൂച്ചിൻ അച്ചൻ പറഞ്ഞാണ് ഞാൻ ഇയാളെപ്പറ്റി ആദ്യം കേൾക്കുന്നത് .ആംസ്റ്റർഡാമിലെ കാപ്പിക്കടയിൽ വെച്ചു പരിചയപ്പെട്ട അജ്ഞാതനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നടത്തിയ സാന്റിയാഗോയിലേക്കുള്ള തീർത്ഥാടനം പ്രമേയമാക്കിയ സുന്ദര പുസ്തകത്തിന്റെ കഥാകാരൻ അന്നേ എന്റെ ഹൃദയത്തിൽ കൂടു കെട്ടിയതാണ് . സാന്റിയാഗോയെന്ന ആട്ടിടയന്റെ സ്വപ്നം തേടിയുള്ള യാത്രയും ,ഒക്കെ എന്നെ ആ ഹൃദയത്തോടു കൂടുതൽ കൂടുതൽ അടുപ്പിക്കുകയായിരുന്നു .
വെളുത്തു തീരാറായ താടി രോമങ്ങൾ തടവിയായാൾ എന്നെ നോക്കി ചിരിച്ചു . ചാണ കയറിയ തലയിൽ നിന്നും വിയർപ്പു കണങ്ങൾ താഴേയ്ക്കിറ്റു വീഴുമ്പോൾ ഒരു പാൽ പുഞ്ചിരിയാൽ അയാളെന്നെ നോക്കി കണ്ണിറുക്കി . എനിക്കിതു വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായൊരു സംഗതിയാണ് , ഏതെങ്കിലും ഒരു വസ്തു പൂർണ ഹൃദയത്തോടെ ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നിന്റെ ആഗ്രഹം സഫലമാക്കാൻ നിന്നോട് കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ പ്രിയപ്പെട്ട കഥാകാരൻ ഇന്നെന്നോടൊപ്പം ഒരു വേദിയിൽ .
ലോകമെമ്പാടും വായിക്കപ്പെടുന്ന പ്രിയപ്പെട്ട കഥാകാരാ അങ്ങേയ്ക്കെന്താണു ഞാൻ തരിക . അക്ഷര സ്നേഹത്താൽ ദീപ്തമായ എന്റെ ഹൃദയത്തിൽ നിന്നും ആ കൈ പിടിച്ചൊരു ചുംബനം നൽകണമെന്നെനിക്കു കൊതിയുണ്ട് പക്ഷെ ഒഴുകുന്ന നദി പോലെയായിരിക്കുന്നു എന്റെ ചിന്തകൾ അതിനെ ഒരു തടയണ കെട്ടി നിർത്താൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഇല്ല സ്ഥല ജല വിഭ്രമം വന്നവനെപ്പോലെ തപ്പി തടയേണ്ട സമയമല്ലിത് . ഹൃദയത്തിൽ കുടിയേറിയ അര ഡസനോളം നോവലുകൾ പിറന്നു വീണത് ആ വിരൽ തുമ്പിലൂടെയാണ്, പ്രിയപ്പെട്ടവനെ.. പൗലോ കൊയ്‌ലോ ആ കരം എനിക്ക് നേരെയൊന്നു നീട്ടുമോ ?
നറുനീന്തി പൂവിന്റെ വാസനയുള്ള ഒരു കാറ്റ് എനിക്കും കഥാകാരനുമിടയിലൂടെ വീശിയടിച്ചു . ഞാൻ ആരായി തീരാൻ ആഗ്രഹിച്ചോ അതൊന്നുമല്ല ഞാൻ സമൂഹം ആവശ്യപ്പെട്ട എന്തിനോ വേണ്ടി എന്നിലെ നല്ലതിനെ ഞെക്കി കൊന്നിട്ടു നിഴലായി ജീവിക്കുന്നവൻ . എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല തോമ ക്രിസ്തുവിനോടെന്നപോലെ വീണ്ടുമാ ചോദ്യം ഞാൻ ചോദിക്കുന്നു .
നിങ്ങൾ തന്നെയല്ലേ ആ മനുഷ്യൻ ??
ഇടതു കൈ ഉയർത്തി മൂക്കിനും കണ്ണിനുമിടയിൽ ഒരു വിഘ്‌നം പോലെ കിടന്ന കണ്ണടയുയർത്തി അയാൾ എനിക്ക് നേരെ നീട്ടി .എല്ലായ്പ്പോഴും ചിന്തകൾക്ക് സ്ഥായീ ഭാവമുണ്ടെങ്കിലും അവയിൽ ചിലത് കൂടുതൽ ശക്തമാണ് അതിനെയാണ് നീ എന്നോടുള്ള പ്രണയമെന്നു പറയുന്നത് , ഇതെന്നനോടുള്ള പ്രണയമല്ല കേവലം എന്റെ കൃതികളോട് മാത്രമാണ് എന്തു കൊണ്ടെന്നാൽ നേരായും നാം പ്രണയിക്കുമ്പോൾ മറ്റുള്ളവരെയും നമ്മെത്തന്നേയും കൂടുതൽ മനസ്സിലാക്കുന്നു ,നമുക്കു വാക്കുകളോ പ്രമാണങ്ങളോ രേഖകളോ ഉടമ്പടികളോ ആരോപണങ്ങളോ പ്രതി വാദങ്ങളോ ആവശ്യമില്ലാതാകും .അങ്ങനെ ഒരു പ്രണയത്തിലായിരുന്നു നീയിതുവരെ , അപ്പോൾ കുറച്ചു മുൻപ് വരെ എന്റെ മുന്നിലിരുന്ന മുന്നിലിരുന്ന ഊശാം താടിക്കാരൻ ?
ആ ഈശോസഭക്കാരൻ കപ്പൂച്ചിൻ അച്ചന്റെ പ്രസംഗം മരക്കൊമ്പിൽ കെട്ടിയ കോളാമ്പിയിലെന്നപോലെ എനിക്കിപ്പോഴും വ്യക്തമായി കേൾക്കാൻ കഴിയുന്നു "നിന്റെ ആഗ്രഹം എത്രമേൽ തീവ്രമാണോ അത്രമേൽ ലോകവും നിനക്കു കൂട്ടിനുണ്ടാകും ".

അച്ഛാ ദിൻ ആഗയാ (മിനിക്കഥ )



പാത്തുമ്മ കുളി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു .പെട്ടന്നവൾ എന്തോ കണ്ടു പേടിച്ചിട്ടെന്നവണ്ണം കൈയ്യിൽ കിട്ടിയ വസ്ത്രങ്ങൾ വാരി ചുറ്റി നിലവിളിച്ചു കൊണ്ടു പുറത്തേയ്‌ക്കോടി . എനിക്കിനി ജീവിക്കണ്ട ഉമ്മാ അവൾ തേങ്ങി . ഉമ്മ ബാത്ത് റൂം തുറന്നു നോക്കി അത് കണ്ടു ഞെട്ടിത്തരിച്ചു നിന്നു . കുറച്ചു മുൻപു കുളിക്കാൻ കയറിയ മകൻ സൽമാൻ ഷെൽഫിൽ മറന്നു വെച്ച രണ്ടായിരത്തിന്റെ രണ്ടു പുത്തൻ നോട്ടുകൾ ! അതിനുള്ളിൽ ഒളിപ്പിച്ച നാനോ ചിപ്പിൽ പാത്തുമ്മയുടെ കുളി സീൻ റെക്കോർഡ് ചെയ്യപ്പെട്ടുവെന്നും .റിസർവ് ബാങ്ക് ഗവർണർ അടക്കം എല്ലവരും അതു കാണുമല്ലോ എന്നോർത്തപ്പോൾ പാത്തുമ്മയും ഉമ്മയും ഇറങ്ങി നടന്നു . അപ്പോൾ അച്ഛാ ദിൻ ആനേ വാല എന്ന വലിയ പരസ്യവുമായി ചൂളം വിളിച്ചു കൊണ്ട് ജയന്തി ജനത എക്സ്പ്രസ്സ് അവരെ കടന്നു പോയി കഥ കഴിഞ്ഞു .

നാർക്കോ അനാലിസിസ് .


ട്രൂത്തു സിറം രക്തത്തിലേയ്ക്ക് മെല്ലെ മെല്ലെ അലിഞ്ഞിറങ്ങുന്നു ,അയാളിപ്പോൾ ഉറക്കത്തിനും ഉന്മാദത്തിനുമിടയിലുള്ള അവസ്ഥയിലേയ്ക്ക് വഴുതി വീഴുകയാണ് .വിഡിയോ അയാളുടെ മുഖത്തേയ്ക്കു തന്നെ സൂം ചെയ്തു കൊണ്ടു ക്യാമറാമാൻ മുന്നോട്ടെടുത്തു . അതി പ്രമാദമായ കേസിന്റെ നിർണ്ണായകമായ തെളിവുകൾ ഇന്നു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുറത്തു കാത്തു നിൽക്കുന്ന അന്വേഷണ സംഘം . ഡോക്ടറോടൊപ്പം ക്യാമറാമാനും രണ്ടു ഉന്നത ഉദ്യോഗസ്ഥരും കേസന്വേഷിച്ച ഡി വൈ എസ് പി മിന്നൽ നടേശനും മാത്രമാണാ മുറിയിൽ നിൽക്കാൻ ഇപ്പോൾ അനുവാദമുള്ളവർ . അന്വേഷണ സംഘം എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നതു ഡോക്ടറാണ് അതിന്റെ മറുപടികളെല്ലാം തന്നെ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് .
തോട്ടത്തിൽ രവീന്ദ്രന്റെ പതിനാറു വയസുകാരിയായ മകൾ രേഷ്മയെ കാണാതായതിൻറെ അന്വേഷണമാണ് ഇവിടെ നടക്കുന്നത് . നാർക്കോ അനാലിസിസിനു വിധേയമാകുന്നത് അവളുടെ കാമുകനും അയൽവാസിയുമായ ഷബീറാണ് . പല തവണ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ച കേസാണിത് . ഒരെത്തും പിടിയുമില്ലാത്ത സങ്കീർണ്ണമായ കേസ്, രേഷ്മ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അന്വേഷണ സംഘം ആകുലപ്പെടുന്നു . ഷബീർ പതിനെട്ടു കഴിഞ്ഞ കൗമാരക്കാരനാണ് ഇത്രയും ചെറിയ കുട്ടികളിൽ ഈ സെറം കുത്തി വെയ്ക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമായേക്കുമെന്ന മുന്നറിയിപ്പുകളെയും അവന്റെ വീട്ടുകാരുടെ എതിർപ്പും മറി കടന്നു കോടതി വിധിയിലൂടെ നേടിയ അനുവാദമാണിത് .
ഡോക്ടർ ജെയിംസ് ആദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിലുള്ള ഒരാളെ ഈ സെറം പരീക്ഷണത്തിനു വിധേയമാക്കുന്നത് അതിന്റെ ടെൻഷൻ അയാൾക്ക്‌ വേണ്ടുവോളമുണ്ട് . ഷബീർ ആരോഗ്യ ദൃഢഗാത്രനായ കൗമാരക്കാരനാണ് എങ്കിലും അയാളുടെ ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കും എന്നറിയും വരെ ഡോക്ടർക്കു ആധിയായിരുന്നു . ഇപ്പോൾ ആ കടമ്പ കഴിഞ്ഞിരിക്കുന്നു ഷബീർ ഉറക്കത്തിനും ഉന്മാദത്തിനും ഇടയിലുള്ള അവസ്ഥയിൽ ചോദ്യങ്ങളെ കാത്തു പരീക്ഷണ ശാലയിലെ ബെഞ്ചിൽ നീണ്ടു നിവർന്നു കിടന്നു .
നിങ്ങൾ ഷബീർ, അല്ലേ ? ഡോക്ടർ ജയിംസിന്റെ ശബ്ദം പ്രതിധ്വനികൾ ഉണ്ടാക്കാത്ത ചുമരുകളിൽ തട്ടി അവസാനിച്ചു .
ഷബീർ കേൾക്കുന്നുണ്ടോ ?ഷബീർ കേൾക്കുന്നുണ്ടോ ? ഡോക്ടർ ജെയിംസ് ചോദ്യം ആവർത്തിച്ചു
ഉം .... അയാളിരുത്തി മൂളി
നിങ്ങൾ രേഷ്മയുമായി പ്രണയത്തിലായിരുന്നോ ?
ഉം ... വീണ്ടും മൂളൽ മാത്രമാണ് മറുപടി
പ്രേമമെന്നു പറഞ്ഞാൽ ? ഡോക്ടർ ജെയിംസ് സംശയോക്തിൽ നിർത്തി
അവളെനിക്കു എല്ലാമായിരുന്നു
എല്ലാമെന്നു വെച്ചാൽ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടോ ?
ഇല്ല ഒരു തവണ ഞാൻ അതിനു ശ്രമിച്ചതാണ് പക്ഷെ !
എന്തു പക്ഷെ, പറയൂ ഷബീർ ,പറയൂ, ഡോക്ടർ ജെയിംസ് ആവേശത്തോടെ അന്വേഷണ ഉദ്യോഗസ്ഥരെ നോക്കി .
അവൾ ,അവൾ ,അവൾ , വെള്ളം വെള്ളം ഷബീർ വെള്ളമാവശ്യപ്പെട്ടു
അവൾ നിങ്ങളെ വഞ്ചിച്ചോ ?
അവൾ ജീവിച്ചിരിപ്പില്ല സാർ
ഷബീർ അവളെ കൊന്നോ ?
എന്റെ ജീവന്റെ ജീവൻ ആയിരുന്നവളെ ഞാൻ എങ്ങനെ കൊല്ലും സാർ
പിന്നെ ആരാണവളെ ?
രവീന്ദ്രൻ , ദുഷ്ടനാണയാൾ
രേഷ്മയുടെ അച്ഛൻ രവീന്ദ്രൻ ആണ് രേഷ്മയെ കൊന്നതെന്നാണോ ഷബീർ പറയുന്നത്
അതെ രവീന്ദ്രൻ , വെള്ളം വെള്ളം വീണ്ടും അയാൾ വെള്ളം ആവശ്യപ്പെട്ടു
എന്തിനാണ് രവീന്ദ്രൻ മകളെ കൊന്നത് ?
അഭിമാനം സംരക്ഷിക്കാൻ , മുസ്ലീമിനെ പ്രേമിച്ച മകളെ കൊന്നിട്ടായാലും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്ന് അയാൾ പറയുമായിരുന്നു .
അപ്പോൾ ഷബീറിനുറപ്പില്ല രേഷ്മ മരിച്ചിട്ടുണ്ടോ എന്ന് ? ഡോക്ടർ വീണ്ടും സംശയോക്തിയിൽ നിർത്തി .
അവൾ പറയാറുണ്ടായിരുന്നു അച്ഛൻ കൊല്ലാനും മടിക്കില്ല എന്ന് ,അവൾ മരിച്ചിട്ടുണ്ടെങ്കിൽ അതയാൾ കൊന്നതായിരിക്കണം .
ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരെ മാറി മാറി നോക്കി ഇയാളിൽ നിന്നും ഇതിലും കൂടുതലൊന്നും കിട്ടാനില്ലെന്നു ബോധ്യപ്പെടുത്തി ഡോക്ടർ കസേരയിലേക്ക് ചാഞ്ഞിരുന്നു . ക്യാമറ പാക്ക് അപ്പ് ആയിരിക്കുന്നു .
ഏറെ പ്രതീക്ഷയുണ്ടായിരുന്നു അവസാന ടെസ്റ്റും പരാജയപ്പെട്ട നിരാശയിൽ ഡി വൈ എസ് പി മിന്നൽ നടേശൻ കോൺക്രീറ്റ് ഭിത്തിയിൽ ആഞ്ഞടിച്ചു .ഷബീർ മയക്കം വിട്ടുണർന്നു താൻ പിടിക്കപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരേയുംകാൾ അമ്പരപ്പിച്ചത് ഷബീറിനെ തന്നെയാണ് എങ്ങനെയാണ് ഇത്രയും ശാസ്ത്രീയമായ ടെസ്റ്റ് അതി വിദഗ്‌ധമായി തനിക്കു അതിജീവിക്കാൻ കഴിഞ്ഞതെന്നോർത്തയാൾ അത്ഭുതപ്പെട്ടു .
രേഷ്മ വെറും പ്രണയിനി മാത്രമായിരുന്നില്ല ഷബീറിന് പിന്നയോ ആർക്കോ വേണ്ടി ചൂണ്ടയിൽ കൊരുത്തെടുത്ത ഒരു സുന്ദര പുഷ്പം .അജ്ഞാതമായ ഏതോ തടവറയിൽ അവളിപ്പോഴും ജീവിച്ചിരിക്കുന്നു താൻ കൈമാറിയ പോലെ,ആരൊക്കയോ അവളെ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവണം . സത്യം പറയിക്കുന്ന രാസലായിനിയുടെ ഉന്മാദത്തിൽ അതു ഞാൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ, പരീക്ഷണങ്ങൾ ഒക്കെ വെറും പ്രഹസനങ്ങളാണ് എത്ര നിരപരാധികൾ അപരാധിയാക്കപ്പെട്ടിട്ടുണ്ടാവാം ഇത്തരം തെറ്റായ പരീക്ഷണങ്ങളിലൂടെ .
ഡോക്ടർ ജെയിംസ് പറയൂ ഞാൻ നാർക്കോ അനാലിസിസിനെ അതിജീവിച്ചതെങ്ങിനെ ?
ഷബീറിന്റെ ചോദ്യത്തെ അഭിമുഖീകരിക്കാൻ കഴിയാതെ പൂമുഖത്തെ ചാരു കസാലയിൽ പത്രം വായിച്ചിരുന്ന ഡോക്ടർ ജെയിംസ് പത്രം ടീപ്പോയിലിട്ടിട്ടു അകത്തേയ്ക്കു കയറിപ്പോയി .
ഷബീർ അഹമ്മദ് എന്ന പെൺവാണിഭക്കാരുടെ ഇരയായ ഒന്നാം പ്രതി പിടിയിലായാൽ സൈമൺ ജെയിംസ് എന്ന തന്റെ പൊന്നോമന മകനും പീഡകരുടെ ലിസ്റ്റിൽ ഇടം പിടിക്കുമെന്നു ഉത്തമ ബോധ്യമുണ്ടായിരുന്ന ഡോക്ടർ ജെയിംസ് ആ ചോദ്യത്തിനുള്ള ഉത്തരത്തെ അജ്ഞാതമാക്കിക്കൊണ്ടു അകത്തെവിടെയോ അസ്വസ്ഥനായി നടന്നു .

Monday, 7 November 2016

അങ്ങനെയത്രേ ഡിങ്ക മതം ഉണ്ടായത്



തട്ടിൻപുറത്തെ സുഖവാസം അവസാനിക്കാൻ പോകുന്നു എന്നുള്ള ഭയാനക ചിന്ത ചിണ്ടനെ അസ്വസ്ഥനാക്കി . തങ്ങൾ ഇതു  വരെ ജീവിച്ച സന്തുഷ്ടി നിറഞ്ഞ ജീവിതത്തിനോട് എന്നെന്നേയ്ക്കുമായി വിട പറയേണ്ടി വരുമെന്ന് ചിന്നുവിനോട് പറഞ്ഞപ്പോൾ അവൾക്കും അടക്കാൻ വയ്യാത്ത വിഷമം ഉണ്ടായി . അറുപതോളം കുഞ്ഞുങ്ങളെ പെറ്റിട്ട തട്ടിൻ പുറത്തു താമസിക്കാൻ വരുന്ന പുതിയ താമസക്കാരോട് ചിണ്ടനും ചിന്നുവിനും കടുത്ത അലോഹ്യമുണ്ടായി . ഒരു നൂറു കുഞ്ഞുങ്ങളെ എങ്കിലും ആരുടേയും ശല്യമില്ലാതെ പള്ള  നിറച്ചു ഉണ്ടും ഉറങ്ങിയും ഉണ്ടാക്കണമെന്ന ചിണ്ടന്റെ ആഗ്രഹത്തിനു മേലാണ് അന്തോണി മാപ്പിള കത്തി വെച്ചിരിക്കുന്നത് .
നെല്ലും തേങ്ങയും എന്നുവേണ്ട നടുതലകളെല്ലാം സൂക്ഷിക്കുന്ന മച്ചിനു  മുകളിൽ താമസിക്കാനും അതിഥികൾ എങ്ങനെ തയ്യാറാകുന്നു എന്ന ചിന്ത ചിന്നുവിനെ അസ്വസ്ഥയാക്കിയപ്പോൾ ചിണ്ടൻ വിശദീകരിച്ചു . വരുന്നവർ കൊടിയ വിപ്ലവകാരികളത്രെ, ലോകം മുഴുവൻ പട്ടിണി ഇല്ലാതാക്കാൻ പൊരുതുന്ന ധീരരായ യുവാക്കൾ ! പോലീസിനെ ഒളിച്ചു താമസിക്കാനാണത്രെ തട്ടിൻ പുറത്തേയ്ക്കു വരുന്നത് . ലോകമെങ്ങും സമത്വം നിറയുന്ന ദിവസം ചിന്നുവും  സ്വപ്നം കണ്ടു . എലിപ്പെട്ടികളില്ലാത്ത എവിടെയും എന്തും കരണ്ടു തിന്നാവുന്ന ആരെയും പേടിക്കേണ്ടാത്ത പുതിയ ലോകത്തിനു വേണ്ടി പരിശ്രമിക്കുന്ന നിർമല ഹൃദയാരാണ് തങ്ങളുടെ തട്ടിൻ പുറത്തെ വാസ സ്ഥലം കൈയേറാൻ പോകുന്നതെന്ന ചിന്ത ഉള്ളു കുടുങ്ങുന്ന പേടിയിലും അവർക്കൊരാശ്വാസമായി .

അന്തോണി മാപ്പിള ജന്മിയല്ലേ എന്നിട്ടും ജന്മിത്തത്തിനെതിരെ പോരാടുന്ന വിപ്ലവകാരികൾക്കു ഒളിയിടമൊരുക്കുന്നതെന്തിന്  ?

എല്ലാ ജന്മിമാരും ഇവർക്ക് ശത്രുക്കളല്ല തൊഴിലാളികളുടെ രക്തമൂറ്റുന്ന നിർദ്ദയരായ ചിലർ അവർ മാത്രമാണ്  ശത്രുക്കൾ  .

 ചിന്നു സംശയം മുഴുവനും തന്റെ അറുപത്തിയെട്ടു കുട്ടികളുടെ തന്തയായ ചിണ്ടനോട് ചോദിച്ചു മനസ്സിലാക്കുകയാണ്  . ലോക പരിചയം കൂടുതലുള്ള ചിണ്ടൻ ഒരു വിദ്യാർത്ഥിയോട് അദ്ധ്യാപകൻ എന്ന പോലെ  വിപ്ലവം വിരിയാനുണ്ടായ കാരണങ്ങളും വിവരിച്ചപ്പോൾ ചിന്നുവിന് തട്ടിൻ പുറത്തേയ്ക്കു വരാനിരിക്കുന്ന വിപ്ലവകാരികളോട് കടുത്ത ആരാധനയും  ഇഷ്ട്ടവുമുണ്ടായി .
തേങ്ങയിടാൻ വരുന്ന മാധവൻ വണ്ണാൻ  മച്ചിനു മുകളിൽ  ഒതുക്കാനായി കയറി വന്നപ്പോൾ ചിണ്ടൻ ചിന്നുവിനെ ചേർത്തു പിടിച്ചു  കടിച്ചു മുറിച്ചു വെച്ചിരുന്ന പൊതിക്കാ തേങ്ങയുടെ ഉള്ളിലേയ്ക്ക് കയറി ഇരുന്നു . സാമ്രാജ്യം നഷ്ട്ടപെട്ട ചക്രവർത്തിയെപ്പോലെ  ചിണ്ടനും നിറ  വയറുള്ള ചിന്നുവും ഉണക്ക തേങ്ങയുടെ ഉള്ളിലിരുന്നു തേങ്ങി കരഞ്ഞു .

രാത്രിയുടെ മൂന്നാം യാമം രണ്ടു ചെറുപ്പക്കാർ മച്ചിന് മുകളിലേയ്ക്കു ധീരമായ ചുവടുകളോടെ കയറിവന്നു . അവർ തമ്മിൽ എന്തൊക്കയോ കുശു കുശുക്കുന്നുണ്ടായിരുന്നു  ചിണ്ടനും ചിന്നുവിനും മനസ്സിലാക്കാത്ത വലിയ വലിയ കാര്യങ്ങളാണ് അവർ പറഞ്ഞിരുന്നതെന്നു  അവർക്കു തോന്നി . മനുഷ്യരെ കൊല്ലുന്ന വിപ്ലവകാരികൾക്കു  ഒരു ദയയും ഉണ്ടാവില്ലെന്നു പട്ടണത്തിൽ നിന്നും വന്ന കോമെൻ ചുണ്ടെലി പണ്ടു പറഞ്ഞതായി  ചിണ്ടൻ ഓർത്തു . അവർ വലിക്കുന്ന ബീഡികുറ്റികൾക്കു ഒരു സുഗന്ധം ഉണ്ടായിരുന്നു അന്തോണി മാപ്പിള  പുറത്തു പോകുമ്പോൾ മകൻ സോജപ്പൻ മച്ചിനു മുകളിൽ വന്നു ഒളിച്ചു വലിക്കാറുണ്ടായിരുന്നപ്പോളുള്ള  അതേ പൊകല  മണം .

വിപ്ലവകാരികൾ ഉറങ്ങാറില്ല അവർക്കു ആരെയൊക്കയോ ഭയമാണ് . എന്തിനാണിവർ ഇങ്ങനെ ഭയന്നു ജീവിക്കുന്നത്  . വിപ്ലവം ഉപേക്ഷിച്ചു വെളിച്ചത്തിന്റെ സന്തതികളായി ജീവിക്കാൻ ഇവരെ വിലക്കുന്നതെന്താണ് ,ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ട് ഒരു പക്ഷെ നാളെ കാലം ഇവരെ ഓർക്കുന്നത് ഈ ത്യാഗങ്ങളിലൂടെ കടന്നു  വന്നു വിജയം നേടുമ്പോഴായിരിക്കും . നേരം പുലരും മുൻപു വെളിക്കിരിക്കാനല്ലാതെ  അവർ പുറത്തിറങ്ങില്ല അവർ പുകച്ചു തള്ളുന്ന പുക ശ്വസിക്കാൻ തന്നെ ഒരു സുഖമുണ്ട് . ചിന്നുവിന്റെ വയറ്റിൽ കിടന്ന കുഞ്ഞും  ആ പുക മണം കേൾക്കുമ്പോൾ തുള്ളിച്ചാടുന്നതു അവൾക്കറിയാൻ  കഴിയുന്നുണ്ട്  . അപരിചിതത്വത്തിന്റെ ലോകത്തു നിന്നും ചിണ്ടനും ചിന്നുവും താഴേയ്ക്കിറങ്ങിയിരിക്കുന്നു .

ചിണ്ടനും ചിന്നുവും പതിയെ വിപ്ലവകാരികളായ യുവാക്കൾക്കു മുന്നിലൂടെ ഓടിയിട്ടും അവർക്കൊരു പ്രതികരണവും ഇല്ല  . ഒരു വേള അതിലൊരു യുവാവിന്റെ കൈയകലത്തിൽ എത്തിയ ചിന്നുവിനെ അയാൾ എടുത്തു താലോലിച്ചു . മനുഷ്യരെല്ലാവരും അവജ്ഞയോടെ കാണുന്ന തങ്ങളെ ആദ്യമായി ഒരാൾ കൈയ്യിലെടുത്തപ്പോൾ ചിന്നുവിന്   ഏഴാം സ്വർഗ്ഗത്തിലേറിയ പ്രതീതിയായിരുന്നു  . ഈ യുവാക്കൾക്ക്  എല്ലാത്തിനോടും സ്നേഹമാണ് ,തട്ടിൻപുറത്തെ  പാറ്റയോട്, പഴുതാരയോട് എലികളായ ഞങ്ങളോട് കാരണം അവർ മനുഷ്യരിൽ തന്നെ വിഭിന്നരായ കമ്മ്യൂണിസ്റ്  എന്നൊരു വിചിത്ര വർഗമായിരുന്നു .

ചിന്നുവിന് ഈറ്റു നോവെടുക്കാറായിരിക്കുന്നു വിപ്ലവകാരികൾ ഇപ്പോൾ ഞങ്ങൾക്കും  വേണ്ടപ്പെട്ട ആരോ ആയി മാറിയിരിക്കുന്നു  . യുവാക്കൾ വലിക്കുന്ന ചുരുട്ടിന്റെ പുക ശ്വസിക്കുന്നത് കൊണ്ടോ മറ്റോ ചിന്നു മറ്റേതൊരു പ്രസവകാലത്തെയുംകാൾ  ആരോഗ്യ വതിയും പ്രസന്ന വദനയുമാണ് . പ്രസവ സമയത്തിനിനി അധികം വിനാഴിക ഇല്ലെന്ന സൂചന നൽകി  ചിന്നു ഒരു വശം ചേർന്നു കിടന്നു . വിപ്ലവകാരികളിൽ ഒരാൾ ആയാൾ  കഴിച്ച മരച്ചീനിയുടെ ബാക്കി ചിന്നുവിനു മുൻപിൽ വെച്ചു അവളെ തഴുകികൊണ്ട്  തേക്കിൻ തടിയിൽ തീർത്ത മച്ചിന്റെ  ഓരം ചേർന്നിരുന്നു .

അപായ സൂചന മുഴക്കി വിസിലടി ശബ്ദം മുഴങ്ങി ,ടക് ടക് ടക് .....ബൂട്ടിന്റെ ലാടം പിടിപ്പിച്ച ആണികൾ മര പലകയിൽ  ആവർത്തിച്ചു മുഴങ്ങുന്നു .യുവാക്കൾ പിടിക്കപ്പെട്ടു എന്ന് തോന്നിയ നിമിഷം മുഷ്ടി ചുരുട്ടിയവർ  ആവേശത്തോടെ  വിളിച്ചു "ഇൻക്വിലാബ് സിന്ദാബാദ് ഇൻക്വിലാബ് സിന്ദാബാദ്" .. കപ്പടാ മീശക്കാരനായ പോലീസുകാരൻ ചെകിടു പൊട്ടുന്ന അടി കൊടുത്തവരെ താഴേയ്ക്ക് തള്ളി . ഈ ബഹളങ്ങളൊക്കെ തട്ടിൻ പുറത്തു നടക്കുന്നതിനിടയിൽ  ചിന്നു പ്രസവിച്ചു സാധാരണ  പ്രസവത്തിൽ പത്തും പന്ത്രണ്ടും പ്രസവിക്കുന്ന ചിന്നു അന്നു ഒരാൺ കുഞ്ഞിനെ മാത്രം പ്രസവിച്ചു . അവനു ചില പ്രത്യേകതകൾ ഉണ്ടായിരുന്നു അനീതി എന്ന് കേട്ടാൽ അവനു രക്തം തിളയ്ക്കുമായിരുന്നു  . പാന്റിനു മുകളിൽ ചുവന്ന ഷഡ്ഢിയിട്ട അവനത്രെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ടവനും  അശരണരുടെ  ആശ്രയവുമായി തീർന്ന വിശുദ്ധ ഡിങ്കൻ ....... 

Thursday, 3 November 2016

വിശപ്പിന്റെ വിചിത്ര ശാസ്ത്രം (കഥ )


ഇയാളൊരു കള്ളനാണ് സാർ, അന്ന് റൂമിൽ നടന്ന മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്നെനിക്കുറപ്പാണ് , താക്കൂർ രോഷം കൊണ്ടു പറയുമ്പോൾ എനിക്കും തോന്നി അയാളായിരിക്കും ആ മോഷ്ട്ടാവെന്ന്,നീണ്ടു കൂട്ടി മുട്ടിയ പുരികങ്ങളും വസൂരികല വീണു കുഴിഞ്ഞ മുഖവും ശരിക്കും അയാൾക്കൊരു പ്രതിനായകന്റെ ശ്ചായ തന്നെ ആയിരുന്നു . ഞാനും താക്കൂറും തമ്മിൽ സംസാരിക്കുന്നത് മനസിലാക്കാതെ അയാൾ ഞങ്ങളെ തന്നെ തുറിച്ചു നോക്കിയിരുന്നു .ഭയപ്പെടുത്തുന്ന ആ നോട്ടത്തിന്റെ അന്തരാർത്ഥം എന്താണന്നറിയാതെ ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു ചെന്നു . താക്കൂർ പറഞ്ഞതു കൊണ്ടു മാത്രം ഒരാൾ കള്ളനെന്നുറപ്പിക്കുക അസാധ്യം .എന്നെ കണ്ടതും ഭവ്യതയോടെ അയാൾ എഴുന്നേറ്റു നിന്ന് തൊഴുതു ഞാൻ ഔദ്യോഗിക വേഷം ധരിച്ചിട്ടില്ലെങ്കിലും പോലീസാണെന്നു അയാൾ മനസ്സിലാക്കിയിരിക്കുന്നു . വായിൽ ചവച്ചിരുന്ന മുറുക്കാൻ പുറത്തേയ്ക്കു തുപ്പി രണ്ടു കൈ കൊണ്ടും മുഖം തുടച്ചയാൾ വീണ്ടും കൈ കൂപ്പി .എന്റെ പിന്നിൽ നിന്ന താക്കൂറിനെ അയാൾ രുക്ഷമായി നോക്കികൊണ്ട് എന്നോട് ചോദിച്ചു .
ക്യാ ഹോഗയാ സർജി ? അയാൾക്കുറപ്പാണ് ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നത്, ഇതിൽപ്പരം എന്ത് തെളിവാണ് ഇയാൾ മോഷ്ട്ടാവാണെന്നു സ്ഥിരീകരിക്കാൻ .
ഇസ്കാ പൈസ കോൻ ചോരി കിയാ ?ആരാണിയാളുടെ കാശു മോഷ്ടിച്ചത് , ഞാൻ താക്കൂറിനെ ചൂണ്ടി ബംഗാളിയോട് സ്വരം കടുപ്പിച്ചു .
കിസ്‌കാ പൈസ ! ആരുടെ പണം, ഞാൻ മോഷ്ടാവല്ല. ബംഗാളി തറപ്പിച്ചു പറഞ്ഞു .
ചുമ്മാ പറയുകയാണ് സാർ, രണ്ടു ഇടി അവന്റെ അടിനാവിക്കിട്ടു കൊടുത്താൽ ഉള്ള സത്യം പുറത്തു വരും ,താക്കൂർ തന്ന കിമ്പളത്തിന്റെ പിൻബലത്തിൽ എന്നെ പിന്നിൽ നിന്നും പ്രലോഭിപ്പിക്കുകയാണ് . കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ക്രിമിനലുകളുമായുള്ള സഹവാസം തുടങ്ങിയിട്ട് തന്റെ മുന്നിൽ നിൽക്കുന്ന ബംഗാളി ഒരു ക്രിമിനലാണെന്നു അയാളുടെ ശരീര ഭാഷ തന്നെ വിളിച്ചു പറയുന്നുണ്ട് അതു പക്ഷെ താക്കൂർ പറയുന്ന ചെറുകിട മോഷ്ട്ടാവായിട്ടാണോ എന്നതു മാത്രമാണ് ഉറപ്പിക്കേണ്ടത് .
ഒരടി കൊടുക്കണം സാർ എന്നാലേ ഇവൻ സത്യം പറയൂ ,താക്കൂർ വീണ്ടും അലോസരപ്പെടുത്തുന്നു എന്നു കണ്ട ഞാൻ പിന്നോട്ടു തിരിഞ്ഞു നിന്നു . താക്കൂർ പിന്നെ ഒന്നും മിണ്ടിയില്ല അവൻ തന്ന അഞ്ഞൂറിന്റെ ഗാന്ധി തല അവന്റെ പോക്കറ്റിൽ തന്നെ തിരുകി കയറ്റി താക്കൂറിനോട് സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ടു . അതു വരെ നല്ല മലയാളം സംസാരിച്ചിരുന്ന താക്കൂർ കന്നഡയിൽ ഏതോ വലിയ ചീത്ത വിളിച്ചു കൊണ്ടു മുന്നോട്ടു പോയി .
ബംഗാളി അവനിരുന്ന സിമെന്റ് തിണ്ണയിൽ കാലു നീട്ടി ഇരുന്നു .
ഉട്ടോ ജായേഗാ , എഴുന്നേൽക്കൂ പോകാം, എന്റെ ഗംഭീര സ്വരം അവനെ തെല്ലും അസ്വസ്ഥനാക്കിയില്ല
കിദർ, എവിടേയ്ക്ക് , മേനേ കുച്ച് ഗലത്തി നഹി കിയാ , ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല .
ബാഗ് ദികാവോ ,ഞാൻ അയാളുടെ ബാഗിനു നേരെ കൈ നീട്ടി
അയാൾ ബാഗ് കൈയ്യിലെടുത്തു അതെനിക്ക് തരില്ലെന്ന ഭാവത്തിൽ പിന്നോക്കം അമർന്നിരുന്നു .
ഒരു ബല പ്രയോഗത്തിലൂടെ അല്ലാതെ ബംഗാളി ബാഗ് വിട്ടു തരുമെന്ന് തോന്നുന്നില്ല രണ്ടും കൽപ്പിച്ചു ഞാൻ അയാളുടെ ബാഗിൽ കടന്നു പിടിച്ചു . എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അയാളാ ബാഗ് ഉപേക്ഷിച്ചു മുന്നോട്ടോടി .
ഒരു കായികതാരത്തിന്റെ മെയ്‌വഴക്കത്തോടെ അയാൾ ഞൊടിയിടയിൽ ഓടി എന്റെ കണ്ണിമയിൽ നിന്നും മറഞ്ഞിരിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വന്നു കൂടുന്നവരിൽ ഭൂരിഭാഗവും ക്രിമിനലുകളാണ് . ഞാൻ പതിയെ തിരികെ വന്നു അയാൾ ഉപേക്ഷിച്ചു കടന്ന ബാഗ് എടുത്തു തുറന്നു .അടിവയറിൽ നിന്നൊരു ആളൽ ആമാശയവും അന്ന നാളവും കടന്നു പുറത്തേയ്ക്കു വന്നു . രാവിലെ കഴിച്ച പുട്ടും കടലയിലും ദഹിക്കാതെ ശേഷിച്ചവയെല്ലാം അതേപടി തിരിച്ചു പുറത്തേയ്ക്കു വന്നു . ബാഗിനുള്ളിലേയ്ക്ക് ഒന്നു കൂടി നോക്കാൻ ഭയപ്പെട്ടു ഞാൻ തല വെട്ടി തിരിച്ചു . വീട്ടിൽ വയറ്റു കണ്ണിയായിരിക്കുന്ന ഭാര്യയുടെ ചിത്രം കൺ മുന്നിൽ തെളിയുന്നു . മനസില്ലാ മനസ്സോടെ ഞാൻ ബംഗാളി ഉപേക്ഷിച്ചു പോയ ബാഗ് ഒന്ന് കൂടി വലിച്ചു തുറന്നു നോക്കി . വളർച്ചയെത്താത്ത ഒരു മനുഷ്യ ഭ്രൂണം !
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാധനം ബംഗാളിയുടെ ബാഗിൽ നിന്നും കിട്ടിയ അമ്പരപ്പിലായിരുന്നു ഞാൻ. മൂന്നു മണിക്കൂറിനകം ബാഗുപേക്ഷിച്ചു കടന്നു കളഞ്ഞ ബംഗാളി പിടിയിലായി അവൻ പറഞ്ഞ കഥകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു . നഗരത്തിലെ സ്വകാര്യ ക്ലിനിക്കിൽ അബോർട്ടു ചെയ്തു മാറ്റുന്ന ഭ്രൂണങ്ങൾ ആയിരുന്നത്രേ അത് . അതിനോളം രുചികരമായൊരു ഭക്ഷണം ഭൂമിയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു ബംഗാളി മുറുക്കി ചുവന്നൂ ഓട്ട വീണ പല്ലുകൾ കാട്ടി രാക്ഷസനെപ്പോലെ ചിരിച്ചു .
നഗരത്തിന്റെ അറവുശാലകളിൽ നിന്നും ഉപേക്ഷിക്കുന്ന മാംസ മാലിന്യങ്ങളേക്കാൾ രുചി കൂടിയ മാംസം കുറഞ്ഞ ചിലവിൽ ഭക്ഷിക്കുന്ന തന്നെപ്പോലെ അനേകം പേരുണ്ടെന്ന അയാളുടെ വെളിപ്പെടുത്തലുകൾ ഒരു മരവിപ്പോടെയാണ് ഞങ്ങൾ കേട്ടിരുന്നത് . ഉമ്മയപ്പൻ ഉപേന്ദ്രനാഥ് എന്ന ദുർഗ്ഗാപൂർ സ്വദേശിയായ 55 കാരനെതിരെ കേസെടുക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല കാരണം അയാൾ ഉപേക്ഷിക്കപ്പെട്ട മാംസം ഭക്ഷിക്കാൻ ശ്രമിച്ച വെറുമൊരു അത്താഴപ്പട്ടിണിക്കാരൻ മാത്രമായിരുന്നു . വിശപ്പ് രുചി തേടുന്നില്ല, അമിതമായി വിശന്ന ഏതെങ്കിലും നാടോടിയായിരുന്നിരിക്കണം മനുഷ്യ ഭ്രൂണവും രുചികരമാണെന്ന അറിവ് ഉമ്മയപ്പൻ ഉപേന്ദ്രനാഥ് എന്ന മധ്യ വയസ്ക്കന് നൽകി കടന്നു പോയത് .

Tuesday, 1 November 2016

വിശുദ്ധന്മാരുണ്ടാകുന്ന വഴികൾ


കുളിരുള്ള പ്രഭാതത്തിൽ കാലിനിടയിൽ കൈയ്യും   തിരുകി ഉറങ്ങി കൊണ്ടിരുന്ന റിട്ടയേർഡ് സ്രാങ്ക് തങ്കച്ചായന്‌ ഒരു വലിയ വെളിപാടുണ്ടായി .വേമ്പനാട്ടു കായലിനിന്റെ ഓളപ്പരപ്പുകളിൽ നാളെ വൈകുന്നേരം വലിയ ദുരന്തം നടക്കാൻ പോകുന്നു . ഈത്തയൊലിപ്പിച്ച കവിളുകളുമായി കവലയിലെ ബോട്ട് ജെട്ടിയിലേക്കോടിയ തങ്കച്ചായൻ ബോട്ട് കാത്തു നിന്ന പരശതം ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനായി രണ്ടു കൈയ്യും ഉച്ചത്തിൽ കൂട്ടിയിടിച്ചു . കൊച്ചു വെളുപ്പാൻ കാലത്തു തങ്കച്ചായൻ എന്നാ കോപ്പാണി കാണിക്കാൻ പോണതെന്ന അത്ഭുതത്തിൽ ജെട്ടിയിൽ കൂടിയവർ തങ്കച്ചായന്‌ അടുത്തേയ്ക്കു ചേർന്നു നിന്നു . പാൽക്കാരൻ സുഗുണൻ കൊടുത്ത് തീർക്കേണ്ട  പാൽ പാക്കറ്റുകളുമായി എം ഐ ടിയിൽ വന്നു തങ്കച്ചായനോട് ചേർന്നു നിന്നു . ശാന്തനും സൽഗുണ സമ്പന്നനും ഷെവലിയാർ പട്ടത്തിനായി ഇടവകയിൽ നിന്നും അരമനയിലേയ്ക്ക് പേര് പോയിട്ടുള്ളവനുമായ തങ്കച്ചായൻ ചുറ്റും കൂടി നിന്ന നാട്ടു കാരെ നോക്കി വാ തുറന്നു . മൊഴി മുത്തുകൾ പൊഴിയുന്നതും കാത്തു വായ്‌ച്ചോട്ടിൽ കുറ്റിയടിച്ചു നിന്ന സുഗുണൻ രണ്ടടി പിന്നോട്ടു മാറി . ഗുമു ഗുമാ അകത്തുന്നു വന്ന പുതു മണം ശ്വസിച്ചിട്ടാണ് സുഗുണൻ പിറകോട്ടു മാറിയതെന്ന് കൂട്ടാക്കാതെ തങ്കച്ചായൻ വലിയ വായിൽ അലറി "നാളെ വൈകുന്നേരം ആറുമണിക്കകം പുഞ്ചിരി ജെട്ടിക്കും ആർ ബ്ലോക്കിനുമിടയിൽ വലിയൊരു അപകടം സംഭവിക്കാൻ പോകുന്നു" . അതിരാവിലെ തന്നെ ദഹിക്കാത്ത വർത്തമാനം കേട്ട പോലെ ആളുകൾ തങ്കച്ചായന്റെ മുഖത്തേയ്ക്കു പുശ്ചിച്ചു നോക്കി . ഇന്നലെ ഉറങ്ങും വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പ്രവചന വരം വന്ന കാര്യം വിശ്വസിക്കാൻ  കണ്ണാടി ഗ്രാമക്കാർ അത്ര ശുദ്ധ ഗതിക്കാർ അല്ലായിരുന്നു .

ഈത്തയൊലിപ്പിച്ച മുഖവുമായി അച്ചായൻ ജെട്ടിയിൽ നിന്നും പ്രാന്തു പറയുന്ന വാർത്ത അടുക്കളയിൽ പുട്ടു ചുടുകയായിരുന്ന ശോശാമ്മയുടെ ചെവിയിലും ചൂടോടെത്തി . പൊടി ഇടാൻ എടുത്ത കുറ്റിയുമായി ശോശാമ്മ ജെട്ടിയിലേയ്ക്കോടി അച്ചായൻ അപ്പോഴും വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുന്ന തിരക്കിലായിരുന്നു  .അടുത്ത മാസം മൂത്ത മകൻ ന്യുയോർക്കിനു കൊണ്ട് പോകാനിരുന്ന തങ്കച്ചായൻ  പെട്ടന്ന് പ്രാന്തനായതിൽ ശോശാമ്മ അകമഴിഞ്ഞു സങ്കടപ്പെട്ടു . ജെട്ടിയിലെ ഈനാച്ചന്റെ കടയിൽ നിന്നും കൊണ്ട് വന്ന സോഡാ വാങ്ങി മുഖം കഴുകി യ ശേഷവും തങ്കച്ചായൻ അത് തന്നെ പറഞ്ഞു നാളെ വൈകുന്നേരം ആറു  മണിക്കു  മുൻപ് വലിയൊരു അപകടം വരാൻ പോകുന്നു .  വീണ്ടു എന്തെങ്കിലും പറഞ്ഞു നാട്ടുകാർ ചീത്ത പറയും മുൻപ് ശോശാമ്മ തങ്കച്ചായനെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോയി .

മൂന്നാമത്തെ കുട്ടി പുട്ടും പതിനഞ്ചാമത്തെ പഴവും തീർത്തു ഏമ്പക്കം വിട്ടെഴുന്നേറ്റ തങ്കച്ചായൻ നേരെ പള്ളിയിലേയ്ക്ക്  വെച്ച് പിടിച്ചു . ഇന്ന് പോകണ്ട എന്ന ശോശാമ്മയുടെ മുന്നറിയിപ്പുകളെ നിർദ്ദയം അവഗണിച്ചയാൾ പള്ളിയിലേയ്ക്ക് കാലൻ കുട ജുബായുടെ പിന്നിൽ തൂക്കി നടന്നു  . വഴിയിൽ കാണുന്നവരോടെല്ലാം  നാളെ വൈകുന്നേരത്തിനുള്ളിൽ നടക്കാൻ പോകുന്ന വലിയ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു നൽകി കൊണ്ടായാൾ ചാലു കീറിയ പാട വരമ്പിലൂടെ പള്ളിയിലേയ്ക്ക് പോയി . ഉച്ച കുർബാന തുടങ്ങാൻ അച്ചൻ ആൾത്താരയിലേയ്ക്ക് കയറും മുൻപ് തങ്കച്ചായൻ അച്ചനെ പിടിച്ചു നിർത്തി . പ്രസംഗ മധ്യത്തിൽ ഒരു പത്തു മിനുട്ടു തനിക്കനുവദിക്കണം എന്ന നിബന്ധനയോടെ  അച്ചനെ മദ്ഹബായിലേയ്ക്ക് കയറ്റി വിട്ടു  . കുർബാന തുടങ്ങിയ നിമിഷം മുതൽ ഇരു കൈകളും വിരിച്ചു വരാനിരിക്കുന്ന ദുരന്തത്തെ ഒഴിവാക്കാൻ തങ്കച്ചായൻ കർത്താവിനോടു മുട്ടിപ്പായി  പ്രാർത്ഥിച്ചു . പ്രസംഗ മദ്ധ്യേ അച്ചൻ തങ്കച്ചായന്‌ അനുവദിച്ച അഞ്ചു മിനുട്ടിൽ വിശ്വാസികളോട് തങ്കച്ചായൻ ഒന്നേ പറഞ്ഞുള്ളു  കർത്താവിന്റെ തിരു ഹിതം അതാണെങ്കിൽ  അങ്ങനെ തന്നെ നടക്കട്ടെ എന്നിരുന്നാലും ഈ പാന പാത്രം ഒഴിവാക്കണമേ എന്നു മുട്ടിപ്പായി പ്രാർത്ഥിക്കാൻ  വിശ്വാസികളോട് ആഹ്വാനം ചെയ്തു .

കുർബാനക്കിടയിലാണ് ശോശാമ്മ ഓടി പള്ളിയിൽ എത്തുന്നത് തങ്കച്ചായന്റെ പ്രസംഗം കേട്ടു വിവശനായി നിന്ന വികാരിയച്ചനെ നോക്കി ശോശാമ്മ കണ്ണിറുക്കി . എന്തോ ഒരു പിരി എവിടെയോ ലൂസായി എന്ന ബോധ്യം വന്ന വികാരി  കുർബാനയ്ക്കു ശേഷം തങ്കച്ചായന്റെ തലയ്ക്കു പിടിച്ചു പ്രാർത്ഥിച്ചു . സകല ബാധ ഭൂത പിശാചുക്കളും  ഒഴിഞ്ഞു പോകാൻ ഹാനാൻ വെള്ളം തളിച്ചു പ്രാർത്ഥിച്ചു .  വരാൻ പോകുന്ന ദുരന്തത്തിന്റെ അങ്കലാപ്പിൽ തങ്കച്ചായൻ പരിസര ബോധമില്ലാതെ പ്രാർത്ഥനയിൽ മുഴുകി . ഒന്നാം ദിവസം രാത്രിയായി ശോശാമ്മയുടെ  വ്യാധി വർദ്ധിപ്പിച്ചു കൊണ്ടു തങ്കച്ചായൻ അഖണ്ഡ ജപമാല യജ്ഞത്തിൽ ഏർപ്പെട്ടു .ന്യൂയോർക്കിലുള്ള മകൻ വിളിച്ചിട്ടു പോലും കൊന്ത നിർത്താൻ കൂട്ടാക്കാതെ തങ്കച്ചായൻ വ്രതമിരുന്നു .

രണ്ടാം ദിവസം പ്രഭാതമായി ,ഒന്നും സംഭവിച്ചിട്ടില്ല, തങ്കച്ചായനു  ഭക്തി മൂത്തു പ്രാന്തായ വിവരം നാട്ടിലൊക്കെ  പാട്ടായി .ഉച്ചയായി ഒന്നും സംഭവിച്ചിട്ടില്ല ശോശാമ്മ വ്യാകുല മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു  നിന്റെ പുത്രൻ ചമ്മട്ടിയടിയേറ്റപ്പോൾ നിനക്കുണ്ടായ വേദന എത്രയധികമെന്നു ഞാൻ അറിയുന്നു .വൈകുന്നേരമായി, സൂര്യാസ്തമനത്തിനു മുൻപ് പള്ളി മണി അടിക്കുന്നതിനു മുൻപ് ആ വാർത്തയെത്തി ആർ ബ്ലോക്കിൽ  ബോട്ട് മുങ്ങി .ആന്ധ്രയിലെ കോളേജിൽ നിന്നും ആലപ്പുഴ കാണാൻ വന്ന 45 കുട്ടികളും മുങ്ങിയിരിക്കുന്നു .കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു . സംഭവമറിഞ്ഞ ശോശാമ്മ ജപമാല ചൊല്ലുന്ന  തന്റെ പ്രിയപ്പെട്ടവന്റെ മുഖത്തേയ്ക്കു നോക്കി അയാളുടെ തലയ്ക്കു ചുറ്റും ഒരു ദിവ്യ പ്രകാശ വലയം രൂപപ്പെട്ടത് പോലെ  ശോശാമ്മയ്ക്കു തോന്നി . ശോശാമ്മ നിന്ന നിൽപ്പിൽ നിന്നു കൈകൂപ്പി അയാളുടെ  മുന്നിൽ മുട്ടു  കുത്തി .ഭാഷ വരം  , കൈ വെയ്പ്പ് വരം , പ്രവചന വരം തുടങ്ങിയ അനേകം സിദ്ധികളുള്ള തങ്കച്ചായൻ  ഇപ്പോൾ ജീവിച്ചിരിക്കുന്ന വിശുദ്ധനാണ്.

വെളിപാടുകൾ വെളിപ്പെട്ടു കിട്ടുന്ന  അനേകം വിശുദ്ധരുടെ ഗണത്തിൽ കുട്ടനാട്ടുകാരനായ മുൻ സ്രാങ്ക് തങ്കച്ചൻ മത്തായിയും  ഉൾപ്പെട്ടിരിക്കുന്നു . ഇനി നീണ്ട കാത്തിരിപ്പാണ് ആദ്യം തങ്കച്ചൻ മരിക്കണം ,അദ്ദേഹത്തിന്റെ നാമത്തിൽ  രണ്ടു അത്ഭുതങ്ങൾ സംഭവിക്കണം അതിനു മെഡിക്കൽ സയൻസിന്റെ അംഗീകാരം വേണം . വാഴത്തപ്പെട്ടവനാകണം , ഒടുവിൽ ഒടുവിൽ വിശുദ്ധനാകണം കുട്ടനാട്ടുകാരുടെ സ്വന്തം അൽമായനായ  വിശുദ്ധൻ , വിശുദ്ധ തങ്കച്ചൻ .......................