Sunday, 17 January 2016

എൽ ചാപോയ് ഹൃദയമില്ലത്തവരുടെ രാജാവ് .


ദാവൂദ് ഇബ്രാഹീമും വീരപ്പനും ത്രസിപ്പിച്ച കൌമാരത്തിൽ കേട്ട മറ്റൊരു പേരായിരുന്നു. കുള്ളൻ എന്നർത്ഥം വരുന്ന എൽ ചാപോയ് എന്ന ജോവക്കിൻ ഗുസ്മാൻ  .ലാറ്റിനമേരിക്കയുടെ മരിജുവാന പാടങ്ങളിൽ കൊന്നും കൊലവിളിച്ചും ഇല്ലായ്മയിൽ നിന്നും സിംഹാസനമേറിയ  അഞ്ചടി ആറിഞ്ചുകാരന്റെ ജീവിത കഥ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു .

ബദിരാഗുവത്തോ  എന്ന മെക്സിക്കൻ അപരിഷ്കൃത ഉൾനാടൻ ഗ്രാമത്തിൽ പട്ടിണിയുടെ കൂട്ടുകാരനായ അപഥ സഞ്ചാരിയുടെ മകനായാണ്‌ ഗുസ്മാൻ ജനിക്കുന്നത്. വിശപ്പിന്റെ വിലയറിഞ്ഞ ബാല്യം അമ്മ മകനെ നെഞ്ചോടടക്കി ഒന്നേ പറയുമായിരുന്നുള്ളൂ മകനെ ഒരിക്കലും നീ വലുതാകുമ്പോൾ നിന്റെ അപ്പനെപ്പോലെ മയക്കു മരുന്നിനടിമായായി ജീവിതം തുലയ്ക്കരുത്.അമ്മയുടെ മരണത്തോടെ കൌമാരക്കാരനായ ഗുസ്മാൻ അമ്മ അരുതെന്ന് വിലക്കിയ മരിജുവാന പാടത്തു എത്തിപെടുന്നതോടെ ഗുസ്മാൻ എന്ന അപകർഷതാ ബോധമുള്ള ബാലന്റെ തലയിലെഴുത്തു തന്നെ മാറുകയായിരുന്നു. അപ്പൻ ലഹരിക്ക്‌ വേണ്ടിയാണ് മരിജുവാന പാടങ്ങളിൽ അലഞ്ഞിരുന്നതെങ്കിൽ കൊച്ചു ഗുസ്മാന് ജീവിതം കരുപ്പിടുപ്പിക്കുന്നതിനുള്ള വഴിയായിരുന്നു മയക്കു മരുന്നിന്റെ മായിക ലോകം. കൊച്ചു പാടത്ത് ആരും കാണാതെ മരിജുവാന നട്ടു വളർത്തിയിരുന്ന  അപ്പൻ മകന് കൊടുത്ത ഉപദേശം ഒന്നുമാത്രമായിരുന്നു ആകാശം ഇടിഞ്ഞു തലയിൽ വീണാലും ആരെയും പേടിക്കാതിരിക്കുക.

എഴുപതുകളുടെ അവസാനം നിലവിലെ മയക്കു മരുന്ന് രാജാവായ ഫെലിക്സ് ഗല്ലർദൊയുമായി കൂടി ചേരുന്നതോടെയാണ് ഗുസ്മാൻ എന്ന എൽ ചപോയുടെ ജിവിതം മാറി മറിയുന്നത്. പൊടി മീശ മുളച്ചു തുടങ്ങുന്ന പയ്യൻ സിനോള എന്ന തന്റെ കൊച്ചു നഗരത്തിന്റെ കോണിലിരുന്നു കൊണ്ട് വടക്ക് കിഴക്കൻ മെക്സിക്കൊയിലെ മുഴുവൻ വ്യാപാരവും നിയന്ത്രിക്കുന്ന ഡോൺ ആയി വളരുകയായിരുന്നു. 1985 ൽ അമേരിക്കൻ മയക്കു മരുന്ന് വ്യാപന നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൊലപാതകത്തെ തുടർന്നു ഗല്ലർദൊ അറസ്റ്റിലായതോടെ മെക്സിക്കൻ മയക്കു മരുന്ന് ലോബിയുടെ പൂർണ അധികാരം ഗുസ്മാന്റെ കൈയ്യിലായി.

ലാറ്റിനമേരിക്കയും അമേരിക്കൻ ഉപഭൂഖണ്ഡം മുഴുവനും ഗുസ്മാൻ എന്ന ചാപോയ് ചുരുങ്ങിയ കാലം കൊണ്ട് തന്റെ വ്യവസായ അധീനതയിലാക്കി അമേരിക്കൻ മെക്സിക്കൻ അതിർത്തിയിൽ ശീതീകരിച്ച ഭൂഗർഭ അറകളിലൂടെയും കുരുമുളക് പൊടിയെന്നു ആലേഖനം ചെയ്ത കുപ്പികളിലും ഒക്കെയായി അമേരിക്കൻ മാർക്കറ്റുകളിൽ കൊക്കൈനും മരിജുവാനയും ഹെരോയിനും നിർബാധം ഒഴുകപെട്ടു. പണം ,പണം, സർവത്ര പണം വന്നു ഗുസ്മാനെ മൂടി.അഞ്ചു വൻ കരകളിലെയ്ക്കും നീളുന്ന വ്യാപാര സാമ്രജത്തിന്റെ കിരീടം വെയ്ക്കാത്ത രാജാവായി ഗുസ്മാൻ വാഴ്ത്തപെട്ടു. എതിർക്കാൻ കെൽപ്പുള്ളവരെയെല്ലാം അരിഞ്ഞു വീഴ്ത്താൻ പാകത്തിൽ ആളും ആയുധവും ഗുസ്മാൻ ശേഖരിച്ചു. സമാന്തര സേന പോലൊരു ഗ്യാങ്ങ് എപ്പോഴും ഗുസ്മാനും അദ്ധേഹത്തിന്റെ വ്യാപാരത്തിനും കാവൽ നിന്നു. ചതിയന്മാരും ഒറ്റുകാരുമായവരുമായും    സർക്കാർ സൈനീകരും പലവുരു ഗുസ്മാന്റെ സേനയുമായി തെരുവിൽ  ഏറ്റു മുട്ടി. ലോസ് റ്റെക്സസ് എന്നും ലോസ് ലോബോസ് എന്നും ലോസ് നീഗ്രൊസ് എന്നും പല പേരുകളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഗുസ്മാന്റെ സാമ്രാജ്യം സംരക്ഷിക്കാൻ ചാവെറുകൾ ഉണ്ടായി. ആയിരത്തിലധികം പേർ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിലായി ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.

1993 ൽ ഗ്വാട്ടിമാലയിൽ വെച്ച് ഗുസ്മാൻ അറസ്റ്റിലായി മെക്സിക്കോയിലേയ്ക്കു നാട് കടത്തപ്പെട്ടു മെക്സിക്കൻ സർക്കാർ ഗുസ്മാനെ 20 കൊല്ലത്തെ കഠിന തടവിനു ശിക്ഷിച്ചു. ജയിലിനുള്ളിലും ഗുസ്മാൻ രാജാവായി വാണു ചുറ്റിലും നിറയുന്ന പണമെറിഞ്ഞു അധികാരവും അധികാര സ്ഥാനങ്ങളും ഉദ്യോഗസ്ഥരെയും അയാൾ വിലയ്ക്ക് വാങ്ങി. മുപ്പതോളം ഗ്രാമങ്ങളുടെ സംരക്ഷകനും ഗ്രാമീണരുടെ കൺ കണ്ട ദൈവമുമായി അയാൾ ജനങ്ങളെ വൈകാരികമായി തന്നിലേയ്ക്കു  അടുപ്പിക്കുന്നതിൽ വിജയിച്ചു . 2001 ൽ മെക്സിക്കൻ ജയിലിൽ ഡ്യുട്ടിയിലുണ്ടായിരുന്ന 71 ജീവനക്കാരെയും അവരുടെ ആയുഷ്ക്കാലം ജോലി ചെയ്‌താൽ കിട്ടുന്നതിന്റെ ഇരട്ടി തുക കോഴ നൽകി കൊണ്ട് ഗുസ്മാൻ ജയിൽ ചാടി , ലോണ്ട്രി വണ്ടിയിൽ കയറി രക്ഷപെട്ടു എന്നതായിരുന്നു  ഔദ്യോഗിക ഭാഷ്യം എങ്കിലും ജയിൽ ചുമതലയിൽ ഉണ്ടായിരുന്ന സുപ്രണ്ട് തന്റെ സ്വന്തം വാഹനത്തിൽ  അദ്ധേഹത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു എന്നതാണ് വാസ്തവം.

ഗുസ്മാൻ ജയിൽ ചാടുമ്പോൾ ഡ്യുട്ടിയിലുണ്ടായിരുന്ന 71 പേരും ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഗുസ്മാന്റെ തലയ്ക്കു  മെക്സിക്കൻ സർക്കാർ 60 മില്ല്യൻ പെസോയും അമേരിക്കൻ സർക്കാർ 5 മില്ല്യൻ ഡോളറും വിലയിട്ടു കാത്തിരുന്നു. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 701 മനായി ഗുസ്മാൻ കളം നിറഞ്ഞു കളിച്ചു. മെക്സിക്കൻ പോലീസും എഫ് ബി  ഐ യും ഇന്റർപോളും വല വിരിച്ചു കാത്തിരുന്നിട്ടും തന്റെ ഗ്രാമങ്ങളുടെ സംരക്ഷകനും അവരിലൊരാളുമായി ഗുസ്മാൻ തന്റെ രഹസ്യ ജീവിതം പരസ്യമായി ആഘോഷിച്ചു. അമേരിക്കയും ലോകവും തേടി നടന്ന കൊടും കുറ്റവാളി വിവാഹം കഴിച്ചും പരസ്യ സൽക്കാരങ്ങൾ നടത്തിയും ഉദ്യോഗസ്ഥന്മാരെ പണമെറിഞ്ഞു വീഴ്ത്തി പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന സത്യം ലോകത്തിനു  കാണിച്ചു കൊടുത്തു.

2014 ഫെബ്രുവരിയിൽ ഗുസ്മാൻ വീണ്ടും അറസ്റ്റിലായി മെക്സിക്കോ സുരക്ഷിതമല്ലെന്നും അമേരിക്കയ്ക്ക് ഗുസ്മാനെ കൈമാറണമെന്നുമുള്ള അപേക്ഷകളെ തള്ളി മേക്സികൻ പ്രസിഡന്റ്‌ എന്റിക് പെനെറ്റോ ഇങ്ങനെ പറഞ്ഞു. ഇനിയും ഞങ്ങൾക്കിയാളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലയെങ്കിൽ അത് അക്ഷന്തവ്യമായ തെറ്റായി രാജ്യത്തിനു തന്നെ നാണക്കെടായിമാറും. എന്ത് തന്നെ ആയാലും പ്രസിഡന്റ്‌ പറഞ്ഞു 16 മാസം പൂർത്തിയാക്കുന്നതിനു  മുൻപ് ഹോളിവൂഡ് സിനിമകളെ വെല്ലുന്ന രീതിയിൽ പണിതീരാത്ത ഒരു വീട്ടിൽ നിന്നും തടവിൽ പാർപ്പിച്ചിരുന്ന സെല്ലിന് കീഴെ വരെയെത്തുന്ന ഒരു തുരങ്കം നിർമ്മിച്ച്‌ 30 അടി നീളമുള്ള ഏണി വെച്ച് അതിലെയ്ക്കിറങ്ങി അതി സാഹസികമായി വീണ്ടും ഗുസ്മാൻ ജയിൽ ചാടി.

രാജ്യവും അതിന്റെ ഭരണാധികാരികളും ലോകത്തിന്റെ മുന്നിൽ ചെറുതായിരിക്കുന്നു കേവലം ഒരു ക്രിമിനലിനെ സൂക്ഷിക്കാൻ കഴിയാത്ത ഭരണകൂടം ജനത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യമുയർന്നു. മെക്സിക്കോയുടെ മുക്കിലും മൂലയിലും ഗുസ്മാനെ തേടി സൈന്യം ഇരച്ചു കയറി പല തവണ പല ജീവനുകൾ തെരുവിൽ വെടിയേറ്റ്‌ പിടഞ്ഞു, 2015 ഒക്ടോബറിൽ സൈന്യം ഗുസ്മാനെ വലയിലാക്കി എന്നുറപ്പിച്ച ഒരു ഓപറേഷൻ നടത്തി മുഖത്തും കൈ കാലുകളിലും പരുക്കേറ്റ ഗുസ്മാൻ മെക്സിക്കൻ സൈന്യത്തെ കബളിപ്പിച്ചു അതി വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപെട്ടു. ഹോളിവൂഡ് തിരക്കഥയെ വെല്ലുന്ന തന്റെ ജീവിതം വെള്ളിത്തിരയിൽ കാണാൻ ലോകം കണ്ട എക്കാലത്തെയും മികച്ച ഡോണിന് ഒരു പൂതി അമേരിക്കൻ നടന സീൻ പെന്നുമായുള്ള രഹസ്യ കൂടി കാഴ്ചയിൽ അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കാത്തിരിക്കുകയായിരുന്നു ഗുസ്മാൻ.



വൃണിത ഹൃദയരായി കാത്തിരിക്കുകയായിരുന്നു മെക്സിക്കൻ സൈന്യവും പ്രസിഡന്റും വലക്കണ്ണികൾ മുറുക്കി പോലീസിന്റെയും സൈന്യത്തിന്റെയും ചാരന്മാർ ഗുസ്മാന്റെ വളർത്തു ഗ്രാമങ്ങളിൽ കഴുകൻ  കണ്ണുകളുമായി അലഞ്ഞു നടന്നു. 206 ജനുവരി പുതുവർഷ ആഘോഷത്തിന്റെ ലഹരിയിൽ ലോസ് മോഷിസ് നഗരം ഒരു ഏറ്റു മുട്ടലിനു സാക്ഷിയാവുകയായിരുന്നു. തോറ്റു കൊടുക്കാൻ ഭാവമില്ലാതിരുന്ന സൈന്യം നാല് ദിവസത്തെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഗുസ്മാനെ ജീവനോടെ പിടികൂടി.
വൃണിത ഹൃദയരായി കാത്തിരിക്കുകയായിരുന്നു മെക്സിക്കൻ സൈന്യവും പ്രസിഡന്റും വലക്കണ്ണികൾ മുറുക്കി പോലീസിന്റെയും സൈന്യത്തിന്റെയും ചാരന്മാർ ഗുസ്മാന്റെ വളർത്തു ഗ്രാമങ്ങളിൽ കഴുകൻ  കണ്ണുകളുമായി അലഞ്ഞു നടന്നു. 2016 ജനുവരി പുതുവർഷ ആഘോഷത്തിന്റെ ലഹരിയിൽ ലോസ് മോഷിസ് നഗരം ഒരു ഏറ്റു മുട്ടലിനു സാക്ഷിയാവുകയായിരുന്നു. തോറ്റു കൊടുക്കാൻ ഭാവമില്ലാതിരുന്ന സൈന്യം നാല് ദിവസത്തെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഗുസ്മാനെ ജീവനോടെ പിടികൂടി.


പ്രസിഡന്റ്‌ എൻ റിക്ക് പെനേറ്റ ട്വിട്ടെരിൽ ഇങ്ങനെ കുറിച്ചു, ഞങ്ങൾ നേടിയിരിക്കുന്നു ഇനിയൊരിക്കലും രക്ഷപെടാൻ കഴിയാത്തവിധം ഗുസ്മാൻ ഞങ്ങളുടെ ഇരുമ്പു കരങ്ങളിൽ അടയ്ക്കപെട്ടിരിക്കുന്നു. പണത്തിനും പരിതോഷികങ്ങൾക്കും മുന്നിൽ വളയുന്ന ഉദ്യോഗസ്ഥരും അധികാര സ്ഥാനങ്ങളും  ഉള്ളിടത്തോളം ഗുസ്മാൻ ഇനിയും ജയിൽ ചാടിയെക്കാം കാത്തിരുന്നു കാണുക മെക്സിക്കൊയോടൊപ്പം നമുക്കും  കാത്തിരിക്കാം .


1 comment:

ajith said...

മാഫിയാ കിംഗ്