ഐ ടി ഐ പഠിക്കാൻ ബഹറിനിൽ നിന്നും കൊച്ചാപ്പയുടെ കത്തു വന്നതിനു ശേഷമാണ് എന്റെ ജീവിതം വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നത് . ഏ സി റെഫ്രിജറേഷൻ കോഴ്‌സിനായിരുന്നു അന്ന് ഡിമാൻഡ് ഉണ്ടായിരുന്നത് .ലക്ഷ്യം ഗൾഫായിരുന്നതിനാലും ചെന്നാലുടൻ റിയാൽ എണ്ണി വാങ്ങാൻ പറ്റുന്ന തൊഴിലെന്നു ഖ്യാതി ഉണ്ടായിരുന്നതിനാലും വാപ്പ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രിൻസിപ്പാളിന്റെ വാചകമടിയിൽ മൂക്കും കുത്തി വീണു . പതിനായിരം രൂപ റൊക്കമോ തവണകളായോ അടച്ചാൽ ആറു മാസം കൊണ്ടു ഏ സിയും ഫ്രിഡ്ജും തന്നെ ഉണ്ടാക്കാൻ കഴിയുമത്രേ . ഗൾഫിൽ പോകാൻ പറ്റിയില്ലെങ്കിൽ നാട്ടിൽ തന്നെ ഒരു ഫ്രിഡ്ജ് കമ്പനി തുടങ്ങണം .വാപ്പ പണമെണ്ണി തരുമ്പോൾ ഇതൊരു നിക്ഷേപമാണെന്നു മുഖത്തു നോക്കി പറഞ്ഞു .പഠിച്ചു പണിക്കാരനാകുമ്പോൾ മുതലും പലിശയും ചേർത്തു തിരികെ കൊടുക്കാനുള്ള നിക്ഷേപം . ബാപ്പ 16 ആം വയസു മുതൽ കള്ള സർട്ടിഫിക്കറ്റുണ്ടാക്കി പാസ്പോർട്ടെടുത്തു വെച്ചു കാത്തിരിപ്പു തുടങ്ങിയതാണ് പക്കെയെങ്കിലു പടച്ചോന്റെ കൃപകൊണ്ടു ഈ പ്രായത്തിലും ഒട്ടകങ്ങളുടെ നഗരത്തെ കനവു കാണാനേ മൂപ്പർക്ക് യോഗമുണ്ടായിട്ടുള്ളു . തനിക്കു കാണാൻ പറ്റാത്ത ഭൂമിക മകനെങ്കിലും കാണണമെന്നു ബാപ്പ ആഗ്രഹിക്കുന്നു . തോക്കുകാരൻ ഹംസ ബാപ്പയെം ഉമ്മയേം കൊണ്ടു പോയതും . മുരിക്കു പുരയ്ക്കലെ കുൽസുമ്മാ മസ്കറ്റിലും ദുബായിലും ജിദ്ധയിലുമുള്ള മക്കളുടെ കൂടെ മാറി മാറി നിൽക്കുന്നതും ഒക്കെ ബാപ്പയും കൊതിയോടെ വിവരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട് . ജോലി നേടി വിദേശത്തേയ്ക്ക് പറന്നാൽ ബാപ്പടെ ആഗ്രഹം നടത്തി കൊടുക്കണം അതിനിനി എത്ര കഷ്ട്ടപെടണ്ടി വന്നാലും .
പറഞ്ഞതുപോലെ കൊച്ചാപ്പ വിസ കൊണ്ട് വന്നു , മീശമുളയ്ക്കും മുൻപ് ഞാൻ ബാപ്പയ്ക്കു ബാലികേറാ മലയോ കാനാൻ ദേശമോ ആയ മരുഭൂമിയുടെ ചൂടിലേയ്ക്കു കാലെടുത്തിറങ്ങി . കൊച്ചാപ്പ പോരും മുൻപ് എന്നെ തനിച്ചു മാറ്റി നിർത്തി പറഞ്ഞു പഠിച്ച പണിയൊന്നും കിട്ടണമെന്നില്ല കിട്ടുന്നതു ചെയ്തോണം. കഷ്ടപ്പാടും ചൂടും ഉണ്ടാകുമ്പോൾ ഇട്ടിട്ടു പോന്നാൽ നഷ്ട്ടം ഇനിക്കു തന്നെ ആണെന്നോർക്കണം. തലകുനിച്ചു നിന്നു കേട്ടു സമ്മതം മൂളി രണ്ടും കൽപ്പിച്ചാണ് ഞാനും പുറപ്പെടുന്നത് രക്ഷപ്പെടണം എന്നൊരു വിചാരം മാത്രമാണ് ഉള്ളു നിറയെ.
കൊച്ചാപ്പയുടെ പരിചയത്തിലുള്ള അറബിയുടെ കീഴിലേക്കാണ് ഞാൻ ആദ്യമായി ജോലിക്കു കയറുന്നത് . സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ചും മറിച്ചും വാങ്ങി നോക്കിയിട്ടു എന്നോടായാൾ എന്തൊക്കയോ അറബിയിൽ ചോദിച്ചു . ഒന്നും മനസിലാകാഞ്ഞതിനാൽ ഞാൻ എല്ലാത്തിനും യെസ് യെസ് എന്നു തലയാട്ടിക്കൊണ്ടിരുന്നു. കൊച്ചാപ്പ നാട്ടിൽ വെച്ചു പറഞ്ഞു വിട്ട പ്രധാന കാര്യമാണത് അറബികളുടെ നിഘണ്ടുവിൽ നമ്മുടെ ഇന്ത്യക്കാർക്കു നോ എന്ന പദം ഉപയോഗിക്കാൻ അനുവാദമില്ല .അടിമകച്ചവടത്തിന്റെ കാലം കഴിഞ്ഞിട്ടും ഞങ്ങളെ അടിമകളാക്കിക്കോളൂ എന്ന് പറഞ്ഞൊരു സമൂഹം വന്നു അട്ടിപ്പേറു കിടന്നാൽ ഇങ്ങനെയൊക്കയോ സംഭവിക്കാവൂ .
താൾ താൾ അറബി വീട്ടിൽ നിന്നുമിറങ്ങി എന്റെ മുന്നേ നടന്നു ,കുഞ്ഞാടിനെപ്പോലെ ഞാൻ പിന്നാലെയും നിസ്സാൻ പെട്രോളിന്റെ ശീതളിമ നിറഞ്ഞ സീറ്റിലേയ്ക്കയാളെന്നെ ആനയിച്ചിരുത്തി .വണ്ടി നീങ്ങുന്നത് ഏതോ മരുഭൂമിയിലേയ്ക്കാണോ എന്നു ഞാൻ ന്യായമായും സംശയിച്ചു . ആടു ജീവിതങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടോ എന്നെന്റെ ഹൃദയം പെരുമ്പറ മുഴക്കി ചോദിക്കുന്നു . വണ്ടി മണലാരണ്യങ്ങൾ കടന്നു മുന്നോട്ടു പോകുമ്പോൾ അയാൾ എന്നെ നോക്കി വീണ്ടും ആ ചോദ്യം ആവർത്തിച്ചു .
ഇന്ത മുഹന്തിസ് ?
യെസ് ,യെസ് ഞാനെന്റെ ഹൈപ്പോതലാമസിൽ തയ്യാറാക്കി വെച്ചിരുന്ന ഉത്തരം ഒന്നൊന്നായി ആർജ്ജവത്തോടെ തൊടുത്തു വിട്ടു .
അറബി മനസു നിറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു . എല്ലാ അറബികളും ദുഷ്ടരും മനഃസാക്ഷിയില്ലാത്തവരുമല്ല .നല്ലയിനം അറബികളിൽ പെട്ടവനാണ് എന്റെ കഫീൽ .വണ്ടി മൊട്ടക്കുന്നുകളും മലമ്പാതകളും കടന്നു വിശാലമായ ഒരു കടൽത്തീരത്തേയ്ക്കു നീങ്ങി . സുന്ദരമായ നൗകകൾ നിരനിരയായി കിടക്കുന്ന തീരത്തയാൾ കാർ നിർത്തി എന്നോടിറങ്ങാൻ ആവശ്യപ്പെട്ടു .
മുഹന്തിസ് ആദാ കുല്ലു മല്ലാനാ ,മിൻ യോം ഇന്ത മൽ മുഹന്തിസ് മൽ ഹാത !!
അറബി നീട്ടി ഒരു വിസിലടിച്ചു ഒരു നൗകയുടെ ഡെക്കിലിരുന്ന കറുത്തു കുറുകിയ മൊട്ട ചാടി താഴേയ്ക്കിറങ്ങി വന്നു .
സുന്ദരം ,ആദ മുഹന്തിസ് ജദീദ് ,കുല്ലീന ഷൂഫ് മക്കാൻ മൽ ഹുവാ !
സുന്ദരത്തെ എന്തോ പറഞ്ഞേൽപ്പിച്ചിട്ടു അറബി എന്നെ അവിടെ ഉപേക്ഷിക്കുകയാണ് . പോകും മുൻപ് എന്തൊക്കെയോ കൂടി എന്നോടു പറയുന്നുണ്ടായിരുന്നു .കാറിൽ കയറി ഇരുന്നതും അറബി നീട്ടിയൊരു ഹോൺ അടിച്ചു ഞാനോടി അടുത്തേയ്ക്കു ചെന്നു . അയാൾ കന്തൂറയുടെ പോക്കറ്റിൽ നിന്നും ഒരു കെട്ടു നോട്ടെടുത്തു എനിക്കു നേരെ നീട്ടി 1000 ദിർഹമോളം ഉണ്ടാവണം .കറുത്തു കുറുകിയ സുന്ദരം എന്നെ അസൂയയോടെ നോക്കി .
വരണം സാർ വരണം അയാളെന്നെ തമിഴ് കലർന്ന മലയാളത്തിൽ പുതിയ സ്ഥലത്തേയ്ക്ക് ക്ഷണിച്ചു .
എന്റെ സംശയം അവസാനിക്കുന്നില്ല , ഞാൻ സുന്ദരത്തിനെ അടുത്തു വിളിച്ചു ചോദിച്ചു
അല്ല തമ്പി ഇവിടെ എന്റെ ജോലി എന്നതാ ?
അയാളുറക്കെ ചിരിച്ചു ,
എന്ന സാർ കിണ്ടൽ പണ്ണത്
സുന്ദരം തമാശയല്ല ,എന്റെ ജോലിയെപ്പറ്റി ഒന്നും അറബി പറഞ്ഞില്ല
നിങ്ങൾ എഞ്ചിനീയർ അല്ലേ ,ഒരു എൻജിനീയറുടെ ജോലി ഞാൻ പറഞ്ഞു തരണോ ?
ആയിരം പകൽ നക്ഷതങ്ങൾ തലയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്നു . ഡൂക്കിലി ഇന്സ്ടിട്യൂട്ടിൽ നിന്നും ഏ സിയും ഫ്രിഡ്ജും നന്നാക്കാൻ പഠിച്ച ഞാൻ കടലിൽ ഒഴുകുന്ന നൗകയുടെ റിപ്പയറിംഗ് പണി ചെയ്യണമെന്ന് .
നീങ്ക ഫ്രഷ് ഡിഗ്രി താനെ അതിനാലെ കൊഞ്ചം വെക്കം ,പറവയില്ല സാർ നമ്മ മെക്കാനിക്ക് ഒക്കെ സൂപ്പർ പശങ്ങൾ അവർ പണിയെല്ലാം എടുത്തോളും നീങ്ക സൂപ്പർവൈസ് മട്ടും ചെയ്‌താൽ മതി .
സുന്ദരം എന്നെ സമാശ്വസിപ്പിച്ചു തമിഴന്മാർ ഹൃദയമുള്ളവരാണ് .
ശ്വാസം നേരെ വീണു ,അരിയും മണിയും അറിയാത്ത ഞാൻ ആഡംബര നൗകകൾക്കിടയിൽ എന്റെ പുതു ജീവിതം ആരംഭിച്ചിരിക്കുന്നു . സർട്ടിഫിക്കറ്റുകൾ നൽകുന്ന അറിവിനേക്കാൾ പതിന്മടങ്ങു ആത്മവിശ്വാസം എന്ന ഒന്നാണെന്നു ഞാൻ പതിയെ പതിയെ തിരിച്ചറിയുന്നു . ചില നിരീക്ഷണങ്ങൾ , പ്രായോഗിക ബുദ്ധി പതിയെ പതിയെ കുഞ്ഞൻ കപ്പലുകളുടെ മെക്കാനിസത്തിലേയ്ക്ക് വഴിതെറ്റിയെങ്കിലും ഞാനും നടന്നടുത്തിരിക്കുന്നു .
അറബിക്കടലിന്റെ നെഞ്ചകം പിളർന്നൊരു ആഡംബര നൗക ഇപ്പോൾ ഒഴുകുന്നു അതിന്റെ ഡെക്കിൽ ആകാശം നോക്കിയിരിക്കുന്നത് എന്റെ ബാപ്പയാണ് .ആ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനിപ്പോൾ ഉപ്പുരസമല്ല തേൻ മധുരമാണ് .മക്കൾ വിചാരിച്ചതിലും വലിയ ഇടങ്ങളിൽ വിരാചിക്കുന്നതു കാണുമ്പോഴാണ് എല്ലാ ബാപ്പമാർക്കും ഉമ്മമാർക്കും സ്വർഗം ലഭിക്കുന്നത് .
അബ്ദുള്ളാ അസോസിയേറ്റിന്റെ അൻപതാമത്തെ നൗക നീറ്റിലിറക്കിയപ്പോൾ അറബി എന്നെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു
മുഹന്തിസ് മുഖ് മൽ ഇന്ത ഖൈസ് !
ഇപ്പോൾ അറബി പറഞ്ഞതിന്റെ അർഥം അതിന്റെ പൂർണ അർത്ഥത്തിൽ എനിക്കു മനസിലാക്കാൻ കഴിയുന്നു മണലാരണ്യത്തിൽ ജീവിതം നട്ടു വളർത്തി വൻവൃക്ഷമായ ഭൂരിപക്ഷവും തെളിഞ്ഞ ബുദ്ധി മാത്രമുള്ളവരായിരുന്നു ...